ആത്മീയ ജീവിതത്തിന്റെ കണ്ണാടി സ്‌നേഹമാണ്: ഫ്രാന്‍സിസ് പാപ്പ

കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് ഐക്യരാഷ്ട്രസഭ ഗ്ളാസ്ഗോവിൽ സംഘടിപ്പിക്കുന്ന 26മത് സമ്മേളനത്തിന്‍റെ ഒരുക്കമായി തിങ്കളാഴ്ച ഒക്ടോബർ 4ന് വത്തിക്കാനില്‍ നടന്ന സമ്മേളനത്തിൽ മതനേതാക്കളേയും ശാസ്ത്രജ്ഞരേയും മറ്റു പ്രതിനിധികളേയും അഭിസംബോധന ചെയ്തു കൊണ്ട് ഫ്രാൻസിസ് പാപ്പാ സംസാരിച്ചു.

ശാസ്ത്രജ്ഞരും മതനേതാക്കളും ഒരുമിച്ച് പരസ്പരം ആഴമായ സംവാദത്തിനുള്ള ആഗ്രഹമാണ് ഈ സമ്മേളനം തെളിയിക്കുന്നതെന്ന് പറഞ്ഞ പാപ്പാ പരസ്പര ആശ്രയത്വത്തിനും പങ്കുവയ്ക്കലിനുമുള്ള തുറവും, സ്നേഹത്തിന്‍റെ ചലനാത്മകതയും ബഹുമാനത്തിനുള്ള ആഹ്വാനവുമായിരിക്കണം നമ്മുടെ പരിചിന്തനത്തിന്‍റെ മൂന്ന് മാർഗ്ഗരേഖകൾ എന്ന് വിശദീകരിച്ചു.

1.പരസ്പര ആശ്രയത്വത്തിനും പങ്കുവയ്ക്കലിനുമുള്ള തുറവ്

നമ്മുടെ  ലോകത്തിൽ എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ശാസ്ത്രം മാത്രമല്ല മതവിശ്വാസങ്ങളും ആത്മീയ പാരമ്പര്യങ്ങളും നമ്മളും ലോകത്തിലെ മറ്റു സൃഷ്ടികളുമായുള്ള ഈ പരസ്പര ബന്ധത്തെ ഉറപ്പിച്ചു പറയുന്നു. ഒരു സൃഷ്ടിയും സ്വയം പര്യാപ്തമല്ല എന്നും മറ്റുള്ളവയുമായി ബന്ധപ്പെടാതെ അസ്ഥിത്വമില്ല എന്നതിലൂടെ നാം തിരിച്ചറിയുന്നത് സ്വാഭാവിക ലോകത്തിലുള്ള ദൈവീക ഐക്യത്തിന്‍റെ  അടയാളമാണ്. സ്നേഹത്തിലും ബഹുമാനത്തിലും കൂടി പരിപൂർണ്ണതയിലേക്ക് വളരാൻ പരസ്പരാശ്രയത്വവും പൂരകത്വവും വേണം. ചെടികളിലും, ജലത്തിലും, മൃഗങ്ങളിലും സ്രഷ്ടാവെഴുതിയിട്ട നിയമം സൃഷ്ടിയുടെ തന്നെ നന്മയ്ക്കായാണ് എന്ന് പാപ്പാ സമർത്ഥിച്ചു.

നമ്മുടെ പ്രവർത്തികളുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കാൻ മാത്രമല്ല, പരസ്പരാശ്രയത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും നേരെയുള്ള തുറവോടെ നമ്മുടെ പ്രവർത്തനത്തിൽ വരുത്തേണ്ട മാറ്റങ്ങളെ തിരിച്ചറിയാനും പരിഹാരം കാണാനും ഈ പരസ്പര ബന്ധത്തെ തിരിച്ചറിയുന്നത് സഹായിക്കും എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. മറ്റുള്ളവരേയും പരിസ്ഥിതിയേയും സംരക്ഷിക്കാൻ നമുക്ക് അടിസ്ഥാനപരമായ ഒരുത്തരവാദിത്വമുണ്ടെന്നും അതിന് അത്യാവശ്യമായ ഒരു നയംമാറ്റം ഓരോരുത്തരുടേയും മതവിശ്വാസവും ആത്മീയതയും പരിപോഷിപ്പിക്കുകയും വേണമെന്നും പാപ്പാ നിര്‍ദേശിച്ചു. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം പരസ്പരാശ്രയത്തിലുള്ള ഈ തുറവ് പരിശുദ്ധ ത്രിത്വത്തിന്‍റെ രഹസ്യത്തിൽ നിന്നാണ് ജനിക്കുന്നതെന്നും ചൂണ്ടിക്കാണിച്ചു. ബന്ധങ്ങളിലേർപ്പെടുകയും തങ്ങളിൽ നിന്ന് തന്നെ പുറത്തുകടന്ന് ദൈവവുമായും മറ്റുള്ളവരോടും എല്ലാ സൃഷ്ടികളോടും ഐക്യത്തിൽ ജീവിക്കാനും കഴിയുന്ന അളവിലാണ് ഒരു മനുഷ്യവ്യക്തി കൂടതൽ വളരുകയും പക്വത പ്രാപിക്കുകയും ചെയ്യുന്നതെന്ന് പാപ്പാ അടിവരയിട്ടു. ഇത്തരത്തിൽ ദൈവം മനുഷ്യരെ സൃഷ്ടിച്ചപ്പോൾ അവരിൽ നിക്ഷേപിച്ച ത്രിത്വൈക ചാലകത്വം ക്രൈസ്തവർ സ്വായത്തമാക്കുന്നു എന്ന് പാപ്പാ പറഞ്ഞു.

വിവിധ സംസ്കാരങ്ങളും ആത്മീയതകളും സാഹോദര്യത്തിന്‍റെ മനോഭാവത്തിൽ ഒരുമിച്ച് കൊണ്ടുവരുന്ന ഇന്നത്തെ ഈ സമ്മേളനത്തിന് ഒരു മനുഷ്യ കുടുംബത്തിലെ അംഗങ്ങളാണ് നാം എന്ന നമ്മുടെ തിരിച്ചറിവിനെ ശക്തിപ്പെടുത്താൻ മാത്രമെ കഴിയൂ. നമുക്ക് ഓരോരുത്തർക്കും അവരവരുടെതായ മത വിശ്വാസവും ആത്മീയതയുമുണ്ട് എന്നിരുന്നാലും ഒരു രാഷ്ട്രീയ സമൂഹ്യ അതിർത്തികളും തടസ്സങ്ങളും നമ്മെ ഒരുമിച്ച് വരുന്നത് തടയുന്നില്ല. ഈ തുറവ് കൂടുതൽ തെളിയിക്കാനും നേരേയാക്കാനും പരസ്പരാശ്രയത്വവും ഉത്തരവാദിത്വവും രൂപപ്പെടുത്തുന്ന ഒരു ഭാവിക്കായി പ്രതിബദ്ധതയുള്ളവരാകാം എന്ന് പാപ്പാ ആഹ്വാനം ചെയ്തു.

2. സ്നേഹത്തിന്‍റെ  ചലനാത്മകത

ഈ പ്രതിബദ്ധതയുടെ അടിസ്ഥാനം സ്നേഹത്തിന്‍റെ  ചലനാത്മകതയായിരിക്കണം എന്നും എന്നാൽ അത് അനുദിനം  നവീകരിക്കപ്പെടണമെന്നും പാപ്പാ അറിയിച്ചു. ഇവിടെയാണ് മത, ആത്മീയ,പാരമ്പര്യങ്ങൾ നമ്മുടെ സഹായത്തിനെത്തുക. ആഴമായ ആത്മീയ ജീവിതത്തിന്‍റെ  കണ്ണാടി സ്നേഹമാണ്. സംസ്കാര, രാഷ്ട്രീയ, സാമൂഹ്യ അതിർവരമ്പുകൾ കടന്നു പോകുന്നതാണ് ആ സ്നേഹം. അത് എല്ലാവരേയും ഉൾക്കൊള്ളുന്ന, ദരിദ്രരെ പ്രത്യേകം പരിഗണിക്കുന്ന ഒന്നാണ്, പാപ്പാ പറഞ്ഞു. സ്നേഹം ഇന്ന് നമ്മുടെ സമൂഹത്തിൽ രൂഢമൂലമായ വലിച്ചെറിയൽ സംസ്കാരത്തെ പ്രതിരോധിക്കാൻ നമ്മെ വെല്ലുവിളിക്കുന്നു.സംഘർഷങ്ങളുടെ വിത്ത് പാകുന്ന ആർത്തി, നിസ്സംഗത, അജ്ഞത, ഭയം, അനീതി, അരക്ഷിതാവസ്ഥ, അക്രമം തുടങ്ങിയവ പരിസ്ഥിതിയിൽ തീർക്കുന്ന മുറിവുകൾ കാലാവസ്ഥ വ്യതിയാനത്തിനും, മരുഭൂമിവൽക്കരണത്തിനും, മലിനീകരണത്തിനും ജൈവ വൈവിധ്യ നഷ്ടത്തിനും കാരണമായിക്കൊണ്ട് ദൈവത്തിന്‍റെ സ്നേഹം പ്രതിഫലിക്കുന്ന മനുഷ്യകുലവും പരിസ്ഥിതിയുമായുള്ള ഉടമ്പടി തകർക്കുന്നു. അതിനാൽ നമ്മുടെ പൊതു ഭവനമായ ഭൂമിയുടെ സംരക്ഷണത്തിനായി പരിശ്രമിക്കാനുള്ള വെല്ലുവിളി പ്രത്യാശ പകരുന്ന ഒന്നാണ് എന്ന് ഫ്രാൻസിസ് പാപ്പാ സൂചിപ്പിച്ചു. ഈ വെല്ലുവിളി അഭിമുഖീകരിക്കാൻ ഉദാഹരണവും പ്രവർത്തിയും വിദ്യാഭ്യാസവും ആവശ്യമാണെന്ന് പാപ്പാ അടിവരയിട്ടു. മതവിശ്വാസങ്ങൾക്കും ആത്മീയ പാരമ്പര്യങ്ങൾക്കും പ്രധാനപ്പെട്ട സംഭാവനകൾ നൽകാൻ അവയ്ക്കു കഴിയുമെന്നും പാപ്പാ ചൂണ്ടി കാണിച്ചു.

3. നമ്മുടെ പൊതു ഭവനത്തെ സംരക്ഷിക്കേണ്ടത് ബഹുമാനത്തിനുള്ള ഒരു വിളി കൂടിയാണ്.

സൃഷ്ടിയെയും, അയൽക്കാരനെയും, നമ്മെ തന്നെയും സ്രഷ്ടാവിനെയും മാത്രമല്ല വിശ്വാസങ്ങളും ശാസ്ത്രവും തമ്മിലും പരസ്പരം മാനിച്ച് പ്രകൃതിയെയും, ദരിദ്രരെയും സംരക്ഷിക്കാനായി സംവദിക്കാനും പരസ്പര ബഹുമാനത്തിന്‍റെയും  സാഹോദര്യത്തിന്‍റെയും ശ്രുംഖല തീർക്കാനുള്ള വിളിയുണ്ട്. ഇത്തരത്തിൽ ബഹുമാനം എന്നത്  അപരനെക്കുറിച്ചുള്ള  അമൂർത്തവും നിഷ്ക്രിയവുമായ  വെറുമൊരു അംഗീകാരം എന്നതിലുപരി  പൊതുവായ ഒരു യാത്രയിൽ ഒരുമിച്ചു സഞ്ചരിക്കുന്ന, മറ്റുള്ളവരെ അറിയാനും സംവാദിക്കാനുമുള്ള ആഗ്രഹത്തോടെയുള്ള സഹാനുഭാദൂതിയും, സജീവവുമായ അനുഭവമാണ് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അതിനാൽ പരസ്പരാശ്രയത്വത്തിലും പങ്കുവയ്ക്കലും, സ്നേഹത്തിന്‍റെ  ചലനാത്മകതയും, ബഹുമാനത്തിനായുള്ള വിളിയുമാണ് നമ്മുടെ പൊതുഭവന പരിപാലനത്തിനുള്ള ശ്രമങ്ങൾക്ക്  വെളിച്ചം പകരുന്ന താക്കോലുകൾ. ഗ്ലാസ്ഗോയിലെ Cop 26 സമ്മേളനം ഇതുവരെ കാണാത്ത പരിസ്ഥിതി പ്രതിസന്ധിക്കും നാം ഇന്നനുഭവിക്കുന്ന മൂല്യങ്ങളുടെ പ്രതിസന്ധികൾക്കും ഫലപ്രദമായ പ്രതികരണങ്ങൾ നൽകാനും ഭാവിതലമുറയ്ക്ക് മൂർത്തമായ പ്രതീക്ഷ നൽകുന്നതിനുള്ള അടിയന്തിര ആഹ്വാനമാണ്. അതിന് തങ്ങളുടെ പ്രതിബദ്ധതയും ആത്മീയ സാന്നിദ്ധ്യവും കൊണ്ട് അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെന്നും പാപ്പാ അറിയിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles