മക്കള്‍ മാതാപിതാക്കളെക്കാള്‍ വളരുമ്പോള്‍ എന്തു സംഭവിക്കും?

ഒരു അഗതിമന്ദിരം സന്ദർശിച്ചപ്പോൾ ഉണ്ടായ അനുഭവം:
ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ അമ്മയെ അവിടെ കണ്ടത്.
എന്നെ മനസിലായപ്പോൾ അവർ ഓടി എൻ്റെയടുത്തേക്ക് വന്നു. വിസ്മയം നിറഞ്ഞ കണ്ണുകളോടെ
അവർ എന്നെ നോക്കി നിന്നു.
‘അമ്മയെന്താ ഇവിടെ’ എന്നു ഞാൻ തിരക്കി..
“കുറച്ചു നാളായിട്ട് ഇവിടെയാണച്ചാ’ അത്രമാത്രം പറഞ്ഞുകൊണ്ട്
മിഴികൾ തുടച്ച് അവർ നടന്നു പോയി.
ഇത് ശ്രദ്ധിച്ചുകൊണ്ട് നിന്ന ഇൻചാർജ് സിസ്റ്റർ എൻ്റെയടുത്ത് വന്ന്
കൗതുകപൂർവ്വം ചോദിച്ചു: ‘ഇപ്പോൾ ഇവിടെ നിന്നു പോയ സ്ത്രീയെ പരിചയമുണ്ടോ’
ഉണ്ടെന്ന് തലയാട്ടിയ ശേഷം ഞാൻ തുടർന്നു.
“ഒരു മകനേ അവർക്കുള്ളൂ. ഭർത്താവ് മരിച്ചതിൽ പിന്നെ
ആ മകനു വേണ്ടിയായിരുന്നു ആ അമ്മ ജീവിച്ചത്.
ഒരിക്കൽ ഞങ്ങളുടെ ആശ്രമത്തിൽ മകൻ്റെ പഠനത്തിന്
സഹായം ചോദിച്ച് വന്നിരുന്നു. അങ്ങനെ പലരിൽ നിന്നും
പണം വാങ്ങിയും നന്നായി അധ്വാനിച്ചുമാണ്
അവർ മകനെ പഠിപ്പിച്ചത്. പിന്നീടെന്താണ് സംഭവിച്ചതെന്നറിയില്ല.”
“ഇനിയുള്ള കഥ ഞാൻ പറയാം” എന്നു പറഞ്ഞ് സിസ്റ്റർ തുടർന്നു:
“അവരുടെ മകന് ജോലികിട്ടി. ഒരു ഉദ്യോഗസ്ഥയെ വിവാഹം കഴിച്ചു. ആദ്യനാളുകളിൽ സന്തോഷകരമായിരുന്നു കുടുംബ ജീവിതം.
പിന്നീട് കുടുംബത്തിൽ അസ്വസ്ഥതകളുണ്ടായി.
എന്തായാലും മകനും മരുമകളും ഇപ്പോൾ വിദേശത്ത് സെറ്റിലാണ്.
അവർ പോകുന്നതിനു മുമ്പേ അമ്മയെ ഇവിടെ ആക്കുകയും ചെയ്തു.
ഈ അമ്മയാണെങ്കിൽ മകൻ എന്നുവന്നാലും വീട്ടിൽ പോകണം
എന്നു പറഞ്ഞ് അവനും കുടുംബത്തിനും വേണ്ടി നിരന്തരം പ്രാർത്ഥിക്കുന്നു. അവനാണെങ്കിൽ നാട്ടിലെ വീട്
വാടകയ്ക്ക് കൊടുത്ത്
വിദേശത്തു തന്നെ താമസിക്കുകയാണ്. ഇവിടേക്ക് വരാൻ തെല്ലും
ആഗ്രഹവുമില്ല.”
കഷ്ടപ്പെട്ടും മുണ്ടു മുറുക്കിയുടുത്തും
മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച
അനേകം മാതാപിതാക്കൾ ഇപ്പോൾ ഇതുപോലെ അഗതിമന്ദിരങ്ങളിൽ അന്തേവാസികളായിട്ടുള്ള ഒരുപാടനുഭവങ്ങൾ എൻ്റെ ഓർമയിലേക്ക് വന്നു.
പലരും മക്കളെയൊന്ന് കാണാൻ
തീവ്ര ആഗ്രഹത്തോടെ കാത്തിരിക്കുമ്പോഴും മക്കൾ അതൊന്നും തെല്ലും മുഖവിലയ്ക്കെടുക്കുന്നില്ലെന്നത്
എത്രയോ സങ്കടകരമായ യാഥാർത്ഥ്യമാണ്.
സെബദീ പുത്രന്മാരുടെ അമ്മയെക്കുറിച്ചുള്ള സുവിശേഷ ഭാഗമാണ് കൺമുമ്പിൽ.
എത്ര ധൈര്യത്തോടെയും അതിലേറെ വാത്സല്യത്തോടെയുമാണ്
തൻ്റെ മക്കളിൽ ഒരാൾ ഇടതു വശത്തും മറ്റേയാൾ വലതു വശത്തും ഇരിക്കാൻ അനുവദിക്കണമെന്ന് അവർ
ക്രിസ്തുവിനോട് അഭ്യർത്ഥിക്കുന്നത് (Ref മത്താ 20:20 -28).
ഭൂമിയിലെ എല്ലാ അമ്മമാരും മക്കളെ പ്രതി സ്വാർത്ഥമതകൾ
ആകുമെന്നത് തീർച്ചയാണ്.
എന്നാൽ മക്കളോ?
ഒന്നു ശാന്തമാകാം:
അമ്മയുടെ കുറവുകൾ കൂടുതൽ ബോധ്യപ്പെട്ടതും അപ്പന് അറിവില്ലെന്ന് തോന്നിയതും എപ്പോഴാണ്?കുഞ്ഞായിരുന്നപ്പോഴോ അതോ വലുതായപ്പോഴോ?
ഈ കുറിപ്പ് അവസാനിപ്പിക്കുമ്പോൾ
ഒരു പ്രാർത്ഥനയേ ഉള്ളൂ:
ദൈവമെ….
മാതാപിതാക്കൾക്ക് മക്കളോളം അറിവു നൽകരുതേ… എന്തെന്നാൽ അറിവുകൂടിയാൽ
അവർ മക്കളെ മറന്നു പോയാലോ?

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles