ഫ്രാന്‍സിസ് പാപ്പായുടെ മരിയഭക്തി

ലോക പ്രസിദ്ധമാണ് നമ്മുടെ പരിശുദ്ധ പിതാവായ ഫ്രാന്‍സിസ് പാപ്പായ്ക്ക് പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി. തന്റെ മാതൃഭക്തി മാര്‍പാപ്പ പലവട്ടം പ്രഖ്യാപിച്ചിട്ടുണ്ട്. മാതാവിനെ കുറിച്ച് സംസാരിക്കാന്‍ ലഭിക്കുന്ന ഒരവസരവും പാപ്പാ പാഴാക്കാറുമില്ല.

കെട്ടുകളഴിക്കുന്ന മാതാവിനോട് പരിശുദ്ധ പിതാവിന് സവിശേഷമായൊരു ഭക്തിയുണ്ട്. ആദ്യ കാലങ്ങളില്‍ തനിക്ക് മാതാവിനോട് പ്രത്യേകമായ ഭക്തിയൊന്നും ഉണ്ടായിരുന്നില്ലെന്ന് പാപ്പാ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 1986 ലാണ് അദ്ദേഹം ജര്‍മനിയില്‍ പഠിക്കുന്ന കാലത്ത് ഓസ്ബര്‍ഗിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ വച്ച് കെട്ടുകളഴിക്കുന്ന മാതാവിന്റെ ഭക്തിയെ കുറിച്ച് മനസ്സിലാക്കുന്നത്. 1700 ല്‍ സ്ഥാപിച്ച മാതാവിന്റെ ഒരു പെയിന്റിംഗ് ആ പള്ളിയിലുണ്ട്. മാലാഖമാരാല്‍ പരിസേവിതയായി, ഒരു ചന്ദ്രക്കലയുടെ മേല്‍ നിന്ന് സര്‍പ്പത്തിന്റെ തല തകര്‍ക്കുന്ന രീതിയിലാണ് ഈ ചിത്രം. ഒരു നീണ്ട റിബ്ബണ്‍ മാതാവിന്റെ കൈയിലുണ്ട്, അതിലുള്ള കെട്ടുകള്‍ മാതാവ് അഴിക്കുകയാണ്.

ഈ മാതൃരൂപം ബെര്‍ഗോളിയോയെ ആഴത്തില്‍ സ്പര്‍ശിച്ചു. അദ്ദേഹം ബുവനോസ് അയേഴ്‌സിലെ ആര്‍ച്ച്ബിഷപ്പായിരുന്ന കാലത്ത് ഈ മരിയഭക്തി പ്രചരിപ്പിക്കുകയും ചെയ്തു. അങ്ങനെ അര്‍ജന്റീനയിലും ബ്രസീലിലും കെട്ടുകളഴിക്കുന്ന മാതാവിന്റെ ഭക്തി വ്യാപിച്ചു. ‘പാപത്തിന്റെ കെട്ടുകളഴിക്കുന്നവളാണ് മറിയം’ എന്നാണ് ഫ്രാന്‍സിസ് പാപ്പാ ഈ രൂപത്തെ കുറിച്ച് പറയുന്നത്.

ഫ്രാന്‍സിസ് പാപ്പായെ മാതാവിനോട് അടുപ്പിച്ച മറ്റൊരു ഘടകം അര്‍ജന്റീനയില്‍ നിലനിന്നിരുന്ന ആഭ്യന്തരയുദ്ധങ്ങളായിരുന്നു. ഭരണകൂടത്തിന്റെ അറിവോടെ നടത്തിയ കൂട്ടക്കൊലകള്‍. അമ്പതിനായിരത്തോളം പൗരന്‍മാര്‍ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. പാവപ്പെട്ടവരുടെ പക്ഷം ചേര്‍ന്നവര്‍ എല്ലാം തെരഞ്ഞു പിടിച്ചു കൊല ചെയ്യപ്പെട്ടു. അവരില്‍ വൈദികരും സന്ന്യാസികളുമുണ്ടായിരുന്നു.
ഈ നിഷ്ഠൂരതയെ പരസ്യമായി വിമര്‍ശിച്ച ഈശോ സഭാ പ്രൊവിന്‍ഷ്യലായിരുന്ന ബെര്‍ഗോളിയോ സ്വന്തം ഇടപെടല്‍ വഴി അനേകരെ മരണത്തില്‍ നിന്നു രക്ഷിച്ചു. സ്വന്തം കാറില്‍ കയറ്റി പോലും അനേകം നിരപരാധികളെ അദ്ദേഹം സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചു.

ഇക്കാലയളവലില്‍ പല വിധ വ്യക്തിപരമായ വെല്ലുവിളികളും പ്രശ്‌നങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ആ പരീക്ഷണ സമയങ്ങളില്‍ അദ്ദേഹം ആശ്രയിച്ചത് പരിശുദ്ധ മാതാവിനെ ആയിരുന്നു.
ബെര്‍ഗോളിയോയുടെ മരിയഭക്തി ശക്തിപ്പെടുത്തിയ മറ്റൊരാള്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ആയിരുന്നു. 1985 ല്‍ ജോണ്‍ പോള്‍ പാപ്പാ അര്‍ജന്റീന സന്ദര്‍ശിച്ച സന്ദര്‍ഭത്തിലായിരുന്നു, അത്. അതിനെ കുറിച്ച് ഫ്രാന്‍സിസ് പാപ്പാ തന്നെ പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്: ‘ഒരു വൈകുന്നേരം പരിശുദ്ധ പിതാവ് ജപമാല നയിക്കുന്നതിന് ഞാന്‍ സാക്ഷിയായി. എല്ലാവരുടെയും മുന്നില്‍ അദ്ദേഹം മുട്ടില്‍ നിന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. ഞാന്‍ പിന്നില്‍ മുട്ടുകുത്തി, വൈകാതെ പ്രാര്‍ത്ഥനയില്‍ ലയിച്ചു. ഇടയ്ക്ക് ഞാന്‍ എങ്ങനെയാണ് പരിശുദ്ധ പിതാവ് ജപമാല ചൊല്ലുന്നതെന്ന് ശ്രദ്ധിച്ചു. ആഴമായ ഭക്തി ഞാന്‍ ദര്‍ശിച്ചു. സഭയെ നയിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ആ മനുഷ്യന്‍ ആകാശത്ത് പരിശുദ്ധ മാതാവിന്റെ കൂടെ സഞ്ചരിക്കുന്നതായി എനിക്ക് തോന്നി.’

ജോണ്‍ പോള്‍ രണ്ടാമനില്‍ നിന്ന് പകര്‍ന്ന മരിയഭക്തി ഇന്ന് ഫ്രാന്‍സിസ് പാപ്പായില്‍ നിറവാര്‍ന്നിരിക്കുന്നു.
ഈ അടുത്ത കാലത്ത് മെക്‌സിക്കോയിലേക്ക് സന്ദര്‍ശനം നടത്തിയപ്പോള്‍ ഫ്രാന്‍സിസ് പാപ്പാ ആ രാജ്യത്തെ മെത്രാന്‍മാരോട് ചോദിച്ചത് ശ്രദ്ധേയാണ്; ‘എനിക്ക് എങ്ങനെ ഇവിടെ വരാതിരിക്കാനാവും? വി പത്രോസിന്റെ പിന്‍ഗാമി ഗൗദലൂപ്പെ മാതാവിനെ കാണാന്‍ വരേണ്ടതല്ലയോ?’

ഈ തിരക്കിനിടയിലും ദിവസവും മൂന്ന് തവണ വരെ ജപമാല ചൊല്ലാന്‍ ഫ്രാന്‍സിസ് പാപ്പാ സമയം കണ്ടെത്തുന്നു. സെന്റ് പീറ്റേഴ്‌സിലായിരിക്കുമ്പോഴും വിദേശത്ത് യാത്ര പോകുമ്പോഴും മാതാവിന്റെ തിരുസ്വരൂപത്തിനു മുമ്പില്‍ ഒരു പൂവ് കാഴ്ച വയ്ക്കാന്‍ പാപ്പാ മറക്കാറില്ല.

പോളണ്ട് യാത്രയ്ക്കിടയില്‍ ചെക്കോസ്ലാവാക്യയിലെ യാസ്‌ന ഗോര ആശ്രമത്തില്‍ വച്ച് പാപ്പാ ഒന്ന് തെന്നി വീണു. അതിന്റെ കാരണം ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത്, മാതാവിന്റെ തിരുസ്വരൂപം നോക്കി നടന്നപ്പോള്‍ പടി ശ്രദ്ധിക്കാന്‍ മറന്നു പോയി എന്നാണ്! മാതാവിലുള്ള ആശ്രയം ജോണ്‍ പോള്‍ പാപ്പയെ സംരക്ഷിച്ചതു പോലെ ഫ്രാന്‍സിസ് പാപ്പയെയും സംരക്ഷിച്ചു നയിക്കട്ടെ!


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles