അന്ത്യ യാത്രയ്ക്ക് ഉടുപ്പു തുന്നിച്ച് ഒരു സന്ന്യാസി ശ്രേഷ്ഠൻ യാത്രയാകുന്നു.

ഒരു സന്ന്യാസി എങ്ങനെ ജീവിച്ചു എന്നറിയുന്നത് ജീവിച്ചിരുന്നപ്പോൾ അയാൾ സ്വന്തമായി ഉപയോഗിച്ചിരുന്ന വസ്തു വകകളും അവശേഷി പ്പിക്കുന്ന ഓർമകളും മരണ ശേഷം പരിശോധിക്കുമ്പോഴാണ്.. മഞ്ഞുമ്മൽ കർമ്മലീത്ത സഭയിലെ തുണ സഹോദരനായിരുന്ന ബ്രദർ പയസ് മഞ്ഞുമ്മൽ സെൻറ് ജോസഫ് ആശുപത്രിയിൽ മരിച്ചു എന്ന വാർത്ത സ്ഥിരീകരിച്ചേശഷം, അദ്ദേഹം താമസിച്ചിരുന്ന ഇടപ്പള്ളി, ഉണിച്ചിറ, സാൻ ജുവാൻ ഭവൻ
ആശ്രമത്തിലെ സുപ്പീരിയർ, ഫാദർ വിൽസൺ കപ്പട്ടിൽ മുറിതുറന്ന് നോക്കിയപ്പോൾ കണ്ടത് ലളിതമായ മുറിക്കുള്ളിൽ തുച്ഛമായ സാധന സാമഗ്രികളുമായി ജീവിച്ച ഒരു സന്യാസിയുടെ തിരുശേഷിപ്പുകളായിരുന്നു.

ആറടി മണ്ണിനപ്പുറം മരണം മുന്നിൽ കണ്ട് ജീവിച്ചാലെന്നപോലെ പഴയ ഒരു ഉടുപ്പ് (ഒരുപക്ഷേ വ്രതവാഗ്ദാന ദിവസത്തിൻറെ ആവാം) നിറമില്ലാത്ത പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ്
‘The Habit for my funeral’ എൻറെ മൃത സംസ്കാരത്തിന് ഉപയോഗിക്കാനുള്ള ഉടുപ്പ് എന്ന കുറിപ്പ് എഴുതി ഒട്ടിച്ച് അലമാരയിൽ ഭദ്രമായി വച്ചിട്ടുണ്ടായിരുന്നു. കുറിപ്പ്‌ കണ്ടാലറിയാം ഒരുപാട് നാൾ മുൻപേ എഴുതി വച്ചിരുന്ന താണ്. വർഷ ങ്ങൾക്ക് മുൻപേ മരണത്തിന് ഒരുങ്ങി സ്വർഗം നോക്കി ജീവിച്ച സന്ന്യാസി.

ബ്രദറിൻറെ മേശപ്പുറത്ത് വേറെയുമുണ്ടായിരുന്നു കുറിപ്പുകൾ: ” By the Grace of God I love you.. Save Souls”. യേശുവേ ദൈവകൃപയാൽ ഞാൻ അങ്ങയെ സ്നേഹിക്കുന്നു..ആത്മാക്കളെ രക്ഷിക്കേണമേ.. Jesus Mary Joseph, I love you.. Save souls.. ഈശോ മറിയം ഔസേപ്പേ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.. ആത്മാക്കളെ രക്ഷിക്കേണമേ..

തമിഴ് നാട്ടുകാരനായ ബ്രദർ എല്ലാദിവസവും എല്ലാനേരവും ഉരുവിട്ടിരുന്നു സുകൃത ജപങ്ങൾ ആണ് ഇവ. പേരു പോലെ തന്നെ ശരിക്കും ഭക്തനായ ഒരാൾ.ആത്മാക്കൾക്ക് വേണ്ടി ദാഹിക്കുന്ന, കുരിശിൽ ഈശോയുടെ സ്നേഹമായിരുന്നു സന്യാസിയുടെ ആത്മാവ് നയിച്ചിരുന്നത് എന്ന് കാലത്തോട് വിളിച്ചുപറയുന്ന ഒരു കുറിപ്പ്..

സുപ്പീരിയർ അച്ചന് ഉള്ള മറ്റൊരു കുറിപ്പ് ഇപ്രകാരം ആയിരുന്നു : സുപ്പീരിയർ അച്ചന്.
എൻറെ മരണം സംഭവിക്കുമ്പോൾ അറിയിക്കാനുള്ള നമ്പർ (മൂന്ന് മൊബൈൽ നമ്പറുകൾ, ആദ്യത്തേത് ബ്രദറിന്റെ സഹോദരൻറെതാണ്; സഹോദരൻ മരിച്ചത് കൊണ്ടാവാം അത് വെട്ടിയിട്ടുണ്ട്. രണ്ടാമത്തെ നമ്പർ സഹോദരപുത്രനും മൂന്നാമത്തേത് ഒരു ബന്ധുവിനുമാണ്.

തുടർന്നദ്ദേഹം കുറിച്ചു വച്ചിരിക്കുന്നു: Conduct my funeral in the simplest way. And wear me the Habit which I have kept in the almera. My humble request is to pray for my soul’s salvation.
Zealous to the Blessed sacrament.

“എന്റെ ശവസംസ്കാരം ലളിതമായി നടത്തണം. അലമാരിയിൽ വച്ചിരിക്കുന്ന സഭാവസ്ത്രം എന്നെ ധരിപ്പിക്കണം. എൻറെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു… ദിവ്യകാരുണ്യ നാഥനോടുള്ള തീക്ഷ്ണത യോടെ.” വലിയ ദിവ്യകാരുണ്യ ഭക്തനായിരുന്നു അദ്ദേഹം. ദിവ്യ കാരുണ്യത്തിന്റെ ബ്രദർ പയസ് എന്നായിരുന്നു അദ്ദേഹത്തിന്റെ സന്യാസ നാമം. സാധാരണ 5 നേരത്തെ സഭയുടെപ്രാർത്ഥനയും ധ്യാനവും, തമിഴിലും ഇംഗ്ലീഷിലും ഉള്ള വ്യക്തി പരമായ ഭക്തി പ്രാർത്ഥനകളും കൂടാതെ ദിവസത്തിൽ നാലുപ്രവശ്യം ദിവ്യകാരുണ്യ വിസീത്തയും ഒരുമണിക്കൂർ ദിവ്യകാരുണ്യ ആരാധനയും നടത്തുമായിരുന്നു ബ്രദർ.

എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് നോമ്പ് എടുക്കുമായിരുന്നു, ഈ എൺപത്തിനാലാം വയസിലും. രോഗവസ്ഥയെ ഗൗനിക്കാതെ നോമ്പ് എടുക്കേണ്ട, പകരം ഒരു കുരിശിന്റെ വഴി ചൊല്ലിയാൽ മതിയല്ലോ ബ്രദർ എന്ന് സുപ്പീരിയർ പറഞ്ഞപ്പോൾ നോമ്പ് നിർത്തി, പകരം കുരിശിന്റെ വഴി ചൊല്ലും, ഉച്ചയ്‌ക്ക് ഭക്ഷണവും കഴിക്കും, പക്ഷേ കറിയില്ലാതെ പച്ചച്ചോറ് മാത്രം.. ആത്മാക്കൾക്കുവണ്ടി പ്രാർഥിക്കാനിറങ്ങിയ സന്ന്യാസി അനുസരണത്തിലും പരിത്യാഗത്തിലും എങ്ങനെയാണ് വളരുന്നതെന്ന് കാൺക..

കോവിഡ് ബാധിച്ചാണ് ബ്രദർ മരിച്ചത്. അവസാനമായി യാത്ര പറഞ്ഞിറങ്ങുമ്പോൾ കണ്ണുകൾ ചുവന്നിരുന്നു. പോകുമ്പോൾ സുപ്പീരിയർ അച്ചൻ ബ്രദറിനോട് പറഞ്ഞു : വേഗം തിരിച്ചു വരണം.. ശരി എന്ന് പറഞ്ഞു ഒരു യാത്ര പോകുന്ന ലാഘവത്തോടെ യാണ് ബ്രദർ യാത്രയായത്. പക്ഷേ, ബ്രദർ ഇനി വരില്ല. എന്നോ തുടങ്ങിയ ഒരു യാത്ര പൂർത്തിയാക്കി അദ്ദേഹത്തിന് സ്വസ്ഥമാകേണ്ടതുണ്ട്.

~ ഫാ. അഗസ്റ്റിന്‍ പുതിയകുളങ്ങര ഒസിഡി ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles