വി. കര്‍ദിനാള്‍ ന്യൂമാന്റെ ജീവിതം 2

അഭിലാഷ് ഫ്രേസര്‍

 

മെഡിറ്ററേനിയന്‍ ദേശാടനം

1832-ല്‍ ഹുറേല്‍ ഫ്രൂഡിനോടൊത്ത് ന്യൂമാന്‍ തെക്കന്‍ യൂറോപ്പിലേക്ക് ഒരു യാത്രയാരംഭിച്ചു. ‘ഹെര്‍മെസ്’ എന്നു പേരുള്ള ഒരു ആവിക്കപ്പലിലായിരുന്നു യാത്ര. ജിബ്രാള്‍ട്ടര്‍, മാള്‍ട്ട, ഇയോണിയന്‍ ദ്വീപുകള്‍, സിസിലി, നേപ്പിള്‍സ്, റോം തുടങ്ങിയ ദേശങ്ങളിലൂടെ ന്യൂമാന്‍ സഞ്ചരിച്ചു. ”ഭൂമിയിലെ ഏറ്റവും വിസ്മയകരമായ സ്ഥലം” എന്നാണ് അദ്ദേഹം റോമിനെ വിശേഷിപ്പിച്ചത്. എന്നാല്‍ റോമന്‍ കത്തോലിക്കാ സഭയെ ‘ബഹുദൈവാരാധകരുടെയും വിഗ്രഹാരാധകരുടെയും തരംതാണവരുടെയും മതം’ എന്നു വിശേഷിപ്പിക്കാനും ന്യൂമാന്‍ മറന്നില്ല. ഈ യാത്രയ്ക്കിടയില്‍ ന്യൂമാന്‍ നിരവധി കവിതകള്‍ രചിക്കുകയുണ്ടായി. അതില്‍ ഒന്നാണ് വിശ്വപ്രസിദ്ധമായ ”Lead Kindly Light…”
റോമില്‍ നിന്ന് സിസിലിയിലേക്ക് ന്യൂമാന്‍ തനിച്ചാണ് പോയത്. അവിടെ ലിയോണ്‍ ഫോര്‍ട്ടില്‍വച്ച് അദ്ദേഹം കഠിനമായ ടൈഫോയ്ഡ് ബാധിച്ചു കിടപ്പിലായി. അക്കാലത്ത് ആ രോഗം മൂലം പലരും മരണമടഞ്ഞിരുന്നു. ചെയ്തുതീര്‍ക്കാന്‍ ദൈവം കല്‍പിച്ച കര്‍ത്തവ്യങ്ങള്‍ ഇനിയും ഇംഗ്ലണ്ടില്‍ ബാക്കി കിടക്കുന്നു എന്ന ബോധ്യത്തോടെ ന്യൂമാന്‍ രോഗത്തെ അതിജീവിച്ചു. ഈ രോഗത്തെയാണ് തന്റെ ‘കൃപാപൂര്‍ണമായ മൂന്നാമത്തെ രോഗബാധ’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചത്. 1833 ജൂണില്‍ അദ്ദേഹം പലെര്‍മോയില്‍ നിന്ന് മാര്‍സെയില്‍സിലേക്ക് ഒരു ഓറഞ്ചുബോട്ടില്‍ യാത്രയായി. .
തിരിച്ച് ഇംഗ്ലണ്ടിലെത്തിയ ന്യൂമാന്‍ ജൂലായ് ഒമ്പതാം തിയതി ഓക്‌സ്‌ഫോര്‍ഡിലെത്തി. പതിനാലാം തിയതി ജോണ്‍ കെബിള്‍ സെന്റ് മേരീസില്‍ വച്ച് ‘ദേശീയ മതഭ്രംശം’ എന്ന വിഷയത്തെക്കുറിച്ച് ഒരു വിചാരണാ പ്രഭാഷണം നടത്തി. ഓക്‌സ്‌ഫോര്‍ഡ് പ്രസ്ഥാനത്തിന്റെ ഉദ്ഘാടനമായി ന്യൂമാന്‍ കരുതുന്നത് ഈ പ്രഭാഷണത്തെയാണ്.
ഒരാഴ്ചയ്ക്കുശേഷം ‘ട്രാക്റ്റ്‌സ് ഫോര്‍ ദ ടൈംസ്’ എന്ന പേരില്‍ ലഘുലേഖകളുടെ ഒരു പ്രസിദ്ധീകരണപംക്തി ആരംഭിച്ചു. ഇംഗ്ലണ്ടിലെ സഭയ്ക്ക് തത്വങ്ങളുടെയും ചിട്ടയുടെയും നിയതമായ അടിസ്ഥാനമിടുകയായിരുന്നു അതിലൂടെ ന്യൂമാന്‍ ലക്ഷ്യം വച്ചത്. ഈ പ്രസ്ഥാനം ‘ട്രാക്‌റ്റേറിയന്‍’ പ്രസ്ഥാനം എന്നറിയപ്പെട്ടു. ‘ട്രാക്റ്റ്‌സി’ന് പൂരകമെന്നോണം സെന്റ് മേരീസ് ഇടവകയില്‍ ന്യൂമാന്‍ ഞായറാഴ്ച അപരാഹ്ന പ്രഭാഷണങ്ങളും ആരംഭിച്ചു. ഉജ്ജ്വലമായ ആ പ്രഭാഷണങ്ങള്‍ ഓക്‌സ്‌ഫോര്‍ഡിലെ ഇളംതലമുറയില്‍ ആവേശത്തിന്റെ അലയൊലിയായി. ‘ദ ബ്രിട്ടീഷ് ക്രി ട്ടിക്കി’ന്റെ എഡിറ്ററായി ന്യൂമാന്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതും ഇക്കാലത്താണ്. റോമന്‍ കത്തോലിസിസത്തിനും പ്രൊട്ടസ്റ്റന്റിസത്തിനും ഇടയിലുള്ള ‘മധ്യവീഥി’ എന്ന നിലയില്‍ ആംഗ്ലിക്കന്‍ സഭയെ അവതരിപ്പിച്ചുകൊണ്ടുള്ള പ്രഭാഷണങ്ങളും ക്ലാസുകളും ന്യൂമാന്‍ നിര്‍വഹിച്ചു.

അന്വേഷണങ്ങളുടെ അവസാനം
1839 ആയപ്പോഴേക്കും ഓക്‌സ്‌ഫോര്‍ഡില്‍ ന്യൂമാന്റെ സ്വാധീനം പൂര്‍ണമായിരുന്നു. ഓക്‌സ്‌ഫോര്‍ഡിലെ വിദ്യാര്‍ത്ഥികളും യുവതലമുറയും പ്രൗഢഗംഭീരനായി നടന്നുവരുന്ന ന്യൂമാന്റെ വീഥിയില്‍ ആദരങ്ങളര്‍പ്പിച്ചുനിന്നു. ‘മോണോഫിസൈറ്റ്’ പാഷണ്ഡതയെപ്പറ്റി പഠിക്കാനിടയായതിനെ തുടര്‍ന്ന് സഭാപരമായ അധികാരത്തെച്ചൊല്ലിയുള്ള ആംഗ്ലിക്കന്‍ സഭയുടെ നിലപാടിന്റെ സാധുതയെക്കുറിച്ച് ന്യൂമാന്റെ മനസ്സില്‍ സംശയങ്ങള്‍ ഉദിച്ചു. ഡൊണാറ്റിസ്റ്റുകള്‍ക്കെതിരായുള്ള വി.അഗസ്റ്റിന്റെ വാദങ്ങള്‍ വൈസ്മാന്‍ തന്റെ ലേഖനത്തില്‍ അവതരിപ്പിച്ചതു വായിക്കാനിടയായപ്പോള്‍ ഈ സംശയം വീണ്ടും തലപൊക്കി. അതിനെക്കുറിച്ച് ന്യൂമാന്‍ തന്റെ ആത്മകഥയില്‍ എഴുതുന്നു:
”വി.അഗസ്റ്റിന്റെ വാക്കുകള്‍ മുന്‍പൊരിക്കലും അനുഭവപ്പെടാത്തവിധം ശക്തമായി എന്നെ സ്പര്‍ശിച്ചു. ”എടുത്തു വായിക്കൂ…” എന്ന് അഗസ്റ്റിന്‍ ശ്രവിച്ചതുപോലെ തന്നെയായിരുന്നു അതെനിക്ക്. ”ലോകത്തിന്റെ തീരുമാനം നിര്‍ണായകമാണ്,” അതായിരുന്നു എന്നെ സ്പര്‍ശിച്ച ആ പുരാതനപിതാമഹന്റെ വാക്കുകള്‍! സുദീര്‍ ഘവും ബഹുവിധവുമായ സഭാചരിത്രത്തിന്റെ കാതല്‍ ആ വരിക ളില്‍ അടങ്ങിയിരുന്നു. അതോടെ ‘മധ്യവഴി’യുടെ ദൈവശാസ്ത്രം തവിടുപൊടിയായി.” (അുീഹീഴശമ ജൃീ്ശമേ ടൗമ ുമൃ േ5)
1841-ല്‍ ന്യൂമാന്‍ തൊണ്ണൂറാമ ത്തെ ‘ട്രാക്റ്റ്’ (ലഘുലേഖ) പ്ര സിദ്ധീകരിച്ചു. ട്രാക്റ്റ് പരമ്പരയി ലെ അവസാനത്തേതായിരുന്നു അത്. ഇംഗ്ലണ്ടിലെ സഭയിലുണ്ടായിരുന്ന കത്തോലിക്കാ തത്വങ്ങളുടെ സാധുത പരിശോധിക്കുന്ന ആ ലഘുലേഖ 39 ആര്‍ട്ടിക്കിളുകള്‍ വിശദമായി വിശകലനം ചെ യ്ത് അവ കത്തോലിക്കാ സഭയുടെ നിയമാനുസൃതമായ വിശ്വാസപ്രമാണത്തിനെതിരായല്ല, പൊ തുവില്‍ നിലവിലിരിക്കുന്ന തെറ്റുകള്‍ക്കും അതിശയോക്തികള്‍ ക്കും വിരുദ്ധമായിട്ടാണെന്ന് സ്ഥാ പിക്കുന്നു.
ഈ ലഘുലേഖ ഓക്‌സ്‌ഫോര്‍ ഡില്‍ വലിയ എതിര്‍പ്പിനു കാരണമായി. ഓക്‌സ്‌ഫോര്‍ഡിലെ ബിഷപിന്റെ നിര്‍ദ്ദേശപ്രകാരം ട്രാ ക്റ്റ്‌സിന്റെ പ്രസിദ്ധീകരണം അവസാനിച്ചു.

പ്രകാശത്തിന്റെ തീരമണയുന്നു
സത്യാന്വേഷിയായ തീര്‍ത്ഥാടകന്റെ മനസ്സായിരുന്നു, ന്യൂമാന്റേത്. മഹാസൗധങ്ങളെന്ന് നിനച്ചു വാഴ്ത്തിയിരുന്ന ആംഗ്ലിക്കന്‍ ചി ന്താധാരയുടെ അസ്തിവാരത്തി ന്റെ ദൗര്‍ബല്യം കണ്ടപ്പോള്‍ ന്യൂ മാന്‍ ബൗദ്ധികമായ അശാന്തികളില്‍ ഉഴറി നടന്നു. മറുവശത്ത്, കത്തോലിക്കാ സഭയെക്കുറിച്ച് മനസ്സിലുണ്ടായിരുന്ന തെറ്റിദ്ധാരണകളുടെ പുകമറകള്‍ നീങ്ങിക്കൊണ്ടിരുന്നു. ഏതോ കാറ്റ് മായ്ച്ചുകളയുന്ന കോടമഞ്ഞിനപ്പുറത്ത് തെളിയുന്ന പ്രകാശത്തിന്റെ തീരം പോലെ കത്തോലിക്കാ സഭ തെളിഞ്ഞുവന്നു. സത്യത്തോട് സന്ധിയില്ലാത്ത പ്രണയം പ്രഖ്യാപിച്ച ധിഷണാശാലിയുടെ കാ ല്‍ച്ചുവടുകള്‍ ദൃഢമായി. ആദ്യ കാല്‍വയ്‌പെന്നോണം ന്യൂമാന്‍ ‘ദ ബ്രിട്ടീഷ് ക്രിട്ടിക്കി’ന്റെ പത്രാധിപസ്ഥാനം രാജിവച്ചു. ”ആംഗ്ലിക്കന്‍ സഭയിലെ അംഗത്വത്തെ സംബന്ധിച്ച് എന്റെ മരണക്കിടക്കയിലായിരുന്നു അക്കാലത്ത്, ഞാന്‍” എന്ന് പില്‍ക്കാലത്ത് ന്യൂമാന്‍ അതേപ്പറ്റി എഴുതി. ആരിയന്‍ വിവാദങ്ങളിലെ അര്‍ദ്ധ-ആരിയന്‍മാരുടേതിനു തുല്യമാണ് ആംഗ്ലിക്കന്‍ സഭയുടെ സ്ഥാനമെന്ന് ന്യൂമാന് ബോധ്യമായി. ജറുസലേമില്‍ ആംഗ്ലിക്കന്‍-ലൂതറന്‍ മെത്രാസനം സ്ഥാപിക്കാനും ബ്രിട്ടീഷ്, പ്രഷ്യന്‍ ഗവണ്‍മെന്റുകള്‍ തവണ വച്ച് അതിന്റെ ഭരണം കൈയാളാനുമുള്ള ഒരു വ്യവ സ്ഥ അക്കാലത്തുണ്ടായതിനെ ന്യൂമാന്‍ കണ്ടത് ഇംഗ്ലണ്ടിലെ സഭ അപ്പോസ്‌തോലികമല്ലെന്നതിന്റെ തെളിവായിട്ടാണ്.
1842-ല്‍ ന്യൂമാന്‍ ലിറ്റില്‍മോറിലേക്ക് പിന്‍വാങ്ങി. ഏതാനും ചില അനുയായികളോടൊപ്പം ഒരു ആശ്രമത്തിന്റെ ചുറ്റുപാടില്‍ കഠിനതപശ്ചര്യകളോടെ ജീവിതം ആരംഭിച്ചു. സത്യാന്വേഷണത്തിന്റെ ആശങ്കകളും വിഹ്വലതകളും ന്യൂമാന്റെ അന്തരാത്മാവിനെ വേട്ടയാടിക്കൊണ്ടിരുന്നു. ശിഷ്യ•ാരെ ഇംഗ്ലീഷ് വിശുദ്ധരുടെ ജീവചരിത്രങ്ങള്‍ രചിക്കുന്ന ജോലി ഏല്‍പിച്ചിട്ട് ന്യൂമാന്‍ ‘ഋമൈ്യ ീി വേല റല്‌ലഹീുാലി േഇവൃശേെശമി ഉീരൃേശില’ എന്ന പ്രൗഢഗംഭീരമായ ഗ്രന്ഥത്തിന്റെ രചനയില്‍ ഏര്‍പ്പെട്ടു. കത്തോലിക്കാസഭയുടെ വിശ്വാസസംഹിതയുമായി ഒരു താദാത്മ്യം പ്രാപിക്കലായിരുന്നു ഈ രചനോപാസന.
1843 ഫെബ്രുവരിയില്‍ ‘ഓക്‌സ്‌ഫോര്‍ഡ് കണ്‍സര്‍വേറ്റീവ് ജേണലില്‍’ റോമിലെ സഭയ്‌ക്കെതിരായി താന്‍ പറഞ്ഞ എല്ലാ കടുത്ത വാക്കുകളും നിരുപാധികം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ഒരു ഔദ്യോഗിക വിളംബരം അദ്ദേഹം പ്രസിദ്ധീകരിച്ചു. സെപ്തംബറില്‍ ലിറ്റില്‍മോറില്‍വച്ച് ഒരു ആംഗ്ലിക്കന്‍ എന്ന നിലയിലുള്ള അവസാന പ്രഭാഷണവും നടത്തിയിട്ട് ന്യൂമാന്‍ സെന്റ് മേരീസില്‍ നിന്നു രാജിവച്ചു. അഗാധവും വികാരതീവ്രവുമായ അവസാന പ്രഭാഷണം നിരവധി നയനങ്ങളെ ഈറനണിയിക്കുകയും ഹൃദയങ്ങളെ ആര്‍ദ്രമാക്കുകയും ചെയ്തു. ന്യൂമാന്‍ സൗഹൃദങ്ങള്‍ പിരിയുകയായിരുന്നു. ആത്മാവില്‍ കരയുകയായിരുന്നു. സ്വന്തജനം ഇനി തന്നെ അന്യനായി കാണുമെന്ന ബോധം തീവ്രതരമായിരുന്നു. പക്ഷേ സത്യത്തിന്റെ പ്രഭയില്‍ മിഴിയും ചിത്തവുമര്‍പ്പിച്ചിരുന്ന ന്യൂമാന്‍ ദൃഢമായ കാല്‍വയ്പുകളോടെ തന്നെ സെന്റ് മേരീസിന്റെ പടിയിറങ്ങി.
വീണ്ടും രണ്ടുവര്‍ഷങ്ങള്‍ പ്രാര്‍ത്ഥനയിലും പരിചിന്തനത്തിലും കടന്നുപോയി. അവസാനം പുലരിയുദിച്ചു. 1845 ഒക്‌ടോബര്‍ ഒമ്പതാം തീയതി മഹാധിഷണാശാലിയും ആംഗ്ലിക്കന്‍ സഭയുടെ ദൈവശാസ്ത്രജ്ഞരില്‍ അഗ്രഗണ്യനുമായ ജോണ്‍ ഹെന്റി ന്യൂമാന്‍ ഔദ്യോഗികമായി കത്തോലിക്കാ സഭയുടെ അംഗത്വം സ്വീകരിച്ചു. ലിറ്റില്‍ മോര്‍ കോളജില്‍ വച്ച് ഇറ്റാലിയന്‍ പാഷനിസ്റ്റ് വൈദികനായ ഡോമിനിക്ക് ബാര്‍ബെരിയാണ് അദ്ദേഹത്തെ സഭയിലേക്കു സ്വീകരിച്ചത്. (ബാര്‍ബെരി പിന്നീട് വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ചേര്‍ക്കപ്പെട്ടു).
1846 ഫെബ്രുവരിയില്‍ ന്യൂമാന്‍ ഓക്‌സ്‌ഫോര്‍ഡിനോട് വിട പറഞ്ഞു. അന്ന് മിഡ്‌ലാന്‍ഡ് ജില്ലയുടെ അപ്പോസ്‌തോലിക് വികാര്‍ ആയിരുന്ന ബിഷപ് വൈസ്മാന്റെ കൂടെ ഓസ്‌കോട്ടില്‍ കുറച്ചുകാലം തങ്ങിയതിനുശേഷം ഒക്‌ടോബറില്‍ ന്യൂമാന്‍ റോമിലേക്കു യാത്രയായി. റോമില്‍വച്ച് അദ്ദേഹം കര്‍ദ്ദിനാള്‍ ഫ്രാ ന്‍സോണിയില്‍ നിന്നു കത്തോലിക്കാ പൗരോഹിത്യം സ്വീകരിക്കുകയും ഒന്‍പതാം പിയൂസ് മാര്‍പാപ്പയില്‍ നിന്ന് ‘ഡോക്ടര്‍ ഓഫ് ഡിവിനിറ്റി’ ബിരുദം ഏറ്റുവാങ്ങുകയും ചെയ്തു.

1847-ന്റെ അന്ത്യത്തില്‍ ഇംഗ്ലണ്ടിലേക്കു മടങ്ങിയ ന്യൂമാന്‍ മേരിവെയ്ല്‍, ഷീഡിലിലെ സെന്റ് വില്‍ഫ്രെഡ്‌സ് കോളജ് സെന്റ് ആന്‍സ്, ബിര്‍മിംഗ്ഹാം എന്നിവിടങ്ങളിലും പിന്നീട് എഡ്ജ്ബാസ്റ്റണിലും സേവനം ചെയ്തു. തന്റെ ജീവിതത്തിന്റെ അവസാനത്തെ നാല്‍പതു വര്‍ഷങ്ങള്‍ ന്യൂമാന്‍ ചെലവഴിച്ചത് എഡ്ജബാസ്റ്റണിലാണ്. ഇതിന് അനുബന്ധമായി പ്രവര്‍ത്തിച്ചുവന്ന കുട്ടികള്‍ക്കായുള്ള ‘ഓറട്ടറി സ്‌കൂള്‍’ പില്‍ക്കാലത്ത് ഏറെ പ്രശസ്തിയാര്‍ജിച്ചു. അത് പിന്നീട് ‘കാത്തലിക്ക് എറ്റണ്‍’ എന്നറിയപ്പെട്ടു.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles