കോവിഡ് നമ്മെ എന്തു പഠിപ്പിച്ചു? ഫ്രാന്‍സിസ് പാപ്പായ്ക്ക് പറയാനുള്ളത് കേള്‍ക്കൂ

‘പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങൾക്ക് ശുഭദിനം ആശംസിക്കുന്നു’ എന്ന അഭിസംബോധനയോടുകൂടി ആരംഭിച്ച ഉദ്‌ബോധനം, കൊറോണാ മഹാമാരിയിലൂടെ ലോകത്തിൽ വെളിവാക്കപ്പെട്ട പച്ചയായ ചില യാഥാർഥ്യങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ടാണ് മുന്നേറിയത്. പാപ്പാ പറയുന്നു: “ലോകത്തിൽ കൊടികുത്തിവാഴുന്ന വലിയ അസമത്വത്തെയും, പാവപ്പെട്ടവർ നേരിടുന്ന ദുരവസ്ഥയെയും ഈ മഹാമാരി തുറന്നുകാട്ടി. ഈ വൈറസ് ആളുകൾക്കിടയിൽ ഒരു വേർതിരിവും വരുത്തുന്നില്ലെങ്കിലും, അതിന്‍റെ വിനാശകരമായ പാതയിൽ, കൊടിയ അസമത്വങ്ങളെയും വിവേചനങ്ങളേയും കണ്ടെത്തി. അത് പടർന്ന് പിടിച്ചു!”

അതിനാൽ ഈ മഹാമാരിയോടുള്ള പ്രതികരണം രണ്ട് രീതിയിലാണെന്ന് പാപ്പാ വിവരിക്കുന്നു. ഒരു വശത്ത്, ലോകത്തെ മുഴുവൻ മുട്ടുകുത്തിച്ചിരിക്കുന്ന, ചെറുതും എന്നാൽ ഭയങ്കരവുമായ ഈ വൈറസിന് പരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. മറുവശത്ത്, സാമൂഹ്യ അനീതി, അവസരങ്ങളിലെ അസമത്വം, പാർശ്വവൽക്കരണം, ദുർബലരുടെ സംരക്ഷണത്തിലെ അലംഭാവം തുടങ്ങിയ വലിയ വൈറസിനെ നാം ചികിത്സിക്കണം. ഈ രണ്ട് രീതിയിലുള്ള പ്രതികരണത്തിനും പരിഹാരമായി പാപ്പാ ചൂണ്ടിക്കാണിക്കുന്നത്, സുവിശേഷം നൽകുന്ന നിർദേശമാണ്, അതായത് ‘ദരിദ്രർക്ക് നൽകേണ്ട മുൻഗണനയിൽ നിന്ന് പിന്നോട്ട് പോകരുത്’. (Evangelii gaudium, 195)

ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും, അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽആയിത്തീർന്നു (ഫിലി. 2,6-7). ഒരു എളിയ കുടുംബത്തിൽ ജനിച്ചു, മരപ്പണിക്കാരന്‍റെ ജോലി സ്വീകരിച്ചു. ദൈവരാജ്യ പ്രഘോഷണത്തിന്‍റെ തുടക്കത്തിൽ, ദരിദ്രർ, ദൈവരാജ്യത്തിൽ അനുഗ്രഹിക്കപ്പെട്ടവരാണെന്ന് പ്രഖ്യാപിച്ചു (മത്താ. 5,3; ലൂക്കാ 6,20; EG, 197). രോഗികളുടെയും, ദരിദ്രരുടെയും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും മദ്ധ്യേ ആയിരുന്നുകൊണ്ട്, അവരോടുള്ള ദൈവത്തിന്‍റെ കരുണയുള്ള സ്നേഹം പ്രകടിപ്പിച്ചു (തിരുസഭയുടെ മതബോധനഗ്രന്ഥം, 2444).

അങ്ങനെ, ദരിദ്രരോടും, കുഞ്ഞുങ്ങളോടും, രോഗികളോടും, കാരാഗൃഹത്തിലായിരിക്കുന്നവരോടും, പുറന്തള്ളപ്പെട്ടവരോടും, ഭക്ഷണവും വസ്ത്രവുമില്ലാത്തവരോടും പ്രകടിപ്പിക്കുന്ന അടുപ്പത്തിന്‍റെയും പരിഗണനയുടെയും പ്രവർത്തിയാൽ യേശുവിന്‍റെ അനുയായികളെ തിരിച്ചറിയുന്നുവെന്നും (മത്താ. 25,31-36; തിരുസഭയുടെ മതബോധനഗ്രന്ഥം, 2443); ഇതാണ് ക്രൈസ്തവ ജീവിതത്തിന്‍റെ ആധികാരികതയുടെ പ്രധാന മാനദണ്ഡമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു (ഗലാ. 2,10; EG,195). ദരിദ്രരോട് പ്രകടിപ്പിക്കേണ്ട ഈ മുൻഗണന കുറച്ച് പേരുടെ മാത്രം കടമയാണെന്ന് ചിലർ തെറ്റിദ്ധരിക്കുന്നു, വാസ്തവത്തിൽ ഇത് സഭയുടെ മുഴുവൻ ദൗത്യമാണെന്നും; ഓരോ ക്രിസ്ത്യാനിയും ഓരോ സഭാ സമൂഹവും വിളിക്കപ്പെട്ടിരിക്കുന്നത് ദരിദ്രരുടെ വിമോചനത്തിനും ഉന്നമനത്തിനുമുള്ള ദൈവത്തിന്‍റെ ഉപകരണങ്ങളായിട്ടാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു (EG, 187).

കൂടാതെ, വിശ്വാസവും, പ്രത്യാശയും, സ്നേഹവും, അനിവാര്യമായ ഈ മുൻഗണനയിലേക്ക്, അതായത് ദരിദ്രർക്ക് നൽകേണ്ട പ്രാധാന്യത്തിലേയ്ക്ക് നമ്മെ നയിക്കുന്നുവെന്നും, അത് നമ്മെ ഉപരിപ്ലവമായ സഹായ പ്രക്രിയയ്ക്കും അപ്പുറത്തേയ്ക്ക് കൊണ്ടുപോകുമെന്നും (cfr EG, 198); വാസ്തവത്തിൽ, ജ്ഞാനവും സർഗ്ഗാത്മകതയും കൊണ്ട്, പീഡിതനായ ക്രിസ്തുവിനെ അറിയുന്നവരും, രക്ഷയുടെ അനുഭവത്താൽ നിറയുന്നതിനായി സ്വയം വിട്ടുകൊടുക്കുന്നവരുമാണ്, ഒരുമിച്ച് നടക്കുന്നതും, അവരെത്തന്നെ സുവിശേഷീകരിക്കാൻ അനുവദിക്കുന്നതെന്നും പാപ്പാ വിവരിച്ചു.

തുടർന്ന്, “ദരിദ്രരുമായി പങ്കിടുക” എന്നതിനർത്ഥം “പരസ്പരം സമ്പന്നമാകുക” എന്നാണെന്ന് പാപ്പാ വിശദീകരിച്ചു. അതായത്, സുന്ദരമായ ഭാവിയെക്കുറിച്ച് സ്വപ്നം കാണുന്നതിന് തടസമായി നിൽക്കുന്ന, രോഗബാധിതമായ സാമൂഹിക ഘടനകളുണ്ടെങ്കിൽ, അവയെ സുഖപ്പെടുത്തുന്നതിനും മാറ്റുന്നതിനും നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം. കാരണം, അതിരുകളിലേക്കും, അരികുകളിലേക്കും, അസ്തിത്വ അതിർത്തികളിലേക്കുമെത്തുന്ന, നമ്മെ അവസാനം വരെ സ്നേഹിച്ച, ക്രിസ്തുവിന്‍റെ സ്നേഹം അതിലേക്കാണ് നമ്മെ നയിക്കുന്നത്. അതിരുകളെയും അരികുകളെയും കേന്ദ്രത്തിലേക്ക് കൊണ്ടുവരികയെന്നാൽ, നമ്മുടെ ജീവിതത്തെ ക്രിസ്തുവിൽ കേന്ദ്രീകരിക്കുക എന്നാണ്, അതായത് നമുക്കായി “തന്നെത്തന്നെ ദരിദ്രനാക്കിയ”-“തന്റെ ദാരിദ്ര്യത്തിലൂടെ” നമ്മെ സമ്പന്നമാക്കുന്ന (2 കോറി 8: 9) ക്രിസ്തുവിലേക്ക് കൊണ്ടുവരിക (2കോറി. 8,9) എന്നർത്ഥം.

പകർച്ചവ്യാധിയിൽ നിന്നുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് നമ്മൾ എല്ലാവരും ആശങ്കാകുലരാണ്. സാധാരണ നിലയിലേക്ക് മടങ്ങാനും, സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും നമ്മൾ ആഗ്രഹിക്കുന്നു. എന്നാൽ ഈ “സാധാരണ” നിലയിലേക്കുള്ള മടങ്ങിപ്പോക്കിൽ സാമൂഹിക അനീതികളും പരിസ്ഥിതിയുടെ തകർച്ചയും ഉൾപ്പെടരുതെന്നും; ഇന്ന് നമുക്ക് വ്യത്യസ്തമായ ഒരവസ്ഥ സൃഷ്ടിക്കുവാനുള്ള അവസരമുണ്ടെന്നും പാപ്പാ വിവരിച്ചു. ഉദാഹരണമായി, ദരിദ്രരുടെ ക്ഷേമത്തിനെന്നതിനുപരി, അവരുടെ സമഗ്രവികസനത്തിനായുള്ള ഒരു സമ്പദ്‌വ്യവസ്ഥയെ നമുക്ക് വളർത്തിയെടുക്കാൻ കഴിയുമെന്നും; അത് സമൂഹത്തെ വിഷലിപ്തമാക്കുന്ന പരിഹാരങ്ങളെ ആശ്രയിക്കാത്ത, മാന്യമായ വരുമാനം നിഷേധിക്കാതെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സമ്പദ്‌വ്യവസ്ഥയാണെന്നും പാപ്പാ പറഞ്ഞു.

കൂടാതെ, ദരിദ്രർക്ക് മുൻഗണന നൽകണമെന്ന, ദൈവസ്നേഹത്തിന്‍റെ ധാർമ്മികവും സാമൂഹികവുമായ ആവശ്യം, വ്യക്തികളെയും പ്രത്യേകിച്ച് ദരിദ്രരെയും കേന്ദ്രീകരിച്ചുള്ള ഒരു സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ചിന്തിക്കാനും, രൂപകൽപ്പന ചെയ്യാനും നമുക്ക് പ്രേരണ നൽകുമെന്നും; കൊറോണാ വൈറസിന്റെ ആക്രമണത്തിന് വിധേയരായി പരിചരണം ഏറ്റവും ആവശ്യമുള്ളവർക്ക് മുൻ‌ഗണന നൽകികൊണ്ട്, കോവിഡ് -19 വാക്‌സിൻ ദരിദ്രർക്കും ധനികർക്കും ഒരുപോലെ ലഭ്യമാക്കുവാൻ ഉതകുന്ന രീതിയിൽ രാഷ്ട്രങ്ങൾ പദ്ധതികൾ രൂപീകരിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

ആരോഗ്യകരമായ ഒരു ലോകത്തെ കുറിച്ചുള്ള ആഹ്വാനം
പാവപ്പെട്ടവരോടും, ദുർബലരോടും അനീതി കാണിക്കുന്ന ഒരു ലോകത്തിലേക്ക് വൈറസ് വീണ്ടും വർദ്ധിച്ചാൽ, ദിവ്യസ്നേഹത്തിന്റെ ഭിഷ്വഗ്വരനായ, ശാരീരികവും സാമൂഹികവും ആത്മീയവുമായ രോഗശാന്തി നൽകാൻ കഴിയുന്ന, യേശുവാകുന്ന ഉദാഹരണത്തെ മുൻനിറുത്തി, അദൃശ്യ വൈറസുകൾ മൂലമുണ്ടാകുന്ന പകർച്ചവ്യാധികളെ സുഖപ്പെടുത്താനും, വലുതും ദൃശ്യവുമായ സാമൂഹിക അനീതികൾ മൂലമുണ്ടാകുന്ന പോരായ്മകളെ ഉൻമൂലനം ചെയ്യാനും നാം പ്രവർത്തിക്കണം, നമ്മൾ ഈ ലോകത്തെ മാറ്റണം. അതിനായി, അതിരുകളിലേയ്ക്ക് പുറന്തള്ളപ്പെട്ടവയെ കേന്ദ്രഭാഗത്തേയ്ക്ക് കൊണ്ടുവരികയും, അവസാനത്തേയ്ക്ക് തള്ളപ്പെട്ടതിനെ ആദ്യസ്ഥാനത്തേയ്ക്ക് കൊണ്ടുവരികയും ചെയ്യുന്ന ദൈവസ്നേഹത്തിൽ നിന്ന് ആരംഭിച്ച്, പ്രതീക്ഷയിൽ നങ്കൂരമിടുകയും, വിശ്വാസത്തിൽ പടുത്തുയർത്തുകയും ചെയ്താൽ ആരോഗ്യകരമായ ഒരു ലോകം സാധ്യമാകുമെന്ന ആഹ്വാനത്തോടെയാണ് പൊതുകൂടിക്കാഴ്ചയുടെ സന്ദേശം പാപ്പാ ഉപസംഹരിച്ചത്.

തുടർന്ന്, പ്രാർത്ഥനയ്ക്കും ക്രിസ്തീയ രൂപീകരണത്തിനുമായി കൂടുതൽ സമയം നീക്കിവയ്ക്കാനും, ക്രിസ്തുവിന്‍റെ വിശ്വസ്തരായ ശിഷ്യന്മാരാകാനും, അങ്ങനെ സാഹോദര്യ ഐക്യദാർഢ്യത്തിൽ വളരാനും എല്ലാവരേയും പാപ്പാ ക്ഷണിച്ചു. തുടര്‍ന്ന് വിവിധ ഭാഷകൾ സംസാരിക്കുന്നവരെ അഭിസംബോധന ചെയ്തുകൊണ്ട്, അവരുടെ പൊതു ആവശ്യങ്ങള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥന നേരുകയും ചെയ്തു. ഇറ്റാലന്‍ ജനതയെ അഭിസംബോധന ചെയ്യവെ, തിരുസഭയിലെ ദൈവശാസ്ത്രജ്ഞനും ‘എത്രയും ദയയുള്ള മാതാവേ…’ എന്നുതുടങ്ങുന്നത് പോലെയുള്ള പരിശുദ്ധ മാതാവിന്‍റെ സ്തുതിക്കായുള്ള, വിശ്വവിഖ്യാതമായ നിരവധി ഗാനങ്ങൾ രചിച്ച ക്ലെയര്‍വോയിലെ വിശുദ്ധ ബെർണാഡിന്‍റെ ഓർമ്മദിനമാണ് സഭ ആഗസ്റ്റ് 20-ന് ആഘോഷിക്കുന്നതെന്നും അനുസ്മരിപ്പിച്ചു. വിശുദ്ധന്‍റെ മാതൃക പിഞ്ചെന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി ആശ്വാസദായികയായ പരിശുദ്ധ കന്യകമാതാവിന്‍റെ മാതൃസംരക്ഷണം യാചിക്കാമെന്നും ലോകജനതയോട് പാപ്പാ ആഹ്വാനം ചെയ്തു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles