ഈശോയുടെ കൈ പിടിച്ച് പുതുവര്‍ഷത്തില്‍!
പ്രാതല്‍ കഴിഞ്ഞപ്പോള്‍ യേശു ശിമയോന്‍ പത്രോസിനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. യേശു അവനോടു പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക. (യോഹന്നാന്‍ 21 : 15)
മൂന്ന് പ്രാവശ്യം പത്രോസിനോട് ഈശോ ചോദിക്കുന്നു, “നീ എന്നെ സ്നേഹിക്കുന്നുവോ?”..ഈശോയ്ക് പത്രോസിൻ്റെ സ്നേഹം അറിയാഞ്ഞിട്ടല്ല, .. എന്നാൽ ഈശോ അവിടെ ഈശോയോടുള്ള സ്നേഹത്തെ പ്രതി ചെയ്യേണ്ട ഒരു കർത്തവ്യത്തെ കുറിച്ച് പറയുകയായിരുന്നു. തന്റെ തിരുരക്തത്താൽ നീതീകരിച്ച്, ദൈവമക്കളുടെ സ്ഥാനത്തേയ്ക് ഉയർത്തപ്പെടുന്ന ഓരോ മനുഷ്യരെയും വഴി തെറ്റാതെ കുരിശിൻ ചുവട്ടിലേയ്ക് എത്തിക്കാനുള്ള വലിയ ജോലി,..വലിയ പ്രതിസന്ധികളുടെ മുന്നിലും തൻ്റെ ജനത്തെ വഴിയിൽ ഉപേക്ഷിക്കാതെ, തന്നോടുള്ള സ്നേഹത്തെ പ്രതി മരണം വരെ നല്ല ഇടയനെ എന്ന പോലെ ആ ജോലി ചെയ്യണം എന്ന് ഓർമിപ്പിക്കുകയായിരുന്നു….
ഈശോയുടെ സ്നേഹം അനുഭവിച്ചറിഞ്ഞ ഓരോ വ്യക്തിയോടും ഈശോ പത്രോസിനോട് ചോദിച്ച അതെ ചോദ്യം ചോദിക്കുന്നുണ്ട്..
“നീ എന്നെ സ്നേഹിക്കുന്നുവോ?”
നമ്മൾ അനുഭവിക്കുന്ന ദൈവസ്നേഹം നിസ്വാർത്ഥമായി പങ്കുവയ്ക്കാൻ കൂടി വിളിക്കപ്പെട്ടവരാണ് നാം ഓരോരുത്തരും…
ഈ വർഷം അവസാനിക്കുമ്പോൾ നമ്മുക്ക് ചിന്തിക്കാം , നമ്മൾ ഈശോയെ ഹൃദയം കൊണ്ട് സ്നേഹിച്ചുവോ? ഓരോ നിമിഷവും നമ്മോടു കൂടെ നടന്നവനെ, വലിയ വീഴ്ചകളിലേയ്ക് തകർച്ചകളിലേയ്ക് പോകാമായിരുന്ന നിന്റെ ജീവിതത്തെ തക്ക സമയത്ത് കൈപിടിച്ച് ഉയർത്തിയ സ്നേഹത്തെ, വലിയ രോഗങ്ങളിൽ നിന്നും കാത്തു പരിപാലിച്ച സ്നേഹത്തെ, വേണ്ടവിധത്തിൽ തിരിച്ചറിഞ്ഞു സ്നേഹിക്കാൻ നിനക്ക് കഴിഞ്ഞോ?… നിന്റെ പാപങ്ങൾക്ക് വേണ്ടി പീഡസഹിച്ച് മരിച്ച് ,നിന്നോടു കൂടെ എപ്പോഴും ആയിരിക്കാനായി ഒരു ഗോതമ്പ് അപ്പത്തോളം ചെറുതായി, പരിശുദ്ധ കുർബാനയായി അൾത്താരയിൽ നിന്നെ കാത്തിരിക്കുന്ന ഈശോയെ, നിന്റെ സന്തോഷവും സങ്കടങ്ങളും ഒരു കൊച്ചു കുട്ടി അപ്പനോട് എന്നപോലെ നീ ഓടി വന്നു പറയും എന്ന് കരുതി, നിന്നെ ആശ്വസിപ്പിക്കാനും നിന്റെ കൂടെ സന്തോഷിക്കാനും കാത്തിരിക്കുന്ന അപ്പനെ നീ കണ്ടുവോ?..
ഈശോ കാൽവരി കുരിശിൽ അതിദാരുണമായ പീഡകൾ ഏറ്റെടുത്ത് നമ്മെ എല്ലാ പാപങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ശാപങ്ങളിൽ നിന്നും മോചിപ്പിച്ച് ദൈവപുത്രരാക്കി ഉയർത്തി എന്ന തിരിച്ചറിവിലേക്ക് കടന്നു വരുമ്പോൾ നമ്മുക്ക് ഹൃദയം തുറന്ന് ഈശോയെ സ്നേഹിക്കാതിരിക്കാൻ പറ്റില്ല.. എവിടെ ആയിരുന്നാലും ഈശോയെ കാണാതെ ഈശോയോട് മിണ്ടാതെ കഴിയാൻ പറ്റില്ല… അനേകം മക്കൾ പരിശുദ്ധ കുർബാനയോട് യഥാർത്ഥമായ സ്നേഹത്തിലേക്ക് കടന്നു വന്ന്, നാവിൽ കുർബാന സ്വീകരിക്കാൻ അടങ്ങാത്ത ആവേശത്തോടെ കാത്തിരുന്ന ഒരു വർഷമാണ് 2020.കഴിഞ്ഞ ഒരു വർഷക്കാലം മീഡിയായിലൂടെ അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം പോലും ഒരു അനുഭവമായി മാറിയത് ഈശോയുടെ കാൽവരികുരിശിലെ സ്നേഹത്തെ തിരിച്ചറിഞ്ഞ ഈ മക്കൾക്കാണ്…
എന്നാല്‍, യഥാര്‍ഥ ആരാധകര്‍ ആത്‌മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍ത്തന്നെയാണ്. യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും. (യോഹന്നാന്‍ 4 : 23)
അധരം കൊണ്ടല്ല ഹൃദയം കൊണ്ട് ദൈവത്തെ സ്നേഹിക്കാൻ ,ആത്മാവിലും സത്യത്തിലും അവിടുത്തെ ആരാധിക്കാൻ അവിടുന്ന് നമ്മെ ഓരോരുത്തരെയും ഒരുക്കിയ വർഷമായിരുന്നു 2022.
കണ്ണുകൾ അടച്ച് കഴിഞ്ഞ ഒരു വർഷക്കാലം ദൈവം കൂടെ നടന്ന നിമിഷങ്ങളെ ഓർത്ത് ഒന്ന് നന്ദി പറഞ്ഞെ… ഹൃദയം കൊണ്ട് നാം അനുഭവിച്ച, രുചിച്ചറിഞ്ഞ ഈ ദൈവസ്നേഹത്തെ, നമ്മുടെ ജീവിതത്തിൽ വ്യക്തിപരമായി ഈശോ ഇടപെട്ട നിമിഷങ്ങളെ ഈ ലോകത്തിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ അവിടുത്തോടുളള സ്നേഹത്തെ പ്രതി ഒരാളോടെങ്കിലും പങ്ക് വയ്ക്കാൻ 2022 വർഷം പരിശുദ്ധാത്മാവ് നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ…
എല്ലാ വിശുദ്‌ധരോടുമൊപ്പം ക്രിസ്‌തുവിന്റെ സ്‌നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു ശക്‌തി ലഭിക്കട്ടെ. (എഫേസോസ് 3 : 18)
ഈശോയുടെ സ്നേഹത്തിന്റെ ആഴവും ഉയരവും ഗ്രഹിച്ചു, ഈശോയുടെ കൈപിടിച്ച് ഒരു വിശുദ്ധനായി, വിശുദ്ധയായി മാറാൻ ഈശോ എല്ലാവരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.