കറുത്ത മുത്തും വെളുത്ത മുത്തും

വൈദിക പരിശീലന സമയത്ത് ഞായറാഴ്ചകളിൽ ഇടവകകളിൽ സേവനമനുഷ്ഠിക്കാൻ ശെമ്മാച്ചന്മാർ പോവുക പതിവാണല്ലോ?
അങ്ങനെയുള്ള ഒരു അനുഭവമാണ്
വിപിൻ ചൂതപറമ്പിൽ എന്ന വൈദികൻ പറഞ്ഞത്.
“ഒരിടവകയിൽ ചെന്ന സമയത്ത്
ഒരു വീട്ടിലെ രണ്ട് കുട്ടികളെ
അച്ചൻ ശ്രദ്ധിക്കാനിടയായി.
അവരിൽ ഇളയവൾ സുന്ദരിയായിരുന്നു.
വീട്ടിൽ വരുന്നവരെല്ലാം അവളെ താലോലിക്കുകയും എടുക്കുകയും
ഉമ്മവയ്ക്കുകയും ചെയ്യുമായിരുന്നു.
ഒരുദിവസം മൂത്ത മകൾ അച്ചനെ
സമീപിച്ച് പറഞ്ഞു:
“അച്ചാ, എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്.”
“അതിനെന്താ…. ചോദിച്ചോളൂ…”
“അച്ചാ, ഞാൻ കറുത്തിട്ടാണോ…?”
ചോദ്യത്തിൻ്റെ അർത്ഥം മനസിലാക്കിയ
അച്ചൻ പറഞ്ഞു:
”ആരാ പറഞ്ഞത് മോൾ കറുത്തതാണെന്ന്?
നീ നല്ല സുന്ദരിയാണല്ലോ!”
പിന്നീടുള്ള അവളുടെ ചോദ്യങ്ങൾ
അച്ചൻ്റെ ഹൃദയം തകർക്കുന്നതായിരുന്നു:
“അല്ല അച്ച… ഞാൻ സുന്ദരിയല്ല.
അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ്
എന്നെ മാത്രം ആരും എടുത്തുയർത്താത്തത്?
എനിക്കു മാത്രം എന്താ ആരും
മുത്തം തരാത്തത്?
എനിക്കു മാത്രം ആരും എന്താ
പൊട്ടുകുത്തി തരാത്തത്…?”
അവളെ തൃപ്തിപ്പെടുത്തുന്ന
ഉത്തരം നൽകാൻ അച്ചൻ
കഷ്ടപ്പെട്ടു…..
സൗന്ദര്യത്തിൻ്റെയും സോഷ്യൽ സ്റ്റാറ്റസിൻ്റെയും പണത്തിൻ്റെയും ഉദ്യോഗത്തിൻ്റെയുമെല്ലാം പേരിൽ പലരും ഇന്ന് അവഗണനകൾ ഏറ്റുവാങ്ങുന്ന കാലമാണ്.
എന്നാൽ മേൽപ്പറഞ്ഞവയ്ക്കപ്പുറത്താണ് ദൈവത്തിൻ്റെ കരുതൽ എന്ന് അവരെ വിശ്വസിപ്പിക്കാൻ നമുക്ക് കഴിയുന്നുണ്ടോ?
ഒരിക്കൽ സമൂഹം അറപ്പോടെ
വീക്ഷിച്ച കുഷ്ഠരോഗി ക്രിസ്തുവിനെ
സമീപിച്ച് ചോദിച്ചു:
‘അങ്ങേയ്ക്ക് മനസുണ്ടെങ്കിൽ
എന്നെ സുഖപ്പെടുത്തുമോ?’
അവനെ ആട്ടിപ്പായിക്കാനോ
ശകാരിക്കാനോ മുതിരാതെ
ക്രിസ്തു ചെയ്തതെന്താണെന്നോ;
”കൈനീട്ടി അവനെ സ്‌പര്ശിച്ചുകൊണ്ടു പറഞ്ഞു: എനിക്കു മനസ്‌സുണ്ട്; നിനക്കു ശുദ്‌ധിയുണ്ടാകട്ടെ”
(മര്ക്കോ 1 : 41).
ആ ഒരു മൃദുസ്പർശം മാത്രം
മതിയായിരുന്നു അവന് സ്വർഗം ലഭിക്കാൻ!
നമ്മുടെ ഭവനങ്ങളിലും
ജോലി സ്ഥലത്തും സമൂഹത്തിലുമെല്ലാം
ഒരു സ്പർശനത്തിനും നോട്ടത്തിനും
സ്നേഹം കലർന്ന വാക്കുകൾക്കും
ഹൃദയം നിറഞ്ഞ പുഞ്ചിരിക്കുമെല്ലാം വേണ്ടി ദാഹിക്കുന്നവരെ തിരിച്ചറിയാൻ
നമുക്ക് കഴിയണം. അവിടെയാണ് സൗഖ്യത്തിൻ്റെ ഉറവിടമെന്ന് തിരിച്ചറിയാം.
അതുപോലെ തന്നെ മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപെടലുകളിൽ വർണ്ണത്തിൻ്റെയും അഴകിൻ്റെയും അന്തസിൻ്റെയുമെല്ലാം പേരിലുള്ള വേർതിരിവുകൾ ഒഴിവാക്കാനും നമുക്ക് സാധിക്കണം.
അവസാനമായി ഒരു കാര്യം കൂടി
നമുക്ക് നമ്മോടു പറയാം:
“ആരൊക്കെ നമ്മെ വെറുത്താലും അവഗണിച്ചാലും ദൈവത്തിനു മുമ്പിൽ
നമ്മൾ വിലപ്പെട്ടവരാണ്!”
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.