അമൂല്യനിധി പാഴാക്കാതെ…
ജീവിതത്തിൽ തിരക്കാണെന്ന് സൂചിപ്പിക്കാതെ ഒരു ദിവസമെങ്കിലും നമ്മെ കടന്നു പോകുന്നുണ്ടോ….?
എന്നിട്ടും…..
നമ്മുടെ സാന്നിധ്യം ആവശ്യമില്ലാത്ത ഇടങ്ങളിൽ സമയമുണ്ടാക്കി നാം പോയി Post ആകുന്നു.
ഒന്നിനും നേരമില്ലെന്ന് പറഞ്ഞ് ഓടുന്ന നമ്മളോട് സഭാപ്രസംഗകനിലൂടെ ദൈവം പറയുന്നു –
” എല്ലാത്തിനും ഒരു സമയമുണ്ടെന്ന് “.
ജനിക്കാൻ…, മരിക്കാൻ…., നടാൻ…, നേടാൻ…, കരയാൻ…, ചിരിക്കാൻ…,
സംസാരിക്കാൻ…., നിശബ്ദമായിരിക്കാൻ…,
അവിടുന്ന് സമസ്തവും അതതിൻ്റെ കാലത്ത് ഭംഗിയായി സൃഷ്ടിച്ചു.
എല്ലാറ്റിനും ഒരു സമയമുണ്ട്. അപ്പോൾ ..
നാം ആയിരിക്കുന്ന സമയം എന്തു മായിക്കൊള്ളട്ടെ..,
അതിനു പിന്നിലൊരു ദൈവനിശ്ചയം ഉണ്ടെന്നത് തള്ളിക്കളയാനാവാത്ത ഒരു സത്യമാണ്.
നമ്മുടെ യോഗ്യത കൊണ്ടോ പരിശ്രമം കൊണ്ടോ കിട്ടാൻ സാധിക്കാത്തതും,
ദൈവത്തിൻ്റെ ദയയിൽ നിന്നു മാത്രം കിട്ടുന്നതുമായ അമൂല്യ നിധിയാണ് സമയം.
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം സമയങ്ങളും അതിലെ സുഖദുഃഖാദികളും അനുഗ്രഹങ്ങളും അസുഖങ്ങളുമെല്ലാം ശുദ്ധീകരിക്കപ്പെടാനുള്ള നിമിത്തങ്ങളാണ്.
നിരവധി യാത്രകൾക്കിടയിൽ…..
ചില കാര്യങ്ങൾക്കായി നീണ്ട ക്യൂവിൽ നില്ക്കണ്ടി വരുമ്പോൾ….
ആവശ്യങ്ങൾ സാധിക്കാൻ അനിശ്ചിതമായി കാത്തിരിക്കേണ്ടി വരുമ്പോൾ….
അങ്ങനെ ജീവിതയാത്രയിൽ നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ഒരു പാട് സന്ദർഭങ്ങളിൽ പാഴായിപ്പോകുന്നത് ദൈവിക ദാനമായ സമയം തന്നെയാണ്.
പ്രാർത്ഥിക്കാൻ സമയമില്ലന്നു പറയുന്ന നമ്മുടെ അനുദിന ജീവിതത്തിലെ ഇത്തരം സന്ദർഭങ്ങളിൽ സ്തുതികളും പ്രാർത്ഥനകളും സമർപ്പിച്ച് സമയത്തെ അനുഗ്രഹ പ്രദമാക്കാം.
സകല സമയത്തിനും അധിപനായവൻ കൂടെയുണ്ടെങ്കിൽ ഏതു സമയവും കടന്നു പോകും
എന്ന വിശ്വാസത്തിൽ ആഴപ്പെടാനുള്ള നിയോഗമാണത്.
സമയമില്ലാതെ ഓടിയതിൻ്റെ കിതപ്പുകൾ ജീവിതത്തിലെ അത്യാവശ്യങ്ങളായിരുന്നില്ലെന്ന് നമുക്കെപ്പോഴാണ്
ഇനി വെളിവ് വരുക…….?
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.