വിശുദ്ധില്‍ വളരാന്‍ ആഗ്രഹമുണ്ടോ? ഇതാ വി. പാദ്രേ പിയോയുടെ മാര്‍ഗങ്ങള്‍

1. ആഴ്ചതോറുമുള്ള കുമ്പസാരം

കുമ്പസാരം ആത്മാവിന്റെ കുളിയാണ്. ആഴ്ചയിലൊരിക്കലെങ്കിലും കുമ്പസാരിക്കുക. ആരും പ്രവേശിക്കാത്ത വൃത്തിയുള്ള ഒരു മുറി പോലും പൊടിപിടിക്കും. ഒരാഴ്ചയ്ക്ക് ശേഷം മുറിയിൽ പ്രവേശിച്ചു നോക്കിയാൽ വൃത്തിയാക്കേണ്ടതിന്റെ ആവശ്യകത എത്രത്തോളമാണെന്ന് നമുക്ക് മനസ്സിലാകും. ഈ ലോകത്തിൽ ജീവിക്കുന്ന ആത്മാവും അതുപോലെതന്നെ.

2. അനുദിന ദിവ്യകാരുണ്യ സ്വീകരണം

നാം ആരുംതന്നെ ഈ മഹനീയ ദാനത്തിന് വേണ്ടത്ര വിലകൽപ്പിക്കുന്നില്ല എന്നത് ശരിയാണ്. മാരക പാപം ചെയ്ത ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വിശുദ്ധ കുർബാനയെ സമീപിക്കുന്നത് അയോഗ്യതയാണ്. നാമെല്ലാം അയോഗ്യരാണ്. പക്ഷേ, വിളിക്കുന്നത് അവനാണ്. ആഗ്രഹത്തോടെ കാത്തിരിക്കുന്നത് അവനാണ്. അതിനാൽ പശ്ചാത്താപത്തോടും ഹൃദയം നിറയെ സ്നേഹത്തോടും കൂടി സ്വയം എളിമപ്പെടുത്തി അവനെ സമീപിക്കാം.

3. ദിവസേനയുള്ള ആത്മശോധന

ഒരിക്കൽ ഒരു വ്യക്തി പാദ്രെ പിയോയോട് പറഞ്ഞു:” വൈകുന്നേരം ഉള്ള ആത്മശോധനയുടെ ആവശ്യമില്ല. കാരണം, പാപം ചെയ്യുമ്പോൾ തന്നെ അത് പാപമാണെന്ന് നാം അറിയുന്നുണ്ടല്ലോ.”
പാദ്രേ പിയോ മറുപടി പറഞ്ഞു:” അത് ശരിയായിരിക്കാം. പക്ഷേ പരിചയസമ്പന്നനായ ഒരു വ്യാപാരി വ്യാപാരം നടത്തുന്നത് ലാഭമാണോ നഷ്ടമാണോ എന്ന് അപ്പോൾ തന്നെ തിരിച്ച് അറിയുന്നുണ്ടെങ്കിലും വൈകുന്നേരം എല്ലാ കണക്കുകളും എഴുതി പരിശോധിച്ചതിനു ശേഷം മാത്രമാണ് നാളത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത്. അതുപോലെതന്നെ തെളിഞ്ഞ പശ്ചാത്താപം ലഭിക്കുന്നതിനുവേണ്ടി, ജീവിതം ക്രമപ്പെടുത്തുന്നതിനുവേണ്ടി ദിവസേനയുള്ള ആത്മശോധന അത്യന്താപേക്ഷിതമാണ്. ”

4. ദൈനംദിന ആത്മീയ വായന

വിശുദ്ധ പുസ്തകങ്ങൾ വായിക്കാത്തതു മൂലമുള്ള ആത്മീയ നാശം എന്നെ സ്തബ്ധനാക്കുന്നു. ഒരു സാധാരണ മനുഷ്യനെ വിശുദ്ധിയിൽ എത്തിക്കുന്നതിന് അത് പകരുന്ന ശക്തി എത്രമാത്രമാണെന്ന് വിവരിക്കാനാവില്ല.

5. രണ്ടുനേരം ഉള്ള മൗനപ്രാർത്ഥന

ധ്യാനിക്കാൻ നിങ്ങൾക്ക് ശരിയാംവണ്ണം അറിയുകയില്ലെങ്കിലും നിങ്ങൾ കടമ നിർവഹിക്കുക. ഏകാഗ്രത നശിപ്പിക്കുന്ന പലതുമുണ്ടെങ്കിലും നിരാശപ്പെടേണ്ട. ക്ഷമയോടെ ധ്യാനിക്കുക. നിങ്ങൾ നേടും. ധ്യാനത്തിന്റെ ദൈർഘ്യം നിങ്ങൾതന്നെ തീരുമാനിക്കുക. എന്തു തന്നെ വന്നാലും സമയം പൂർണമായി വിനിയോഗിക്കാതെ പോകരുത്. ധ്യാനിക്കാൻ അറിയില്ലെന്ന് പറഞ്ഞ് വിഷമിക്കുന്നത് എന്തിന്? ധ്യാനം ദൈവത്തിൽ എത്തിച്ചേരുന്നതിന് വേണ്ടിയാണ്. അതിന് അതിൽ തന്നെ ഒരു ലക്ഷ്യം ഇല്ല. ധ്യാനം ദൈവ സ്നേഹത്തെയും സഹോദര സ്നേഹത്തെയുമാണ് ഉന്നം വയ്ക്കുന്നത്. പൂർണ്ണഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുക ഒട്ടും ബാക്കിവയ്ക്കാതെ. നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക.. അപ്പോൾ നിങ്ങൾ നിങ്ങളുടെ ധ്യാനത്തിന്റെ പകുതിഭാഗം നേടി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles