ക്രൈസ്തവരുടെ ഏറ്റവും സുപ്രധാന ദേവാലയമായ തിരുക്കല്ലറയുടെ ദേവാലയത്തെ കുറിച്ചറിയേണ്ടേ?
ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.
തിരുക്കല്ലറയുടെ ദേവാലയം – 1/3
യേശു കുരിശില്‍ തറക്കപ്പെട്ട അവിടുത്തെ രക്തം വീണു നനഞ്ഞ കാല്‍വരി മലയും അവിടുന്ന് സംസ്‌കരിക്കപ്പെട്ട അവിടുത്തെ ഉത്ഥാനത്തിനു സാക്ഷിയായ തിരുക്കല്ലറയും ഉള്ളിലാക്കി പണിയപ്പെട്ട മനോഹരമായ ദേവാലയമാണ് ജറുസലേമിലെ തിരുക്കല്ലറയുടെ ദേവാലയം. ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയവും ഇതു തന്നെയാണ്.
ഇപ്പോഴുള്ളത് 12ാം നൂറ്റാണ്ടില്‍ കുരിശുയോദ്ധാക്കളാല്‍ നിര്‍മ്മിതമായ ദേവാലയമാണ്. ഇപ്പോള്‍ ജറുസലേം പഴയ പട്ടണത്തിന്റെ ഹൃദയഭാഗമായ ഈ സ്ഥലം യേശുവിന്റെ കാലത്ത് ജറുസലേം പട്ടണത്തിന്റെ ചുറ്റുമതിലിനു വെളിയിലായിരുന്നു. യേശുവിന്റെ കുരിശുമരണത്തിനും ഉത്ഥാനത്തിനും വേദിയായ ഇവിടം എന്നും ക്രൈസ്തവ തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യകേന്ദ്രമായിരുന്നു.
ബാര്‍കൊക്ക്ബ വിപ്ലവം അടിച്ചമര്‍ത്തിയ റോമന്‍ ചക്രവര്‍ത്തിയായ ഹഡ്രിയാന്‍ എഡി 135ല്‍ ഏലിയാ കാപ്പിത്തോലിന (Aelia Capitolina) എന്ന പേരില്‍ ജറുസലേം നഗരം പുതുക്കി പണിതപ്പോള്‍ കാല്‍വരിയും കല്ലറയും ഉള്‍പ്പെടുന്ന സ്ഥലം നഗരത്തിനുള്ളിലായി. പക്ഷെ ക്രൈസ്തവര്‍ അവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നത് തടയുന്നതിനായി അദ്ദേഹം കാല്‍വരിയും കല്ലറയും ഉള്‍പ്പെടുന്ന സ്ഥലം മണ്ണിട്ടു നികത്തി അവിടെ വീനസ് ദേവിക്കായി ഒരു അമ്പലം നിര്‍മ്മിച്ചു.
ഒന്നര നൂറ്റാണ്ടിലധികം ഈ അവസ്ഥ തുടര്‍ന്നു പോന്നു. പിന്നീട് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി മാനസാന്തരപ്പെട്ട് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനപ്പെട്ടതിനു ശേഷം എഡി 313ലെ മിലാന്‍ വിളംബരത്തിലൂടെ മതപീഢനം അവസാനിപ്പിക്കുകയും വിശുദ്ധ നാട്ടില്‍ ദേവാലയങ്ങള്‍ പണിയാന്‍ ആരംഭിക്കുകയും ചെയ്തു. അദ്ദേഹം വീനസ് ദേവിയുടെ അമ്പലം പൊളിച്ച് നീക്കി, ആ സ്ഥലം വൃത്തിയാക്കി, പിന്നെ കാല്‍വരി മലയിലെ കുരിശു നാട്ടപ്പെട്ട ഭാഗവും കല്ലറയ്ക്ക് ചുറ്റുമുള്ള ഭാഗമൊഴിച്ചുള്ള ബാക്കി പാറ മുഴുവന്‍ മുറിച്ചു നീക്കി. അവിടെയാണ് മനോഹരമായ തിരുക്കല്ലറയുടെ ദേവാലയം (Holy Sepulcher Church) നിര്‍മ്മിച്ചു. വിശുദ്ധ നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ദേവാലയത്തെപ്പറ്റിയുള്ള വിവരണം 4ാം നൂറ്റാണ്ടിലെ തീര്‍ത്ഥാടകയായ എജെരിയായുടെ യാത്രാ വിവരണത്തില്‍ നിന്നു ലഭ്യമാണ്.
കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി നിര്‍മ്മിച്ച തിരുക്കല്ലറയുടെ ദേവാലയം എഡി 614ലെ പേര്‍ഷ്യന്‍ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടു. പിന്നീട് പുനര്‍നിര്‍മ്മിക്കപ്പെട്ടു. ഈ ദേവാലയം ഈജിപ്ത് രാജാവായ ഹക്കിം എഡി 1009ല്‍ വീണ്ടും തകര്‍ത്തു. കൂടവും ഉളിയും ഉപയോഗിച്ച് തിരുക്കല്ലറ നശിപ്പിക്കാന്‍ അയാള്‍ ശ്രമിച്ചെങ്കിലും അതില്‍ പൂര്‍ണ്ണമായും വിജയിച്ചില്ല. ഹക്കീം രാജാവിന് നശിപ്പിക്കുവാന്‍ സാധിക്കാതെ പോയ യേശുവിന്റെ തിരുക്കല്ലറയുടെ ഭാഗങ്ങള്‍ തിരുക്കല്ലറയുടെ ദേവാലയത്തിനകത്ത് ഉള്ള എടിക്കുളയാല്‍ (Aedicule) ഇന്നും സംരക്ഷിക്കപ്പെടുന്നു. ഇവിടം ആണ് 2016 ലെ ഒക്ടോബര്‍ മാസത്തില്‍ പുനരുദ്ധാരണത്തിനായി തുറക്കപ്പെട്ടത്.
കല്ലില്‍ കൊത്തപ്പെട്ട യേശുവിന്റെ കല്ലറയുടെ ഇടതുഭാഗത്ത് രണ്ടര മീറ്ററോളം ഉയരത്തിലുള്ള പാറയുടെ ഭാഗവും ശരീരം കിടത്തപ്പെട്ട ഭാഗത്തെ പാറയുടെ പ്രതലവും ഇവിടെ ഇന്നും കാണാനാകും. ഹക്കിം രാജാവ് തകര്‍ത്തുകളഞ്ഞ ദേവാലയം വളരെ ലളിതമായ രീതിയിലാണ് പുനര്‍നിര്‍മ്മിക്കപ്പെട്ടത്. പിന്നീട് കുരിശുയുദ്ധക്കാര്‍ ഇപ്പോള്‍ കാണുന്ന രീതിയില്‍ 12ാം നൂറ്റാണ്ടില്‍ അത് പുതക്കി നിര്‍മ്മിച്ചു.
പ്രാര്‍ത്ഥന:
ഞങ്ങള്‍ക്ക് വേണ്ടി പീഢകള്‍ സഹിച്ച് കുരിശില്‍ മരിച്ച് സംസ്‌കരിക്കപ്പെട്ട് മൂന്നാം ദിവസം ഉത്ഥാനം ചെയ്ത ഈശോയെ ഈ രക്ഷാകര സത്യങ്ങള്‍ക്ക് ബാക്കിയായ പരിശുദ്ധ സ്ഥലത്ത് നില്‍ക്കുമ്പോള്‍, അവയെകുറിച്ചു ധ്യാനിക്കുമ്പോള്‍ ഞങ്ങളെ അങ്ങിലേക്ക് രൂപാന്തരപ്പെടുത്തണമേ.
അവര്‍ എല്ലാവരും ഒന്നായിരിക്കുവാന്‍ വേണ്ടി പിതാവെ അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവനും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നും ലോകം അറിയുന്നതിനു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. (യോഹ: 7/21) എന്നു പറഞ്ഞ് പ്രാര്‍ത്ഥിച്ച യേശുവേ, വ്യത്യസ്ത വിഭാഗങ്ങളില്‍ പെടുന്ന എല്ലാ ക്രൈസ്തവരും വന്നു പ്രാര്‍ത്ഥിക്കുന്ന ഈ ദേവാലയത്തെ ക്രൈസ്തവ ഐക്യത്തിന്റെ വേദിയും അടയാളവുമാക്കണമെ. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഉപകരണമാക്കി എന്നെയും എല്ലാ ക്രൈസ്തവരെയും മാറ്റേണമേ. ആമേന്‍.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.