വെള്ളം നിറച്ച ബലൂണ്‍ എങ്ങനെ കൈകാര്യം ചെയ്യണം?

ഈ വർഷത്തെ ക്രിസ്മസ്,
കർണാടകയിലെ ഹുൺസൂരുള്ള
ഞങ്ങളുടെ സെമിനാരിയിലായിരുന്നു.
ആഘോഷത്തിന് മോടി കൂട്ടാൻ
ബ്രദേഴ്സിൻ്റെ വക കലാപരിപാടികളും ഉണ്ടായിരുന്നു. ഞങ്ങൾ വൈദികരെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഗെയിം സംഘടിപ്പിച്ചത് ജോർജ്കുട്ടി ബ്രദറാണ്.
എല്ലാവരെയും രണ്ടു ടീമായി
തിരിച്ചശേഷം ഗെയിമിൻ്റെ
നിയമ വശങ്ങൾ അദ്ദേഹം വിവരിച്ചു:
“നിങ്ങളുടെ മുമ്പിൽ രണ്ടു കസേരകളിലായി വച്ചിരിക്കുന്നത് വെള്ളം നിറച്ച ബലൂൺ ആണ്. ഇരു ടീമുകളും വരിയായ് നിന്നശേഷം
മുമ്പിൽ നിൽക്കുന്നയാൾ,
തങ്ങളുടെ ടീമിൻ്റെ ബലൂൺ എടുത്ത്,
ശിരസിനു മുകളിലൂടെ പിന്നിൽ നിൽക്കുന്നയാളിന് കൈമാറണം.
അയാൾ അടുത്തയാൾക്കും.
അവസാനം ബലൂൺ ലഭിക്കുന്നയാൾ കുനിഞ്ഞു നിന്ന്, തൻ്റെ കാലുകൾക്കിടയിലൂടെ മുമ്പിൽ നിൽക്കുന്ന ആൾക്ക് കൈമാറണം. അങ്ങനെ കൈമാറി ഭദ്രമായി
അത് കസേരയിൽ എത്തിക്കണം.”
വെള്ളം നിറച്ച ബലൂൺ,
ശിരസിനു മുകളിലൂടെ കൈമാറുമ്പോൾ പൊട്ടിക്കഴിഞ്ഞാൽ ദേഹം മുഴുവൻ നനയുമെന്നും, അതുകൊണ്ട് സൂക്ഷിച്ച് കൈമാറണമെന്നും ഞങ്ങളുടെ ടീമംഗമായ ജോജോ അച്ചനും പറയുന്നുണ്ടായിരുന്നു.
വിസിൽ മുഴക്കത്തിൽ ഗെയിം ആരംഭിച്ചു. ഉദ്വേഗപൂർവ്വകമായ നിമിഷങ്ങൾ….
എൻ്റെ മുമ്പിൽ നിന്നിരുന്ന സഹോദരനിൽ നിന്നും ബലൂൺ വാങ്ങി
ശിരസിനു മുകളിലൂടെ
പിന്നിലേക്ക് കൊടുത്തു…..
അവസാനത്തെ ആളുടെ കരങ്ങൾ വരെ സുരക്ഷിതമായി ബലൂൺ എത്തി.
അതു വരെ ഭദ്രം.
അയാൾ കുനിഞ്ഞ് നിന്ന് കാലുകൾക്കിടയിലൂടെ
മുമ്പിൽ നിൽക്കുന്ന ആളിന്
ബലൂൺ കൈമാറി
എൻ്റെ കൈകളിലും ബലൂൺ എത്തി.
മുമ്പിൽ നിൽക്കുന്ന സഹോദരൻ്റെ കരങ്ങളിലേക്ക് ഞാനത്
സുരക്ഷിതമായി കൈമാറി.
അവിടുന്ന് അടുത്തയാളുടെ
കരങ്ങളിലേക്ക് കൊടുക്കുന്നതിനിടയിൽ
ആ സഹോദരൻ്റെ കരങ്ങളിൽ നിന്നും
ബലൂൺ വഴുതി താഴെ വീണു!
സ്വാതന്ത്ര്യം കിട്ടിയ ജലം ഭൂമിയെ പുണർന്നു!
ഏകദേശം ഫിനിഷിങ്ങ് പോയിൻ്റിന് അടുത്തെത്തിയപ്പോഴാണ് ഞങ്ങളുടെ
ടീമിലെ ഒരു സഹോദരൻ്റെ കരങ്ങളിൽ
നിന്നും ബലൂൺ താഴെവീണ് പൊട്ടിയത്.
ഒരു സഹോദരൻ്റെ ജാഗ്രതക്കുറവും കരങ്ങളുടെ ബലക്കുറവും
ലക്ഷ്യം നേടുന്നതിന്
ഞങ്ങൾക്ക് തടസമായി.
കുടുംബ ജീവിതവും സമർപ്പിത ജീവിതവുമെല്ലാം പലപ്പോഴും ഇതുപോലല്ലെ?
ഒരാളുടെ പിഴവ് കുടുംബത്തെയും സമൂഹത്തെയും മുഴുവനും പിടിച്ചുലയ്ക്കുന്നു.
ഒരാൾ ആത്മഹത്യ ചെയ്തതിൻ്റെ പേരിൽ നമ്രശിരസ്ക്കരായ് കഴിയുന്ന കുടുംബങ്ങളില്ലെ?
മകനോ മകളോ ഒളിച്ചോടിയതിൻ്റെ പേരിൽ തകർന്നടിഞ്ഞ മാതാപിതാക്കളില്ലേ?
അപ്പൻ്റെയോ അമ്മയുടെയോ ജാഗ്രതക്കുറവുമൂലം വിലപിച്ചു കഴിയുന്ന മക്കളില്ലേ?
നിരപരാധികളായിരുന്നിട്ടും സോഷ്യൽ മീഡിയ കുറ്റവാളികളായി വിധിക്കുന്ന സമർപ്പിതരും നമുക്കിടയിൽ ഇല്ലേ?
തിരുക്കുടുംബത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്ന ഈ വേളയിൽ
തങ്ങളുടെ കുഞ്ഞിനെ സംരക്ഷിക്കാൻ
രാത്രി പകലാക്കി ഈജിപ്തിലേക്ക് പലായനം ചെയ്ത ഔസേപ്പിതാവും,
പാതിരാത്രിയിൽ തൻ്റെ
ജീവിത പങ്കാളിയോടൊപ്പം
ഇറങ്ങിത്തിരിച്ച മാതാവും
നമുക്ക് മാതൃകയാകട്ടെ
(Ref മത്താ2:13,14,19-23)
നമ്മുടെ കരങ്ങളുടെ ബലക്കുറവുമൂലം
ആരും നശിക്കാതിരിക്കട്ടെ!
ഫാദർ ജെൻസൺ ലാസലെറ്റ്
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.