ലോകഭക്ഷ്യപരിപാടിക്ക് പാപ്പായുടെ സംഭാവന 21 ലക്ഷം രൂപ
ഫ്രാൻസീസ് പാപ്പാ, കോവിദ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ, ലോക ഭക്ഷ്യ പരിപാടിക്ക് (WFP) 25000 യൂറോ, ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ച്, ഏകദേശം 21 ലക്ഷം രൂപ, പ്രതീകാത്മക സംഭാവനയായി നല്കുന്നു. പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം (പ്രസ്സ് ഓഫീസ്) ഒരു പത്രക്കുറിപ്പിലൂടെയാണ് ഇത് വെളിപ്പെടുത്തിയത്.
ഭക്ഷ്യകൃഷി സംഘടനയിലും (FAO) ലോക ഭക്ഷ്യപരിപാടിയിലും (WFP) ഉള്ള പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധിയുടെ സഹായത്തോടെ സമഗ്ര മാനവവികസന ത്തിനായുള്ള വത്തിക്കാൻ വിഭാഗമാണ് ഇത് അയക്കുക.
കോവിദ് 19 രോഗം ആഗോളതലത്തിൽ പടരുന്നതു വഴി സംജാതമായിരിക്കുന്ന അടിയന്തരാവസ്ഥയിൽ പാപ്പായ്ക്കുള്ള ഉപരിയായ ആശങ്കയുടെ അടയാളമാണ് ഈ സംഭാവനയെന്നും പത്രക്കുറിപ്പിൽ കാണുന്നു.
പ്രത്യേകിച്ചും, പകർച്ചവ്യാധി ബാധിച്ചവരോടും, ദരിദ്രർക്കും സമൂഹത്തിലെ ഏറ്റം ദുർബലരും വേധ്യരുമായവർക്കും അവശ്യ സേവനമേകുന്നവരോടും പരിശുദ്ധ പിതാവിനുള്ള സാമീപ്യത്തിൻറെ സത്വരാവിഷ്ക്കാരമാണ് ഈ തുകയെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
അതുപോലെതന്നെ, പ്രതിസന്ധിയുടെതായ ഈ വേളയിൽ, ജീവകാരുണ്യ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന സംഘടനകൾക്കും, സമഗ്രവികസനത്തിനും പൊതു ആരോഗ്യത്തിനും വേണ്ടിയുള്ള സംരംഭങ്ങൾക്കും സാമൂഹ്യ അസ്ഥിരത, ഭക്ഷ്യസുരക്ഷാരാഹിത്യം, വർദ്ധമാനമാകുന്ന തൊഴിലില്ലായ്മ, ഉപരിബലഹീനമായ രാഷ്ട്രങ്ങളുടെ സമ്പദ്ഘടനയുടെ തകർച്ച എന്നിവയെ ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും പിന്തുണയേകാൻ ആഗ്രഹിക്കുന്ന നാടുകൾക്കും പാപ്പായേകുന്ന പിതൃസന്നിഭ പ്രോത്സാഹനത്തിൻറെ അടയാളവുമാണ് ഇതെന്നും പത്രക്കുറിപ്പിൽ കാണുന്നു.