ദൈവവിളികൾക്കായുള്ള അൻപത്തിയൊൻപതാമത് ആഗോള പ്രാർത്ഥനാദിനം: ഫ്രാൻസിസ് പാപ്പായുടെ സന്ദേശം

യുദ്ധത്തിന്റെയും അടിച്ചമർത്തലുകളുടെയും തണുത്തുറഞ്ഞ കാറ്റ് വീശിയടിക്കുന്ന, ദ്രുവീകരണത്തിന്റേതായ പ്രതിഭാസങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഇക്കാലത്ത്, സഭ എന്ന നിലയിൽ നമ്മൾ ആരംഭിച്ചിരിക്കുന്നത് ഒരു സിനഡൽ പ്രക്രിയയാണ്. പരസ്പര സഹകരണത്തിലൂടെയും, പങ്കുവയ്ക്കലിലൂടെയും, മറ്റുള്ളവരെ ശ്രവിക്കുന്നതും, ഒരുമിച്ച് നടക്കുന്നതും ആവശ്യമാണ് എന്ന ബോധ്യമാണ് സഭയെ ഇതിന് പ്രേരിപ്പിക്കുന്നത്. നല്ല ഇച്ഛാശക്തിയുള്ള സ്ത്രീപുരുഷന്മാർക്കൊപ്പം ചേർന്ന് മാനവികകുടുംബം കെട്ടിപ്പടുക്കാനും, മനുഷ്യകുലത്തിന്റെ മുറിവുകൾ സുഖപ്പെടുത്താനും, മെച്ചപ്പെട്ട ഒരു ഭാവിയിലേക്ക് അതിനെ നയിക്കാനുമാണ് നാം ആഗ്രഹിക്കുന്നത്. ഈയൊരർത്ഥത്തിൽ ദൈവവിളികൾക്കായുള്ള അൻപത്തിയൊൻപതാമത് പ്രാർത്ഥനാദിനത്തിൽ, ദൈവത്തെയും ലോകത്തെയും ശ്രവിക്കാൻ പരിശ്രമിക്കുന്ന ഒരു സിനഡൽ സഭ എന്ന നിലയിൽ, നിങ്ങളോടൊപ്പം “ദൈവവിളിയുടെ” വിപുലമായ അർത്ഥത്തെക്കുറിച്ച് ചിന്തിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

എല്ലാവരും മിഷനറി ദൗത്യത്തിൽ പ്രധാനികളാകാൻ വിളിക്കപ്പെട്ടവർ

ഒരുമിച്ച് നടക്കുക എന്ന സിനഡാത്മകത, സഭയ്ക്കുള്ള അടിസ്ഥാനപരമായ ഒരു വിളിയാണ്. മാത്രമല്ല ഈയൊരു സാഹചര്യത്തിലെ വിവിധ ദൈവവിളികളെയും, സിദ്ധികളെയും, ശുശ്രൂഷകളെയും കണ്ടെത്താനും വിലയിരുത്താനുമാകൂ. അതേസമയം, തന്നിൽനിന്ന് തന്നെ പുറത്തുവന്ന്, സുവിശേഷത്തിന്റെ വിത്ത് ചരിത്രത്തിൽ വിതച്ചുകൊണ്ട് സുവിശേഷവത്കരണം നടത്തുവാനായാണ് സഭ നിലനിൽക്കുന്നതുതന്നെ. അജപാലനകർമ്മത്തിന്റെ എല്ലാ മേഖലകളും യോജിപ്പിച്ചുകൊണ്ട്, അതിലുപരി കർത്താവിന്റെ എല്ലാ ശിഷ്യന്മാരെയും ഉൾക്കൊള്ളിച്ചുകൊണ്ട് മാത്രമേ ഈയൊരു ലക്‌ഷ്യം സാധ്യമാകൂ. യഥാർത്ഥത്തിൽ, മാമ്മോദീസായാൽ ദൈവജനത്തിലെ ഓരോ അംഗവും മിഷനറിയായ ശിഷ്യനായി മാറിയിട്ടുണ്ട് (മത്തായി 28, 19). സഭയിലെ തങ്ങളുടെ കടമയും തങ്ങളുടെ വിദ്യാഭ്യാസത്തിന്റെ നിലയും എന്തുതന്നെയുമായിക്കോട്ടെ, എല്ലാ സഭാതനായരും സുവിശേഷവത്കരണത്തിന്റെ സജീവ പ്രവർത്തകരാണ് (cfr. Ex. ap. Evangelii gaudium, 120). വൈദികരെ നായകന്മാരെയും അല്മയരെ നടത്തിപ്പുകാരായും പരിഗണിക്കുന്ന പ്രവണതയിൽനിന്ന് മാറി, അൽമായരും ഇടയന്മാരും ഒരുമിച്ച് ദൈവജനമെന്ന നിലയിൽ ക്രൈസ്തവദൗത്യം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. സഭ മുഴുവനും സുവിശേഷവത്കരിക്കുന്ന ഒരു സമൂഹമാണ്.

പരസ്പരവും സൃഷ്ടലോകത്തിന്റെയും സംരക്ഷകരാകാൻ വിളിക്കപ്പെട്ടവർ

“ദൈവവിളി” എന്ന വാക്ക്, ഒരു പ്രത്യേക സമർപ്പണത്തിന്റെ പാതയിൽ കർത്താവിനെ പിന്തുടരുന്നവരെ മാത്രം പരാമർശിക്കുവാനായി നിയന്ത്രിതമായ അർത്ഥത്തിൽ മാത്രമല്ല മനസ്സിലാക്കേണ്ടത്. ചിതറിപ്പോയ മാനവരാശിയെ ഒരുമിച്ചുകൂട്ടാനും, ദൈവവുമായി അനുരഞ്ജനം നടത്തുവാനുമുള്ള ക്രിസ്തുവിന്റെ ദൗത്യത്തിൽ പങ്കുകാരാകുവാനായി നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിന് മുൻപുതന്നെ ഓരോ മനുഷ്യനും ജീവിതമെന്ന ദാനത്താൽ അടിസ്ഥാനപരമായ ഒരു വിളി സ്വീകരിക്കുന്നുണ്ട്. ദൈവത്താൽ സ്നേഹിക്കപ്പെടുകയും ആഗ്രഹിക്കപ്പെടുകയും ചെയ്ത നമുക്കായി ദൈവത്തിന് അതുല്യമായ ഒരു ചിന്തയുണ്ടായിരുന്നു. നമ്മുടെ ഉള്ളിൽ വസിക്കുന്ന ദൈവികമായ ആ തീപ്പൊരിയെ വളർത്തിയെടുക്കാനും അതുവഴി മാനവികതയെ സ്നേഹത്തിലൂടെയും പരസ്പരം അംഗീകരിക്കുന്നതിലൂടെയും വളർത്തുന്നത്തിനും നമുക്ക് കടമയുണ്ട്. പരസ്പരം സംരക്ഷകരാകാനും, യോജിപ്പിന്റെയും പങ്കുവയ്ക്കലിന്റെയും ബന്ധങ്ങൾ കെട്ടിപ്പടുക്കുവാനും, സൃഷ്‌ടപ്രപഞ്ചത്തിന്റെ സൗന്ദര്യം നശിച്ചുപോകാതിരിക്കാനായി അതിന്റെ മുറിവുകൾ സുഖപ്പെടുത്താനും നാം വിളിക്കപ്പെട്ടിരിക്കുന്നു. ചുരുക്കത്തിൽ, സൃഷ്ടലോകമെന്ന അതിമനോഹരമായ പൊതുഭവനത്തിൽ, അതിലെ ഘടകങ്ങളുടെ ഐക്യമുള്ള വൈവിധ്യത്തിൽ ഒരു കുടുംബമായി മാറുക. ഈയൊരർത്ഥത്തിൽ വ്യക്തികൾക്ക് മാത്രമല്ല, വിവിധ തരത്തിലുള്ള ആളുകൾക്കും, സമൂഹങ്ങൾക്കും, കൂട്ടായ്മകൾക്കും ഒരു “ദൈവവിളി” ഉണ്ട്.

ദൈവത്തിന്റെ നോട്ടത്തെ സ്വാഗതം ചെയ്യാൻ വിളിക്കപ്പെട്ടവർ

ഈയൊരു വലിയ പൊതുവായ വിളിയിലാണ്, ദൈവം നമ്മോട് നടത്തുന്ന പ്രത്യേകമായ ദൈവവിളി ഉൾപ്പെടുത്തുന്നത്. അത്, അവന്റെ സ്നേഹത്തിലൂടെ നമ്മുടെ അസ്തിത്വത്തിലെത്തി, അതിനെ അതിന്റെ ആത്യന്തികലക്ഷ്യത്തിലേക്ക്, മരണത്തിന്റെ വാതിൽപ്പടിയെപ്പോലും മറികടക്കുന്ന പൂർണതയിലേക്ക്, നയിക്കുന്നതിലൂടെയാണ്. അങ്ങനെ ദൈവം നമ്മുടെ ജീവിതത്തിലേക്ക് നോക്കുവാൻ ആഗ്രഹിക്കുകയും, നോക്കുകയും ചെയ്യുന്നു.

“ഓരോ കല്ലിനുമുള്ളിൽ ഒരു പ്രതിമയുണ്ട്; അത് കണ്ടെത്തേണ്ടത് ശില്പിയുടെ കടമയാണ്” എന്ന വാക്കുകൾ മൈക്കിളാഞ്ചെലോ ബോനറോത്തിയിൽ ആരോപിക്കപ്പെടുന്നുണ്ട്. കലാകാരന്റെ നോട്ടം ഇതാകാമെങ്കിൽ, ദൈവം ഇതിലധികമായി നമ്മെ നോക്കുന്നു: നസ്രത്തിലെ ആ പെൺകുട്ടിയിൽ അവൻ ദൈവമാതാവിനെ കണ്ടു; യോനായുടെ പുത്രനായ മീൻപിടുത്തക്കാരൻ ശിമയോനിൽ, അവന്റെ സഭ പണിതുയർത്താനുള്ള പാറയാകുന്ന പത്രോസിനെ അവൻ കണ്ടു; നികുതിപിരിക്കുന്നവനായ ലേവിയിൽ, തന്റെ ശിഷ്യനും സുവിശേഷകനുമായ മത്തായിയെ തിരിച്ചറിഞ്ഞു; ക്രിസ്ത്യാനികളെ കഠിനമായി പീഡിപ്പിക്കുന്ന സാവൂളിൽ, വിജാതിയരുടെ അപ്പസ്തോലനായ പൗലോസിനെ കണ്ടു. അവന്റെ സ്നേഹത്തിന്റെ നോട്ടം എപ്പോഴും നമ്മിലേക്ക് എത്തുകയും, നമ്മെ സ്പർശിക്കുകയും, നമ്മെ സ്വാതന്ത്രരാക്കുകയും, പുതിയ മനുഷ്യരാക്കിക്കൊണ്ട് നമ്മെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു.

ഓരോ വിളിയുടെയും പ്രത്യേകത ഇതാണ്: നമ്മെ വിളിക്കുന്ന ദൈവത്തിന്റെ നോട്ടം നമ്മിലേക്ക് എത്തിച്ചേരുന്നു. അതേസമയം വിശുദ്ധിപോലെ,  ദൈവവിളിയും, കുറച്ചുപേർക്കായി മാത്രം കരുതിവച്ചിരിക്കുന്ന ഒരു അസാധാരണ അനുഭവമല്ല. “തൊട്ടടുത്തു വസിക്കുന്നന്റെ വിശുദ്ധി” (cf. Apostolic Exhortation Gaudete et exsultate, 6-9) പോലെ, ദൈവവിളിയും എല്ലാവർക്കുമുള്ളതാണ്, കാരണം എല്ലാവരും ദൈവത്താൽ നോക്കപ്പെടുകയും വിളിക്കപ്പെടുകയും ചെയ്യുന്നവരാണ്.

പൂർവ്വപൗരസ്ത്യദേശത്തുനിന്നുള്ള ഒരു പഴഞ്ചൊല്ല് ഇങ്ങനെയാണ്: “മുട്ടയെ നോക്കുന്ന ജ്ഞാനിയായ മനുഷ്യന് അതിൽ ഒരു കഴുകനെ കാണാനറിയാം; ഒരു വിത്തിനെ നോക്കിക്കൊണ്ട് ഒരു വൻവൃക്ഷത്തെ അവൻ കാണുന്നു; ഒരു പാപിയെ നോക്കുമ്പോൾ ഒരു വിശുദ്ധനെ അവന് കാണാനറിയാം”. ദൈവം നമ്മെ നോക്കുന്നത് ഇപ്രകാരമാണ്: നമ്മിൽ ഓരോരുത്തരിലും സാധ്യതകളെ അവൻ കാണുന്നു, ചിലപ്പോൾ അവ നമുക്ക് തന്നെ അറിയില്ലാത്തതാണ്. നാം ആ കഴിവുകളെ പൊതുനന്മയ്ക്കായി ഉഴിഞ്ഞുവയ്ക്കുന്നതിനായി, നമ്മുടെ ജീവിതകാലം മുഴുവൻ അവൻ വിശ്രമമില്ലാതെ പ്രവർത്തിക്കുന്നു.

നാം ഏത് അമൂല്യസൃഷ്ടി ആയിരിക്കേണ്ടതിനായാണോ വിളിക്കപ്പെട്ടിരിക്കുന്നത് അത് നമ്മിൽ നിലനിൽക്കുന്നതിനായി, തന്റെ കരങ്ങളാൽ, നമ്മെ നമ്മിൽനിന്ന് തന്നെ പുറത്തുകൊണ്ടുവരുത്തുന്ന, ദിവ്യശിൽപ്പിയുടെ കലയിലൂടെയാണ് ദൈവവിളി ഉണ്ടാകുന്നത്. പ്രത്യേകിച്ചും, നമ്മെ സ്വാർത്ഥതയിൽ നിന്ന് മോചിപ്പിക്കുന്ന ദൈവവചനം നമ്മെ ശുദ്ധീകരിക്കാനും പ്രബുദ്ധരാക്കാനും പുനർസൃഷ്ടിക്കാനും പ്രാപ്തമാണ്. അതിനാൽ, ദൈവം നമ്മെ ഏല്പിച്ചിരിക്കുന്ന വിളിയിലേക്ക് നമ്മെത്തന്നെ തുറക്കുവാനായി, നമുക്ക് വചനം ശ്രവിക്കാം. നമ്മുടെ സഹോദരീസഹോദരന്മാരെ വിശ്വാസത്തോടെ കേൾക്കാനും നമുക്ക് പഠിക്കാം, കാരണം നാം സഞ്ചരിക്കാനായുള്ള പുതിയ വഴികൾ നമുക്ക് കാണിച്ചുതരുന്ന ദൈവത്തിന്റെ താല്പര്യം അവരുടെ ഉപദേശത്തിലും അവരുടെ മാതൃകയിലും മറഞ്ഞിരിക്കുന്നുണ്ടാകാം.

ദൈവത്തിന്റെ നോട്ടത്തോട് പ്രത്യുത്തരിക്കാൻ വിളിക്കപ്പെട്ടവർ

ദൈവത്തിന്റെ സ്‌നേഹനിർഭരവും സർഗ്ഗാത്മകവുമായ നോട്ടം തികച്ചും പ്രത്യേകമായ രീതിയിൽ യേശുവിലൂടെ നമ്മിലേക്ക് എത്തി. ധനികനായ യുവാവിനെക്കുറിച്ച് സംസാരിക്കുമ്പോൾ സുവിശേഷകൻ മർക്കോസ് കുറിക്കുന്നു: “യേശു അവനെ സ്നേഹപൂർവ്വം കടാക്ഷിച്ചു” (10:21). യേശുവിന്റെ സ്നേഹം നിറഞ്ഞ ഈ നോട്ടം നമ്മിൽ ഓരോരുത്തരുടെയും മേൽ പതിക്കുന്നുണ്ട്. സഹോദരീ സഹോദരന്മാരേ, ഈ നോട്ടത്താൽ സ്പർശിക്കപ്പെടുവാനും, നമുക്കപ്പുറത്തേക്ക് അവനാൽ കൊണ്ടുപോകപ്പെടുവാനും വേണ്ടി നമുക്ക് നമ്മെത്തന്നെ വിട്ടുകൊടുക്കാം!  നാം ആരുടെ കൂടെയാണോ വസിക്കുന്നതും, ആരെയാണോ നാം കണ്ടുമുട്ടുന്നതും, അത് ആരുതന്നെ ആയാലും, അവർക്ക് തങ്ങൾ സ്വീകരിക്കപ്പെട്ടതായി അനുഭവപ്പെടാനും, തങ്ങളെ സ്നേഹത്തോടെ നോക്കുന്നതും, തങ്ങളുടെ എല്ലാ കഴിവുകളെയും വളർത്തുവാൻ ക്ഷണിക്കുന്നതുമായ ആരോ ഉണ്ടെന്ന് മനസിലാക്കാനും തക്ക വിധത്തിൽ, നമുക്ക് പരസ്പരം നോക്കുവാൻ പഠിക്കാം.

ഈ നോട്ടത്തെ നാം സ്വീകരിക്കുമ്പോൾ നമ്മുടെ ജീവിതം വ്യത്യസ്ഥമാകുന്നു. നാമും ദൈവവുമായും, നമ്മൾ തമ്മിലുമുള്ള വിളിയുടേതായ ഒരു സംഭാഷണമായി എല്ലാം മാറുന്നു. ആഴത്തിൽ ജീവിക്കുമ്പോൾ, നമ്മെ എപ്പോഴും കൂടുതലായി നാമായിരിക്കുന്നവരാക്കി മാറ്റുന്ന ഒരു സംഭാഷണമാണിത്: അഭിഷിക്ത പൗരോഹിത്യത്തിലേക്കുള്ള വിളിയിൽ, ക്രിസ്തുവിന്റെ കൃപയുടെയും കരുണയുടെയും ഉപകരണമാകാനും; സമർപ്പിത ജീവിതത്തിലേക്കുള്ള വിളിയിൽ, ദൈവത്തിന്റെ സ്തുതിയും ഒരു പുതിയ മാനവികതയുടെ പ്രവചനവുമാകാനും; വിവാഹത്തിലേക്കുള്ള വിളിയിൽ, പരസ്പര ദാനവും ജീവിതത്തിന്റെ ഉല്പാദകരും അധ്യാപകരും ആയിരിക്കുവാനും. പൊതുവായി പറഞ്ഞാൽ, സഭയിൽ, ദൈവത്തിന്റെ കണ്ണുകളാൽ മറ്റുള്ളവരെയും ലോകത്തെയും കാണുവാനായി നമ്മെ ക്ഷണിക്കുന്ന ഓരോ ദൈവവിളിയിലും ശുശ്രൂഷയിലും, നമ്മുടെ പ്രവർത്തികളിലൂടെയും വാക്കുകളിലൂടെയും നന്മ നൽകാനും സ്നേഹം പ്രചരിപ്പിക്കാനും.

ഇത്തരുണത്തിൽ, ഹൊസെ ഗ്രെഗോറിയോ എർണാന്തെസ് സിസ്നെറോസ് (Dr. José Gregorio Hernández Cisneros) എന്ന ഡോക്ടറുടെ അനുഭവത്തെക്കുറിച്ച് പരാമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വെനിസ്വേലയിലെ കരാക്കാസിൽ ഡോക്ടറായി ജോലിചെയ്യുമ്പോൾ, ഫ്രാൻസിസ്കൻ മൂന്നാം സഭംഗമാകാൻ അദ്ദേഹം ആഗ്രഹിച്ചു. പിന്നീട് സന്യാസിയാകാനും പുരോഹിതനാകാനും ആലോചിച്ചെങ്കിലും ആരോഗ്യം അദ്ദേഹത്തെ അതിനനുവദിച്ചില്ല. തന്റെ വിളി മെഡിക്കൽ ജോലിതന്നെയാണെന്ന് അദ്ദേഹം മനസ്സിലാക്കി, അതിൽ അദ്ദേഹം ദരിദ്രർക്കായി സ്വയം വ്യയം ചെയ്തു. അക്കാലത്ത്, ലോകമെമ്പാടും വ്യാപിച്ച “സ്പാനിഷ്” പനി എന്ന പകർച്ചവ്യാധി ബാധിച്ച രോഗികൾക്കായി അദ്ദേഹം സ്വയം സമർപ്പിച്ചു. തന്റെ പ്രായമായ ഒരു രോഗിക്ക് മരുന്ന് വാങ്ങി ഫാർമസിയിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ അദ്ദേഹം കാറിടിച്ച് മരിച്ചു. കർത്താവിന്റെ വിളി സ്വീകരിക്കുകയും അത് പൂർണ്ണമായും പാലിക്കുകയും ചെയ്യുക എന്നതിന്റെ ഒരു മാതൃകാ സാക്ഷിയായ അദ്ദേഹം ഒരു വർഷം മുമ്പ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു.

സാഹോദര്യത്തിന്റെ ഒരു ലോകം കെട്ടിപ്പടുക്കാൻ വിളിക്കപ്പെട്ടവർ

ക്രിസ്ത്യാനികൾ എന്ന നിലയിൽ നമ്മൾ വിളിക്കപ്പെട്ടവർ, അതായത് ഓരോരുത്തരും വ്യക്തിപരമായി ഒരു വിളിയാൽ ക്ഷണിക്കപ്പെട്ടവർ മാത്രമല്ല, മറിച്ച് ഒരുമിച്ച് വിളിക്കപ്പെട്ടവരാണ്.  നമ്മൾ ഒരു മൊസൈക്കിന്റെ കഷണങ്ങൾ പോലെയാണ്, ഓരോന്നായി എടുത്താൽത്തന്നെ അവ മനോഹരമാണ്, എന്നാൽ അവ ഒരുമിച്ചേ ഒരു ചിത്രം രചിക്കുന്നുള്ളൂ. നാം ഓരോരുത്തരും ദൈവത്തിന്റെ ഹൃദയത്തിലും പ്രപഞ്ചത്തിന്റെ ആകാശത്തിലും ഒരു നക്ഷത്രം പോലെ തിളങ്ങുന്നു, എന്നാൽ നമ്മൾ ജീവിക്കുന്ന ഇടങ്ങളിൽ നിന്ന് ആരംഭിച്ച്, മാനവരാശിയുടെ പാതയെ നയിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്ന നക്ഷത്രസമൂഹങ്ങൾ രൂപപ്പെടുത്താൻ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു. ഇതാണ് സഭയുടെ രഹസ്യം: വൈവിധ്യങ്ങളുടെ സഹവാസത്തിലൂടെ, സഭ എല്ലാ മനുഷ്യരാശിയും എന്തിലേക്കാണോ വിളിക്കപ്പെട്ടിരിക്കുന്നത് അതിന്റെ അടയാളവും ഉപകരണവുമാണ്. ഇതിനായി സഭ, വൈവിധ്യങ്ങളുടെ ഒരുമയിൽ ഒരുമിച്ച് നടക്കാൻ കഴിവുള്ളതും, എല്ലാവർക്കും അവരുടേതായ സംഭാവന നൽകാനും സജീവമായി പങ്കെടുക്കാനും കഴിയുന്നതുമായ കൂടുതൽ സിനഡാത്മകമായ ഒന്നായി മാറണം.

നമ്മൾ “ദൈവവിളി” എന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ അത് ഏതെങ്കിലും ഒരു പ്രത്യേക ജീവിതരീതി തിരഞ്ഞെടുക്കുന്നതോ, ഒരു പ്രത്യേക ശുശ്രൂഷയ്ക്കായി സ്വന്തം ജീവിതത്തെ പ്രത്യേകമായി നിയോഗിക്കുന്നതോ, ഏതെങ്കിലുമൊരു സന്യസ്തഭവനത്തിന്റെയോ, ഏതെങ്കിലും ഒരു പ്രസ്ഥാനത്തിന്റെയോ, ഒരു സഭാസമൂഹത്തിന്റെയോ സിദ്ധിയുടെ ആകർഷണീയതയെ പിഞ്ചെല്ലുന്നതോ മാത്രമല്ല,    മറിച്ച് “അവരെല്ലാം ഒന്നായിരിക്കട്ടെ” (യോഹന്നാൻ 17:21) എന്ന് പിതാവിനോട് പ്രാർത്ഥിക്കുമ്പോൾ യേശുവിന്റെ ഹൃദയത്തിലുണ്ടായിരുന്ന, സഹോദര്യത്തിന്റെ മഹത്തായ പദ്ധതി എന്ന ദൈവത്തിന്റെ സ്വപ്നം പൂർത്തീകരിക്കുകയാണ്. സഭയിലും, വിശാലമായ അർത്ഥത്തിൽ സമൂഹത്തിലും, ഓരോ ദൈവവിളിയും പൊതുവായ ഒരു ലക്ഷ്യത്തെ ഉന്നം വച്ചുകൊണ്ടുള്ളതാണ്: പരിശുദ്ധാത്മാവിന് മാത്രം സാധിതമായ, അനേകം വ്യത്യസ്തമായ ദാനങ്ങളുടെ ഐക്യം സ്ത്രീപുരുഷന്മാരുടെയിടയിൽ പ്രതിധ്വനിപ്പിക്കുക. പുരോഹിതരെ, സ്ത്രീ പുരുഷ സമർപ്പിതരേ, അൽമായ വിശ്വാസികളെ, സ്നേഹത്തിൽ ഒന്നായ ഒരു വലിയ മാനവകുടുംബം എന്നത് അസാധ്യമായ ഒന്നല്ല, മറിച്ച് ദൈവം നമ്മെ ഏത് പദ്ധതിക്കായി സൃഷ്ടിച്ചുവോ, അതാണെന്ന് സാക്ഷ്യപ്പെടുത്തുവാനായി നമുക്ക് ഒരുമിച്ച് സഞ്ചരിക്കുകയും അധ്വാനിക്കുകയും ചെയ്യാം.

സഹോദരീ സഹോദരന്മാരേ, ചരിത്രത്തിലെ നാടകീയ സംഭവങ്ങൾക്കിടയിലും ദൈവജനം ഈ ദൈവവിളിയോട് കൂടുതൽ പ്രത്യുത്തരിക്കുവാൻവേണ്ടി നമുക്ക് പ്രാർത്ഥിക്കാം. നാമോരോരുത്തരും ഈ മഹത്തായ പദ്ധതിയിൽ അവരവരുടെ സ്ഥാനം കണ്ടെത്താനും തങ്ങളിലെ ഏറ്റവും മെച്ചമായത് നൽകുവാനും കഴിയുന്നതിനായി നമുക്ക് പരിശുദ്ധാത്മാവിന്റെ വെളിച്ചം അപേക്ഷിക്കാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles