കാര്‍ലോ അക്യുട്ടിസിനെ ഒക്ടോബര്‍ 10ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും
വത്തിക്കാന്‍: കമ്പ്യൂട്ടര്‍ വിദഗ്ദനായ കൗമാരക്കാരന്‍ കാര്‍ലോ അക്യുട്ടിസിനെ ഫ്രാന്‍സിസ് പാപ്പാ ഈ വര്‍ഷം ഒക്ടോബര്‍ 10ന് വാഴ്ത്തപ്പെട്ടവനായി പ്രഖാപിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥീരികരണം വത്തിക്കാന്‍ നടത്തി. 2020 ഫെബ്രുവരിയിലാണ് ഫ്രാന്‍സിസ് പാപ്പാ അക്യുട്ടിസിനെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്താന്‍ അനുവാദം നല്‍കിയത്. 2006 ല്‍ തന്റെ 15 ാം വയസ്സിലാണ് കാര്‍ലോ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു മരണമടഞ്ഞത്.
നാമകരണത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘം അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യു തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും. ജന്മനാ പാന്‍ക്രിയാസിന് തകരാറുള്ള ബ്രസീല്‍ സ്വദേശിയായ കുട്ടിയുടെ രോഗം കാര്‍ളോയുടെ മധ്യസ്ഥതയില്‍ നടന്ന പ്രാര്‍ത്ഥനയെ തുടര്‍ന്നു അത്ഭുത സൌഖ്യം പ്രാപിച്ചതു ഫ്രാന്‍സിസ് പാപ്പ അംഗീകരിച്ചതോടെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് അക്യൂട്ടിസ് ഉയര്‍ത്തപ്പെടുന്നത്.
വലിയൊരു ദിവ്യകാരുണ്യ ഭക്തനായിരുന്നു അക്യുട്ടിസിനെ കുറിച്ച് പോസ്റ്റുലേറ്റര്‍ നിക്കോള ഗോറി പറയുന്നത് ശ്രദ്ധിക്കൂ: ‘സ്വര്‍ഗത്തിലേക്കുള്ള രാജവീഥി’ എന്നാണ് അക്യുട്ടിസ് വി. കുര്‍ബാനയെ വിശേഷിപ്പിച്ചിരുന്നത്. ‘കാര്‍ലോയെ സംബന്ധിച്ച് തന്റെ വിശുദ്ധിയുടെ നെടുംതൂണികളായിരുന്നു വി. കുര്‍ബാനയോടുള്ള ഭക്തിയും പരിശുദ്ധ കന്യകമാതാവിനോടുള്ള ഭക്തിയും.
കൗമാരപ്രായത്തിലേക്ക് പ്രവേശിച്ചതു മുതല്‍ കാര്‍ലോ എല്ലാ ദിവസവും ജപമാല ചൊല്ലിയിരുന്നു. ഒപ്പം ദിവ്യകാരുണ്യ ആരാധയ്ക്കായും സമയം ചെലവഴിച്ചിരുന്നു. ‘നാം സൂര്യപ്രകാശത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ കറുക്കുന്നു. എന്നാല്‍ ദിവ്യകാരുണ്യത്തിലെ ഈശോയുടെ മുന്നില്‍ നില്‍ക്കുമ്പോഴാകട്ടെ, നാം വിശുദ്ധരാകുന്നു’ എന്ന് കാര്‍ലോ പറയുമായിരുന്നു.
തന്റെ പതിനാലാമത്തെ പിറന്നാള്‍ കഴിഞ്ഞുള്ള വേനല്‍ക്കാലത്ത് ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ഒരു വെബസൈറ്റ് അവന്‍ തയ്യാറാക്കി.
‘ജനങ്ങള്‍ ദിവ്യകാരുണ്യഭക്തിയിലേക്ക് അടുക്കണം എന്ന് കാര്‍ലോ ആഗ്രഹിച്ചു. ഈ ലക്ഷ്യത്തോടെ അവന്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചു. ഒരു വേനല്‍ക്കാലത്ത് അവന്‍ ആദിമ ക്രൈസ്തവ കാലഘട്ടം മുതല്‍ ലോകത്തില്‍ സംഭവിച്ചിട്ടുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ അന്വേഷിച്ചു പോയി.’ ഗോറി പറയുന്നു.
The Eucharistic Miracles of the World എന്ന പേരിലുള്ള ദിവ്യകാരുണ്യ വെബ് സൈറ്റിന് ആരംഭം കുറിച്ചത് കാര്‍ലോ ആയിരുന്നു. സഭയില്‍ നിന്നും അകന്നു പോകുന്നവരെ തിരികെ കൊണ്ടു വരാനും കൂദാശകള്‍ക്കെതിരെ മുഖം തിരിക്കുന്നവരെ മടക്കി കൊണ്ടു വരാനും കാര്‍ലോ ആഗ്രഹിച്ചിരുന്നു. ഇന്റര്‍നെറ്റ് ഉപയോഗിച്ച് സുവിശേഷം പ്രഘോഷിക്കാന്‍ ആഗ്രഹിച്ച ഒരു കൊച്ചു വിശുദ്ധനായിരുന്നു കാര്‍ലോ അക്യുട്ടിസ്.