ബറാബ്ബാസില്‍ നിന്നും ക്രിസ്തുവിലേക്ക്…
വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 31
“ഈ മനുഷ്യനെ അല്ല, ബറാബ്ബാസിനെ എന്ന് അവർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. “
( യോഹന്നാൻ 18 :40 )
താൻ കൊള്ളക്കാരനും ദുഷ്ടനും ആണെന്ന് അറിഞ്ഞിട്ടും ……
തൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി
മുറവിളി കൂട്ടുന്ന ജനക്കൂട്ടത്തെ കണ്ട്
ആശ്ചര്യപ്പെട്ട് നിൽക്കുന്ന ബറാബ്ബാസ്.
തടവറയിൽ നിന്നും സ്വതന്ത്രനാക്കപ്പെട്ട് ജനങ്ങൾക്കിടയിലേക്ക് കടന്നു വരുമ്പോൾ
തന്നെ ശാന്തമായി നോക്കി നിൽക്കുന്ന
ക്രിസ്തുവിനെ ബറാബ്ബാസ് ഒരു വേള നോക്കി.
ആരും നശിച്ചു പോകാൻ ആഗ്രഹിക്കാതെ…
പത്രോസിനെ തൻ്റെ നോട്ടത്തിലൂടെ തിരുത്തിയതു പോലെ…… ബറാബ്ബാസിനെയും തൻ്റെ സ്നേഹത്തിലേക്ക് ചേർത്തു നിർത്താൻ ക്രിസ്തു ആഗ്രഹിച്ചിരിക്കണം.
പീലാത്തോസിൻ്റെ അരമനക്കോടതിയിൽ വിചാരണയ്ക്കിടയിൽ ബറാബ്ബാസിനെ മോചിപ്പിക്കുമ്പോൾ…,
ഓശാന ഞായറാഴ്ച്ച തനിക്ക് ജയ് വിളികൾ മുഴക്കിയ ജനക്കൂട്ടം ഇപ്പോൾ തനിക്കെതിരെ സ്വരമുയർത്തുന്നു.
ഒറ്റപ്പെട്ടതിൻ്റ…..,
ചേർത്തു നിർത്താൻ പ്രിയപ്പെട്ടവർ അരികിലില്ലാത്തതിൻ്റെ വേദന ഉള്ളിലൊതുക്കി ശാന്തനായി ക്രിസ്തു…..
ബറാബ്ബാസിൽ നിന്നും ക്രിസ്തുവിലേക്കുള്ള അന്തരം തിരിച്ചറിയാത്ത ജനം,
അന്നും ഇന്നും ക്രിസ്തുവിനും അവൻ്റെ സഭക്കും എതിരായി മുറവിളി കൂട്ടുന്നു.
യേശുവിൻ്റെ കുരിശുമരണത്തിലൂടെ സ്വതന്ത്രമാക്കപ്പെട്ട മാനവരാശിയുടെ പ്രതീകമാണ് ബറാബ്ബാസ്.
നിരപരാധിയെ ശിക്ഷിക്കുകയും അപരാധിയുടെ കുറ്റങ്ങൾ അവഗണിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൻ്റെ പ്രതീകമാണ്.
സ്വന്തം തെറ്റുകൾക്ക് മറപിടിച്ച് ,അപരൻ്റെ തെറ്റുകളെ ഉയർത്തിക്കാട്ടുന്ന ലജ്ജാകരമായ പ്രവണത ക്രൈസ്തവികമല്ല. നിനക്കെതിരെ അകാരണമായി ആരോപണങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ ഒരു ന്യായീകരണത്തിന് ശ്രമിക്കേണ്ടതില്ല.
ശബ്ദങ്ങളുടെ കോലാഹലങ്ങൾക്കിടയിൽ
മൗനത്തിൻ്റെ ശക്തി അപാരമാണന്നറിഞ്ഞാൽ ….
അതി ഭാഷണങ്ങൾ ഒഴിവാക്കാനാവും.
അതിഭാഷണം ആന്തരിക ശൂന്യതയുടെ അടയാളമാണ്.
നാവിൻ്റെ അനിയന്ത്രിതമായ കുത്തൊഴുക്കിൽ ജീവിതത്തിൻ്റെ ഗതി മാറും.
നാവിനെ നിയന്ത്രിക്കുന്നവന്
സ്വന്തം ശരീരത്തെ മുഴുവൻ നിയന്ത്രിക്കാനാവും.
~ Jincy santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.