നമുക്കായ് പുത്രനെ നൽകിയ പിതാവിന്റെ സ്‌നേഹം നാം മനസ്സിലാക്കിയിട്ടുണ്ടോ? പാപ്പാ ചോദിക്കുന്നു

1. നമുക്കായി പുത്രനെ നല്കി
ഒരു ശിശുവിന്‍റെ ജനനം ആര്‍ക്കും എപ്പോഴും സന്തോഷദായകമാണ്. അത് ആവേശവും ആനന്ദവും പകരുന്നു. നമ്മെ നവീകരിക്കുകയും നമുക്കു നവജീവന്‍ നല്കുകയുംചെയ്ത ചരിത്ര സംഭവമാണ് ക്രിസ്തുവിന്‍റെ ജനനം. “നമുക്കായി രക്ഷകന്‍ ജാതനായിരിക്കുന്നു”വെന്നതാണ് പ്രവാചകവാക്യം. സങ്കീര്‍ത്തനം ആവര്‍ത്തിക്കുന്ന അതേ വചനം, നാം പുതിയ നിയമത്തില്‍ പൗലോശ്ലീഹായുടെ വാക്കുകളിലും വായിക്കുന്നുണ്ട്, “അവിടുന്ന് തന്നെത്തന്നെ നമുക്കായി നല്കി” (തീത്തൂസ് 2, 14). “ഇന്ന് നമുക്കായ് ഒരു രക്ഷകന്‍ പിറന്നു”വെന്ന് ലൂക്കാ സുവിശേഷകനും രേഖപ്പെടുത്തുന്നത് പാപ്പാ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി (ലൂക്കാ 2, 11).

2. കൃപയാല്‍ നവീകരിക്കുന്ന ദൈവപുത്രന്‍
നമുക്കായ്… എന്ന വാക്കിന്‍റെ പ്രയോഗം നമ്മെ ദൈവമക്കളായി ഉയര്‍ത്തുവാന്‍ ദൈവപുത്രന്‍ ആഗതനായി എന്നു വ്യക്തമാക്കുന്നു. അതിനാല്‍ മഹത്തായ ദാനവും വിസ്മയകരമായ അടയാളവുമാണ് ക്രിസ്തുമസ്. ആരും ഈ ജീവിതത്തില്‍ ഒരു അബദ്ധമോ, പരാജയമോ, അപര്യാപ്തതയോ അല്ല. ജീവിതത്തിന്‍റെ ഇരുട്ടില്‍നിന്ന് പുറത്തുവരുവാന്‍ തങ്ങള്‍ക്ക് ആവില്ലെന്ന് ആരും ചിന്തിക്കരുത്. ക്രിസ്തു രക്ഷകനായി കൂടെയുണ്ടെന്നും, അവിടുത്തെ സ്നേഹം അചഞ്ചലമാണെന്നും, കാരുണ്യം അപരിമേയമാണെന്നും ക്രിസ്തു നമ്മെ പഠിപ്പിക്കുന്നു. അവിടുത്തേയ്ക്കു നമ്മോടുള്ള സ്നേഹം കലവറയില്ലാത്തതാണ്. ദൈവം തരുന്ന ഔദാര്യപൂര്‍ണ്ണമായ കൃപയാണത്. ക്രിസ്തുമസ് രാവില്‍ ദൈവകൃപ നമുക്കായി ഉദയംചെയ്തിരിക്കുന്നവെന്നാണ് പൗലോശ്ലീഹാ ഉദ്ബോധിപ്പിക്കുന്നതെന്ന് പാപ്പാ സമര്‍ത്ഥിച്ചു (തീത്തൂസ് 2, 11).

3.  പുത്രനെ നല്കിയ പിതൃസ്നേഹം
തന്‍റെ ഏകജാതനെ നല്കുവാന്‍‍ വേണ്ടുവോളം പിതാവായ ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവത്തോടു നാം കാണിക്കുന്ന നന്ദികേടിനെക്കുറിച്ചും, സഹോദരങ്ങളോടു ചെയ്യുന്ന അനീതിയെ കുറിച്ചും ചിന്തിക്കുകയാണെങ്കില്‍ ദൈവം ഇത്രത്തോളം നന്മ നമുക്കായ് ചെയ്യുമോ എന്നു ചിന്തിച്ചു പോകും. നമ്മെ അത്രമാത്രം സ്നേഹിക്കുവാനും വിശ്വസിക്കുവാനും നാം അര്‍ഹരാണോ എന്നു തോന്നിപ്പോകും. അവിടുന്നു നമ്മെ അതിയായി വിലമതിക്കുകയും, ആര്‍ദ്രമായി സ്നേഹിക്കുകയും ചെയ്യുന്നു. പാപികളും ബലഹീനരുമായ മനുഷ്യരെ അവിടുത്തേയ്ക്കു സ്നേഹിക്കാതിരിക്കുവാനാവില്ല. ഇത് ദൈവത്തിന്‍റെ വഴിയാണ്. അത് നമ്മുടെ രീതികളില്‍നിന്ന് ഏറെ വ്യത്യസ്തവുമാണ്. നമുക്ക് അവിടുത്തോടുള്ള സ്നേഹത്തെക്കാള്‍ പതിന്മടങ്ങു വലുതാണ് അവിടുത്തേയ്ക്കു നമ്മോടുള്ള സ്നേഹം. അവിടുത്തെ പതറാത്തതും അചഞ്ചലവുമായ സ്നേഹംകൊണ്ടു മാത്രമേ മനുഷ്യര്‍ നന്മയില്‍ വളരുകയുള്ളൂവെന്ന് അവിടുന്ന് അറിയുന്നു. ക്രിസ്തുവിന്‍റെ കരുണാര്‍ദ്രമായ സ്നേഹത്തിനു മാത്രമേ നമ്മെ രൂപാന്തരപ്പെടുത്തുവാനും സൗഖ്യപ്പെടുത്തുവാനും നമ്മു‌ടെ നിരാശയുടെയും വിദ്വേഷത്തിന്‍റെയും നിരന്തരമായ വേവലാദിയുടെയും സര്‍പ്പിള വലയത്തില്‍നിന്നു നമ്മെ സ്വതന്ത്രരാക്കുവാനും കഴിയൂവെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

4. നമുക്കായി നല്കപ്പെട്ട പുത്രന്‍
ബെതലഹേമിലെ ഒറ്റപ്പെട്ട കാലിത്തൊഴുത്തിലെ പുല്‍ത്തൊട്ടിയിലാണ് ദൈവപുത്രന്‍ നമുക്കായി പിറന്നത്. ഇത്രയേറെ ദാരിദ്ര്യത്തിലും വിനീതാവസ്ഥയിലും ഒരു നിശബ്ദരാവില്‍ എന്തിനാണ് അവിടുന്നു ജാതനായതെന്ന് ആരും ചിന്തിച്ചുപോകാം. അവിടുത്തേയ്ക്ക് ഒരു രാജപുത്രനായി ജനിക്കാമായിരുന്നു. നമ്മുടെ മാനവികതയോടു അവിടുത്തേയ്ക്കുള്ള സ്നേഹത്തിന്‍റെ പാരമ്യമാണ് ഈ വിനീതാവസ്ഥയിലെ ആഗമനത്തില്‍ അവിടുന്നു പ്രകടമാക്കിയത്. അവിടുത്തെ അഗാധമായ സ്നേഹത്താല്‍ നമ്മുടെ താഴ്മയെയും ചെറുമയെയുമാണ് അവിടുന്നു സ്പര്‍ശിച്ചത്. ദൈവപുത്രന്‍ ജനിച്ചത് ഒരു പുറംജാതിയെപ്പോലെയാണ്. അതുവഴി ഓരോ പുറംജാതിക്കാരനും എളിയവനും ദൈവമകനും മകളുമാണെന്ന് അവിടുന്നു പഠിപ്പിക്കുന്നു.

ലോകത്ത് ഏതു കുഞ്ഞും താഴ്മയിലും ബലഹീനതയിലും കരഞ്ഞുകൊണ്ടു ജനിക്കുന്നതുപോലെ അവിടുന്നും ഈ ഭൂമിയില്‍ പിറന്നുവീണു. അവിടുത്തെ ആര്‍ദ്രമായ സ്നേഹത്താല്‍ നമ്മുടെ ബലഹീനതകളെയും കുറവുകളെയും നാം അംഗീകരിക്കേണ്ടതാണ്. ബെതലഹേമില്‍ കണ്ടതുപോലെ, നമ്മുടെ ദാരിദ്ര്യത്തിലും ഇല്ലായ്മയിലും ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമെന്നു നാം പ്രത്യാശിക്കണം. നമ്മുടെ ചെറുമയെയും ദാരിദ്ര്യത്തെയും ദൈവം വെറുക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നില്ല. അതിനാല്‍ അവിടുത്തെ സ്നേഹവും കാരുണ്യവും നമ്മുടെ ഇല്ലായ്മയെയും ബലഹീനതകളെയും പൂര്‍ണ്ണമായും രൂപാന്തരപ്പെടുത്താന്‍ നമുക്ക് അനുവദിക്കാം, അതിനുള്ള തുറവു കാണിക്കാമെന്ന മൗലികമായ കാഴ്ചപ്പാടാണ് ക്രൈസ്തവ ജീവിതത്തിന് ആവശ്യമെന്ന് പാപ്പാ ഫ്രാന്‍സിസ് എടുത്തുപറഞ്ഞു.

5. നമുക്കായി നല്കിയ വിസ്മയകരമായ അടയാളം
നമുക്കായി ശിശു ജനിച്ചുവെന്നും, പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെ അടയാളമായി നല്കുന്നുവെന്നും നാം വായിക്കുന്നു (ലൂക്കാ 2, 12). ഈ അടയാളം ആട്ടിടയന്മാര്‍ക്കുവേണ്ടി മാത്രമല്ല, ഇന്ന് നമ്മെയും, മനുഷ്യകുലത്തെയും അനുദിന ജീവിതത്തില്‍ രക്ഷയിലേയ്ക്കു നയിക്കുന്ന അടയാളമാണ് ക്രിസ്തുമസ്. ബെതലേഹം എന്ന വാക്കിന് അര്‍ത്ഥം “അപ്പത്തിന്‍റെ ഭവനം” എന്നാണ്. നാം ജീവിക്കുവാന്‍ അപ്പം കഴിക്കുന്നതുപോലെ, ലോകത്ത് മനുഷ്യര്‍ ജീവിക്കുന്നതിനായി ബെതലഹേമിലെ അപ്പത്തിന്‍റെ ഭവനത്തില്‍ അവിടുന്നു പിറന്നു. അവിടുത്തെ അസ്തമിക്കാത്തതും ഔദാര്യപൂര്‍ണ്ണവും ദൈവികമായ സ്നേഹത്താല്‍ നാം പരിപോഷിപ്പിക്കപ്പെടേണ്ടിയിരിക്കുന്നു. എന്നാല്‍ പലപ്പോഴും നമ്മുടെ വിശപ്പ് സുഖലോലുപതയ്ക്കും, ലൗകികമായ വിജയത്തിനും ലാഭത്തിനും നേട്ടത്തിനുവേണ്ടിയാണ്. അവസാനം ഇത്തരത്തിലുള്ള വിശപ്പ് നമ്മെ ശൂന്യതയിലും നിരാശയിലും ദുഃഖത്തിലുമാണ് ആഴ്ത്തുന്നത്.

കാളയും കഴുതയും അതിന്‍റെ യജമാനനെ അറിയുന്നുണ്ടെങ്കിലും മനുഷ്യന്‍ അവന്‍റെ സ്രഷ്ടാവിനെ അറിയാതെ പോകുന്നുണ്ടെന്നാണ് പ്രവാചകവാക്യം (ഏശയ 1, 2-3). ശരിയാണ്. പലപ്പോഴും പണത്തിനും വസ്തുവകകള്‍ക്കുമായുള്ള നമ്മുടെ ആര്‍ത്തിമൂലം ബെതലഹേമിലെ അപ്പത്തിന്‍റെ ഭവനത്തെക്കുറിച്ചു നാം മറന്നുപോവുകയാണ്. നമ്മുടെ ഭവനങ്ങള്‍ ഭൗതികവസ്തുക്കളും, ലൗകികമായ സ്നേഹവും സുഖസൗകര്യങ്ങളുംകൊണ്ടു നിറയ്ക്കുകയാണ് നാം പരിശ്രമിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥമായ സംതൃപ്തിയും സുഖവും നമുക്കുണ്ടാകുന്നത് ദൈവത്തില്‍നിന്നും, അവിടുത്തോടുള്ള സ്നേഹത്തില്‍നിന്നുമാണ്. ദൈവസ്നേഹത്തില്‍ വളരുന്നവര്‍ സഹോദരസ്നേഹത്തിലും വളരും. യേശുവാകണം നമ്മുടെ മാതൃക. അനാദിയിലേ വചനമായിരുന്ന അവിടുന്ന് ഒരു ശിശുവായി, താഴ്മയില്‍ ജനിച്ചു. നിശബ്ദമായും പ്രശാന്തമായും അവിടുത്തെ ജീവന്‍ നമുക്കായി സമര്‍പ്പിച്ചു. നാം ഒത്തിരി വാക്കുകളുടെ മനുഷ്യരാണ്. എന്നാല്‍ നന്മയായി നമുക്ക് അധികമൊന്നും പറയാനില്ലെന്ന സത്യം വചനധ്യാനത്തില്‍ പ്രതിധ്വനിച്ചു.

6. നമുക്കായി നല്കപ്പെട്ട പുത്രന്‍
കൊച്ചുകുട്ടികള്‍ ഉള്ളവര്‍ക്ക് അറിയാം, എന്തുമാത്രം സ്നേഹവും ക്ഷമയും വേണമെന്ന്. അവരെ പാലൂട്ടണം, അവര്‍ക്കു ഭക്ഷണം നല്കണം, കുളിപ്പിക്കണം കളിപ്പിക്കണം, അവരുടെ കുറവുകളെ പ്രത്യേകം മനസ്സിലാക്കി ക്ഷമയോടെ വളര്‍ത്തിക്കൊണ്ടു വരണം. മുതിര്‍ന്നവര്‍ക്കു ഒരു കുഞ്ഞിന്‍റെ സ്നേഹം തിരികെ കിട്ടുമെങ്കിലും, ആ കുഞ്ഞ് അവരെ സ്നേഹിക്കാന്‍ പഠിപ്പിക്കുകയാണ്. ഒരു കുഞ്ഞിന്‍റെ നിഷ്ക്കളങ്കമായി കരയുമ്പോള്‍ നമ്മുടെ വിദ്വേഷവും കോപവും അസ്ഥാനത്താണെന്നാണ് ആ കുഞ്ഞു പഠിപ്പിക്കുന്നത്. കുഞ്ഞിന്‍റെ പ്രതികാരമില്ലാത്തതും നിഷ്ക്കളങ്കവുമായ സ്നേഹം നമ്മെ പഠിപ്പിക്കുന്നത്, ബലഹീനരും എളിയവരുമായവരെക്കുറിച്ച് കരുതലുള്ളവരാകണമെന്നാണ്. ദൈവം വിനീതനായി നമ്മുടെ മദ്ധ്യേ പിറന്നപ്പോള്‍ എളിയവരെ സ്നേഹക്കുകയും സഹായിക്കുകയും ചെയ്യുന്നതും ദൈവസ്നേഹമാണെന്ന് നമ്മെ പഠിപ്പിക്കുവാനായിരുന്നു. ഒരു കവി കുറിച്ചത് ഒരു ക്രിസ്തുമസ് രാത്രിയില്‍ തനിക്കു മനസ്സിലായത്, ദൈവത്തിന്‍റെ വീട് തന്‍റെ അയല്‍പക്കത്താണെന്നും, ആ വീട്ടിലെ മനുഷ്യരും എല്ലാ സാമഗ്രികളും സ്നേഹ യോഗ്യമാണെന്നും, തന്‍റെ ഇഷ്ടകവിയെ ഉദ്ധരിച്ചുകൊണ്ടു പാപ്പാ ഉദ്ബോധിപ്പിച്ചു (എമിലി ഡിക്സണ്‍, കവിത 17).

7.  ലോകത്തു സാഹോദര്യം വളരണമേയെന്ന പ്രാര്‍ത്ഥന
ശിശുക്കളെപ്പോലെ നമ്മെ ലാളിത്യമുള്ളവരാക്കാന്‍ ബേതലഹേമിലെ ശിശുവിന്,  യേശുവിനു കഴിയും. ഞാന്‍ വിചാരിക്കുന്നതുപോലെയല്ല, മറിച്ച് ഞാന്‍ ആയിരിക്കുന്ന അവസ്ഥയില്‍ അവിടുന്ന് എന്നെ സ്നേഹിക്കുന്നു. പുല്‍ക്കൂട്ടിലെ ശിശു എന്നെ ആശ്ലേഷിച്ചാല്‍ എന്‍റെ ജീവിതത്തെ ഞാന്‍ സത്യസന്ധമായി ആശ്ലേഷിക്കും. ജീവന്‍റെ അപ്പമായ ക്രിസ്തുവിനോടു ഞാന്‍ അടുക്കുമ്പോള്‍, ജീവിത ചുറ്റുപാടുകളില്‍ ഞാനും ഒരു ജീവാര്‍പ്പണത്തിനു സത്യസന്ധമായി സന്നദ്ധമാകും. സഹോദരങ്ങളെ സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും യേശുവേ, അങ്ങ് ഞങ്ങളെ പഠിപ്പിക്കണമേ. ഞങ്ങളെ ഒരിക്കലും കൈവെടിയാത്ത യേശുവേ, എന്‍റെ സഹോദരനും സഹോദരിക്കും സാന്ത്വനമേകുവാനും, അവരെ തുണയ്ക്കുവാനും ഈ രാത്രി മുതല്‍ അവിടുന്ന് ഞങ്ങളെ ഓരോരുത്തരെയും സഹായിക്കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles