ഒരു നായക്കുട്ടിക്ക് പോലും അഭയമായി ഉണ്ണീശോ
ആരാണ് പറഞ്ഞത് ഉണ്ണീശോ മനുഷ്യര്‍ക്കു മാത്രമേ അഭയം നല്‍കുകയുള്ളൂ എന്ന്. ഇതാ ഇവിടെ ഉണ്ണീശോയുടെ തിരുസ്വരൂപത്തിന്റെ പാദങ്ങളില്‍ ഒരു നായക്കുട്ടി ശാന്തനായൊരു കുഞ്ഞിനെ പോലെ കിടന്നുറങ്ങുന്നു. ഈ ചിത്രം അതിവേഗം ലോകമെങ്ങും വയറലായി.
സംഭവം നടന്നത് 2008 ലാണ്. ബ്രസീലിലെ ക്രിക്യുമാ എന്ന സ്ഥലത്ത്. ഉടമകള്‍ ഉപേക്ഷിച്ച ഒരു ജര്‍മന്‍ ഷെപ്പേര്‍ഡ് നായ്ക്കുട്ടിയാണ് പുല്‍ക്കൂട്ടിലെ ഉണ്ണീശോയുടെ പാദങ്ങളില്‍ കുഞ്ഞുറങ്ങുന്നതു പോലെ കിടന്നുറങ്ങിയത്.
അന്നത്തെ ക്രിസ്മസ് രാത്രി ആ പുല്‍ക്കൂട് സന്ദര്‍ശിച്ചവരെല്ലാവരും ആ കാഴ്ച കണ്ടു കണ്‍നിറഞ്ഞു. നൂറു കണക്കിനാളുകള്‍ ചുറ്റും വന്നു നിറഞ്ഞിട്ടും നായ്ക്കുട്ടി ശാന്തസ്വച്ഛമായി ഉണ്ണീശോയോട് ചേര്‍ന്നു ഉറങ്ങുക തന്നെ ചെയ്തു. ഏതോ ദിവ്യസ്വപ്‌നത്തില്‍ ലയിച്ചതു പോലെ…