ദൈവസ്‌നേഹം പ്രവര്‍ത്തിയില്‍

ദിവ്യബലി മദ്ധ്യേ പ്രസംഗപീഠത്തിനു മുന്നില്‍ നിന്ന് എന്ത് പറയണമെന്നറിയാതെ വിഷമിച്ച ആ നവവൈദികന്‍ ഇത്ര മാത്രം പറഞ്ഞു നിര്‍ത്തി; ”ദൈവം സ്‌നേഹമാകുന്നു, ദൈവം സ്‌നേഹമാകുന്നു”. ദൈവസ്‌നേഹത്തെ വാക്കുകള്‍ക്കുപരി ജീവിതത്തില്‍ പകര്‍ത്തിയ ആ യുവവൈദികന്‍ പില്‍ക്കാലത്ത് വി. ജോണ്‍ മരിയാ വിയാന്നിയായെങ്കില്‍ അതിനു പിന്നില്‍ ദൈവത്തിന്റെ അനന്തമായ കരുതലുണ്ട്. അനന്തമായ സ്‌നേഹമുണ്ട്. ക്രിസ്തു പറയുന്നു” ഞാന്‍ നിങ്ങളെ സ്‌നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍”.
”കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാനാവാത്തവര്‍ക്ക് കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാനാവുന്നതെങ്ങനെ”. ഈ ചോദ്യം അനുനിമിഷം ചോദിക്കണം നമ്മള്‍. നമ്മോടു തന്നെ. ദൈവസ്‌നേഹം അടങ്ങിയിരിക്കുന്നത് വാചകക്കസര്‍ത്തിലല്ല പ്രവൃത്തിയിലാണ് എന്നോര്‍മിപ്പിക്കുന്ന ജീവിതങ്ങള്‍ കുറഞ്ഞു വരുന്നുണ്ടോ?

താല്‍ക്കാലികമായ സുഖങ്ങള്‍ക്കും കാര്യ സാദ്ധ്യത്തിനുമായി സ്‌നേഹം അഭിനയിക്കുമ്പോള്‍, ദൈവസ്‌നേഹം എന്തെന്നു തിരിച്ച റിയാനുള്ള കഴിവും അവസരവും നമുക്ക് നഷ്ടപ്പെട്ടു പോകുന്നുണ്ട്. തിരിച്ചെന്തെങ്കിലും ലാഭ പ്രതീക്ഷയോടെ ചെയ്ത് കൂട്ടുന്നവയ്ക്ക് സ്‌നേഹമെന്ന പേര്‍ അനുചിതമാണെന്നു മാത്രമല്ല, സ്‌നേഹിതര്‍ക്കു വേണ്ടി സ്വന്ത ജീവന്‍ ബലിയര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ലെന്നരുളിയവന്റെ മാതൃകയെ പരിഹസിക്കുകയുമാണ്.

ബേക്കറിയില്‍ നിന്നു ഭക്ഷണപ്പൊതികള്‍ വാങ്ങി തിരികെ പോകാനൊരുങ്ങിയ ആ അമ്മ കണ്ടത് ബേക്കറിയിലെ ചില്ലു കൂട്ടിലിരിക്കുന്ന കേക്കിലേക്ക് നോക്കി നില്‍ക്കുന്ന ദൈന്യതയാര്‍ന്ന മുഖമാണ്. രുചിയൂറുന്ന കേക്ക് നോക്കിക്കണ്ടെങ്കിലും വിശപ്പിന് അല്‍പ്പം ശമനം വരുത്താന്‍ ശ്രമിക്കുന്ന കുട്ടി, ആ കേക്ക് കഷ്ണം കൂടി നഷ്ടപ്പെടുമെന്നോര്‍ത്ത് കരഞ്ഞു തുടങ്ങുന്നുണ്ട്. ഇത് കണ്ട് ചങ്കു പിടഞ്ഞ ആ അമ്മ കേക്കു കഷണം വാങ്ങി കുട്ടിയുടെ കയ്യില്‍ കൊടുക്കുമ്പോള്‍ കരച്ചിലിനിടയിലും ഒത്തിരി സന്തോഷത്തോടെ ആ കുട്ടി ചോദിക്കുന്നു” ഇതാണോ ഞാന്‍ കേട്ടറിഞ്ഞ ക്രിസ്തു”. വിശുദ്ധയായ ആ അമ്മയെ ലോകം ആദരവോടെ ‘മദര്‍’ എന്നു വിളിച്ചെങ്കില്‍ അതിനു കാരണം ക്രിസ്തുവിന്റെ സ്‌നേഹം പകര്‍ത്തിയെഴുതിയ പെന്‍സിലായി ആ അമ്മ മാറിയെന്നതാണ്.

സ്‌നേഹത്തിന്റെ ഉറവ വറ്റിപ്പോയോ എന്നു സംശയിക്കേണ്ട കാലമാണ്. അപകടത്തിലായ സഹജീവിയെ തിരിഞ്ഞുപോലും നോക്കാതെ സ്വന്തം കാര്യം നോക്കിപ്പോകുന്നവരെ മനുഷ്യരെന്നു വിളിക്കുന്നതെങ്ങനെ. നമ്മുടെ പാപങ്ങള്‍ക്കു പരിഹാരമായി സ്വയം അര്‍പ്പിച്ചവന്‍ ഇങ്ങനെ പറയുന്നു ”ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍ നിന്നും വളരെ ദൂരെയാണ് ”.

ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്തവനെ തല്ലിക്കൊല്ലുന്നവര്‍ക്കിടയില്‍ വേറിട്ട ശബ്ദമായി നില്‍ക്കേണ്ടവനാണു ക്രിസ്ത്യാനി. വിശന്നു പൊരിഞ്ഞവര്‍ക്ക് അപ്പം വാങ്ങാന്‍ ബൈബിള്‍ വിറ്റും പണം കണ്ടെത്തിയ വിശുദ്ധന്റെ പേരിലുള്ള മാര്‍പ്പാപ്പ ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നു തിരിച്ചറിഞ്ഞത് ദൈവം തന്നെയാണ്. സ്‌നേഹപാരമ്യത്തില്‍ ചെറു അപ്പമായിത്തീര്‍ന്നവന്റെ മാതൃക പിന്തുടര്‍ന്നു ജീവിക്കാന്‍ കഴിയുമ്പോഴേ ഒരു വന്‍ ക്രിസ്തുവിന്റെ അനുയായിയായിത്തീ രുന്നുള്ളു. അതിനിനി എത്ര വളരണം നമ്മള്‍; അല്ല, എത്ര ചെറുതാവണം നമ്മള്‍?

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles