ബെത്‌ലെഹേമിലെ ദേവാലയത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിയേണ്ടേ?

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

ബെത്‌ലെഹേം

ലൂക്കാ: 2/1516: ദൂതന്മാര്‍ അവരെ വിട്ട് സ്വര്‍ഗ്ഗത്തിലേക്ക് പോയപ്പോള്‍ ആട്ടിടയന്മാര്‍ പരസ്പരം പറഞ്ഞു നമുക്ക് ബെത്‌ലഹേം വരെ പോകാം. കര്‍ത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്ക് കാണാം. അവര്‍ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു.

ബെത്‌ലേഹേമില്‍ യേശു ജനിച്ച ഗ്രോട്ടോ ആദിമ ക്രൈസ്തവരുടെ തീര്‍ത്ഥാടനത്തിന്റെയും പ്രാര്‍ത്ഥനയുടെയും സ്ഥലമായി മാറി. രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ഹദ്രിയാന്‍ റോമന്‍ ചക്രവര്‍ത്തിയായപ്പോള്‍ ക്രിസ്തുമതത്തെ അവഹേളിക്കുവാനും ക്രൈസ്തവരുടെ പ്രാര്‍ത്ഥന തടയാനുമായി ആ ഗ്രോട്ടോയുടെ മുകളില്‍ വിജാതീയ ദേവന്മാര്‍ക്കുള്ള ഒരു അമ്പലം നിര്‍മ്മിച്ചു.

എഡി 326ല്‍ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി (ജെറുസലേം മെത്രാനായിരുന്ന വി. മക്കാരിയൂസിന്റെ നിര്‍ദ്ദേശപ്രകാരം) ആ അമ്പലം തകര്‍ത്ത് തിരുപ്പിറവിയുടെ ആദ്യ ദേവാലയം ആരംഭിക്കുന്നതുവരെ ഏതാണ്ട് 180 വര്‍ഷത്തോളം ഈ അവസ്ഥ തുടര്‍ന്നുവെന്ന് എഡി 395ല്‍ വി. ജറോം സാക്ഷ്യപ്പെടുത്തിയിരുന്നു. യേശു ജനിച്ച ഗ്രോട്ടോ അള്‍ത്താരയുടെ കീഴെ നിലനിര്‍ത്തികൊണ്ടാണ് കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി ഈ ദേവാലയം നിര്‍മ്മിച്ചത്. വിശുദ്ധ നാട്ടിലെ ഏറ്റവും മനോഹരമായ ദേവാലയങ്ങളിലൊന്നായിരുന്നു ഇതെന്ന് 4, 5 നൂറ്റാണ്ടുകളിലെ ക്രൈസ്തവ എഴുത്തുകാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എഡി 527 ല്‍ ഭരണമേറ്റ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി പുതുക്കിപ്പണിത ഈ ദേവാലയത്തിന്റെ മേല്‍ക്കൂര മാത്രം പല തവണ നന്നാക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ യുനെസ്‌കോയുടെ കീഴിലാണ് നടക്കുന്നത്.

തുര്‍ക്കിയിലെ ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ പട്ടാളക്കാര്‍ കുതിരകളെയും കൊണ്ട് പള്ളിക്കകത്ത് കയറുന്നത് തടയുന്നതിനായി 16ാം നൂറ്റാണ്ടില്‍ ദേവാലയത്തിന്റെ വാതായനം ചെറുതാക്കി പണിതു. ദേവാലയത്തിന്റെ പ്രവേശ കവാടത്തിനടുത്ത് വലത് ഭാഗത്ത് ഗ്രീക്ക് അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ ആശ്രമത്തിലേക്കുള്ള വാതായനങ്ങള്‍  കാണാം. 1500 വര്‍ഷത്തോളം പഴക്കമുള്ള ദേവാലയത്തിന്റെ ഇരു ഭിത്തികളിലും മുഴുവന്‍ 8ാം നൂറ്റാണ്ടുവരെ സഭയുടെ വിവിധ സുനഹദോസുകളില്‍ ഉരുത്തിരിഞ്ഞ ക്രിസ്തുവിനെക്കുറിച്ചുള്ള പഠനങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. ഇന്നത് കാലപ്പഴക്കം വന്ന് കുറെയൊക്കെ അപ്രത്യക്ഷമായിരിക്കുന്നു. പള്ളിയുടെ പരുക്കന്‍ ടൈലുകള്‍ പാകിയ പള്ളിയുടെ തറ തുര്‍ക്കികള്‍ 16ാം നൂറ്റാണ്ടില്‍ നടത്തിയ മാര്‍ബിള്‍ മോഷണത്തിന്റെ ബാക്കിപത്രങ്ങളാണ്. അല്‍പ്പം കൂടി മുമ്പോട്ട് നടക്കുമ്പോള്‍ ഇടതുവശത്ത് തറയുടെ തന്നെ ഭാഗത്ത് നിലവിലെ തറനിരപ്പില്‍ നിന്നും ഒരു മീറ്റര്‍ താഴെയായി ആദ്യ ദേവാലയത്തിന്റെ മനോഹരമായ മൊസൈക് അവശിഷ്ടങ്ങള്‍ കാണാം.

നിരവധി എണ്ണവിളക്കുകള്‍ തൂങ്ങി കിടക്കുന്ന ഗ്രീക്ക് ഓര്‍ത്തഡോക്‌സ് അള്‍ത്താരയുടെ വലത് വശത്ത് കൂടി പടികളിറങ്ങി അള്‍ത്താരയുടെ കീഴിലുള്ള തിരുപ്പിറവി ഗ്രോട്ടോയിലെത്തുന്നു. വലതു വശത്ത് ബലിപീഠത്തിനു കീഴെ ഒരു വെള്ളി നക്ഷത്രം പതിപ്പിച്ചു വച്ചിരിക്കുന്നു. അതിനു ചുറ്റും ലത്തീന്‍ ഭാഷയില്‍ (ഒശര റല ്ശൃഴശില ങമൃശമ ഖലൗെ െഇവൃശേൌ െചമൗേ െലേെ) (ഇവിടെ കന്യകാമറിയത്തില്‍ നിന്നും യേശുക്രിസ്തു പിറന്നു) എന്ന് ആലേഖനം ചെയ്തിരിക്കുന്നു.
ഇവിടെ നമുക്ക് ചുംബിച്ച് പ്രാര്‍ത്ഥിക്കാനുള്ള അവസരമുണ്ട്. ഇതിനു നേരെ അഭിമുഖമായുള്ള ബലിപീഠത്തില്‍ ആണ് യൗസേപ്പ് പിതാവും  മറിയവും യേശുവിനെ കിടത്തിയ പുല്‍ക്കൂട് ഉണ്ടായിരുന്നത്. തിരുപ്പിറവി ഗ്രോട്ടോയില്‍ കത്തോലിക്കര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്ന ബലിപീഠമാണിത്.

അള്‍ത്താരയുടെ ഇടതുവശത്തുള്ള പടികള്‍ കയറി ദേവാലയത്തിലേക്ക് വീണ്ടും പ്രവേശിച്ച് അവിടെ നിന്ന് കത്തോലിക്കരുടെ അവകാശത്തിലുള്ള ഈജിപ്തിലെ വിശുദ്ധ കത്രീനയുടെ പേരില്‍ സമര്‍പ്പിച്ചിരിക്കുന്ന ദേവാലയത്തിലാണ് എല്ലാ വര്‍ഷവും ക്രിസ്തുമസ് രാത്രിയില്‍ ജറുസലേം പാത്രിയര്‍ക്കിസ്, പാലസ്തീന്‍ പ്രസിഡന്റിന്റെയും ലോകമെങ്ങുമുള്ള തീര്‍ത്ഥാടകരുടെയും സാന്നിദ്ധ്യത്തില്‍ ക്രിസ്തുമസ് കുര്‍ബാനയര്‍പ്പിക്കുന്ന ദേവലയമാണിത്. ദേവാലയത്തിനു പിറകിലായി വലതുവശത്ത് തിരുപ്പിറവി ദേവാലയത്തിന്റെ കീഴിലുള്ള ഗ്രോട്ടോകളിലേയ്ക്കുള്ള പ്രവേശന കവാടമുണ്ട്.

സഭാപിതാവായ വി. ജറോം അനേകവര്‍ഷങ്ങള്‍ താമസിച്ച് വി. ഗ്രന്ഥം ഹീബ്രൂവില്‍ നിന്നും ഗ്രീക്കില്‍ നിന്നും ലത്തീനിലേക്ക് തര്‍ജമ ചെയ്ത ഗ്രോട്ടോകളാണിത്. ഇന്ന് ഈ ഗ്രോട്ടോകളില്‍ വി. യൗസേപ്പിതാവിനും കുഞ്ഞിപ്പൈതങ്ങള്‍ക്കും, വി. ജറോമിനും സമര്‍പ്പിച്ചിരിക്കുന്ന അള്‍ത്താരകള്‍ ഉണ്ട്. ഇവിടെ നിന്നും തിരുപ്പിറവി ഗ്രോട്ടോയിലേക്ക് ഒരു വാതിലുണ്ടെങ്കിലും സ്റ്റാറ്റസ്‌ക്വോ അനുസരിച്ചുള്ള കത്തോലിക്കരുടെ പ്രദക്ഷിണങ്ങള്‍ക്ക് വേണ്ടി മാത്രമേ അത് തുറക്കാറുള്ളു.

യേശുവിന്റെ ജനന സമയത്ത് ആയിരത്തില്‍ താഴെ മാത്രം ജനവാസമുണ്ടായിരുന്ന ഈ കുഞ്ഞ് ഗ്രാമം ഇന്ന് 35,000 ത്തിലധികം ആളുകള്‍ വസിക്കുന്ന പട്ടണമാണ്. യൂദയായിലെ മലമ്പ്രദേശത്തിന്റെ ഭാഗമായിരിക്കുന്ന ഈ സ്ഥലം എഫ്രാത്ത എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇവിടെയാണ് റാഹേല്‍ മരിച്ച് അടക്കപ്പെട്ടത്.

ഉല്‍പ്പത്തി 35/1619: ബേഥേലില്‍ നിന്ന് അവര്‍ യാത്ര തുടര്‍ന്നു. എഫ്രാത്തായില്‍ എത്തുന്നതിന് കുറച്ച് മുമ്പ് റാഹേലിനു പ്രസവവേദന
തുടങ്ങി. പ്രസവ ക്ലേശം കഠിനമായപ്പോള്‍ സൂതികര്‍മിണി അവളോടു പറഞ്ഞു പേടിക്കേണ്ടാ നിനക്ക് ഇപ്രാവശ്യവും ഒരു പുത്രനെ ലഭിക്കും. എന്നാല്‍ അവള്‍ മരിക്കുകയായിരുന്നു. ജീവന്‍ വേര്‍പെടുന്ന സമയത്ത് അവള്‍ അവനെ ബതോനി എന്ന പേര്‍ വിളിച്ചു. പക്ഷെ അവന്റെ പിതാവ് അവനു ബഞ്ചമിന്‍ എന്നാണ് പേരിട്ടത്. റാഹേല്‍ മരിച്ചു ബെത്‌ലഹേം എന്നറിയപ്പെടുന്ന എഫ്രാത്തിയിലേക്കുള്ള വഴിയില്‍ അവളെ അടക്കി.

ഉല്‍പ്പത്തി 48/7: ഞാന്‍ പാദാനില്‍ നിന്നു പോയപ്പോള്‍ വഴിക്ക്  കാനാന്‍ ദേശത്തുവച്ച് എന്നെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് റാഹേല്‍ മരിച്ചു. എഫ്രാത്തായിലെത്താന്‍ കുറച്ചു ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു. ബെത്‌ലഹേം എന്നറിയപ്പെടുന്ന എഫ്രാത്തായിലേക്കുള്ള
വഴിയില്‍ ഞാന്‍ അവളെ അടക്കി.

മിക്കാ പ്രവാചകന്‍ ബത്‌ലഹേമിലെ രക്ഷകന്റെ പിറവി നേരത്തെ പ്രവചിച്ചിരുന്നു.

മിക്കാ: 5/2: ബെത്‌ലഹേം എഫ്രാത്താ, യൂദാ ഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രയേലിനെ ഭരിക്കേണ്ടവന്‍ എനിക്കായ് നിന്നില്‍ നിന്ന് പുറപ്പെടും. അവന്‍ പണ്ടേ യുഗങ്ങള്‍ക്കു മുന്‍പേ ഉള്ളവനാണ്.

ദാവീദ് രാജാവ് ബത്‌ലേഹേംകാരനായിരുന്നു.

സാമു. 17/12: യൂദയായിലെ ബെത്‌ലെഹേമില്‍ നിന്നുള്ള എഫ്രാത്യനായ ജസ്സെയുടെ മകനായിരുന്നു ദാവീദ്.

ബെത്‌ലേഹേം ദാവീദിന്റെ പട്ടണമെന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

ലൂക്കാ: 2/45: ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരിക്കുന്നതിനാല്‍ പേരെഴുതിക്കാനായി ഗലീലിയായിലെ പട്ടണമായ നസ്രത്തില്‍ നിന്നു യൂദയായില്‍ ദാവീദിന്റെ പട്ടണമായ ബെത്‌ലഹേമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടി പോയി.

ദാവീദ് രാജാവായി അഭിഷേകം ചെയ്യപ്പെടുന്നത് ബെത്‌ലേഹേമില്‍ വച്ചാണ്.

സാമു. 16/413: 41 കര്‍ത്താവ് കല്‍പ്പിച്ചതു പോലെ സാമുവല്‍ പ്രവര്‍ത്തിച്ചു. അവന്‍ ബത്‌ലഹേമിലെത്തി
1213: പവിഴ നിറവും മനോഹര നയനങ്ങളുമുള്ള അവന്‍ (ദാവീദ്) സുന്ദരനായിരുന്നു. കര്‍ത്താവ് കല്‍പ്പിച്ചു. എഴുന്നേറ്റ് അവനെ അഭിഷേകം ചെയ്യുക. തിരഞ്ഞെടുക്കപ്പെട്ടവന്‍ അവന്‍ തന്നെ. സാമുവല്‍ അവനെ സഹോദരന്മാരുടെ മുന്‍പില്‍ വച്ച് കുഴലിലെ തൈലം കൊണ്ട് അഭിഷേകം ചെയ്തു. അന്നു മുതല്‍ കര്‍ത്താവിന്റെ ആത്മാവ് ദാവിദിന്റെ മേല്‍ ശക്തമായി ആവസിച്ചു.

യേശുവിന്റെ ജനനമാണ് ബെത്‌ലെഹേമിന്റെ യഥാര്‍ത്ഥ ഔന്നത്യം. ബെത്‌ലെഹേം എന്ന വാക്കിന്റെ അര്‍ത്ഥം – അപ്പത്തിന്റെ ഭവനം. ബെത്‌ലെഹേമില്‍ ജീവന്റെ അപ്പമായവന്‍ വന്നു പിറന്നു.

പ്രാര്‍ത്ഥന:
എന്റെ രക്ഷകനായ യേശുവേ, അങ്ങ് ബെത്‌ലഹേമില്‍ മനുഷ്യനായി വന്നു പിറന്നപ്പോള്‍ എന്റെയും മനുഷ്യ ജീവിതത്തിന് അര്‍ത്ഥം കൈവന്നുവല്ലോ. ദൈവമായ അങ്ങ് മനുഷ്യനായികൊണ്ട് മനുഷ്യനായ എനിക്ക് ദൈവികതയിലേക്ക് വളരുവാന്‍ കഴിയുമെന്ന് തെളിയിച്ചുവല്ലോ.  എന്റെ ഹൃദയത്തിലും അങ്ങ് വന്ന് പിറക്കണമെ. ജീവന്റെ അപ്പമായ അങ്ങയെ സ്വീകരിക്കുന്ന എന്നെ മറ്റുള്ളവര്‍ക്ക് പോഷണവും സംരക്ഷണവുമേകുന്ന അപ്പത്തിന്റെ ഭവനമായി രൂപാന്തരപ്പെടുത്തണമേ.
ആമേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles