ജ്ഞാനസ്‌നാനം നല്‍കിയതിന്റെ പേരില്‍ രക്തസാക്ഷിത്വം വഹിച്ച പതിനെട്ടുകാരന്‍ വിശുദ്ധന്‍
ഫിലിപ്പീൻസിലെ ദരിദ്ര ഗ്രാമമായ ജിനാറ്റിലനിൽ 1654 പെഡ്രോ ജനിച്ചു .10 വയസ്സിനു ശേഷം പെഡ്രോ ജെസ്യൂട്ട് മിഷനറിയിൽ അംഗമായി. അവരുടെ കീഴിൽ മതപഠനം നടത്തുകയും മിഷൻ പ്രവർത്തനങ്ങളിൽ അവരെ സഹായിക്കുകയും ചെയ്തു. കഠിനമായ പ്രവർത്തനങ്ങളുടെ ഫലമായി വളരെപ്പേർ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. പെഡ്രോ അനുദിന വിശുദ്ധ കുർബാനയും കൂടെക്കൂടെയുള്ള കുമ്പസാരവും മുടക്കം വരുത്തിയിരുന്നില്ല. പരിശുദ്ധ മറിയത്തോടുള്ള വിശുദ്ധ പെഡ്രോയുടെ സ്നേഹം എടുത്തുപറയേണ്ടതാണ്.
അക്കാലത്ത് ചോക്കോ എന്ന പേരിലുള്ള ചൈനീസ് വിഭാഗമാളുകൾ മിഷനറി പ്രവർത്തനങ്ങളെ ശക്തിയുക്തം എതിർത്തു. ജനങ്ങളുടെ ഇടയിൽ ആ കാലത്തു ഒരുതരം പകർച്ചവ്യാധി നിലനിന്നിരുന്നു. ജ്ഞാനസ്നാനത്തിനു ഉപയോഗിക്കുന്ന വിശുദ്ധജലം വിഷം കലർന്നതാണെന്നും ഈ ജലമാണ് പകർച്ചവ്യാധി സൃഷ്ടിക്കുന്നതെന്നും ചോക്കോ വിഭാഗക്കാർ കിംവദന്തികൾ പറഞ്ഞുപരത്തി. നല്ലൊരു വിഭാഗം ജനങ്ങൾ ഈ നുണക്കഥ വിശ്വസിക്കുകയും മിഷണറിമാരെ
പീഡിപ്പിക്കുകയും ചെയ്തു.
അക്കാലത്ത് പെഡ്രോയും ജസ്യൂട്ട് മിഷനറീസ് തലവനായ പാദ്രേ ഡിഗോയും ഒരു പെൺകുഞ്ഞിന് ജ്ഞാനസ്നാനം നൽകാനായി ആ കുഞ്ഞിൻറെ ഭവനത്തിൽ പോയി. കുഞ്ഞിൻറെ പിതാവായ മതാപാങ്ങ്, ഒരു കത്തോലിക്കാ വിശ്വാസിയായിരുന്നു എങ്കിലും ചോക്കോ വിഭാഗക്കാർ അയാളെ സ്വാധീനിച്ചു. അതിനാൽ കുഞ്ഞിന് ജ്ഞാനസ്നാനം നൽകാൻ പിതാവ് വിസമ്മതിച്ചു. അവരെ കൊല്ലാൻ പദ്ധതിയിട്ട മതാപാങ്ങ് അക്രൈസ്തവരായ ഒരുകൂട്ടം ആളുകളുടെ സഹായം തേടാൻ പുറത്തുപോയി.
ഈ സമയം പാദ്രേയും പെഡ്രോയും കുഞ്ഞിൻറെ അമ്മയുടെ അനുവാദത്തോടെ ജ്ഞാനസ്നാനം നൽകി. അക്രമികളുടെ കൂടെ തിരിച്ചുവന്ന മതപാങ്ങ് സംഭവം അറിഞ്ഞപ്പോൾ കുപിതനായി. അവർ പാദ്രേയെയും പെഡ്രോയെയും കൊല്ലാൻ വേണ്ടി കുന്തം എറിഞ്ഞു. പാദ്രേയെ ഒറ്റയ്ക്കാക്കി രക്ഷപ്പെടാൻ സാധിക്കുമായിരുന്നിട്ടും അവൻ അവിടെ തന്നെ നിന്നു. അവസാനം വരെ പോരാടി ധീരമായി പെഡ്രോ രക്തസാക്ഷിത്വം വരിച്ചു. മരിക്കും മുൻപ് പാദ്രേ അന്ത്യകൂദാശ നൽകിയിരുന്നു. ശേഷം പാദ്രേയും കൊല്ലപ്പെട്ടു. രണ്ടുപേരുടെയും ശവശരീരങ്ങൾ ഒരുമിച്ച് കൂട്ടി കെട്ടി കടലിലേക്ക് എറിഞ്ഞുകളഞ്ഞു. പിന്നീട് മൃതശരീരങ്ങൾ കണ്ടു കിട്ടിയതുമില്ല.
വിശുദ്ധ പെഡ്രോ കലുങ്ങ്സോട് യുവാക്കളുടെയും മതബോധന അധ്യാപകരുടെയും മധ്യസ്ഥനായി വണങ്ങപ്പെടുന്നു. 18 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ധീരമായി ക്രിസ്തുവിന് സാക്ഷ്യം വഹിച്ച പെഡ്രോയുടെ തിരുനാൾ അദ്ദേഹത്തിൻറെ മരണ ദിവസമായ ഏപ്രിൽ രണ്ടിന് ആഘോഷിക്കുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.