അബ്രഹാം മുതല്‍ ഇസ്രായേല്‍ വിഭജനം വരെയുള്ള ബൈബിള്‍ ചരിത്രം നിങ്ങള്‍ക്കറിയേണ്ടേ?
ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.
വിശുദ്ധ നാട് – കാലഗണനയും ചരിത്രവും
1800 – 1750 ബിസി
അബ്രഹാം ഊറില്‍ നിന്ന് (ഇപ്പോഴത്തെ ഇറാക്ക്) വരുന്നു. വിശ്വാസികളുടെ പിതാവായ അബ്രാഹം കാനാന്‍ ദേശത്ത് ആദ്യ തീര്‍ത്ഥാടകനായി എത്തുകയും ജെറുസലേമിലെ രാജാവും പുരോഹിതനുമായ മെല്‍ക്കിസെദേക്കുമായി ഉടമ്പടിയിലേര്‍പ്പെടുകയും ചെയ്യുന്നു (ഉല്‍ 14: 18 – 20, ഹെബ്ര 7)
1300 – 1250 ബിസി
മോശയും പുറപ്പാടും
ഫറവോയുടെ അടിമത്തത്തില്‍ നിന്ന് ഇസ്രായേല്‍ക്കാരെ മോചിപ്പിക്കാന്‍ മോശ യഹോവയാല്‍ നിയുക്തനാകുന്നു (എരിയുന്ന മുള്‍പ്പടര്‍പ്പില്‍ യഹോവ വെളിപ്പെടുത്തുന്നു). സീനായ് മലയില്‍ വച്ച് യഹോവ ഇസ്രായേല്‍ക്കാരുമായി ഉടമ്പടി ഉണ്ടാക്കുന്നു. അവര്‍ തെരഞ്ഞെടുക്കപ്പെട്ട ജനതയാകുന്നു (പുറ. 19, പത്രോസ് 1: 2)
1200 ബിസി
മോശ നെബോ മലയില്‍ വച്ച് മരണമടയുകയും ജോഷ്വ കാനാനില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ജോര്‍ദാന്‍ നദി കടന്ന് ജോഷ്വയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ ജനം വാഗ്ദത്തഭൂമിയില്‍ പ്രവേശിക്കുന്നു.
1220 – 1020 ബിസി
ന്യായാധിപന്‍മാരുടെ കാലം
നൂറ് വര്‍ഷക്കാലം ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളും ന്യായാധിപന്‍മാരുടെ നേതൃത്വത്തില്‍ ഒന്നായിരുന്നു. 1050 ബിസിയില്‍ അവസാനത്തെ ന്യായാധിപന്‍ സാവൂളിനെ ആദ്യ മിശിഹ (അഭിഷിക്ത നായ രാജാവ്) ആയി അഭിഷേകം ചെയ്തു.
1000 ബിസി
ദാവീദ് രാജാവ് ജെറുസലേം സ്ഥാപിക്കുന്നു
ദാവീദ് രാജാവ് കാനാനിലെ നഗരമായ ജെറുസലേം തന്റെ തലസ്ഥാനമാക്കുന്നു. അവിടത്തെ ആത്മീയ കാര്യങ്ങളുടെ ചുമതല പുരോഹിതനായ സെദെക്കിനെ ഭരമേല്‍പിക്കുന്നു. കര്‍ത്താവിന്റെ വാഗ്ദാനപേടകം ജെറുസലേം നഗരത്തിന്റെ കേന്ദ്രമാക്കുന്നു.
957 ബിസി
സോളമന്‍ രാജാവ് ജെറുസലേമിലെ പ്രഥമ ദേവാലയം പണിയുന്നു
മോറിയാ മലയ്ക്കു ചുറ്റുമുള്ള മതില്‍ നിലനിര്‍ത്തി (ഇവിടെ ഇപ്പോള്‍ മുസ്ലിങ്ങളുടെ ഡോം ഓഫ് ദ റോക്ക് സ്ഥിതി ചെയ്യുന്നു) അവിടെ ഒരു പീഠഭൂമി നിര്‍മിച്ച് സോളമന്‍ രാജാവ് യഹോവയ്ക്കായൊരു ഭവനം പണിയുന്നു. അതാണ് ആദ്യ ദേവാലയം. മോറിയാ മലയുടെ ഉത്തുംഗത്തിലുള്ള പാറയായിരുന്നു അന്ന് ബലിപീഠം.
957 – 800 ബിസി
രാജ്യം വിഭജിക്കപ്പെടുന്നു – യൂദയായും ഇസ്രായേലും
സോളമന്റെ മരണശേഷം റെഹോബോവാം യൂദാ, ബെഞ്ചമിന്‍ ഗോത്രപ്രദേശങ്ങള്‍ അടങ്ങുന്ന തെക്കന്‍ പ്രവിശ്യയുടെയും ജെറോബോവാം മറ്റ് പത്ത് ഗോത്രങ്ങള്‍ അടങ്ങുന്ന, സമരിയാ തലസ്ഥാനമായുള്ള ഇസ്രായേലിന്റെയും രാജാവാകുന്നു.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.