സഭൈക്യത്തെപ്പറ്റി ഫ്രാൻസിസ് പാപ്പാ

ഫ്രാന്‍സിസ് പാപ്പാ, അഭിവന്ദ്യ ഹിറോണിമുസ് രണ്ടാമന്‍ പിതാവുമായി അതിരൂപതാ ആസ്ഥാനത്ത് വച്ച് നടന്ന സംഗമത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്…

“ദൈവത്തിൽ നിന്നുള്ള കൃപയും സമാധാനവും” (Rm 1,7). വിശുദ്ധ പൗലോസ് ഗ്രീസിൽനിന്ന് റോമിലെ വിശ്വാസികൾക്കെഴുതിയ ഈ വാക്കുകൾ ഉപയോഗിച്ച് അങ്ങയെ അഭിവാദ്യം ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ ഗ്രീസ് ഓർത്തഡോക്സ്‌ സഭയുടെ അധ്യക്ഷൻ ഹിറോനിമോസ് രണ്ടാമൻ പിതാവിനോടുള്ള തന്റെ വാക്കുകൾ ആരംഭിച്ചത്. റോമിലെ സഭയ്ക്ക് ദൈവം നൽകിയ രണ്ട് അപ്പസ്തോലന്മാരുടെയും ശവകുടീരങ്ങൾക്ക് മുന്നിൽ പ്രാർത്ഥിച്ചപ്പോൾ ലഭിച്ച പ്രേരണയനുസരിച്ച്, നേരത്തെയുണ്ടായിരുന്ന അപ്പസ്തോലിക കൂട്ടായ്മ പുതുക്കാനും സഹോദരസ്നേഹത്തെ പരിപോഷിപ്പിക്കാനുമാണ് താൻ ഇവിടെ വന്നതെന്ന് പാപ്പാ പറഞ്ഞു.

സഭകൾ തമ്മിലുള്ള അകലം

ആദിമസഭയുടെ ഒരുമയ്ക്കു ശേഷം, വിവിധ വിഷയങ്ങൾ സഭകൾ തമ്മിലുള്ള ബന്ധങ്ങൾ കുറച്ചുകൊണ്ടുവന്നു എന്നും, കത്തോലിക്കാ സഭയെ സംബന്ധിച്ചും, മുൻപ് എടുത്ത പല തീരുമാനങ്ങളും, തെരഞ്ഞെടുപ്പുകളും, സുവിശേഷത്തിൽനിന്ന് അകന്നവയായിരുന്നു എന്നും ഏറ്റുപറഞ്ഞ പപ്പാ, ഒരിക്കൽക്കൂടി ദൈവത്തോടും സഹോദരങ്ങളോടും അങ്ങനെയുള്ള തെറ്റുകൾക്ക് മാപ്പുചോദിക്കുന്നു എന്ന് പറഞ്ഞു. ചരിത്രം എന്തുതന്നെയായാലും നമ്മുടെ വേരുകൾ പൊതുവായുള്ളതാണെന്നും, ദൈവത്തിന്റെ ഈ ചെടി ഫലം നൽകുന്നത് ഒരേ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെയാണെന്നും, അതുകൊണ്ടുതന്നെ പരസ്പരം ഫലങ്ങൾ തിരിച്ചറിഞ്ഞ് ദൈവത്തിന് നന്ദി പറയുന്നത് ഒരു അനുഗ്രഹമാണെന്നും പാപ്പാ പറഞ്ഞു.

പരിശുദ്ധാത്മാവിന്റെ വെളിച്ചം

ഒലിവിന്റെ അവസാനഫലം എണ്ണയാണെന്നും ആ എണ്ണയാണ്, പുരാതനകാലങ്ങളിൽ ഇരുളകറ്റുവാനായി പ്രകാശമേകിയതെന്നും ഓർമ്മിപ്പിച്ച പാപ്പാ, നമ്മെ സംബന്ധിച്ചിടത്തോളം, ഒലിവെണ്ണ പരിശുദ്ധാത്മാവിനെയാണ് ഓർമ്മിപ്പിക്കുന്നതെന്നും, സഭയ്ക്ക് ജന്മം നൽകിയ ആ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ നമ്മുടെ വഴികളിലെ ഇരുളകറ്റാനും പ്രകാശമേകാനും നമുക്കും സാധിക്കുമെന്ന് ഉദ്‌ബോധിപ്പിച്ചു.

കൂട്ടായ്മ നൽകുന്ന പരിശുദ്ധാത്മാവ്

പരിശുദ്ധാത്മാവ് കൂട്ടായ്മയുടെ തൈലമാണ്. വിശുദ്ധ ഗ്രന്ഥം മനുഷ്യന്റെ മുഖത്തെ പ്രകാശിപ്പിക്കുന്ന എണ്ണയെക്കുറിച്ച് പറയുന്നുണ്ട് (സങ്കീ. 104,5). ഓരോ മനുഷ്യനിലും തിളങ്ങുന്ന അതുല്യമായ മൂല്യം കാണാൻ നമുക്ക് സാധിക്കുന്നുണ്ടോ? വ്യക്തിപരവും, സംഘടനാപരവുമായ കാരണങ്ങളാൽ, യേശുവിന്റെ ശിഷ്യർക്ക് പോലും ഇന്ന് കൂട്ടായ്മയിൽ എത്താൻ പ്രയാസമായി വരുന്നു. നമ്മിലേക്ക് വർഷിക്കപ്പെടുന്ന പരിശുദ്ധാത്മാവ് നമ്മിൽ ഐക്യത്തിന്റെ വളർച്ച നൽകട്ടെ എന്ന് ആശംസിച്ച പരിശുദ്ധ പിതാവ്, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുവാനും, അങ്ങനെ ക്രിസ്തുവിന്റെ ശിഷ്യന്മാരാണെന്ന് ലോകത്തിന് സാക്ഷ്യം നൽകാനും നമുക്ക് സാധിക്കട്ടെ എന്ന് പ്രത്യാശ പ്രകടിപ്പിച്ചു. കാരണം, നമ്മിൽ ഒരുമയില്ലെങ്കിൽ എങ്ങനെയാണ് ജനതകളെ ഒരുമിച്ച് കൂട്ടുന്ന ക്രിസ്തുവിന്റെ സ്നേഹത്തെക്കുറിച്ച് നമുക്ക് ലോകത്തോട് വിളിച്ചുപറയാൻ സാധിക്കുക? പരിശുദ്ധ ത്രിത്വത്തിന്റെ മാതൃകയിൽ നമ്മെയും ഒരുമിച്ച് കൂട്ടുവാൻ വേണ്ടി ഐക്യം നൽകുന്ന പരിശുദ്ധാത്മാവിനോട് നമുക്ക് പ്രാർത്ഥിക്കാമെന്ന് പാപ്പാ പറഞ്ഞു.

അറിവിന്റെ തൈലമായ പരിശുദ്ധാത്മാവ്

ക്രിസ്തുവിനെ അഭിഷേകം ചെയ്ത ഈ തൈലം ക്രിസ്ത്യാനികളുടെ ജീവിതത്തെയും പ്രചോദിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ട്. പരിശുദ്ധാത്മാവ് നൽകുന്ന ജ്ഞാനത്തോട് അനുസരണയുള്ളവരായി ദൈവബോധത്തിൽ വളരുകയും മറ്റുള്ളവരോട് തുറന്ന മനസ്സോടെ പെരുമാറുകയും ചെയ്യാമെന്ന് പാപ്പാ പറഞ്ഞു. ഈയൊരർത്ഥത്തിൽ ഗ്രീക്ക് സംസ്കാരവും ക്രൈസ്തവവിശ്വാസത്തെ സംസ്കാരവൽക്കരിച്ചിട്ടുണ്ടെന്ന് പാപ്പാ എടുത്തുപറഞ്ഞു. ഗ്രീസിലെ സഭയുടെയും കത്തോലിക്കാസഭയുടെയും പ്രയത്നഫലമായി വിവിധ സർവ്വകലാശാലകളും, മറ്റ് സഭാപ്രസ്ഥാനങ്ങളൂം തമ്മിൽ ഇത്തരുണത്തിൽ നടത്തുന്ന ഒരുമിച്ചുള്ള പ്രവർത്തനങ്ങളെ പാപ്പാ എടുത്തുപറഞ്ഞു. ഈ വഴിയിൽ വിവേകപൂർവ്വം മുന്നോട്ട് പോകാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ എന്ന് പാപ്പാ പറഞ്ഞു.

സാന്ത്വനം നൽകുന്ന പരിശുദ്ധാത്മാവ്

നമുക്ക് സാന്ത്വനം നൽകുന്ന സഹായകനാണ് പരിശുദ്ധാത്മാവ്. ആത്മാവ് ക്രിസ്തുവിനെ അഭിഷേകം ചെയ്തത്, ദരിദ്രർക്ക് സുവിശേഷവും, തടവുകാർക്ക് മോചനവും, അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനാണ്. ഇന്നും ദുർബലരെയും ദരിദ്രരെയും പരിപാലിക്കാനും, ദൈവത്തിന്റെയും മനുഷ്യരുടെയും മുന്നിൽ അവരുടെ കാര്യം സമർപ്പിക്കാനും അവൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത് ജനങ്ങൾക്ക് സഹായം എല്ലായിടത്തും പോലെ ഇവിടെയും ആവശ്യമായിരുന്നു. പരസ്പരമുള്ള സഹകരണം വഴി നമുക്ക് മറ്റുള്ളവരെ സേവിക്കാനും, അവർക്ക് സുവിശേഷത്തിന്റെ ആശ്വാസമെത്തിക്കുവാനുമാകും. മുൻകാലങ്ങളിലേതിനേക്കാൾ ഇപ്പോൾ, മാനവികതയുടെ മുറിവുകളെ സ്നേഹത്തിന്റെ തൈലം കൊണ്ട് സുഖപ്പെടുത്താൻ നമ്മെ പരിശുദ്ധാത്മാവ് ക്ഷണിക്കുന്നു എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ഒരുമിച്ച് നിൽക്കാൻ ക്രിസ്തുവിന്റെ ആഹ്വാനം

വേദനയുടെ നിമിഷത്തിൽ, തന്റെ ശിഷ്യന്മാരോട് പ്രാർത്ഥനയുടെയും സാമീപ്യത്തിന്റെയും സാന്ത്വനത്തിനായി ക്രിസ്തു ആവശ്യപ്പെട്ടു എന്ന് ഓർമിപ്പിച്ച പാപ്പാ, ഈ ചിന്ത നമ്മെയും ഒലിവുമലയിലേക്ക് ക്ഷണിക്കുന്നുണ്ട് എന്ന് പറഞ്ഞു. “ഉറങ്ങാതെ ഇവിടെ കാത്തിരിക്കുവിൻ” എന്ന ക്ഷണം നമ്മിലേക്കും അവൻ കൊണ്ടുവരുന്നുണ്ട്. ക്രിസ്തു ബഹുവചനത്തിൽ, “നിങ്ങൾ” എന്നാണ് പറഞ്ഞത്. ലോകത്തിലേക്ക് ദൈവത്തിന്റെ സാന്ത്വനം കൊണ്ടുവരാൻ നമ്മളും ഉണർന്നിരുന്ന് പ്രാർത്ഥിക്കണം. നമ്മുടെ ചരിത്രസ്മരണകളെ ശുദ്ധമാക്കേണ്ടതുണ്ട് എന്നും, പരിശുദ്ധാത്മാവിന്റെ കൃപയാൽ പരസ്പരം ക്ഷമിക്കാനും അനുരഞ്ജനപ്പെടാനുമാണ് ക്രിസ്തുവിന്റെ അനുയായികൾ ക്ഷണിക്കപ്പെട്ടിരിക്കുന്നത് എന്നുമുള്ള വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകൾ ഫ്രാൻസിസ് പാപ്പാ ഉദ്ധരിച്ചു (Ut unum sint, 2).

ഉത്ഥിതനായ ക്രിസ്തുവിന്റെ ആത്മാവ്

ഭയചകിതരായിരുന്ന അപ്പസ്തോലന്മാർക്ക് ലഭിച്ച ഉത്ഥിതനായ കർത്താവിന്റെ ദർശനം, അവരുടെ നിരാശാജനകമായിരുന്ന അനുഭവങ്ങളോട് അനുരഞ്ജനപ്പെടാൻ അവരെ സഹായിച്ചു. ഉണങ്ങാൻ അസാധ്യമെന്ന് തോന്നിയ മുറിവുകളിൽനിന്ന് അവർ ഒരു പുതിയ പ്രത്യാശയും കരുണയും നേടുകയും, തങ്ങളെ ഒരു ശരീരമാക്കി മാറ്റുന്ന, തങ്ങളുടെ തെറ്റുകുറ്റങ്ങളെക്കാൾ വലുതായ, ഒരു സ്നേഹത്തെ കണ്ടെത്താനും അത് അവരെ സഹായിച്ചു. ഭൂതകാലത്തിന്റെ തെറ്റായ ചിന്താധാരകളിൽ തളർന്നിരിക്കാതെ, ഒരിക്കൽ ഉണ്ടായിരുന്ന മുൻവിധികളിൽനിന്ന് മോചിതരാകുവാനും പുതിയ കണ്ണുകളോടെ യാഥാർഥ്യത്തെ നോക്കിക്കാണാനും ഉത്ഥിതനായ ക്രിസ്തുവിന്റെ ആത്മാവ് നമ്മെ സഹായിക്കട്ടെ എന്ന് പാപ്പാ ആശംസിച്ചു.

കത്തോലിക്കാസഭയിൽ തയ്യാറായിക്കൊണ്ടിരിക്കുന്ന സിനഡൽ പ്രവർത്തനങ്ങളെ പരാമർശിച്ച പാപ്പാ, ഓർത്തഡോക്സ്‌ സഭയിൽനിന്ന് ഇക്കാര്യത്തിൽ തങ്ങൾക്ക് പഠിക്കാൻ ഏറെയുണ്ടെന്ന് പറഞ്ഞു. സഹോദരങ്ങൾ വിശ്വാസത്തിൽ കൂടുതൽ അടുക്കുമ്പോൾ, പരിശുദ്ധാത്മാവിന്റെ സാന്ത്വനം നമ്മിലേക്ക് ഒഴുകുമെന്ന ഉറപ്പിനാലാണ് ഈ പ്രവർത്തനങ്ങൾ തങ്ങൾ നടത്തുന്നതെന്നും പാപ്പാ പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles