കര്‍ദിനാള്‍ ന്യൂമാന്റെ ജീവിതം ~ 1 ~

19-ാം നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ ദൈവശാസ്ത്ര പണ്ഡിതന്മാരില്‍ ഒരാളായിരുന്ന ജോണ്‍ ഹെന്റിന്യൂമാന്‍ ആംഗ്ലിക്കന്‍ സഭയില്‍ നിന്നും കത്തോലിക്കാ വിശ്വാസത്തിലേക്കു നടത്തിയ പ്രയാണത്തിന്റെ കഥ…   

~ 1 ~

 

~ അഭിലാഷ് ഫ്രേസര്‍  ~

 

പ്രകാശം തേടിയൊരു രാത്രിയില്‍

1833 ജൂണ്‍ മാസം. തെക്കന്‍ യൂറോപ്യന്‍ ദേശാടനത്തിനിടെ രോഗബാധിതനായ ജോണ്‍ ഹെന്റി ന്യൂമാന്‍ എന്ന ആംഗ്ലിക്കന്‍ യുവവൈദികന്‍ ഇറ്റലിയിലെ പലെര്‍മോ തീരത്ത് കപ്പല്‍ കാത്തുകിടന്നു. മരണഭീതി മേഘാവൃതമാക്കിയ അശാന്തദിനങ്ങളില്‍, പനിച്ചൂടില്‍ തേങ്ങിക്കരഞ്ഞുകൊണ്ടിരുന്ന ന്യൂമാനെ ശുശ്രൂഷിച്ച ആയ അദ്ദേഹത്തെ അലട്ടുന്ന കാരണമെന്തെന്ന് ചോദിച്ചു. ”എനിക്കു ചെയ്തുതീര്‍ക്കാനുള്ള ജോലികള്‍ ഇംഗ്ലണ്ടില്‍ ബാക്കി
കിടക്കുന്നു” എന്നു മാത്രമായിരുന്നു ന്യൂമാന്റെ ഉത്തരം.

മൂന്നാഴ്ചത്തെ കാത്തിരിപ്പിനുശേഷം ന്യൂമാന് മാര്‍സെയില്‍സിലേക്ക് യാത്ര പോകുന്ന ഒരു ബോട്ട് ലഭ്യമായി. ബോട്ട് ബോനിഫാച്ചിയോ കരയിടുക്കിലെത്തിയപ്പോള്‍ വഴിയില്‍ മൂടല്‍മഞ്ഞ് പരന്നു. കിഴുക്കാംതൂക്കായ പാറക്കെട്ടുകള്‍ക്കു മധ്യേ, യാത്ര തുടരാനാവാതെ ബോട്ട് ഒരാഴ്ച നിശ്ചലമായി കിടന്നു. ഇരുളും അവ്യക്തതയും പുകപോലെ വലയം ചെയ്യുന്ന മൂടല്‍ മഞ്ഞും. ഇരുണ്ട ആകാശത്തിലെ നനുത്ത നക്ഷത്രങ്ങളെ നോക്കി ബോട്ടിന്റെ ഡെക്കില്‍ ഏകാകിയായി ന്യൂമാന്‍ നിന്നു. ഇംഗ്ലണ്ട്! വിദൂരമായ ഭവനം. വഴികളെ അവ്യക്തമാക്കുന്ന കോടമഞ്ഞ്. അശാന്തവും വിഹ്വലവുമായ മനസ്സ്. ഇരുട്ടുപോലെ വലയം ചെയ്യുന്ന ഏകാന്തത. പുരോഹിതകവിയുടെ നെഞ്ചിലെ തീവ്രതാപങ്ങള്‍ കവിതയായി തുളുമ്പി: Lead, kindly Light, …….

ഒരു ചുവടു മുന്നോട്ടു വയ്ക്കാനുള്ള ഇത്തിരി വെട്ടത്തിനായി പ്രകാശത്തിന്റെ ഉറവിടത്തോട് യാചിക്കുന്ന വരികള്‍ പിന്നീട് വിശ്വസാഹിത്യത്തിന്റെ ഭാഗമായി. അനശ്വരമായ പ്രാര്‍ത്ഥനയും ആധുനികലോകത്തിന്റെ സങ്കീര്‍ത്തനവുമായി.

ഒരാഴ്ചയ്ക്കുശേഷം ബോനിഫാച്ചിയോ കരയിടുക്കിലെ കോടമഞ്ഞു നീങ്ങി. ന്യൂമാന്‍ ഭവനമണഞ്ഞു. ചതുപ്പുനിലങ്ങളില്‍ കൂടിയും പാറക്കെട്ടുകളില്‍ കൂടിയും പ്രവാഹങ്ങളില്‍ കൂടിയും പ്രഭാപൂര്‍ണിമയുടെ ദൂതന്മാര്‍ അദ്ദേഹത്തെ കരം പിടിച്ചു നടത്തി. വിശുദ്ധവും അഗാധവുമായ ആ ആത്മാവ് എന്നും കൊതിച്ചിരുന്നതുപോലെ സത്യത്തിന്റെ പുലര്‍വേളയില്‍ പുഞ്ചിരിക്കുന്ന മാലാഖമാരുടെ തൂമുഖം ദര്‍ശിച്ചു സായൂജ്യമണഞ്ഞിട്ട് ഒരു നൂറ്റാണ്ടു പിന്നിടുമ്പോള്‍ ന്യൂമാനെ കത്തോലിക്കാസഭ വിശുദ്ധരുടെ പട്ടികയിലേക്ക് ഉയര്‍ത്താനൊരുങ്ങുകയാണ്.

 

ജനനവും വിദ്യാഭ്യാസവും

1801 ഫെബ്രുവരി 21-ാം തീയതി ജോണ്‍ ന്യൂമാന്‍ എന്ന ബാങ്കറുടെ ആറു മക്കളില്‍ മൂത്തവനായി ലണ്ടനിലായിരുന്നു ജോണ്‍ ഹെന്റി ന്യൂമാന്റെ പിറവി. അമ്മ ജെമിമാ ഫോര്‍ഡ്രീനിയര്‍ ഒരു ഹ്യൂനോട്ട് കുടുംബത്തിലെ അംഗമായിരുന്നു.

ഏഴാം വയസില്‍ ന്യൂമാന്‍ ഈലിങ്ങില്‍ ഡോ.നിക്കോളാസ് നടത്തിയിരുന്ന ഒരു സ്വകാര്യവിദ്യാലയത്തില്‍ ചേര്‍ന്നു. അദ്ധ്വാനിയും സല്‍സ്വഭാവിയുമായിരുന്നെങ്കിലും ലജ്ജാലുവായിരുന്ന ന്യൂമാന്‍ മറ്റുള്ളവരില്‍ നിന്നകന്നു നില്‍ക്കുകയും സ്‌കൂള്‍ കായികവിനോദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. താന്‍ അക്കാലത്ത് ഒരു ‘അന്ധവിശ്വാസിയായിരുന്നു’ എന്നാണ് ന്യൂമാന്‍ പിന്നീട് പറഞ്ഞിട്ടുള്ളത്. ബൈബിള്‍ വായനയില്‍ അതീവ തല്‍പരനായിരുന്ന ന്യൂമാന്‍ വാള്‍ട്ടര്‍ സ്‌കോ ട്ടിന്റെ നോവലുകളും ഇഷ്ടപ്പെട്ടിരുന്നു. പിന്നീടു വായിക്കാനിടയായ വോള്‍ട്ടയര്‍, ഹ്യൂം, പെയ്ന്‍ എന്നിവരുടെ സന്ദേഹ ചിന്താപരമായ രചനകള്‍ കുറച്ചു കാലത്തേക്ക് ന്യൂമാനെ സ്വാധീനിക്കുകയും ചെയ്തു. പതിനഞ്ചാം വയസില്‍, സ്‌കൂള്‍ കാലഘട്ടത്തിന്റെ അന്ത്യത്തില്‍ തനിക്കൊരു മാനസാന്തരമുണ്ടായതായി ന്യൂമാന്‍ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. 1816-ലെ ശരത്ക്കാലത്തിലായിരുന്നു അത്. ”വിശ്വാസസത്യങ്ങള്‍ കൃപയുടെ കരങ്ങളാല്‍ എന്റെ ബുദ്ധിയില്‍ മായ്ക്കാനാവാത്ത വിധം മുദ്രിതമായി” എന്നാണ് ന്യൂമാന്‍ ആ സംഭവത്തെപ്പറ്റി എഴുതിയത്. പഠനത്തില്‍ മുമ്പനായിരുന്ന ന്യൂമാന്‍ ലാറ്റിന്‍ നാടകങ്ങളില്‍ അഭിനയിക്കുകയും വയലിന്‍ വായിക്കുകയും പ്രഭാഷണ മത്സരങ്ങളില്‍ സമ്മാനം നേടുകയും ലേഖനങ്ങള്‍ രചിക്കുകയും മാസികകള്‍ എഡിറ്റു ചെയ്യുകയും ചെയ്തിരുന്നു.

1816 മാര്‍ച്ചില്‍ ന്യൂമാന്റെ കുടുംബം പെട്ടെന്ന് ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തി. നെപ്പോളിയനുമായുണ്ടായ യുദ്ധത്തെത്തുടര്‍ന്നു രാജ്യത്തിനു ഭവിച്ച സാമ്പത്തികതകര്‍ച്ച ന്യൂമാന്റെ പിതാവിന്റെ ബാങ്ക് പൂട്ടുന്നതിന് കാരണമായി. വീട്ടിലെ ദാരിദ്ര്യം മൂലം ന്യൂമാന്‍ ആ വര്‍ഷത്തെ വേനലവധി സ്‌കൂളില്‍ തന്നെ ചെലവഴിച്ചു.
1816 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ 21 വരെയുള്ള നാളുകള്‍ തന്റെ ജീവിതത്തിലെ നിര്‍ണായക കാലഘട്ടമായിട്ടാണ് ന്യൂമാന്‍ കാണുന്നത്. ജീവിതത്തിലെ ‘കൃപാപൂര്‍ണമായ മൂന്ന് രോഗബാധകള്‍’ എന്നു ന്യൂമാന്‍ വിശേഷിപ്പിച്ചവയില്‍ ആദ്യത്തേത് 1816-ലെ ശരത്ക്കാലത്തായിരുന്നു. അധ്യാപകരിലൊരുവനായിരുന്ന റവ. വാള്‍ട്ടര്‍ മേയഴ്‌സിന്റെ സ്വാധീനം ന്യൂമാനെ മതപരമായ ഒരു മാനസാന്തരത്തിലേക്കു നയിച്ചു. കാല്‍വിനിസ്റ്റ് ഇവാഞ്ചെലിക്കല്‍ ചിന്താഗതി മേയഴ്‌സില്‍ നിന്നു പകര്‍ന്നു കിട്ടിയ ന്യൂമാന്‍ റോമിലെ മാര്‍പാപ്പയെ ‘അന്തിക്രിസ്തു’വായി ഗണിച്ചു.

1816 ഡിസംബര്‍ നാലിന് ന്യൂമാന്‍ ഓക്‌സ്‌ഫോര്‍ഡിലെ ട്രിനിറ്റി കോളേജില്‍ മെട്രിക്കുലേഷനു ചേര്‍ന്നു. 1818-ല്‍ ലഭിച്ച സ്‌കോളര്‍ ഷിപ്പിന്റെ സഹായത്താലാണ് പിന്നീടുള്ള വര്‍ഷങ്ങളില്‍ ന്യൂമാന് വിദ്യാഭ്യാസം സാധ്യമായത്. പഠനത്തിലുള്ള അമിതശ്രദ്ധയും ആകുലതയും 1821-ലെ ഓണേഴ്‌സ് പരീക്ഷയില്‍ ന്യൂമാന് വിപരീതഫലമുണ്ടാക്കി. മൂന്നാം ക്ലാസ് മാത്രമേ ന്യൂമാന് നേടാന്‍ കഴിഞ്ഞുള്ളൂ. എങ്കിലും അദ്ദേഹത്തിന്റെ ദൃഢനിശ്ചയം വിജയം കണ്ടു. 1822 ഏപ്രില്‍ 22-ന് ന്യൂമാന്‍ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു.

 

ആംഗ്ലിക്കന്‍ പുരോഹിതന്‍

1824 ജൂണ്‍ പതിമൂന്നാം തീയതി പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളില്‍ ന്യൂമാന്‍ ആംഗ്ലിക്കന്‍ സഭയില്‍ പുരോഹിതനായി അഭിഷിക്തനായി. പത്താം ദിവസം ഓക്‌സ്‌ഫോര്‍ഡ് ഷെയറിലെ ഓവര്‍വോള്‍ട്ടണ്‍ ദേവാലയത്തില്‍ ആദ്യപ്രഭാഷണം നടത്തി. വൈകാതെ, അദ്ദേഹം ഓക്‌സ്‌ഫോര്‍ഡ് സെന്റ് ക്ലെമെന്റ്‌സ് ഇടവകയുടെ സഹവികാരിയായി സേവനമാരംഭിച്ചു. രണ്ടുവര്‍ഷത്തെ സേവനത്തിനുശേഷം 1825-ല്‍ ന്യൂമാന്‍ സെന്റ് ആല്‍ബന്‍സ് ഹാളിലെ വൈസ് പ്രിന്‍സിപ്പലായി നിയമിതനായി. ഇക്കാലത്ത് റിച്ചാര്‍ഡ് വാട്ട്‌ലിയോടൊത്തുള്ള സംസര്‍ഗത്താല്‍ തന്റെ സ്വതസിദ്ധമായ ‘ലജ്ജാശീലം’ ഒരു പരിധിവരെ ന്യൂമാന്‍ അതിജീവിച്ചു. തര്‍ക്കശാസ്ത്രത്തെക്കുറിച്ചുള്ള വാട്ട്‌ലിയുടെ ഗ്രന്ഥരചനയില്‍ ന്യൂമാന്‍ പങ്കുചേരുകയും ‘ക്രൈസ്തവസഭയെ’ക്കുറിച്ചുള്ള ആദ്യത്തെ നിയതമായ ആശയം അദ്ദേഹം രൂപീകരിക്കുകയും ചെയ്തു. 1826-ല്‍ ന്യൂമാന്‍ ഓറിയല്‍ കോളജിലെ ട്യൂട്ടറും 1827-ല്‍ വൈറ്റ് ഹാളിലെ പ്രഭാഷകനുമായി. ഈ കാലഘട്ടത്തിലാണ് റിച്ചാര്‍ഡ് ഹുറേല്‍ ഫ്രൂഡ് താന്‍ കണ്ടിട്ടുള്ള ഏറ്റവും ”സൂക്ഷ്മബുദ്ധിയും സമര്‍ത്ഥരും ആഴമുള്ളവരുമായ മനുഷ്യരിലൊരാള്‍” എന്നു ന്യൂമാനെ വിശേഷിപ്പിച്ചത്.

1827-ന്റെ അന്ത്യത്തില്‍ ന്യൂമാന്റെ മതപരമായ ചിന്താഗതിയുടെ ഉദാരവല്‍ക്കരണത്തിന് കടിഞ്ഞാണിട്ടുകൊണ്ട് രണ്ടാമത്തെ ‘കൃപാപൂര്‍ണമായ രോഗബാധ’യുണ്ടായി. അമിതാദ്ധ്വാനവും കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധികളും മൂലമുണ്ടായ നാഡീക്ഷോഭമായിരുന്നു അത്. 1828-ലെ സുദീര്‍ഘമായ അവധിക്കാലത്ത് ന്യൂമാന്‍ സഭാപിതാക്കന്മാരുടെ രചനകള്‍ ശ്രദ്ധാപൂര്‍വം വായിക്കാന്‍ ആരംഭിച്ചു.

1829-ല്‍ ഓറിയലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ന്യൂമാന്‍ ജോണ്‍ കെബിളിനെതിരെ ഹോക്കിന്‍സിനെ പിന്തുണച്ചു. ഓക്‌സ് ഫോ ര്‍ഡ് പ്രസ്ഥാനത്തിന്റെ തുടക്കം അവിടെയായിരുന്നു. അതേ വര്‍ഷം തന്നെ സെന്റ് മേരീസിലെ വികാരിയായി ന്യൂമാന്‍ നിയുക്തനായി. ലിറ്റില്‍മോര്‍ ചാപ്പല്‍ അതിനടുത്തായിരുന്നു.

ഇക്കാലത്ത് ന്യൂമാന്‍ ചര്‍ച്ച് മിഷന്‍ സൊസൈറ്റിയുടെ പ്രാദേശിക സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. ‘നോണ്‍ കണ്‍ഫോമിസ്റ്റു’കളെ ബഹിഷ്‌കരിക്കണമെന്ന നിലപാടുമൂലം 1830 മാര്‍ച്ച് എട്ടിന് ന്യൂമാന്‍ തല്‍സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ടു. മൂന്നു
മാസങ്ങള്‍ക്കുശേഷം അദ്ദേഹം ‘ബൈബിള്‍ സൊസൈറ്റി’യില്‍ നിന്നും സ്വയം പിന്‍വാങ്ങി. 1831 മുതല്‍ 1832 വരെ ഓക്‌സ് ഫോര്‍ഡിലെ ‘തിരഞ്ഞെടുക്കപ്പെട്ട പ്രഭാഷകനായി’ പ്രവര്‍ത്തിച്ചുവെങ്കിലും ഹോക്കിന്‍സുമായുള്ള അഭിപ്രായഭിന്നത മൂലം ആ സ്ഥാനവും ന്യൂമാന്‍ ത്യജിച്ചു.

(തുടരും…)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles