മുതിർന്നവരും യൗവനത്തിന്റെ മൂല്യങ്ങൾ നഷ്ടപ്പെടുത്താതെ പക്വത പ്രാപിക്കണം

“ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 160ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

ജീവിതത്തിലെ ഓരോ ഘട്ടവും ഒരു സ്ഥിര കൃപാവരമാണ്, അതിനു ശാശ്വത മൂല്യമുണ്ട്. നന്നായി ജീവിച്ച ഒരു യുവത്വത്തിന്റെ അനുഭവം എപ്പോഴും നമ്മുടെ ഹൃദയത്തിൽ പച്ചയായി നിൽക്കും. പ്രായപൂർത്തിയുടെ ഘട്ടത്തിൽ മുഴുവനായി അത് വളരുകയും, ഫലം പുറപ്പെടുകയും ചെയ്യുന്നു. യുവാക്കൾ അവരുടെ മുമ്പിൽ തുറന്നു വരുന്ന അനന്തമായ ചക്രവാളത്താൽ  സ്വാഭാവികമായി ആകർഷിക്കപ്പെടുന്നു. സുരക്ഷിതത്വവും ആശ്വാസവുമുള്ള മുതിർന്ന ജീവിതം ഈ ചക്രവാളത്തെ ചുരുക്കി കളയുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്ന അപകടത്തിൽ എത്തിച്ചേരാം. ഇതിനു നേരെ വിപരീതമായാണ് സംഭവിക്കേണ്ടത്. നാം വളരുമ്പോൾ പ്രായം വർധിക്കുമ്പോൾ കൂടുതൽ വലിയ യാഥാർഥ്യത്തോടുള്ള ആവേശവും, തുറവും ഒരിക്കലും നഷ്ടപ്പെടുത്തരുത്. ജീവിതത്തിലെ ഓരോ നിമിഷവും നമ്മുടെ യുവത്വം പൂർണ്ണതയെ നവീകരിക്കണം. ഞാൻ പാപ്പയായി എന്റെ ശുശ്രൂഷ തുടങ്ങിയപ്പോൾ കർത്താവ് എന്റെ ചക്രവാളങ്ങളെ വിസ്തൃതമാക്കി. നവീകൃത യൗവനം എനിക്ക് നൽകുകയും ചെയ്തു. നിങ്ങൾ വിവാഹം ചെയ്ത് ഏറെക്കാലം കഴിഞ്ഞ് ദമ്പതികൾക്കും, ആശ്രമത്തിൽ ഉള്ള സന്യാസിക്കും ഇത് സംഭവിക്കാം. വർഷങ്ങൾ ചെല്ലുന്തോറും നാം വിട്ടു കളയേണ്ട സംഗതികളുണ്ട്. എന്നാൽ പക്വതയിലുള്ള വളർച്ചയ്ക്ക് സ്ഥിരം ആവർത്തിച്ചു ജ്വലിപ്പിക്കുന്ന അഗ്നിയുമായി നിതാന്ത യൗവനം പുലർത്തുന്ന ഹൃദയവുമായി സഹവസിക്കാനാകും. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

വാർദ്ധക്യം എത്തിയിട്ടും, വിശ്രമ ജീവിതത്തിൽ കഴിയുമ്പോഴും നിരന്തരം ഓടി കൊണ്ടിരിക്കുന്ന മനുഷ്യരെ നമ്മുടെ ജീവിതത്തിൽ നാം കണ്ടുമുട്ടിട്ടുണ്ടാകാം. എന്തിനു ഇങ്ങനെ ഓടുന്നു എന്ന് എപ്പോഴെങ്കിലും അവരോടു ചോദിച്ചിട്ടുണ്ടോ? അങ്ങനെ ചോദിച്ചവരോടു അവർ നൽകുന്ന ഉത്തരം മരണം വരെ അവർ ഓടും എന്നാണ്. അവർ അവരുടെ ഓട്ടം പൂർത്തിയാക്കുന്നത് അവരുടെ ശ്വാസം നിശ്ചലമാകുമ്പോഴായിരിക്കും. ഏങ്കിലും അവർ ഓടിയ പാതകൾ അവരെ കുറിച്ചുള്ള നല്ല ഓർമ്മകൾ ലോകത്തെ വിളിച്ചു കാണിക്കാൻ തുടങ്ങിയാൽ നമുക്ക് മനസ്സിലാക്കാം മരണം വരിച്ചിട്ടും അവർ അവരുടെ ഓട്ടം തുടർന്നുകൊണ്ടിരിക്കുകയാണെന്ന്. ഇങ്ങനെ ജീവിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നതെന്താണ്? ഇവർ ആരെ നോക്കിയാണ് ഓടുന്നത്? ഇത്ര വേഗത്തിൽ ഓടാൻ ഇവർക്ക് ഇന്ധനം എവിടെ ഇന്ന് ലഭിക്കുന്നു? എന്ന് ചോദിക്കുമ്പോൾ അതിനും ഉത്തരം ഒന്ന് മാത്രമാണ്. അവരുടെ മനസ്സിന്റെ യുവത്വം.

മരണം വരെ ഓടി കടന്നു പോയ മനുഷ്യരെ ചരിത്രം അടയാളപ്പെടുത്തുന്നു. അവരിൽ ഒരാളാണ് മദർ തെരേസ. ജീവിതത്തിന്റെ അവസാനം വരെ മറ്റുള്ളവർക്കായി ഓടുകയും പട്ടിണിയുടെ കോളനിവത്കരണത്തെ ഒഴിക്കാൻ അശ്രാന്തം പ്രവർത്തിക്കുകയും ചെയ്ത മദർ തെരേസ അവരുടെ യൗവനത്തിൽ തിരിച്ചറിഞ്ഞത് തന്റെ ജീവിതത്തിന്റെ നിയോഗം മതിലുകളുടെ ആവൃതിക്കുള്ളിൽ മാത്രമല്ല തെരുവീഥികളിൽ വിശന്നു കരയുന്ന, രോഗത്തിന്റെ രോദനത്താൽ വിഷമിച്ചു കരയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെയും ദരിദ്രമനുഷ്യരുടെയും മുഖവുമായി വെളിപ്പെടുന്ന ക്രിസ്തുവിനെ ശുശ്രൂഷിക്കണം എന്നാണ്. മദർ തെരേസയുടെ യൗവനത്തിൽ  അവളെ പ്രേരിപ്പിച്ച ആ  നിയോഗം മരണം വരെ ഓടാൻ അവൾക്ക് ഇന്ധനമായി തീർന്നു.

സംഗീതത്തെ പ്രണയിക്കുന്ന മറ്റൊരാൾ. അയാളുടെ ജീവിതം സംഗീതത്തിൽ ലയിച്ചിരിക്കുന്നു. അയാളുടെ ആത്മാവിൽ ശരീരത്തിൽ, ഞാടി ഞരമ്പുകളിൽ ഓരോ ധമനികളിലും സംഗീതത്തെയും കൊണ്ട് നടക്കുന്ന അയാൾ ഇന്നും സംഗീതത്തെ നെഞ്ചിലേറ്റി ഓടിക്കൊണ്ടിരിക്കുന്നു. യുവത്വത്തിൽ അയാളുടെ ഉള്ളിൽ തെളിഞ്ഞ സംഗീതത്തിലൂടെ ഇന്ന്  അയാൾ ലോകത്തിനു സംഗീതത്തെ സമ്മാനിച്ച് കൊണ്ടിരിക്കുന്നു. അയാളുടെ ഓട്ടം സംഗീതവുമായാണ്.

കഷ്ടപ്പാടുകളിലൂടെ കടന്നു പോയ ഒരു യുവാവ്. ദാരിദ്യവും, അസമത്വവും, അനീതിയും ആ ജീവിതത്തെ വേട്ടയാടിയെങ്കിലും തന്റെ  യൗവനത്തിൽ ആ യുവാവ് തന്നെ തന്നെ സമർപ്പിച്ചത് തന്റെ സമൂഹത്തോടു താൻ പുലർത്തേണ്ട നീതിക്കുവേണ്ടിയായിരുന്നു. അങ്ങനെ വളർന്നു, വലുതായി, അധ്യാപകനായി. താൻ പഠിച്ച വിദ്യാലയത്തിൽ തന്നെ പ്രഥമ അധ്യാപകനായി. സമയ ക്രമം അനുസരിച്ചു മാത്രം തന്റെ കർമ്മം നിർവ്വഹിക്കുന്ന ഒരു സാധരണ അധ്യാപകനെപോലെയല്ല മറിച്ച് പുലരികളും, രാവുകളും, മധ്യാഹ്നങ്ങളും അദ്ദേഹം തന്റെ വിദ്യാലത്തിൽ തന്നെ കഴിഞ്ഞു. തന്റെ അദ്ധ്യാപനത്തെ പ്രണയിച്ച അയാൾ നിഷ്കാമകർമ്മവുമായി തന്റെ വിദ്യാലത്തിന്റെ നന്മയ്ക്കായി കുട്ടികളുടെ വെട്ടമുള്ള ഭാവിക്കായി അധ്വാനിക്കുന്നു.  തങ്ങളുടെ മക്കളുടെ ജീവിതം പച്ച പിടിക്കാൻ തേയില തോട്ടത്തിന്റെ പച്ചിലകളോടു മല്ലിട്ടു ജീവിക്കുന്ന ഒരു സമൂഹത്തിന്റെ നേരെ ഈ അദ്ധ്യാപകൻ പുലർത്തുന്ന നീതിയും അർപ്പണവും അദ്ദേഹത്തെ താൻ പ്രധാനാദ്ധ്യാപകനായിരിക്കുന്ന വിദ്യാലയത്തിന്റെ മതിലുകൾക്കുള്ളിൽ ഇന്നും ഓടാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്നത് കൊണ്ടാവാം അവധി ദിവസങ്ങളിലും ആളൊഴിഞ്ഞ സ്കൂൾ മുറ്റത്ത്  ഈ അദ്ധ്യാപകൻ മാത്രം അദ്ധ്വാനിച്ചു കൊണ്ടിരിക്കുന്നത്. ഓടി കൊണ്ടിരിക്കുന്നത്.

പാപ്പയും തന്റെ ജീവിതത്തെ കുറിച്ച് ഈ ഖണ്ഡികയിൽ പങ്കു വയ്ക്കുന്നു. “ ഞാൻ പാപ്പയായി എന്റെ ശുശ്രൂഷ തുടങ്ങിയപ്പോൾ കർത്താവ് എന്റെ ചക്രവാളങ്ങളെ വിസ്തൃതമാക്കി” എന്ന് പറയുന്ന പാപ്പാ “പക്വതയിലുള്ള വളർച്ചയ്ക്ക് സ്ഥിരം ആവർത്തിച്ചു ജ്വലിപ്പിക്കുന്ന അഗ്നിയുമായി നിതാന്ത യൗവനം പുലർത്തുന്ന ഹൃദയവുമായി സഹവസിക്കാനാകും” എന്ന് നമ്മോടു പറയുന്നു.

മുതിർന്നവരും യൗവനത്തിന്റെ മൂല്യങ്ങൾ നഷ്ടപ്പെടുത്താതെ പക്വത പ്രാപിക്കണം. ജീവിതത്തിലെ ഓരോ ഘട്ടവും ഒരു സ്ഥിര കൃപാവരമാണ്, അതിനു ശാശ്വത മൂല്യമുണ്ട്. നന്നായി ജീവിച്ച ഒരു യുവത്വത്തിന്റെ അനുഭവം എപ്പോഴും നമ്മുടെ ഹൃദയത്തിൽ പച്ചയായി നിൽക്കും. പ്രായപൂർത്തിയുടെ ഘട്ടത്തിൽ മുഴുവനായി അത് വളരുകയും, ഫലം പുറപ്പെടുകയും ചെയ്യുന്നു എന്ന് ഇന്ന് നാം പരിചിന്തനം ചെയ്യുന്ന ഖണ്ഡികയിൽ  പാപ്പാ പ്രബോധിപ്പിക്കുന്നു. ഒരു പക്ഷെ നാം പറഞ്ഞ കൂട്ടരുടെ യുവത്വം, പാപ്പാ പറയുന്നത് പോലെ,  നന്നായി ജീവിച്ച ഒരു യുവത്വത്തിന്റെ അനുഭവം,  അവരുടെ  ഹൃദയത്തിൽ പച്ചയായി നിൽക്കുന്നത് കൊണ്ടായിരിക്കാം അവർ ഇന്നും ഓടികൊണ്ടിരിക്കുന്നത്. ലക്ഷ്യബോധ്യത്തോടെയാണ് നമ്മുടെ യുവത്വം കടന്നു പോകുന്നതെങ്കിൽ നമ്മുടെ വാർധ്യക്യം വളരെ സുന്ദരമായിരിക്കും. മൂല്യമുള്ളതും, ധാർമ്മീകത നിറഞ്ഞതുമായ ജീവിതമാണ് യുവത്വം നമുക്ക് സമ്മാനിച്ചതെങ്കിൽ നമ്മുടെ പ്രായപൂർത്തിയിൽ സമൂഹത്തിനും നമ്മുടെ പിന്തലമുറയ്ക്കും നമ്മുടെ ജീവിത വയലിൽ നിന്നും നിറയെ നന്മയുടെ വിളവുകൾ കൊയ്യാൻ കഴിയും.

നാം വളരുമ്പോൾ പ്രായം വർദ്ധിക്കുമ്പോൾ കൂടുതൽ വലിയ യാഥാർഥ്യത്തോടുള്ള ആവേശവും, തുറവും ഒരിക്കലും നഷ്ടപ്പെടുത്തരുത് എന്ന് പാപ്പാ നമ്മോടു ആവശ്യപ്പെടുന്നു. ഇന്നത്തെ സമൂഹത്തിൽ കാണുന്ന പല അസമത്വങ്ങൾക്കും, അധാർമ്മിക പ്രവർത്തനങ്ങൾക്കും പിന്നിൽ  ഇന്നത്തെ സമൂഹത്തിൽ ജീവിക്കുന്ന നമ്മുടെ നിസ്സംഗതയുണ്ടെന്ന കാര്യം നമുക്ക് വിസ്മരിക്കാനാവില്ല. ചില  നേരങ്ങളിൽ നാം കഠിനഹൃദയരാകുന്നു. മറ്റുചിലപ്പോൾ നാം കടുത്ത സ്വാർത്ഥരാകുന്നു. ഈ സമൂഹത്തോടു നമുക്ക് ഒരു  ബന്ധവും ഇല്ലാത്തവരായി തീരുന്നു. ചില യാഥാർഥ്യങ്ങളുടെ മുന്നിൽ നാം അന്ധരായി തീരുന്നു. എന്നാൽ അങ്ങനെയല്ല നമുക്കു തുറവു വേണം എന്നാണ് പാപ്പാ പറയുന്നത്.

ജീവിതത്തിന്റെ പല അവസ്ഥകളെ കുറിച്ച് കാലം ചില സൂചനകളും അടയാളങ്ങളും നൽകുന്നുണ്ട്. യുവജനത്തിനു നേരെയാണ് ഈ അടയാളങ്ങൾ കൂടുതലും നൽകപ്പെടുന്നത്. കാരണം അവരിലെ ഇച്ഛാശക്തിയും, എന്തും നേരിടാനുള്ള ആത്മബലവും സമൂഹത്തിനു ഹാനികരമായ പല അർബ്ബുദങ്ങളെയും കീറിമുറിക്കാൻ മാത്രം മൂർച്ചയുള്ളതാണ്. നമ്മുടെ യൗവനത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങളൊക്കെ നാം ചെയ്യാൻ പരിശ്രമിച്ചാൽ നമ്മുടെ വാർദ്ധക്യത്തിൽ നമുക്ക് യുവത്വമുള്ള ഹൃദയം സ്വന്തമാക്കി ജീവിക്കാൻ കഴിയും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles