ദൈനംദിന ചര്യയില്‍ പ്രാര്‍ത്ഥനയും സ്‌നേഹവും കലര്‍ത്തുക: ഫ്രാന്‍സിസ് പാപ്പ
പ്രാർത്ഥനയുടെയും സ്നേഹത്തിൻറെയും അഭാവത്തിൽ ദൈനംദിനചര്യകൾ ശുഷ്ക്കമായി ഭവിക്കുമെന്ന് മാർപ്പാപ്പാ മുന്നറിയിപ്പു നല്കുന്നു.
ഇറ്റലിയിലെ ആശുപത്രികളിൽ പ്രവർത്തിക്കുന്ന ഔഷധശാലകളുടെ ( ഫാർമസി) സംഘടന സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവരടങ്ങിയ നൂറ്റിയമ്പതോളം പേരെ വ്യാഴാഴ്‌ച (14/10/21) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
ആശുപത്രികളിലെ ഔഷധശാലകളിലെ ജീവനക്കാരുടെ പ്രവർത്തനം ദൈനംദിന ചര്യയെന്നപോലെ ആയിത്തീരുന്നതിനാൽ അതിൽ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങൾ പാപ്പാ എടുത്തുകാട്ടി.
ആശുപത്രികളിലെ ഔഷധശാലകളിലെ ജീവനക്കാരുടെ തൊഴിൽ ദിനചര്യയായി മാറുകയും ദൃശ്യത കുറഞ്ഞുപോകുകയും ചെയ്യുന്നതാണ് പാപ്പാ ഈ മൂന്നുകാര്യങ്ങളിൽ ആദ്യത്തേതായി ചൂണ്ടിക്കാട്ടിയത്.
ഇത് വരണ്ടുണങ്ങിയ ഒരു പ്രവർത്തിയാകാതിരിക്കണമെങ്കിൽ അതിൽ പ്രാർത്ഥനയും സ്നേഹവും കലർത്തേണ്ടതുണ്ടെന്നും അപ്രകാരം അത് ചാരത്തുള്ള വിശുദ്ധിയുടെ വാതിലിലേക്ക് ഒരുവനെ നയിക്കുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
രണ്ടാമത്തേത് തൊഴിൽവൈദഗ്ദ്ധ്യം ആണെന്നും ആശുപത്രിയിലെ ഔഷധശാലയിൽ പ്രവർത്തിക്കുന്നയാൾ സദാ രോഗികളുമായി അടുത്തിടപഴകുന്നുവെന്നും രോഗത്തെയും രോഗിയെയും കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നുവെന്നുമുള്ള വസ്തുതകൾ പാപ്പാ എടുത്തുകാട്ടി.
മൂന്നാമത്തെ ഘടകമായി പാപ്പാ അവതരിപ്പിച്ചത് തൊഴിൽ ധാർമ്മികതയാണ്. ഇതിൽ വൈക്തികവും സാമൂഹ്യവുമായ നൈതികത അടങ്ങിയിരിക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു.
ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ തൊഴിൽ ധാർമ്മികതയുടെ കാര്യത്തിൽ ഒരിക്കലും സന്ധിചെയ്യരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ഏറെ മാനുഷികവും വളരെ മഹത്തായതും പലപ്പോഴും ആരാലും ശദ്ധിക്കപ്പെടാതെ നിശബ്ദതയിൽ അനുഷ്ഠിക്കപ്പെടുന്നതുമായ ഈ തൊഴിലിൽ മുന്നേറാൻ എല്ലാവർക്കും കഴിയട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.