ക്രിസ്തുവിനോടുള്ള സ്‌നേഹത്താല്‍ ജ്വലിക്കുന്നവരാണ് മിഷണറിമാര്‍ എന്ന് ഫ്രാന്‍സിസ് പാപ്പാ

മിഷനറി സൊസൈറ്റികൾ രൂപം കൊണ്ടതിനെപ്പറ്റി പാപ്പാ വിവരിക്കുന്നതിങ്ങനെയാണ്; ലോകത്തിന്‍റെ പലഭാഗങ്ങളിലും ജ്ഞാനസ്നാനം സ്വീകരിച്ചവരുടെ വിശ്വാസ തീക്ഷ്ണതയിൽ നിന്നാണ് മിഷനറി സൊസൈറ്റികൾ ഉടലെടുത്തത്. ഇത്തരം സ്ഥലങ്ങളിൽ, മിഷനറി സൊസൈറ്റികളും ദൈവജനത്തിന്‍റെ പ്രേഷിത വിശ്വാസബോധവും തമ്മിൽ ആഴമായ ബന്ധമുണ്ട്. പ്രധാനമായും, പ്രാർത്ഥന, ദാനധർമ്മം എന്നീ രണ്ട് സമാന്തര പന്ഥാവുകളിലൂടെയാണ് പ്രേഷിത പ്രവർത്തനം മുന്നോട്ട് പോയിരുന്നത്. അതേസമയം, മിഷൻ സൊസൈറ്റികളുടെ സ്ഥാപകരിൽ പ്രമുഖനായ പൗളിൻ ജാരികോട്ടിൽ അടങ്ങുന്ന പ്രേഷിത പ്രവർത്തകർ സുവിശേഷ പ്രഘോഷണത്തിന്‍റെ വിജയത്തിനായി പ്രാർത്ഥന, ദാനധർമ്മം എന്നീ രണ്ട് സമാന്തര വഴികളെ പുതുതായി കണ്ടുപിടിച്ചതല്ല, മറിച്ച് അവ ചരിത്രത്തിലുടനീളം ദൈവജനത്തിന് പരിചിതവും പതിവുള്ളതുമായ യാഥാർഥ്യങ്ങളായിരുന്നു. ഇത്തരത്തിൽ, ദൈവജനത്തിന്‍റെ ജീവിത വഴിയിൽ സ്വാഭാവികമായി രൂപംകൊണ്ട മിഷൻ സൊസൈറ്റികളെയും, അവയുടെ ലളിതവും ദൃശ്യവുമായ പ്രവർത്തന രീതികളെയും, കഴിഞ്ഞ നൂറ്റാണ്ടിൽ സാർവത്രിക സഭയ്ക്കുവേണ്ടിയുള്ള അവരുടെ സവിശേഷമായ സേവനത്തിന്‍റെ പ്രകടനമായി കണ്ട് പ്രാദേശിക ബിഷപ്പുമാരും, വത്തിക്കാനും അംഗീകരിക്കുകയായിരുന്നു.

കാലക്രമേണ ലോകമെമ്പാടും വ്യാപിച്ച ഒരു ശൃംഖലയായി മാറിയ മിഷണറി സൊസൈറ്റികൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഭയുടെ വൈവിധ്യമാർന്ന സാഹചര്യങ്ങളും, പ്രത്യേകതകളും, പ്രശ്നങ്ങളും പ്രതിഫലിപ്പിക്കുന്ന ചാലകമായി പ്രവർത്തിക്കുന്നു. അങ്ങനെ, ഇവ സഭയുടെ സാർവത്രികതയുടെ രഹസ്യം പ്രതിഫലിപ്പിക്കുകയും, പരിശുദ്ധാത്മാവിന്‍റെ നിരന്തരമായ സഹായത്താൽ സഭാഐക്യം നിലനിർത്തുകയും ചെയ്യുന്നു. അതുപോലെ, റോമിലെ ബിഷപ്പിന്‍റെ, അതായത് പാപ്പായുടെ ജീവകാരുണ്യ സേവനങ്ങൾ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളിലൂടെയാണ് ലോകമെമ്പാടും നടത്തപ്പെടുന്നതെന്നും പാപ്പാ സന്ദേശത്തിൽ വിവരിക്കുന്നുണ്ട്.

പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ സവിശേഷതകൾ:

തുടർന്ന്, പാപ്പാ പറയുന്നു: പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ സ്വത്വത്തിന് (identity) ചില സവിശേതകളുണ്ട്. ചിലത് രൂപീകരണ പ്രക്രിയയിൽ തന്നെ ലഭ്യമായിട്ടുള്ളവയും, മറ്റുചിലതാകട്ടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രാദേശിക-സാംസ്ക്കാരിക പ്രത്യേകതകൾ ഉൾക്കൊണ്ടുകൊണ്ട് സാവധാന പ്രക്രിയയിലൂടെ വികസിച്ചവയുമാണ്. അതുകൊണ്ടുതന്നെ, സാർവത്രിക സഭയുടെ പ്രേഷിത പ്രവർത്തന കാഴ്ചപ്പാടിനെ മുൻനിറുത്തിക്കൊണ്ട്, പ്രാദേശിക-സാംസ്ക്കാരിക സവിശേഷതകളെ പരിരക്ഷിച്ചുകൊണ്ട് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കണം.

ഈ സവിശേഷതകളുടെ അടിസ്ഥാനത്തിലാണ് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ പ്രേഷിത പ്രവർത്തന യാത്രയിൽ വിവേകപൂർവം കൈകാര്യം ചെയ്യപ്പെടേണ്ട, ഒഴിവാക്കപ്പെടേണ്ട അപകടങ്ങളെ കുറിച്ച് പാപ്പാ പറയുന്നത്:ലൂടെയെന്ന മനോഭാവം:
ഒന്നാമതായി, “എല്ലാം തന്നിലേക്ക് ആകർഷിക്കുവാനുള്ള മനോഭാവത്തെ” കുറിച്ചാണ് പാപ്പാ പറയുന്നത്; പലപ്പോഴും സഭാ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും മറ്റ് അംഗങ്ങളുടെ നല്ല ഉദ്ദേശ്യങ്ങൾക്ക് ശ്രദ്ധകൊടുക്കാതെ, തങ്ങളുടെ ചിന്തയിൽ ഉരുത്തിരിയുന്ന ഉദ്യമങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുക്കുകയും, തങ്ങളെ മാത്രം ഉയർത്തിക്കാണിക്കുന്നതിൽ താല്പര്യം കാണിക്കുകയും ചെയ്യാറുണ്ട്. കൂടാതെ, തങ്ങളുടെ മേധാവിത്വം നിൽനിറുത്താൻ വേണ്ടി ബന്ധുക്കളെയും അടുപ്പക്കാരേയും സ്ഥാപനങ്ങളിലും പ്രസ്ഥാനങ്ങളിലും നിയമിക്കാറുമുണ്ട്. ഇത്തരത്തിലുള്ള പ്രലോഭനങ്ങളിൽ നിന്ന് വിട്ടുനിൽക്കുവാൻ കഴിയണമെന്ന് പാപ്പാ പറയുന്നു.

നിയന്ത്രിക്കപ്പെടേണ്ട ഉത്കണ്ഠ:
രണ്ടാമതായി, “നിയന്ത്രിക്കപ്പെടേണ്ട ഉത്കണ്ഠയെ” കുറിച്ചാണ് പാപ്പാ പറയുന്നത്; ആരംഭ ദിശയിൽ സ്ഥാപനങ്ങളും ഏജൻസികളും പരിശുദ്ധാത്മാവിനാൽ പ്രേരിതമായി, പരിശുദ്ധാത്മാവിന്‍റെ ദാനങ്ങളെ മുൻനിറുത്തി സഭാസമൂഹങ്ങളെ സഹായിക്കാൻ പുറപ്പെടുന്നു. എന്നാൽ, കാലക്രമേണ അവർ സേവിക്കാൻ ഉദ്ദേശിക്കുന്ന സമൂഹങ്ങളുടെമേൽ ആധിപത്യവും നിയന്ത്രണവും ചെലുത്താൻ ശ്രമിക്കുന്നു. കാരണം, തങ്ങളുടെ കഴിവുകൊണ്ടാണ്, തങ്ങളുടെ കണക്കുകൂട്ടലുകളുടെയും പദ്ധതികളുടെയും തീരുമാനങ്ങളുടെയും ഫലമായാണ് സഭ നിലനിൽക്കുന്നത് എന്നമട്ടിലുള്ള പ്രവർത്തനം രൂപപ്പെടുന്നു.

വരേണ്യ മനോഭാവം:
മൂന്നാമതായി പാപ്പാ പറയുന്നത് “വരേണ്യ മനോഭാവത്തെ” കുറിച്ചാണ്; സഭയിലെ സംഘടനകളുടെയും സംഘടിത സ്ഥാപനങ്ങളുടെയും ഭാഗമായവർക്കിടയിൽ കണ്ടുവരുന്ന ഒന്നാണ് വരേണ്യ വികാരമെന്നും, സഭയിലെ തന്നെ മറ്റ് സ്ഥാപനങ്ങളുടെയോ പ്രസ്ഥാനങ്ങളുടെയോ നേതൃത്വത്തിന്മേൽ താൻപ്രമാണിത്വം കാണിക്കാൻ ശ്രമിക്കുകയും, സ്വേച്ഛാധിപത്യ പ്രവണത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മനോഭാവത്തിൽ നിന്ന് വിട്ടു നിൽക്കാൻ ശ്രദ്ധിക്കണമെന്ന് പാപ്പാ പറയുന്നു.

ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് നിൽക്കുക:
നാലാമതായി പറയുന്നത് “ജനങ്ങളിൽ നിന്ന് അകലം പാലിക്കുന്ന ശൈലി”യെ കുറിച്ചാണ്. സഭയുമായി ബന്ധപ്പെട്ടിരിക്കുന്ന ചില സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് ഉണ്ടാകുന്ന ഒരു വരേണ്യ പ്രലോഭനമാണ് സാധാരണ വിശ്വാസികളെ വിലകുറച്ച് കാണുകയും, അവരോട് അസഹിഷ്ണുത പുലർത്തുകയും ചെയ്യുക എന്നത്. ഇത്തരക്കാർ കരുതുന്നത് നിരന്തരമായ “ബോധവൽക്കരണ” പരിപാടികളുടെയും സംവാദങ്ങളുടെയും പരിശീലനങ്ങളുടെയും അനന്തരഫലമാണ് വിശ്വാസ ജീവിതത്തിലുണ്ടാകുന്ന കെട്ടുറപ്പെന്നാണ്.

സ്വപ്നാടനാവസ്ഥ:
അഞ്ചാമതായി, ഒരുവ്യക്തി പ്രവേശിക്കുവാനിടയുള്ള “സ്വപ്നാടനാവസ്ഥയെ” കുറിച്ചാണ് പാപ്പാ പരാമർശിക്കുന്നത്. ഒരുവ്യക്തി തന്നിലേക്ക് തന്നെ എല്ലാം ആകർഷിക്കുവാനുള്ള മനോഭാവത്തിൽ എത്തപ്പെട്ടുകഴിഞ്ഞാൽ, സഭയുടെ പ്രേഷിത പ്രവർത്തനവുമായുള്ള ബന്ധം നഷ്ടപ്പെടുകയും സ്വപ്നാടനാവസ്ഥയ്ക്ക് ഇരയാകുകയും ചെയ്യുന്നു. പിന്നീട് അങ്ങോട്ട് തന്ത്രപ്രധാനമായ പ്ലാനുകളും പദ്ധതികളും മാർഗ്ഗനിർദ്ദേശങ്ങളും മറ്റും തനിക്ക് ഉതകുന്ന രീതിയിൽ ക്രമീകരിക്കുന്നു. നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ ബൗദ്ധിക തലത്തിൽ മാത്രം നോക്കിക്കാണുകയും, പരിശുദ്ധാത്മാവിലും ക്രിസ്തുവിലുമുള്ള വിശ്വാസത്തിന് പ്രാധാന്യം നൽകാതെ, പരിഹാരങ്ങൾക്കായി ശ്രമിക്കുകയും ചെയ്യും.

പ്രവർത്തനപരത:
ആറാമതായി പാപ്പാ പറയുന്നു മുകളിൽ പറഞ്ഞ അവസ്ഥകളിലൂടെ കടന്നുപോകുന്ന വ്യക്തികളോ സംഘടനകളോ ഒടുവിൽ എത്തിച്ചേരുന്നത് “പ്രവർത്തനപരത”യിലേക്ക് ആയിരിക്കുമെന്നാണ്. അതായത്, പൂർത്തികരിക്കുവാനുള്ള ഉദ്യമങ്ങളിലും, സഭാ സ്ഥാപനങ്ങളിലും, സഭാ പ്രസ്ഥാനങ്ങളിലും, അവയുടെ പ്രവർത്തനങ്ങളിലും മത്സരത്തിനും, സാമ്പത്തിക നേട്ടത്തിനും, ലൗകികമായ കാര്യക്ഷമതയിലും പ്രാധാന്യം കൊടുക്കുന്നു.

ഇത്തരത്തിലുള്ള അപകടങ്ങളിൽ വീഴാതിരിക്കുന്നതിന് പാപ്പാ ചില നിർദേശങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ട്:

ഒന്നാമതായി; നിങ്ങളുടെ കഴിവിന്‍റെ പരമാവധി, ഭാവിയെക്കുറിച്ച് അനാവശ്യമായ കണക്കുകൂട്ടലുകൾ ഇല്ലാതെ, ദൈവജനത്തിന്‍റെ സാഹചര്യങ്ങൾക്കനുസരിച്ച് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ പ്രവർത്തനം വീണ്ടെടുക്കുക. അത് ജനത്തിന്‍റെ ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുന്നതിന് പ്രാപ്തമാക്കും.

രണ്ടാമതായി; പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ അത്യന്താപേഷിത ഘടന പ്രാർത്ഥനയിലും, പ്രേഷിത പ്രവർത്തനത്തിനായുള്ള വിഭവങ്ങൾ ശേഖരിക്കുന്നതിലും കേന്ദ്രീകരിച്ചുള്ളതും, വളരെ ലളിതവും, പ്രായോഗികവുമായ രീതിയിലായിരിക്കണം. ഇത് ദൈവജനവും പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയും തമ്മിലുള്ള ബന്ധം പ്രകടമാക്കും.

മൂന്നാമതായി; സാർവത്രിക സഭയുടെ പ്രേഷിത ദൗത്യ പശ്ചാത്തലത്തിൽ, പ്രാദേശിക സഭകളുടെ സേവനത്തിനുള്ള ഒരു ഉപകരണമായി പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികൾ അനുഭവവേദ്യമാകണം. സുവിശേഷത്തിന്‍റെ പ്രചാരണത്തിന് സൊസൈറ്റികൾ നൽകുന്ന എക്കാലത്തെയും വിലയേറിയ സംഭാവനയാണിത്.

നാലാമതായി; പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികൾ ഏറ്റെടുക്കുന്ന സേവനം സ്വാഭാവികമായും അതിലെ പ്രവർത്തകരെ, ഓരോ ഭൂഖണ്ഡത്തിലെയും സഭയുടെ സവിശേഷതയനുസരിച്ച്, എണ്ണമറ്റ യാഥാർത്ഥ്യങ്ങളിലേയ്ക്കും, സാഹചര്യങ്ങളിലേയ്ക്കും, സംഭവങ്ങളിലേയ്ക്കും ബന്ധപ്പെടുത്തിയേക്കാം. ഓർക്കുക, നിങ്ങളുടേത് ഒരിക്കലും ഒരു ബ്യൂറോക്രാറ്റിക്-പ്രൊഫഷണൽ ലക്ഷ്യത്തിലേക്ക് ചുരുക്കാൻ കഴിയാത്ത പ്രവർത്തന പന്ഥാവാണ്.

അഞ്ചാമതായി; നിങ്ങളുടെ തന്നെ കാര്യക്ഷമതയിലും, ആന്തരിക സംവിധാനങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ച് പദ്ധതികൾ ആവിഷ്കരിക്കുന്നതിന് സമയവും സാധ്യതകളും പാഴാക്കരുത്. പുറത്തേയ്ക്ക് നോക്കുക, തങ്ങളിലേക്ക് തന്നെ നോക്കുന്ന കണ്ണാടികളെ നശിപ്പിക്കുക.

ആറാമതായി; പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയെ ഒരു നോൺ ഗവണ്മെന്‍റല്‍ ഓർഗനൈസെഷനാക്കി മാറ്റിയാൽ, പുതിയ പദ്ധതി രൂപീകരണങ്ങളിലേയ്ക്കും ധനശേഖരണ പ്രക്രിയകളിലേയ്ക്കും കടക്കുന്ന അപകടസാധ്യതയുണ്ട്, അതിനാൽ, പ്രേഷിത പ്രവർത്തനത്തിനായുള്ള ധനപര്യാപ്തത മറച്ചുവയ്ക്കേണ്ടതില്ല, മറിച്ച് കർത്താവിന്‍റെ മുൻപിൽ സമർപ്പിക്കാം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികളിൽ നിന്ന് ധനം കണ്ടെത്തുന്നതിനായി ഒക്ടോബർ മാസത്തിൽ ലോക മിഷൻ ദിനത്തിൽ പിന്തുടരുന്നരുന്ന രീതിതന്നെ ഉപയുക്തമാണ്.

ഏഴാമതായി; ലഭിക്കുന്ന സംഭാവനകളുടെ ഉപയോഗം ഉചിതമായ രീതിയിൽ വിലയിരുത്തുകയും, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രേഷിത പ്രവർത്തനവും, സുവിശേഷവത്ക്കരണവും നടത്താൻ സഹായകമാകുന്ന പദ്ധതികളെ പിന്തുണയ്ക്കുകയും വേണം. പ്രാദേശിക സമൂഹത്തിന്‍റെ ഏറ്റവും പ്രാഥമികമായ ആവശ്യങ്ങൾ കണക്കിലെടുക്കുകയും മിഷനറി തീക്ഷ്ണതയെ പരിഗണിക്കുകയും ചെയ്യുന്നതിന് പകരം, സംസ്കാരങ്ങളുടെ ക്ഷേമത്തിനായും സഭയ്ക്കുള്ളിലെതന്നെ പരാന്നഭോജി പ്രതിഭാസങ്ങൾക്കായും സംഭാവനകളെ ദുരുപയോഗം ചെയ്യാതിരിക്കുക.

എട്ടാമതായി; ദരിദ്രരെ മറക്കാതിരിക്കുക. കാരണം, ദരിദ്രരെയും പുറന്തള്ളപ്പെട്ടവരെയും പരിഗണിക്കുന്നതിൽ സുവിശേഷ പ്രഘോഷണ ദൗത്യത്തിൽ മുൻഗണനയുണ്ട്.

ഒൻപതാമതായി; പ്രേഷിത ദൗത്യതീക്ഷ്ണത എല്ലായ്പ്പോഴും എല്ലായിടത്തും ഒരേപോലെ തീവ്രവും സജീവവുമല്ലെന്ന് ഓർക്കുക. അതിനാൽ, ക്രിസ്തീയ സന്ദേശം ഇതുവരെ എത്താത്ത പുതിയ സംസ്കാരങ്ങളെ അഭിമുഖീകരിക്കുമ്പോൾ, സുവിശേഷം പ്രഘോഷിക്കുവാനെന്ന പേരിൽ ഏതെങ്കിലും സംസ്കാരങ്ങൾ അടിച്ചേല്പിക്കാതിരിക്കുക.

പത്താമതായി; പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികൾ ശൂന്യതയിൽ പ്രവർത്തിക്കുന്ന സഭയിലെ സ്വയംഭരണ സ്ഥാപനങ്ങളല്ല. മറിച്ച്, നട്ടുവളർത്തേണ്ടതും പുതുക്കേണ്ടതുമായ സവിശേഷതകളാൽ, റോമിലെ ബിഷപ്പുമായി, അതായത് പരിശുദ്ധ പിതാവുമായി ബന്ധിപ്പിക്കുന്ന, അനുകമ്പയുടെയും ദാനധർമ്മത്തിന്‍റെയും ചങ്ങല നിലനിൽക്കുന്നുണ്ട്. അതായത്, സഭയോടുള്ള സ്നേഹത്തിന്‍റെ പങ്കിടലും, ക്രിസ്തുവിനോടുള്ള സഭയുടെ സ്നേഹത്തിന്‍റെ പ്രതിഫലനവുമാണ്, റോമിലെ ബിഷപ്പുമായുള്ള പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ അടുപ്പത്തിന്‍റെ വ്യക്തമായ അടയാളമെന്നും പാപ്പാ പറയുന്നു.

ഉപസംഹാരം

ആവേശത്തോടെ മുന്നോട്ട് നീങ്ങുക! പ്രേഷിത യാത്രയിൽ നിങ്ങൾക്ക് ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്. സഭയോടുള്ള യഥാർത്ഥ സ്നേഹത്തിന്‍റെ തീപ്പൊരിയാണ്, ക്രിസ്തുവിനോടുള്ള സ്നേഹത്തിന്‍റെ പ്രതിഫലനമായി പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളിലൂടെ നടക്കുന്നത് എന്ന ഓർമ്മപ്പെടുത്തലോടെയാണ് പരിശുദ്ധ പിതാവ് സന്ദേശം ഉപസംഹരിക്കുന്നത്


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles