ദൈവത്തിന് കൊടുക്കാന്‍ ചെറിയത് എന്തെങ്കിലുമുണ്ടോ?

ആധുനിക ലോകത്തിലെ വലിയ വിശുദ്ധ എന്നറിയപ്പെടുന്ന വി. കൊച്ചുത്രേസ്യ മരിച്ചു കഴിഞ്ഞപ്പോള്‍ മഠാധികാരികളുടെ ഇടയില്‍ ഒരു ചോദ്യമുണ്ടായി. ഈ ചെറുപ്പക്കാരി കന്യാസ്ത്രീ ജീവിതത്തില്‍ എടുത്തു പറയത്തക്ക എന്തെങ്കിലും ചെയ്തിട്ടുണ്ടോ? അവളുടെ ചരമക്കുറിപ്പായി എന്തെഴുതി വയ്ക്കും?

ആദ്യദിവസങ്ങള്‍ സാധാരണ പോലെ കടന്നു പോയി. എന്നാല്‍ വൈകാതെ അത്ഭുതങ്ങളുടെ റോസാപ്പൂക്കള്‍ സ്വര്‍ഗത്തില്‍ നിന്നും വിശുദ്ധയുടെ നാമത്തില്‍ വര്‍ഷിക്കപ്പെടാന്‍ തുടങ്ങി. സകലരും അത്ഭുപ്പെടുമാറ് വലിയ അത്ഭുതങ്ങള്‍ വിശുദ്ധയുടെ മധ്യസ്ഥതയാല്‍ ഓരോ ദിവസം സംഭവിച്ചു.

വി. കൊച്ചുത്രേസ്യ ജീവിതത്തില്‍ എന്താണ് ചെയ്തത് എന്നറിയണമെങ്കില്‍ ഒരു ആത്മാവിന്റെ കഥ എന്ന പേരിലുള്ള വിശുദ്ധയുടെ ആത്മകഥ വായിക്കണം. അതില്‍ വിശുദ്ധി പ്രാപിക്കാന്‍ പുണ്യവതി അനുവര്‍ത്തിച്ചിരുന്ന കുറുക്കുവഴിയെ കുറിച്ച് വിവരിക്കുന്നുണ്ട്. ഓരോ ദിവസവും ഏറ്റവും ചെറിയ കാര്യങ്ങള്‍ പോലും ഏറ്റവും വലിയ സ്‌നേഹത്തോടെ ചെയ്യുക. ചെറിയ സഹനങ്ങള്‍ ദൈവസ്‌നേഹത്തെ പ്രതി ഏറ്റെടുക്കുക. അവ ആത്മാക്കളുടെ രക്ഷയ്ക്കായി സമര്‍പ്പിക്കുക. ഇത്രയൊക്കെയേ കൊച്ചുത്രേസ്യ ചെയ്തുള്ളൂ.
എന്നാല്‍ ഓരോ ചെറിയ പ്രവര്‍ത്തിയുടെയും പരിപൂര്‍ണതയും സമര്‍പ്പണവും ദൈവസന്നിധിയില്‍ സ്വീകാര്യമായി. അത്രയേറെ ഹൃദയം സമര്‍പ്പിച്ചു കൊണ്ടാണ് വിശുദ്ധ അവ ചെയ്തത്. വിശുദ്ധ ജീവിതത്തില്‍ വലിയൊരു വിപ്ലവത്തിനാണ് വിശുദ്ധ അന്ന് തുടക്കം കുറിച്ചത്.

നമ്മുടെ വി. അല്‍ഫോന്‍സാമ്മയും ഇതേ വഴി പിന്തുടര്‍ന്ന പുണ്യവതിയാണ്. തന്റെ സഹനങ്ങളെ മുഴുവന്‍ ദൈവസ്‌നേഹവും സമര്‍പ്പണവും കൊണ്ട് വിശുദ്ധിയാക്കി അല്‍ഫോന്‍സാമ്മ മാറ്റി.
എന്റെ ചെറിയ വീട്ടിലിരുന്ന് ഞാന്‍ ദൈവത്തിനു വേണ്ടി എന്തു ചെയ്യാനാണ് എന്നു നാം ചിന്തിക്കുന്നുണ്ടാകാം. ഇത്ര ബലഹീനനും ബലഹീനയുമായ ഞാന്‍ ദൈവത്തെ എങ്ങനെ പ്രഘോഷിക്കും എന്ന് നമുക്ക് സംശയമുണ്ടാകാം. നമുക്കുള്ള ഉത്തരം വി. കൊച്ചുത്രേസ്യ നല്‍കുന്നു. എല്ലാ കാര്യങ്ങളും ദൈവസ്‌നേഹത്തെ പ്രതി ചെയ്യുക.

കൊല്‍ക്കത്തായിലെ മദര്‍ തെരേസയും ഈ വഴി തന്നെയാണ് തിരഞ്ഞെടുത്തത്. ഓരോ രോഗിയെ ശുശ്രൂഷിക്കുമ്പോഴും അത് യേശുവാണെന്ന ബോധ്യത്തോടെ ചെയ്തു. അതിന് വലിയ ഫലമുണ്ടായി. ആ വിശുദ്ധ ലോകം മുഴുവന്‍ അറിഞ്ഞു. അനേകരുടെ ജീവിതങ്ങളില്‍ നന്മ നിറഞ്ഞു.

ഞാന്‍ യേശുവിന് വേണ്ടി എന്തു കൊടുക്കും? വലിയ കാര്യങ്ങളൊന്നും യേശു ചോദിക്കുന്നില്ല. നമ്മുടെ ജീവിതത്തിലെ സമയം നന്മ ചെയ്യാനും ദുഖിക്കുന്നവര്‍ക്ക് ആശ്വാസം പകരാനും ചെലവഴിക്കാനാവുമോ? ജീവിതത്തില്‍ വരുന്ന ക്ലേശങ്ങള്‍ പരാതിയില്ലാതെ യേശുവിന്റെ തിരുഹൃദയത്തില്‍ ചേര്‍ത്തു വയ്ക്കാമോ? അവിടുന്ന് ആ ക്ലേശങ്ങളെ രക്ഷാകരമാക്കി മാറ്റും. നമ്മുടെ ചെറിയ നന്മകള്‍ വലിയ വിലയുള്ളതായി മാറുകയും ചെയ്യും.

യേശുവില്‍ സ്‌നേഹപൂര്‍വ്വം,

ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles