ആന്തരിക സൗഖ്യം നൽകുന്ന മനസ്താപപ്രകരണം

പാപംമൂലം നഷ്ടമാകുന്ന ദൈവ-മനുഷ്യ ബന്ധത്തിന്റെ പുനസ്ഥാപനം സാധ്യമാക്കുന്ന പ്രാർത്ഥനയാണ് മനസ്താപപ്രകരണം. പാപമോചനത്തിനായി ഈശോ സ്ഥാപിച്ച കൂദാശയായ ‘കുമ്പസാര’ത്തിന്റെ സമയത്താണ് സാധാരണയായി എല്ലാവരും മനസ്താപപ്രകരണം ചൊല്ലാറുള്ളത്. എന്നാൽ അനുദിന ജീവിതത്തിൽ നാം ചെയ്തുപോകുന്ന ലഘു പാപങ്ങളുടെ മോചനത്തിനായി കൂടെകൂടെ ചൊല്ലാവുന്ന പ്രാർത്ഥനയാണ് മനസ്താപപ്രകരണം എന്ന് സഭ പഠിപ്പിക്കുന്നുണ്ട്.

രാത്രി ഉറങ്ങും മുമ്പ് അന്നത്തെ ദിവസത്തെ നമ്മുടെ ചെയ്തികൾ ആത്മശോധന ചെയ്ത ഉറങ്ങാവൂ എന്ന് വിശുദ്ധ പാദ്രെ പിയോ പഠിപ്പിക്കുന്നു. ഇങ്ങനെ ആത്മശോധന ചെയ്ത് നാം കണ്ടെത്തിയ പാപങ്ങൾ ‘ക്ഷമിക്കണമേ..’ എന്ന് ദൈവത്തോട് യാചിക്കുമ്പോൾ മനസ്താപപ്രകരണം കൂടി ചൊല്ലിയാൽ ആത്മശോധന പൂർണമായി. കുമ്പസാരത്തിന്റെ സാധ്യതകൾ മങ്ങുന്ന ഈ കാലയളവിൽ മനസ്താപപ്രകരണ പ്രാർത്ഥന ഒരു വിശ്വാസി അമൂല്യനിധിയായി കണക്കാക്കണം.

ഒരു കുമ്പസാരം പൂർണമാകുന്നത് അത് സ്വീകരിക്കുന്ന വ്യക്തിയുടെ മനോഭാവം അനുസരിച്ചാണ്. ആത്മാർത്ഥമായ കുമ്പസാരം മാരകരോഗങ്ങൾ വരെ സൗഖ്യപ്പെടുത്തിയതായി എത്രയോ ധ്യാനകേന്ദ്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു! ആത്മാർത്ഥമായ അനുതാപം ഒരു വ്യക്തിയിൽ ദൈവശക്തി പ്രവർത്തിക്കാൻ കാരണമാകുന്നു എന്നാണല്ലോ അതിനർത്ഥം. അനുദിനം നാം ചെയ്തുപോകുന്ന ലഘു പാപങ്ങൾ നമ്മെ അല്പാല്പമായി ദൈവത്തിൽ നിന്ന് അകറ്റുന്നു.
“അങ്ങയുടെ രോഷംമൂലം എൻ്റെ ശരീരത്തില്‍ സ്വസ്‌ഥതയില്ല; എൻ്റെ പാപംനിമിത്തം എൻ്റെ അസ്‌ഥികളില്‍ ആരോഗ്യവുമില്ല.”
(സങ്കീര്‍ത്തനങ്ങള്‍ 38 : 3)

മാസത്തിലൊരിക്കലെങ്കിലും കുമ്പസാരിക്കണം എന്ന് മാതാവ് മജുഗോറിയയിലെ ദർശനങ്ങളിലൂടെ നമുക്ക് നിർദ്ദേശം നൽകി. കുമ്പസാരവും ധ്യാനവും പള്ളിയിൽ പോയി ഉള്ള കുർബാന അർപ്പണവും എല്ലാം ഈ മഹാമാരിയുടെ വരവോടെ അന്യമായി.

ഈ സാഹചര്യത്തിൽ നഷ്ടപ്പെട്ടുപോകുന്ന ദൈവ-മനുഷ്യ ബന്ധം പുനഃസ്ഥാപിക്കാൻ ആത്മാർത്ഥമായ ആത്മശോധനയും വിശുദ്ധ ബൈബിൾ തൊട്ടുള്ള മനസ്ഥാപപ്രകരണവും മാത്രമാണ് ഏക പോംവഴി. വചനമായ ക്രിസ്തു വസിക്കുന്ന, സാധാരണക്കാരന് ഏറ്റവും പ്രാപ്യമായ രൂപം ആണല്ലോ ബൈബിൾ. വിശുദ്ധ അന്തോണിസിന്റെ ജീവിതത്തിൽ ബൈബിൾ തുറന്നപ്പോൾ ഉണ്ണിയേശു ചാടി വന്ന് കൈകളിൽ ഇരുന്ന അനുഭവമുണ്ടായത് നാം മറക്കരുത്. ഈ പ്രതിസന്ധിഘട്ടത്തിൽ ഈശോയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ആത്മാർത്ഥമായുള്ള മനസ്താപത്തോടെ ബൈബിളിൽ തൊട്ട് മനസ്താപപ്രകരണം ചൊല്ലി നമുക്കും പാപമോചനം പ്രാപിക്കാം. കുമ്പസാരത്തിനുള്ള അവസരം ലഭിക്കുമ്പോൾ അത് ഉപയോഗിക്കുകയും ചെയ്യാം.

മനസ്താപപ്രകരണം
എന്റെ ദൈവമേ, ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടാൻ യോഗ്യനുമായ അങ്ങേയ്ക്ക് എതിരായി പാപം ചെയ്തു പോയതിനാൽ പൂർണ്ണഹൃദയത്തോടെ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങയെ ഞാൻ സ്നേഹിക്കുന്നു. എന്റെ പാപങ്ങളാൽ എന്റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും സ്വർഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അർഹനായി തീർന്നതിനാലും ഞാൻ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദവര സഹായത്താൽ സാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലിൽ പാപം ചെയ്യുകയില്ലെന്നും ഞാൻ ദൃഢമായി പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലും ഒരു പാപം ചെയ്യുക എന്നതിനേക്കാൾ മരിക്കാനും ഞാൻ സന്നദ്ധനായിരിക്കുന്നു. ആമേൻ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles