നിയമത്തിലെ അതിപ്രധാനമായ കൽപന എങ്ങനെയാണ് അനുസരിക്കേണ്ടത്?

“ഗുരോ നിയമത്തിലെ അതിപ്രധാനമായ കല്പന എന്താണ്?” എന്ന ഫരിസേയനായ നിയമ പണ്ഡിതന്‍റെ ചോദ്യത്തിന് “നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും, പൂർണ്ണാത്മാവോടും, പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കുക. ഇതാണ് പ്രധാനവും പ്രഥമവുമായ കല്പന. രണ്ടാമത്തെ കല്പനയും ഇതിനു തുല്യം തന്നെ. അതായത്, നിന്നെപ്പോലെ നിന്‍റെ അയൽക്കാരനെയും സ്നേഹിക്കുക. ഈ രണ്ടു കല്പനകളിൽ സമസ്ത നിയമവും, പ്രവാചകൻമാരും അധിഷ്ഠിതമായിരിക്കുന്നു” എന്ന യേശുവിന്‍റെ മറുപടി കേൾക്കുമ്പോൾ, ഒരുപക്ഷെ നമുക്കിന്ന് യാതൊരു അസ്വാഭാവികതയും തോന്നില്ല. എന്നാൽ, അക്കാലത്തെ യഹൂദ സമൂഹത്തിൽ ഇതൊരു വിപ്ലവാത്മകമായ മറുപടിയായിരുന്നു. ഏതാണ്ട് ഇന്ന് ഫ്രാൻസിസ് പാപ്പായുടെ ചില പ്രതികരണങ്ങൾ പല വിശ്വാസികളെയും അലോസരപ്പെടുത്തുന്നതുപോലെ. യേശുവിന്‍റെ ഈ മറുപടിയെ നമുക്ക് ആഴത്തിൽ വിശകലനം ചെയ്യാം.

ഒരു സാധാരണക്കാരനായ യഹൂദന്‍റെ ജീവിതം നിയമങ്ങൾ കൊണ്ടു നിറഞ്ഞതായിരുന്നു. പഴയനിയമത്തിൽ നമുക്കീ നിയമങ്ങൾ കാണാം. 365 ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും, 248 ചെയ്യേണ്ട കാര്യങ്ങളും ചേർന്ന് 613 നിയമങ്ങൾ ആഹാരരീതി, ശുദ്ധി, നിയമവ്യവസ്ഥ തുടങ്ങിയ വ്യത്യസ്ത മേഖലകളിലായി യഹൂദ ജീവിതത്തിൽ ഉണ്ടായിരുന്നു. ഈ നിയമങ്ങളെ വ്യാഖ്യാനിക്കുകയും, ഇവ അനുസരിക്കാൻ മറ്റുള്ളവരെ ഉദ്ബോധിപ്പിക്കുകയുമാണ് നിയമജ്ഞരുടെ പ്രധാന കർത്തവ്യം. ഈ സാമൂഹ്യ-മത സാഹചര്യത്തിൽ നിന്നുകൊണ്ടാണ് യേശുവിനെ പരീക്ഷിക്കാനായി നിയമപണ്ഡിതൻ ചോദ്യം ഉന്നയിക്കുന്നത്. യേശു നൽകുന്ന മറുപടി പുതിയതാണെങ്കിലും, പഴയനിയമത്തിലെ നിയമാവർത്തനം 6:5, തിരുവചനത്തെയും ലേവ്യർ 19:18 തിരുവചനത്തെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

യേശുവിന്‍റെ മറുപടിക്ക് മൂന്ന് തലങ്ങളുണ്ട്: ഒന്നാമതായി; ദൈവത്തോടുള്ള ബന്ധവും ഉത്തരവാദിത്വവും. രണ്ടാമതായി; അയൽക്കാരനോടുള്ള ബന്ധവും ഉത്തരവാദിത്വവും. മൂന്നാമതായി; നിന്നോട് തന്നെയുള്ള ബന്ധവും ഉത്തരവാദിത്വവും.

നിന്‍റെ ദൈവമായ കർത്താവിനെ സ്നേഹിക്കുക

ഈ ലോകം ക്രൈസ്തവ വിശ്വാസത്തെ മനസ്സിലാക്കുന്നത് പരസ്നേഹത്തിന്‍റെയും, ഉപവിയുടെയും, വിദ്യാഭ്യാസ-സാമൂഹ്യ മണ്ഡലങ്ങളിലെ സംഭാവനകളുടെയും അടിസ്ഥാനത്തിലായിരിക്കും. ക്രൈസ്തവ വിശ്വാസത്തിന്‍റെ കാതലെന്ന് അവർ തെറ്റിദ്ധരിക്കുന്നത് ‘പരസ്നേഹത്തെ’ മാത്രമായിരിക്കും. എന്നാൽ, യേശു പരസ്നേഹത്തെയും, ദൈവസ്നേഹത്തെയും രണ്ടായി കാണുകയും, ദൈവസ്നേഹത്തെക്കുറിച്ച് ആദ്യം പറയുകയും ചെയ്യുകയാണ്. യേശുവിനെ സംബന്ധിച്ച് പരമവും പരമപ്രധാനവുമായത് ‘ദൈവത്തെ സ്നേഹിക്ക’ലാണ് – അതും പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണമനസ്സോടും കൂടിയുള്ള സ്നേഹിക്കല്‍. അതിന്‍റെ അർത്ഥം, ക്രിസ്ത്യാനിക്ക് ദൈവമെന്നത് ഏറ്റവും അവസാനം പരിഗണിക്കപ്പെടേണ്ട, സമയവും സന്ദർഭവും ഒത്തിണങ്ങി വരുമ്പോൾ മാത്രം ശ്രദ്ധിക്കേണ്ട ഒന്നല്ല, മറിച്ച് ക്രിസ്ത്യാനിയുടെ പ്രഥമ കർത്തവ്യം തന്നെ എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കലാണ്.

ഈ പ്രസ്താവനയിലൂടെ യേശു രണ്ട് അപകടങ്ങളെക്കുറിച്ച് നമുക്ക് മുന്നറിയിപ്പ് നൽകുന്നു:

ഒന്നാമതായി; ദൈവത്തെ കുറിച്ച് പറയാത്ത, “മാനസിക സാഹോദര്യത്തെ” കുറിച്ചും, “മനുഷ്യത്വത്തെ” കുറിച്ചും മാത്രം സംസാരിക്കുന്ന ചില ആധുനിക തത്വശാസ്ത്ര ശൈലികളെയും, മുന്നേറ്റങ്ങളെയും കുറിച്ച് നാം ബോധവാന്മാരാകണം. ഈ പദങ്ങൾ കേൾക്കാൻ മനോഹരമാണെങ്കിലും ക്രമേണ ഇത് നിരീശ്വരവാദത്തിലേക്കും, പിന്നീട് മനുഷ്യന്‍റെ ഇഷ്ടത്തിന് മാത്രം പ്രാധാന്യം നൽകുന്ന ആത്മീയബോധമില്ലാത്ത, ധാർമ്മികതയില്ലാത്ത ഒരു സമൂഹത്തിലേക്കും നമ്മെ നയിക്കും. അതുകൊണ്ടാണ് “മാനവിക സാഹോദര്യത്തിനും”, “മനുഷ്യത്വത്തിനും” മുമ്പായി യേശു ദൈവസ്നേഹത്തെ പ്രതിഷ്ഠിക്കുന്നത്. വളരെ ലളിതമായി പറഞ്ഞാൽ ഒരു ക്രിസ്ത്യാനിയുടെ പ്രഥമ കർത്തവ്യം ദൈവത്തിനും, യേശുക്രിസ്തുവിനും ജീവിതത്തിൽ പ്രഥമസ്ഥാനം നൽകലാണ്. അത് നൽകി കഴിയുമ്പോൾ “പരസ്നേഹവും, മനുഷ്യത്വവും,” അവന്‍റെ ജീവിതത്തിൽ താനേ വന്നു ചേരും.

രണ്ടാമതായി; മനുഷ്യരെയും, വസ്തുക്കളെയും ദൈവമായി അഥവാ ദൈവങ്ങളായി ചിത്രീകരിക്കുന്ന പ്രവണതയ്ക്കെതിരെയും യേശു മുന്നറിയിപ്പ് നൽകുന്നു. ഈജിപ്ഷ്യൻ, റോമൻ ഭരണാധികാരികൾക്ക് അവർ സ്വയം ദൈവങ്ങളായി ചിത്രീകരിക്കുന്ന പ്രവണതയുണ്ടായിരുന്നു. ആധുനിക ലോകചരിത്രത്തിലും രാഷ്ട്രീയ-കായിക ശക്തിയിലൂടെ അധികാരം പിടിച്ചെടുത്തു കൊണ്ട് സ്വേച്ഛാധിപതികളായി തങ്ങൾ “ദൈവത്തെപ്പോലെയാണെന്ന്” കരുതിയ ഭരണാധികാരികളുണ്ട്. അവരെ ദൈവമായി കരുതുന്ന ജനങ്ങളുമുണ്ട്. അതോടൊപ്പം വ്യക്തികൾ, സമ്പത്ത്, സ്ഥാനമാനം, പദവി തുടങ്ങിയവയ്ക്ക് ദൈവത്തിനേക്കാളും പ്രാധാന്യം നൽകുന്ന പ്രവണതയുമുണ്ട്. ഇത്തരം പ്രലോഭനകൾക്കെതിരെ യേശു വളരെ വ്യക്തമായി “നാം മറ്റാരെയുമല്ല ദൈവത്തെയാണ് എല്ലാറ്റിനുമുപരിയായി സ്നേഹിക്കേണ്ടത്” എന്ന് പഠിപ്പിക്കുകയാണ്.

നിന്‍റെ അയൽക്കാരനെയും സ്നേഹിക്കുക

ആദ്യത്തെ കൽപ്പനയ്ക്ക് തുല്യമാണ് ‘അയൽക്കാരനെ സ്നേഹിക്കുക’ എന്നത്. തന്‍റെ സ്വന്തം ജീവിതത്തിലൂടെയും, അത്ഭുത പ്രവൃത്തികളിലൂടെയും (ഉദാഹരണം: നല്ല സമരിയാക്കാരന്റെ ഉപമ) നാം അയൽക്കാരെ സ്നേഹിക്കേണ്ടത് എങ്ങനെ എന്ന് യേശു വ്യക്തമായി പഠിപ്പിക്കുന്നു. “മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്ക് ചെയ്യുവിൻ” എന്ന യേശുവിന്‍റെ വചനം ഇവിടെ സുവർണ്ണ നിയമമാണ്. ഇന്നത്തെ ഒന്നാം വായനയിൽ (പുറപ്പാട് പുസ്തകത്തിൽ) സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരോട് കാണിക്കേണ്ട നീതിയെയും, കരുണയെയും കുറിച്ച് ദൈവം ഇസ്രായേൽ ജനത്തോടു സംസാരിക്കുന്നത് ഇന്ന് നമ്മുടെ സമൂഹത്തിലും നാമത് ചെയ്യാൻ വേണ്ടിയാണ്. പ്രത്യേകിച്ച്, ഞെരുക്കത്തിന്‍റെ ഈ കാലഘട്ടത്തിൽ നമ്മുടെ അയൽക്കാരനോട് എങ്ങനെയാണോ നമുക്ക് സ്നേഹം പ്രകടിപ്പിക്കാൻ സാധിക്കുന്നത് നമുക്ക് ചെയ്യാം.

നിന്നെപ്പോലെ

ഇന്നത്തെ സുവിശേഷത്തിൽ അത്ര ശ്രദ്ധയാകർഷിക്കാത്ത ഒരു പദമാണിത്. “നിന്നെപ്പോലെ” നിന്‍റെ അയൽക്കാരനെയും സ്നേഹിക്കുക എന്നാണ് യേശു പറയുന്നത്. നീ നിന്നെ സ്നേഹിക്കുന്നത് പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്നർത്ഥം. ഒരു വ്യക്തിക്ക് സ്വന്തം ആത്മാവിനോടും, ശരീരത്തോടും, ജീവിതത്തോടുമുള്ള പ്രതിബദ്ധതയും ഉത്തരവാദിത്വവുമാണത്. ഇത് സ്വാർത്ഥതയും ആത്മാരാധനയുമല്ല (Narcissism), മറിച്ച് സമഗ്രമായ സ്വയബോധമാണ്. അപകർഷതാ ബോധമില്ലാതെ, സ്വാഅഭിമാനത്തോടെ “ഞാൻ” എന്ന് പറയുന്നവന് മാത്രമേ “നീ” എന്ന വാക്കിനെയും അതിന്‍റെ പിന്നിലെ വ്യക്തിയെയും മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles