വിശ്വാസത്തിന്റെ മലമുകളില്‍

ഏലിയ പ്രവാചകന്‍ ഇസ്രായേല്‍ രാജാവായ ആഹാബിനെയും ബാല്‍ ദേവന്റെ നാനൂറ്റി അമ്പത് പ്രവാചകരെയും നേരിടുന്നത് നാം വായിക്കുന്നത് രാജാക്കന്‍മാരുടെ ഒന്നാം പുസ്തകം പതിനെട്ടാം അധ്യായത്തിലാണ്. ദൈവത്തില്‍ നിന്നും വഴിപിഴച്ച് ബാലിന്റെ പിന്നാലെ പോയതിനാല്‍ ഇസ്രായേല്‍ ദേശത്ത് മഴ പെയ്യാതായി. ഈ സാഹചര്യത്തിലാണ് സത്യദൈവത്തിലേക്ക് തിരിയുവാനുള്ള സന്ദേശവുമായി ഏലിയാ പ്രവാചകന്‍ എത്തുന്നത്.

ഏലിയാ പ്രവാചകന്റെ ധൈര്യവും ദൈവ വിശ്വാസവും നാം ധ്യാനവിഷയം ആക്കേണ്ടതാണ്. എതിരെ നില്‍ക്കുന്നത് ഇസ്രായേലിന്റെ ശക്തനായ രാജാവാണ്. ഒപ്പം ബാല്‍ ദേവന്റെ നാനൂറ്റി അമ്പത് പ്രവാചകരും അവരെ പിന്തുണയ്ക്കുന്ന ജസബെല്‍ രാജ്ഞിയും. എന്നിട്ടും ഏലിയ ഭയപ്പെടുന്നില്ല. കാരണം, സൈന്യങ്ങളുടെ കര്‍ത്താവായ ദൈവത്തിന്റെ ശക്തിയിലും സംരക്ഷണത്തിലും ഏലിയ വിശ്വസിച്ചിരുന്നു. ദൈവം മറ്റെല്ലാവരെക്കാളും ശക്തനാണെന്നും വലിയ അടയാളം പ്രവര്‍ത്തിക്കാന്‍ കരുത്തള്ളവനാണെന്നും അദ്ദേഹം ഉറപ്പായി വിശ്വസിച്ചു.
മുന്‍ നിശ്ചപ്രകാരം ഏലിയായും ബാലിന്റെ പ്രവാചകരും കാര്‍മെല്‍ മലയിലെത്തി. രണ്ടു കൂട്ടരും ബലി അര്‍പ്പിക്കും. ആരുടെ ബലിയാണോ ആകാശത്തില്‍ നിന്നും അഗ്നിയിറങ്ങി സ്വീകരിക്കുന്നത് അതായിരിക്കും യഥാര്‍ത്ഥ ദൈവം. ആ ദൈവത്തെയാണ് ഇസ്രായേല്‍ പിന്‍ ചെല്ലേണ്ടത്. ആദ്യം ബലിയര്‍പ്പിച്ചത് ബാലിന്റെ പ്രവാചകരാണ്. അവര്‍ എത്ര പ്രാര്‍ത്ഥിട്ടും തൊള്ള തുറന്ന് വിളിച്ചിട്ടും ബലി സ്വീകരിക്കപ്പെട്ടില്ല. അടുത്ത ഊഴം ഏലിയ പ്രവാചകന്റെതായിരുന്നു. അദ്ദേഹം ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന പന്ത്രണ്ടു കല്ലുകളാല്‍ ബലിപീഠം നിര്‍മിച്ചു. അതില്‍ ബലിവസ്തു വച്ചു. ദൈവത്തിന്റെ തിരുനാമം വിളിച്ചു പ്രാര്‍ത്ഥിച്ച നിമിഷത്തില്‍ ആകാശത്തില്‍ നിന്നും അഗ്നിയിറങ്ങി ബലിവസ്തുവും ബലിപീഠവും കല്ലും മരവുമെല്ലാം ദഹിപ്പിച്ചു. അതിനടുത്തു കിടന്ന വെള്ളം പോലും വറ്റിപ്പോയി! ഇത് കണ്ട് അത്ഭുതപരതന്ത്രരായ ജനം കര്‍ത്താവാണ് ദൈവം! എന്ന് ആര്‍ത്തു വിളിച്ചു.

ഒരാളുടെ വിശ്വാസത്തിന്റെ ശക്തി എത്രമാത്രമാണെന്നും എത്ര രക്ഷാകരമാണെന്നും വ്യക്തമാക്കുന്ന സംഭവമാണിത്.  നമ്മുടെ സഭ ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍, നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെടുന്ന ഈ ദശാസന്ധിയില്‍ ഏലിയാ പ്രവാചകന്റെ വിശ്വാസധീരത നമുക്ക് ശക്തിയും പ്രചോദനവുമാകട്ടെ. പരിശുദ്ധ അമ്മയുടെ കറയറ്റ വിശ്വാസം നമുക്ക് മാര്‍ഗദീപമാകട്ടെ!

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles