അവന്റെ ഭാരങ്ങൾ വലുതാണ്

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~

അമേരിക്കൻ കൺട്രി മ്യൂസിക് രംഗത്തെ അസാധാരണ പ്രതിഭയായി ഇന്നും കണക്കാക്കപ്പെടുന്ന ഗായകനാണ് ഹാങ്ക് വില്യംസ് (1923-1953). വില്യംസിന്റെ ജനനം അലബാമ സംസ്ഥാനത്തെ ഒരിടത്തരം കുടുംബത്തിലായിരുന്നു. ഒരു ട്രെയിനിൽ കൺഡക്ടറായിരുന്നു പിതാവ് ലോൺ. വില്യംസിന് ഏഴുവയസുള്ളപ്പോൾ ലോൺ തളർവാതം പിടിപെട്ട് ആശുപത്രിയിലായി, പട്ടാളത്തിൽ സേവനം ചെയ്തിരുന്നതുകൊണ്ടു ലോണിനു മിലിട്ടറി ആശുപത്രിയിൽ പ്രവേശനം ലഭിച്ചു. എന്നാൽ നീണ്ട എട്ടുവർഷമാണു ലോൺ ആശുപ്രതിയിൽ ചെലവഴിച്ചത്.

ലോണിന്റെ അഭാവത്തിൽ വില്യംസിന്റെ കുടുംബം സാമ്പത്തികമായി വളരെ ഞെരുങ്ങി. കടല വിറ്റും പത്രം വിറ്റുമൊക്കെ വില്യംസ് തന്റെ അമ്മയെയും ഏകസഹോദരിയെയും സഹായിക്കുവാൻ തീരുമാനിച്ചു. ഇതിനിടയിൽ വില്യംസ് പാടാൻ തുടങ്ങിയിരുന്നു. “പാടുന്ന പയ്യൻ” എന്നറിയപ്പെട്ടിരുന്ന വില്യംസ് പതിനഞ്ചാം വയസിൽ റേഡിയോയിലെ സ്ഥിരം ഗായകനായി. പിന്നീട് വില്യംസിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ഗായകനെന്ന നിലയിൽ വില്യംസ് ഏറെ പ്രസിദ്ധനായി. തന്മൂലം ഹൈസ്കൂൾ പഠനം പൂർത്തിയാക്കാതെ തന്നെ ഗാനമേളകൾക്കു പോയിത്തുടങ്ങി.

പിതാവിനെപ്പോലെ തന്നെ വില്യംസും ഒരു മാറാരോഗിയായിരുന്നു. വിട്ടുമാറാത്ത നടുവേദനയായിരുന്നു വില്യംസിനെ എന്നും അലട്ടിയിരുന്നത്. നടുവേദനയിൽ നിന്നു മോചനം നേടുവാൻ വില്യംസ് നന്നായി മദ്യപിച്ചു. മദ്യപാനമാണ് അദ്ദേഹത്തിന്റെ അകാലചരമത്തിന് ഇടയാക്കിയതെന്നു കണക്കാക്കപ്പെടുന്നു. ഒരു ഗാനമേളയ്ക്കുവേണ്ടി ഒഹായോ സംസ്ഥാനത്തെ കാന്റണിലേക്കു കാറിൽ സഞ്ചരിക്കുമ്പോൾ അദ്ദേഹം മരിച്ചുകിടക്കുന്നതായിട്ടാണു ഡ്രൈവർ കണ്ടെത്തിയത്.

ജീവിതത്തിൽ ഒട്ടേറെ ക്ലേശങ്ങൾ സഹിച്ചു വളർന്ന ഗായകനാണ് വില്യംസ്. എന്നാൽ അദ്ദേഹം രചിച്ചു പാടിയിട്ടുള്ള ഗാനങ്ങളിൽ പ്രതിഷേധമോ ജീവിതത്തോടുള്ള മുറുമുറുപ്പോ കാണുന്നില്ല. എന്നുമാത്രമല്ല, ജീവിതത്തെക്കുറിച്ചു നല്ല ഉൾക്കാഴ്ച നൽകുന്നവയാണ് അദ്ദേഹത്തിന്റെ പല ഗാനങ്ങളും. വില്യംസ് രചിച്ച് തന്റെ സ്വരത്തിലൂടെ അനശ്വരമാക്കിയ ഒരു ഗാനമാണ് “ദൈ ബേർഡൻസ് ആർ ഗ്രേറ്റർ ദാൻ മൈൻ.” ഈ ഗാനത്തിന്റെ ആശയം താഴെപ്പറയുന്ന രീതിയിൽ സംഗ്രഹിക്കാം.

“ഏകനായി, ആരും കൂട്ടില്ലാതെ, കാലിയായ പോക്കറ്റുമായി ഞാൻ സഞ്ചരിക്കുകയായിരുന്നു. ഞാൻ എങ്ങോട്ടെന്ന് എനിക്കു നിശ്ചയമില്ലായിരുന്നു. അപ്പോഴാണ് ഒരു ഗ്രാമത്തിൽ വച്ച് ഒരന്ധനെ വഴികടക്കുവാൻ ഞാൻ സഹായിച്ചത്. അപ്പോൾ ഞാൻ പറഞ്ഞുപോയി. നിന്റെ ഭാരം എന്റേതിനെക്കാൾ വലുതാണ്! ഞാൻ പോകുന്ന വഴി എനിക്കറിയില്ല. എങ്കിലും എനിക്ക് കണ്ണുകാണാമല്ലോ. ഓ, നിന്റെ ഭാരം എന്റേതിനേക്കൾ വലുതാണ്!”

“യാത്രയ്ക്കിടയിൽ അംഗവിഹീനനും മൂകനുമായ ഒരു പയ്യൻ കൂട്ടുകാരോടൊപ്പം കളിക്കുവാൻ ശ്രമിക്കുന്നതു ഞാൻ കണ്ടു. അവനു വാ തുറന്ന് സംസാരിക്കാൻ വയ്യായിരുന്നു. എങ്കിലും തന്റെ ദുരിതങ്ങൾക്കിടയിലും അവൻ ചിരിക്കുവാൻ ശ്രമിക്കുന്നതു ഞാൻ കണ്ടു. അപ്പോൾ ഞാൻ പറഞ്ഞു – ഓ, ദൈവമേ, അവന്റെ ഭാരങ്ങൾ എന്റേതിനെക്കാൾ വലുതാണ്! എനിക്കു സംസാരിക്കാനാവും. ഇഷ്ടംപോലെ എങ്ങോട്ടും നടക്കാനാവും. അതേ, അവന്റെ ഭാരങ്ങൾ എന്റേതിനേക്കാൾ വലിയവതന്നെ!”

“ഞാനൊരു സെമിത്തേരിയുടെ അരികിലൂടെ കടന്നുപോയി. അപ്പോൾ ചുണ്ടിൽ പ്രാർഥനയും കൈയിൽ റോസാപ്പൂക്കളുമായി മുട്ടിന്മേൽ നിൽക്കുന്ന ഒരു ചെറുപ്പക്കാരനെ ഞാൻ കണ്ടു. “നിന്റെ ആത്മാവ് ദൈവത്തിലും നിന്റെ ഓർമ എന്നിലും” എന്നെഴുതിവച്ചിരുന്ന മാർബിൾശിലയ്ക്കു മുൻപിൽ അവൻ മുട്ടിന്മേൽ നിന്നു പ്രാർഥിക്കുമ്പോൾ എന്റെ ഹൃദയം പറഞ്ഞു: ദൈവമേ, അവന്റെ ഭാരങ്ങൾ എന്റേതിനെക്കാൾ വലുതാണ്!”

കഷ്ടപ്പെട്ടും വേദന സഹിച്ചും വളർന്നയാളായിരുന്നു വില്യംസ്. എങ്കിലും തന്റെ വേദനയെക്കുറിച്ച് അദ്ദേഹം പരാതി പറഞ്ഞില്ല. മറ്റുള്ളവരുടെ വേദനയും ജീവിതഭാരവും തന്റേതിനെക്കാൾ എത്രയോ അധികമാണെന്ന് അദ്ദേഹം മനസിലാക്കി. അതുകൊണ്ടാണ് മുകളിൽ കൊടുത്തിരിക്കുന്നതുപോലെ മനോഹരമായ ഒരു ഗാനം രചിച്ച് ആലപിക്കുവാൻ വില്യംസിനു സാധിച്ചത്. നമ്മിൽ ഏറെപ്പേരും ജീവിതത്തിൽ ഒട്ടേറെ വേദനകളും ദുരിതങ്ങളും അനുഭവിക്കുന്നവരാണ് എന്നതിൽ സംശയമല്ല. എന്നാൽ യഥാർഥത്തിൽ ഉള്ളതിൽക്കൂടുതൽ വേദനകളും ദുരിതങ്ങളും നമുക്കുണ്ട് എന്നല്ലേ നമ്മുടെ ചിന്ത പോകുന്നത്? അതുപോലെ തന്നെ, നമ്മക്കാൾ കഷ്ടപ്പെടുന്നവരും ദുരിതമനുഭവിക്കുന്നവരുമായി ഈ ലോകത്തിൽ മറ്റാരുമില്ലെന്നല്ലേ നമ്മുടെ മനോഭാവം.

എന്നാൽ സത്യം എന്താണ്? മറ്റുള്ളവരുടെ ജീവിതഭാരവുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ ജീവിതഭാരം ഏറെ കുറവായിരിക്കും. കണ്ണുള്ളതുകൊണ്ടു നമുക്ക് ഈ വാക്കുകൾ വായിക്കാനാവും. എന്നാൽ, എഴുത്തും വായനയും അറിയില്ലാത്തവരായി എത്രയോ കോടിജനങ്ങളാണ് ഇപ്പോഴും ഭൂമുഖത്തുള്ളത്! അതുപോലെ, എഴുതപ്പെട്ട വാക്കുകൾ ഒരിക്കലും കാണുവാൻ സാധിക്കാത്തവരായി എത്രയോ അധികം അന്ധരാണ് ലോകത്തെമ്പാടുമുളളത്!

വില്യംസ് എഴുതിയതുപോലെ, നമുക്ക് വായ് തുറന്നു സംസാരിക്കാമല്ലോ. എന്നാൽ, നാക്കുകൾ കെട്ടപ്പെട്ടവരായി എത്രകോടി ജനങ്ങളാണ് ലോകവ്യാപകമായി ഉള്ളത്. മറ്റുള്ളവരുടെ ജീവിതഭാരം കാണുമ്പോൾ നമ്മുടെ ജീവിതഭാരം എത്രയോ ചെറുതാണെന്നു നമുക്കു തോന്നണം. അങ്ങനെ തോന്നുന്നില്ലെങ്കിൽ മറ്റുള്ളവരുടെ ജീവിതഭാരം എന്താണെന്നു നാം അറിഞ്ഞിട്ടില്ലെന്നതാണു വാസ്തവം. അതായത് നമ്മുടെ ശ്രദ്ധ മുഴുവനും നമ്മുടെ കൊച്ചു ജീവിതഭാരങ്ങളിൽ ഒതുങ്ങി നിൽക്കുകയാണ്.

വില്യംസ് എഴുതിയതുപോലെ, നമ്മുടെയൊക്കെ ഭാരങ്ങൾ മറ്റു പലരുടേതുമായി തുലനം ചെയ്യുമ്പോൾ ഏറെ ലഘുവാണെന്നതാണു വസ്തുത. ഇക്കാര്യം നാം എന്നു മനസിലാക്കുന്നുവോ അന്നു നമ്മുടെ മനസ് ഏറെ ശാന്തമാകുകതന്നെ ചെയ്യും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles