എഴുന്നേറ്റ് തിടുക്കത്തിൽ ക്രിസ്തുമസിലേക്ക് നടക്കുക: ഫ്രാൻസിസ് പാപ്പാ

തിടുക്കത്തിൽ യാത്രയായ അമ്മ

ദൈവവചനത്തെ ഉള്ളിൽ സ്വീകരിച്ച പരിശുദ്ധ അമ്മ, തന്റെ ചർച്ചക്കാരിയായ ഏലീശ്വാ പുണ്യവതിയെ ചെന്ന് കാണുന്നതായിരുന്നു ഞായറാഴ്ചയിലെ സുവിശേഷഭാഗം.

മാലാഖയുടെ ദൂത് ലഭിച്ച കന്യകാമറിയം, സംഭവിച്ച കാര്യങ്ങളെപ്പറ്റിയോ, ഉണ്ടാകാനിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചോ അപ്രതീക്ഷിത സംഭവങ്ങളെക്കുറിച്ചോ ചിന്തിച്ചുകൊണ്ട്, വീട്ടിൽ തുടരുകയല്ല ചെയ്യുന്നത്. അന്നത്തെ സംസ്കാരത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് ആ പാവത്തിന് അറിയില്ലായിരുന്നു. എന്നാൽ മറിയം സ്വന്തം പ്രശ്നങ്ങളിലേക്ക് തിരിയുന്നതിന് പകരം, ആദ്യമേ തന്നെ തന്റെ ആവശ്യമുള്ളവരെപ്പറ്റി, ഇവിടെ തന്റെ ബന്ധുവും പ്രായമുള്ളതും അത്ഭുതകരവും, മനസ്സിലാക്കാനാകാത്തതുമായ രീതിയിൽ ഗർഭിണിയുമായ എലിസബത്തിനെപ്പറ്റിയാണ്, ആലോചിക്കുന്നത്. യാത്രയിലുള്ള അസൗകര്യങ്ങളെക്കുറിച്ചോർത്ത് ഭയപ്പെടാതെ, തന്റെ ഉള്ളിൽനിന്നും വരുന്ന പ്രേരണയോട് പ്രത്യുത്തരിച്ചുകൊണ്ട്, എലിസബത്തിന്റെ അടുത്തേയ്ക്ക് ചെല്ലാനും സഹായം നൽകാനുമായി മറിയം ഔദാര്യമനസ്കതയോടെ യാത്ര പുറപ്പെടുന്നു. കിലോമീറ്ററുകൾ നീളുന്ന ഈ യാത്രയിൽ അവൾക്ക് സഞ്ചരിക്കാൻ വാഹനങ്ങളൊന്നുമില്ല. കാൽനടയായി അവൾ ഈ യാത്ര ചെയ്യുന്നു. തന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് സഹായമേകാനാണ് അവൾ യാത്രയാകുന്നത്. തന്റെ ഹൃദയത്തിലും ഗർഭപാത്രത്തിലും പേറുകയായിരുന്ന സന്തോഷം, യേശു നൽകുന്ന സന്തോഷം, മറിയം എലിസബത്തിന് നൽകുന്നു. തന്റെ ഹൃദയവികാരങ്ങൾ അവൾ ഉദ്‌ഘോഷിക്കുന്നു. ഈ ഉദഘോഷമാണ് പിന്നീട് ഒരു പ്രാർത്ഥനയായി മാറുന്ന, നമുക്കൊക്കെ അറിയാവുന്ന, മറിയത്തിന്റെ സ്തോത്രഗീതം. മാതാവ് “എഴുന്നേറ്റ് തിടുക്കത്തിൽ യാത്രയായി” (39) എന്ന് വചനം പറയുന്നു.

എഴുന്നേറ്റ് തിടുക്കത്തിൽ യാത്രയായി

“എഴുന്നേറ്റ് പോയി”. ആഗമനകാലത്തെ യാത്രയുടെ അവസാനഭാഗത്ത് ഈ രണ്ടു വാക്കുകളാൽ നയിക്കപ്പെടാൻ നമുക്ക് നമ്മെത്തന്നെ വിട്ടുകൊടുക്കാം. “എഴുന്നേൽക്കുക, തിടുക്കത്തിൽ നടക്കുക” മറിയം ചെയ്ത രണ്ട് പ്രവർത്തികളാണിവ. ക്രിസ്തുമസിനെ മുന്നിൽക്കണ്ട് ഇതേ പ്രവൃത്തികൾ ചെയ്യാൻ അവൾ നമ്മെയും ക്ഷണിക്കുന്നു. ഒന്നാമതായി “എഴുന്നേൽക്കുക”. മാലാഖയുടെ അറിയിപ്പിന് ശേഷം പരിശുദ്ധ കന്യകയെ കാത്തിരുന്നത് പ്രയാസകരമായ ഒരു സമയമാണ്: അപ്രതീക്ഷിതമായ അവളുടെ ഗർഭം തെറ്റിദ്ധാരണകളിലേക്കും കഠിനമായ, അന്നത്തെ സംസ്കാരമനുസരിച്ച് കല്ലെറിഞ്ഞ് കൊല്ലുന്നതുവരെയുള്ള, ശിക്ഷകളിലേക്കുമാണ് അവളെ തള്ളിവിടാമായിരുന്നത്. എന്തുമാത്രം വിചാരങ്ങളും അസ്വസ്ഥതകളും അവൾക്ക് ഉണ്ടായിരിക്കാമെന്ന് നമുക്ക് ഊഹിക്കാം. എന്നാൽ, അവൾ നിരുത്സാഹപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യുന്നില്ല, മറിച്ച് “എഴുന്നേൽക്കുന്നു”. അവൾ താഴേക്ക്, തന്റെ പ്രശ്നങ്ങളിലേക്കല്ല, മറിച്ച്, മുകളിലേക്ക്, ദൈവത്തിലേക്കാണ് നോക്കുന്നത്. ആരോടാണ് സഹായം ചോദിക്കേണ്ടതെന്നല്ല, ആർക്കാണ് സഹായം എത്തിക്കേണ്ടതെന്നാണ് അവൾ ചിന്തിക്കുന്നത്. അവൾ എപ്പോഴും മറ്റുള്ളവരെക്കുറിച്ചാണ് ചിന്തിക്കുന്നത്, മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ചാണ് മറിയം ചിന്തിക്കുക. കാനായിലെ കല്യാണവിരുന്നിൽ വീഞ്ഞ് തീർന്നുപോയി എന്നറിയുമ്പോഴും ഇതുതന്നെയാണ് അവൾ ചെയ്യുക. അത് മറ്റുള്ളവരുടെ പ്രശ്നമാണ്, എന്നാൽ അവൾ അതിനെക്കുറിച്ച് ചിന്തിക്കുകയും ഒരു പരിഹാരം തേടുകയും ചെയ്യുന്നു. മറിയം എപ്പോഴും മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്നു. നമ്മെക്കുറിച്ചും അവൾക്ക് കരുതലുണ്ട്.

എഴുന്നേൽക്കുക

ബുദ്ധിമുട്ടുകൾ നമ്മെ ചവിട്ടിയരിക്കാൻ സാധ്യതയുള്ളപ്പോൾ, സ്വയം എഴുന്നേൽക്കുന്ന പരിശുദ്ധ അമ്മയിൽനിന്ന് ഇതുപോലെയുള്ള ഒരു പ്രതികരണരീതി നമുക്ക് അഭ്യസിക്കാം. പ്രശ്നങ്ങളിൽ അടിപ്പെട്ടുപോകാതിരിക്കാനും, തന്നോടുതന്നെയുള്ള സഹതാപത്തിലേക്കും, നമ്മെത്തന്നെ തളർത്തിക്കളയുന്ന സങ്കടത്തിലേക്കും വീണു പോകാതിരിക്കാനും വേണ്ടി എഴുന്നേൽക്കാൻ നമുക്ക് പഠിക്കാം. പക്ഷെ എന്തിനാണ് എഴുന്നേൽക്കുന്നത്? അതിന് കാരണം ദൈവം വലിയവനും നാം അവനുനേരെ കൈനീട്ടിയാൽ, നമ്മെ എഴുന്നേൽപ്പിക്കുവാൻ തയ്യാറുള്ളവനുമാണ് എന്നതാണ്. അതിനാൽ, നമ്മുടെ നിഷേധാത്മക ചിന്തകളെയും, നമ്മുടെ ഓരോ കാൽവയ്പ്പും തടയുകയും അതുവഴി മുന്നോട്ട് പോകുന്നതിൽനിന്ന് നമ്മെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന നമ്മുടെ ഭയങ്ങളെയും, അവനിലേക്ക് നമുക്ക് വിട്ടുകൊടുക്കാം. എന്നിട്ട് നമുക്ക് മറിയത്തെപ്പോലെ പ്രവർത്തിക്കാം: നമ്മുടെ ചുറ്റും നോക്കുകയും, നാം സഹായമായേക്കാവുന്ന ഏതെങ്കിലും വ്യക്തി ഉണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്യാം. അല്പം സഹായമോ, സാമീപ്യമോ ആവശ്യമുള്ള, എനിക്ക് അറിയാവുന്ന ഏതെങ്കിലും പ്രായമായ വ്യക്തിയുണ്ടോ? ഓരോരുത്തരും ചിന്തിച്ചു നോക്കുക. അതോ ഏതെങ്കിലും വ്യക്തിക്ക് ഒരു സേവനമോ, അല്പം കാരുണ്യമോ, ഒരു ഫോൺ കോളോ ഞാൻ ചെയ്യേണ്ടതുണ്ടോ? ആരെയാണ് എനിക്ക് സഹായിക്കാനാകുക? എഴുന്നേറ്റ് സഹായിക്കുക. മറ്റുള്ളവരെ സഹായിക്കുന്നതുവഴി, നമ്മുടെ പ്രയാസങ്ങളിൽനിന്ന് എഴുന്നേൽക്കാൻ നമ്മെത്തന്നെ നമുക്ക് സഹായിക്കാനാകും.

തിടുക്കത്തിൽ യാത്രയാകുക

മറിയത്തിൽനിന്ന് നാം പഠിക്കേണ്ട രണ്ടാമത്തെ പ്രവൃത്തി “തിടുക്കത്തിൽ യാത്രയാകുക” എന്നതാണ്. അതിന്റെ അർത്ഥം വേവലാതി പിടിച്ച്, വിഷമിച്ച രീതിയിൽ മുന്നോട്ടുപോവുക എന്നതോ, നല്ല താല്പര്യമില്ലാതെ നമ്മെത്തന്നെ വലിച്ചിഴച്ച്, പരാതികളുടെ അടിമയായി, ആരുടെമേലാണ് കുറ്റം ചാർത്തേണ്ടതെന്ന് നോക്കുകയോ അല്ല, മറിച്ച്, സന്തോഷകരമായ കാൽവയ്പുകളോടെ നമ്മുടെ ദിനങ്ങളെ നയിക്കുക എന്നതാണ്. പരാതിപറഞ്ഞു നടക്കുന്നത് അനേകരുടെ ജീവിതങ്ങളെ നശിപ്പിക്കുന്നുണ്ട്. കാരണം എപ്പോഴും പരാതി പറയുന്ന ഒരുവന്റെ ജീവിതം അധോഗതിയിലേക്കാണ് പോവുക. എലിസബത്തിന്റെ വീട്ടിലേക്ക് പോകുമ്പോൾ, ദൈവത്താലും അവൻ നൽകുന്ന സന്തോഷത്താലും നിറഞ്ഞ ഹൃദയവും ജീവിതവും ഉള്ള ആളെപ്പോലെ, തിടുക്കത്തിലുള്ള കാൽവയ്പുകളുമായാണ് മറിയം മുന്നേറുന്നത്. അങ്ങനെയെങ്കിൽ നമ്മുടെ നന്മയ്ക്കായി നമുക്ക് സ്വയം ചോദിക്കാം. എങ്ങനെയാണ് എന്റെ കാൽവയ്പുകൾ? ഞാൻ ഉണർവ്വുള്ള വ്യക്തിയാണോ അതോ ഞാൻ വിഷാദത്തിലും ദുഃഖത്തിലും തുടരുകയാണോ? പ്രതീക്ഷയോടെ ഞാൻ മുന്നോട്ടു പോകുന്നോ അതോ എന്നോട് തന്നെ സഹതാപം കാണിച്ച് നിൽക്കുന്നോ? പരാതിപറച്ചിലിന്റെയും അനാവശ്യസംസാരങ്ങളുടെയും തളർന്ന കാൽവയ്പുകളോടെയാണ് നമ്മൾ മുന്നേറുന്നതെങ്കിൽ ആരിലേക്കും നാം ദൈവത്തെ എത്തിക്കില്ല, കയ്പ്പും അന്ധകാരവുമേ എത്തിക്കൂ. എന്നാൽ, വിശുദ്ധ തോമസ് മൂറും വിശുദ്ധ ഫിലിപ്പോ നേരിയും ചെയ്തിരുന്നതുപോലെ, ആരോഗ്യകരമായ ഒരു നർമ്മം വളർത്തിയെടുക്കുന്നത് വളരെയധികം നല്ലതാണ്. ആരോഗ്യകരമായ നർമ്മത്തിനുള്ള കൃപ നമുക്ക് പ്രാർത്ഥിക്കാം, കാരണം അത് വളരെയേറെ ഗുണം ചെയ്യും നമുക്ക് നമ്മുടെ അയൽക്കാരനുവേണ്ടി ചെയ്യാൻ കഴിയുന്ന കാരുണ്യത്തിന്റെ ആദ്യ പ്രവർത്തി എന്ന് പറയുന്നത് ശാന്തവും പുഞ്ചിരിക്കുന്നതുമായ ഒരു മുഖം അവനു മുന്നിൽ കാണിക്കുക എന്നതാണെന്ന് മറക്കാതിരിക്കാം. അത്, മറിയം എലിസബത്തിന് നല്കിയതുപോലെ, യേശുവിന്റെ സന്തോഷം അവന് നൽകുകയാണ്.

ദൈവമാതാവ് നമ്മെ കൈപിടിച്ച്, എഴുന്നേൽക്കാനും തിടുക്കത്തിൽ ക്രിസ്തുമസിലേക്ക് നടക്കാനും സഹായിക്കട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles