മാരിയറ്റോയെ തേടിയെത്തിയ ബാനക്‌സിലെ ‘പാവപ്പെട്ടവരുടെ അമ്മ’

ബാനക്‌സിലെ ഒരു സാധാരണകുടുംബത്തിലായിരുന്നു മാരിയറ്റോ ജനിച്ചത്. അമ്മ പറഞ്ഞകൊടുത്ത മാതാവിനെക്കുറിച്ചുള്ള വിശ്വാസസത്യങ്ങള്‍ കൊച്ചുമാരിയറ്റോ ഏറെ താല്‍പര്യപൂര്‍വ്വം കേട്ടിരുന്നു. ചെറുപ്പം മുതല്‍ക്കെ മാതാവിനെ സ്‌നേഹിച്ചിരുന്ന മാരിയറ്റോ മാതാവില്‍ വിശ്വസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. മാതാവിനോടുള്ള അമ്മയുടെ പ്രാര്‍ത്ഥനകള്‍ മാരിയറ്റോയിലും മരിയഭക്തി വര്‍ദ്ധിപ്പിച്ചു.

വര്‍ഷം 1933. ജനുവരി മാസം പതിനഞ്ചാം തീയതി. അന്നൊരു ഞായറാഴ്ച ആയിരുന്നു. പന്ത്രണ്ട് വയസ്സായിരുന്നു മാരിയറ്റോ എന്ന കൊച്ചുമിടുക്കിയുടെ അന്നത്തെ പ്രായം. അമ്മയ്‌ക്കൊപ്പം അടുക്കളയിലായിരുന്നു മാരിയറ്റോ അന്നു വൈകുന്നേരം. ചെറിയജോലികളില്‍ അമ്മയെ സഹായിച്ചും അമ്മയോടു കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞും അവള്‍ അടുക്കളയിലിരുന്നു. പെട്ടെന്ന് ജനാലയ്ക്കിടയിലൂടെ മാരിയറ്റോ പുറത്തേക്ക് നേക്കിയിരുന്നു. അത്ഭുതകരമായിരുന്നു തോട്ടത്തിനുള്ളില്‍ അവള്‍ കണ്ട ആ ദൃശ്യം. അതീവ സുന്ദരിയായ ഒരു സ്ത്രീരൂപം. തൂവെള്ള നിറത്തിലുള്ള ഗൗണും നീല നിറത്തിലുള്ള ഒരു കച്ചയും ധരിച്ചിരുന്നു. നിറഞ്ഞ പുഞ്ചിരി തൂകിക്കൊണ്ട് ആ സ്ത്രീ മാരിയറ്റോയോട് പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു.

തന്നെ പുറത്തേക്ക് വിളിക്കുന്ന സ്ത്രീരൂപത്തെക്കുറിച്ച് മാരിയറ്റോ തന്റെ അമ്മയോട് പറഞ്ഞു. എന്നാല്‍ മാരിയറ്റോ എത്രകരഞ്ഞ് വാശിപിടിച്ചിട്ടും അവളുടെ അമ്മ അവളെ തടഞ്ഞു. മാരിയറ്റോയ്ക്ക് അതീവമായ ദു:ഖം തോന്നി; ആ സ്ത്രീരൂപത്തിനടുത്തേക്ക് ചെല്ലുവാന്‍ സാധിക്കാത്തതില്‍. എന്നാല്‍ പുറത്ത് തോട്ടത്തില്‍ നില്‍ക്കുന്ന ആ സ്ത്രീരൂപം ചിരിച്ചുകൊണ്ട് മാരിയറ്റോയുടെ അടുത്തുവന്നുവെന്നാണ് അവള്‍ സാക്ഷ്യപ്പെടുത്തുന്നത്.
മൂന്നുദിവസങ്ങള്‍ക്ക് ശേഷം തൂവെള്ള വസ്ത്രം ധരിച്ച ആ സുന്ദരസ്ത്രീരൂപത്തെ മാരിയറ്റോ വീണ്ടും ദര്‍ശിച്ചു. ആ പ്രത്യക്ഷപ്പെടലില്‍ പരിശുദ്ധമറിയം മാരിയറ്റോയോട് സംസാരിക്കുകയും ചെയ്തു. പാവപ്പെട്ടവരുടെ അമ്മ എന്നാണ് മാതാവ് അവള്‍ക്ക് തന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുത്തത്. എന്നില്‍വിശ്വസിക്കുക ഞാന്‍ നിങ്ങളിലും വിശ്വസിക്കുമെന്നും മാതവ് അവളോട് പറഞ്ഞു.

1933 മാര്‍ച്ച് ജനുവരി 15 നും മാര്‍ച്ച് 2 നുമിടയില്‍ എട്ട് തവണ മാരിയറ്റോയ്ക്ക് മാതാവിന്റെ ദര്‍ശനമുണ്ടായി. ഒരുതവണ മാതാവ് മാരിയറ്റോയ്ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ മാതാവിനുമുന്നിലുള്ള ചെറിയ ഉറവയില്‍ മാരിയറ്റോയുടെ കൈകള്‍ നിമജ്ജനം ചെയ്യാന്‍ ആവശ്യപ്പെട്ടു. അവള്‍ അതുപോലെ ചെയ്തു. സകലര്‍ക്കും രോഗശാന്തിനല്‍കുന്ന നീരുറവയാണ് അതെന്നും പരിശുദ്ധ അമ്മ മാരിയറ്റോയ്ക്ക് വെളിപ്പെടുത്തിക്കടുത്തു. ആ നീരുറവ ഇന്നും അനേകായിരങ്ങള്‍ക്ക് രോഗസൗഖ്യം നല്‍കിവരുന്നു. പ്രതിദിനം രണ്ടായിരത്തോളം ഗാലന്‍ വെള്ളമാണ് ആ ചെറിയ നീരുറവയില്‍ ഇന്നെത്തുന്നത്.

താന്‍ ദര്‍ശിച്ച മാതാവിനെക്കുറിച്ച് അയല്‍വാസികളോടും ബന്ധുക്കളോടും മാരിയറ്റോ പറഞ്ഞു. എന്നാല്‍ ഗ്രാമവാസികള്‍ ഒന്നടങ്കം അവളെ പരിഹസിക്കുകയാണുണ്ടായത്. ചില കുട്ടികള്‍ ബര്‍ണ്ണദീത്ത എന്നു പരിഹാസപൂര്‍വ്വം അവളെ വിളിക്കുകയും ഞങ്ങളെ അനുഗ്രഹിക്കൂ എന്നു പറഞ്ഞ് അവളുടെ മുന്നില്‍ മുട്ടുകുത്തി അവളെ കളിയാക്കുകയും ചെയ്തു.

മാരിയറ്റോയുടെ ആവശ്യപ്രകാരം 1935 മുതല്‍ 1937 വരെയുള്ള കാലയളവില്‍ പ്രത്യേക എപ്പിസ്‌കോപ്പല്‍ കമ്മീഷന്‍ മാതാവിന്റെ പ്രത്യക്ഷപ്പെടലിനെക്കുറിച്ച് ഔദ്യേഗികമായ പഠനം ആരംഭിച്ചു. ശേഖരിച്ച തെളിവുകള്‍ എപ്പിസ്‌കോപ്പല്‍ കമ്മീഷന്‍ കൂടുതല്‍ വിശകലനത്തിനായി റോമിലേക്ക് കൈമാറുകയും ചെയ്തു.

1942 മെയ്മാസം ബെല്‍ജിയത്തെ ലീജ് റോമന്‍ കാത്തലിക്ക് രൂപതയുടെ ബിഷപ്പ് മാര്‍ കെര്‍ഖോഫ്‌സ് പാവപ്പെട്ടവരുടെ അമ്മ എന്ന തലക്കെട്ടോടുകൂടി പരിശുദ്ധമറിയത്തിന്റെ ശ്രേഷ്ഠമായ പ്രത്യക്ഷപ്പെടലിനെ അംഗീകരിക്കുകയും ചെയ്തു. 1947 ല്‍ ഔദ്യോഗീകമായി ബാനക്‌സിലെ മാതാവിന്റെ പ്രത്യക്ഷപ്പെടലിനെ അംഗീകരിക്കുകയും ബാനക്‌സ് തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു. ‘പാവപ്പെട്ടവരുടെ അമ്മ’ എന്ന പേരില്‍ ചെറിയ ചാപ്പല്‍ സ്ഥാപിക്കുകയും ചെയ്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles