പരിശുദ്ധ കുര്‍ബാനയുടെ മഹത്വം

അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ്, വിശുദ്ധ തോമസ് അക്വീനസ് എന്നിവര്‍ ദിവ്യകാരുണ്യ ഭക്തിയുടെ പ്രായോക്താക്കളായിരുന്നു. ‘നിത്യതയുടെ ഔഷധ’മെന്ന് വിശുദ്ധ ഇഗ്നേഷ്യസ് ദിവ്യകാരുണ്യത്തെ വിശേഷിപ്പിച്ചപ്പോള്‍, ‘ഏറ്റവും മഹത്തായ കൂദാശ’യെന്ന് തോമസ് അക്വീനസും അതിനെ വിശേഷിപ്പിച്ചത്. ലത്തീന്‍ ഭാഷയില്‍ വി. തോമസ് അക്വീനാസ് രചിച്ചിട്ടുള്ള അഞ്ചു ദിവ്യകാരുണ്യഗീതികള്‍ പരിശുദ്ധ കര്‍ബ്ബാനയുടെ ദൈവശാസ്ത്രത്തിന്‍റെ സത്ത ഊറിയെത്തുന്നവയാണ്. Pange Lingua, Laudatione, Adore Te Devote, Sacris Solemnis, Verbum Supernum എന്നിവയാണ് ഇന്നും പ്രചാരത്തിലുള്ള വിഖ്യാതമായ അക്വീനാസ് ദിവ്യകാരുണ്യ ഗീതികള്‍.

ദിവ്യകാരുണ്യത്തിന്‍റെ കൂട്ടായ്മ ക്രിസ്തുവില്‍ നമ്മെ രൂപാന്തരപ്പെടുത്തുന്നു.

പരിശുദ്ധ ത്രിത്വത്തിന്‍റെ കൂട്ടായ്മയില്‍ നിറഞ്ഞിരിക്കുന്ന ക്രിസ്തുവിന്‍റെ വ്യക്തിത്വത്തോടു നാമും ഒത്തുചേരുന്നതാണ് ദിവ്യകാരുണ്യത്തിലെ കൂട്ടായ്മ. അതു നമ്മെ ക്രിസ്തുവിനോടും സഹോദരങ്ങളോടും ഐക്യപ്പെടുത്തുകയും ഏവരും ഒരു വിരുന്നുമേശയില്‍ പങ്കുചേരുകയും ചെയ്യുന്നു. അങ്ങനെ ചുറ്റുമുള്ള സഹോദരങ്ങളുമായി മാത്രമല്ല, ഈ ലോകം മുഴുവനുമായും രമ്യപ്പെടുവാനും ഐക്യപ്പെടുവാനും പരിശുദ്ധദിവ്യകാരുണ്യം വഴിതെളിക്കുന്നു.

ദിവ്യകാരുണ്യ ഭക്തരും സാമൂഹ്യ പ്രതിബദ്ധതയുള്ളവരുമായിരുന്ന 16-ാം നൂറ്റാണ്ടിലെ വിന്‍സെന്‍റ് ഡി പോളും, ആധുനികയുഗത്തിലെ മദര്‍ തെരേസായും തങ്ങളുടെ ജീവിതങ്ങള്‍കൊണ്ട് സാക്ഷൃപ്പെടുത്തി- യിട്ടുള്ളതുപോലെ പരിശുദ്ധദിവ്യകാരുണ്യം സഭയുടെ ലോകത്തുള്ള ആഴമായ സാമൂഹ്യ സാന്നിദ്ധ്യത്തിന്‍റ‍െയും പ്രതീകമാണ്. ജീവിതവീഥികളില്‍ ക്രിസ്തുവിനെ തിരിച്ചറിയുന്നവര്‍ക്കാണ് വേദനിക്കുന്നവരിലും, വിശക്കുന്നവരിലും, ദാഹിക്കുന്നവരിലും, പരദേശികളിലും, പാവങ്ങളിലും, രോഗികളിലും, കാരാഗൃഹ വാസികളിലും – അവരുടെ ഓരോരുത്തരുടെയും ആവശ്യങ്ങളില്‍ – ശ്രദ്ധാലുക്കളാകുവാനും അവരുടെ സഹായത്തിനായി ഓടിയെത്തുവാനും സാധിക്കുന്നത്. നീതിയുടെയും സഹോദര്യത്തിന്‍റേയും സ്നേഹസമൂഹം വളര്‍ത്തുന്നതിനുള്ള ശക്തിയും ബോധ്യവും ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്നും ലഭിക്കുന്നു. ആഗോളവത്ക്കരണം മനുഷ്യരെ പരസ്പരം കൂടുതല്‍ ആശ്രിതരാക്കുന്ന ഇക്കാലഘട്ടത്തില്‍, ദൈവത്തിലുള്ള ശാശ്വതമായ ഐക്യം പടുത്തുയര്‍ത്തുവാന്‍ സാധിച്ചില്ലെങ്കില്‍ വ്യക്തിമഹാത്മ്യ വാദത്തിന്‍റെയും, താന്‍ വലിയവനെന്ന ഭാവംകൊണ്ടുള്ള പരസ്പര പീഡനത്തിന്‍റെയും വിദ്വേഷത്തിന്‍റെയും കലുഷിതമായ അന്തരീക്ഷത്തില്‍ നമ്മുടെ ജീവിതങ്ങള്‍ വ്യഥപ്പെട്ടുപോകാന്‍ സാദ്ധ്യതയുണ്ട്.

ക്രിസ്തുവിന്‍റെ സുവിശേഷം എപ്പോഴും ലക്ഷൃംവയ്ക്കുന്നത് മനുഷ്യകുലത്തിന്‍റെ ഐക്യമാണ്. ഈ ലക്ഷൃം അടിച്ചേല്‍പ്പിക്കാവുന്നതോ ആശയപരമോ സാമ്പത്തികമോ ആയ താല്‍പര്യങ്ങളില്‍നിന്നും ഉരുത്തിരിയുന്നതോ അല്ല, മറിച്ച് ഓരോരുത്തരുടെയും ഉത്തരവാദിത്വങ്ങളുടെ ബോധ്യത്തില്‍നിന്നും വളരേണ്ടതാണ്. പരിശുദ്ധകുര്‍ബ്ബാനയില്‍നിന്നും സ്നേഹത്തിന്‍റെയും നീതിയുടെയും ഈ വഴിയും ബോധ്യവും ക്രിസ്തുശിഷ്യന്‍ അനുസ്യൂതം ആര്‍ജ്ജിക്കേണ്ടതാണ്, വളര്‍ത്തിയെടുക്കേണ്ടതാണ്. അന്ത്യത്താഴ വിരുന്നില്‍ അപ്പവും വീഞ്ഞും പകുത്തു നല്കിക്കൊണ്ട് ക്രിസ്തു സ്ഥാപിച്ച ബലി കാല്‍വരിയിലെ തന്‍റെ പരമയാഗത്തിന്‍റെ പ്രതിരൂപമായിരുന്നു. എല്ലാം സ്നേഹത്തില്‍ ഉള്‍ക്കൊണ്ട ക്രിസ്തുവിന്, മറ്റുള്ളവര്‍ തന്നില്‍ ഏല്പിച്ച അതിക്രമങ്ങളും അവസാനം കുരിശുമരണംപോലും സ്വാര്‍പ്പണമായി മാറുന്നു. ഈ രൂപാന്തരീകരണമാണ് ലോകത്തിന് ഇന്നാവശ്യം. ഭൗമികതയില്‍നിന്നും ആത്മീയതയിലേയ്ക്ക് ഉയരുന്ന രൂപാന്തരീകരണവും, ദൈവരാജ്യത്തിലേയ്ക്കുള്ള പരിവര്‍ത്തനവുമാണ് നമുക്കാവശ്യം. എന്നാല്‍ ഈ രൂപാന്തരീകരണം ക്രിസ്തുവിന്‍റെ ശൈലിയില്‍ ആയിരിക്കണമെന്നതാണ് ദൈവികപദ്ധതി. കാരണം ക്രിസ്തുവാണ് ‘വഴിയും, സത്യവും ജീവനും’ (യോഹ. 16, 4).

ക്രൈസ്തവീകതയില്‍ അമാനുഷമായിട്ട് ഒന്നുമില്ല. കുറുക്കു വഴികളും അതിലില്ല. ക്ഷമയുടെയും, നിലത്തു വീണലിയുന്ന വിത്തിന്‍റെയും വിനയത്തിന്‍റെയും യുക്തിയാണവിടെയുള്ളത്. മലയെ മാറ്റാന്‍ കരുത്തുള്ള കടുകുമണയോളമുള്ള വിശ്വാസത്തിന്‍റെ യുക്തിയാണ് ഈ ലോകത്തെ നവീകരിക്കുവാന്‍ ദൈവം ക്രൈസ്തവരില്‍നിന്നും പ്രതീക്ഷിക്കുന്നത്, എല്ലാ മനുഷ്യനില്‍നിന്നും പ്രതീക്ഷിക്കുന്നത്. ചരിത്രത്തെയും ഈ പ്രപഞ്ചത്തെയും രൂപാന്തരപ്പെടുത്തുവാന്‍ പോരുന്ന നിരന്തരമായ സ്നേഹപ്രവാഹത്തിന്‍റെ സ്രോതസ്സാണ് പരിശുദ്ധ ദിവ്യകാരുണ്യം.

ഓരോ ദിനത്തിലും സൂര്യന്‍ മങ്ങിമറയുമ്പോള്‍, കൂടെ ചരിക്കുന്ന ഉത്ഥിതനായ ക്രിസ്തു പറയുന്നു, “യുഗാന്ത്യംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.” മത്തായി 28, 20. ഞങ്ങളുടെ പ്രത്യാശ കെട്ടുപോകാതെ തുണയായ് നില്ക്കുന്ന അങ്ങേ അതിരറ്റ വാത്സല്യത്തിനും, അസ്തമിക്കാത്ത സ്നേഹത്തിനും, വിശ്വസ്തതയ്ക്കും ദൈവമേ, നന്ദി, നന്ദി! ക്രിസ്തുവിന്‍റെ കൂടെ അപ്പം മുറിച്ചവര്‍ പറഞ്ഞു, “സന്ധ്യ മയങ്ങുന്നു, പകല്‍ തീരാറായി. കര്‍ത്താവേ, അങ്ങു ഞങ്ങളോടുകൂടെ വന്നാലും, വസിച്ചാലും!”


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles