ശിശുക്കളെ എന്റെ അടുത്തു വരുവാന്‍ അനുവദിക്കുവിന്‍

ദൈവം ലോകത്തിനു നല്‍കിയ ഏറ്റവും വലിയ സമ്മാനമാണ് പുത്രനായ ഈശോ. തന്റെ ഏകജാതനെ നമുക്കായി നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ സ്‌നേഹിച്ചു. ബലഹീനനായ ഒരു ശിശുവായി ജന്മമെടുത്തുകൊണ്ട് അനുഗ്രഹീതമായ ശൈശവത്തെ ലോകത്തിനു തുറന്നു കാണിച്ചു. ശൈശവത്തിന്റെ മഹത്വത്തെ പാടിപ്പുകഴ്ത്തിയ ആംഗല കവിയാണ് വേഡ്‌സ് വര്‍ത്ത്. ‘ഇൗേ ലോകത്തെ സുന്ദരമാക്കിത്തീര്‍ക്കുന്നത് ശിശുക്കളും പൂക്കളുമാണെന്ന്’ അദ്ദേഹം പറയുകയുണ്ടായി. ദൈവത്തിന്റെ ചൈതന്യം നിറഞ്ഞുനില്ക്കുന്ന ശുശുക്കള്‍ നമ്മുടെ ജീവിതത്തിന് ഉന്മേഷം പകരുന്നു. അവരുടെ മുഖത്തു കാണുന്ന പ്രസന്നഭാവവും വിടരുന്ന പുഞ്ചിരിയും ഹൃദയനൈര്‍മ്മല്യത്തിന്റെ ബഹിര്‍സ്ഫുരണമാണ്. ഹൃദയനൈര്‍മ്മല്യം ഉള്ളവര്‍ക്കാണ് ഈശോനാഥന്‍ സ്വര്‍ഗ്ഗരാജ്യം വാഗ്ദാനം ചെയ്തിരിക്കുന്നത്.

നിര്‍മ്മലഹൃദയത്തിന് ഉടമകളായവര്‍ കുഞ്ഞുങ്ങളെപ്പോലെ മറ്റുള്ളവരില്‍, ദൈവത്തില്‍ പരിപൂര്‍ണ്ണവിശ്വാസം അര്‍പ്പിക്കുന്നവരായിരിക്കും. സ്വതന്ത്രരുമായിരിക്കും. അവരില്‍ കാപട്യമില്ല. ബഹുകാര്യവ്യഗ്രത കൂടാതെ നമ്മെത്തന്നെ ദൈവത്തിനു പൂര്‍ണ്ണമായി സമര്‍പ്പിക്കൂ. ശിശുക്കളെ ആശിര്‍വദിക്കുന്നതിനായി, അവരെയുംകൊണ്ട് കര്‍ത്താവിെന സമീപിച്ചവരെ ശിഷ്യന്‍മാര്‍ ശകാരിച്ചു. ഈ അവസരത്തിലാണ് ‘ശിശുക്കളെ എന്റെ അടുത്തുവരുവാന്‍ അനുവദിക്കുവിന്‍’ എന്ന് കര്‍ത്താവ് പറയുന്നത്. അവിടുത്തെ ജീവിതം എത്രയോ തിരക്കേറിയതായിരുന്നുവെങ്കിലും ശിശുക്കളെ ആശീര്‍വദിക്കുവാന്‍ സമയം കണ്ടെത്തി. കാരണം അവിടുന്ന് ശിശുക്കളെപ്പോലെ, ചെറുതായവരെ തേടി വന്നവനാണ്. വിനീതഹൃദയത്തിന്റെ ഉടമകളെയാണ് അവിടുന്ന് അനുഗ്രഹിക്കുന്നത്. വിനീതരുടെ പ്രാര്‍ത്ഥനകളാണ് ദൈവസന്നിധിയിലെത്തുന്നത്. പ്രീശന്റെയും ചുങ്കക്കാരന്റെയും പ്രാര്‍ത്ഥന സുവിശേഷത്തില്‍ മനോഹരമായി പ്രതിപാദിച്ചിരിക്കുന്നു. പ്രീശന്‍ സ്വന്തം മഹത്വത്തില്‍ ആശ്രയിക്കുകയും ഈ നില്‍ക്കുന്ന ചുങ്കക്കാരനെപ്പോലെയല്ല എന്ന് ഉച്ചത്തില്‍ പ്രഘോഷിക്കുകയും ചെയ്തു. എന്നാല്‍ ചുങ്കക്കാരനാകട്ടെ സ്വര്‍ഗ്ഗത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്താന്‍പോലും ധൈര്യപ്പെടാതെ ‘പാപിയായ എന്നില്‍ കനിയേണമെ’ എന്നു പ്രാര്‍ത്ഥിച്ചു. അവന്റെ പ്രാര്‍ത്ഥന ദൈവസന്നിധിയില്‍ സ്വീകരിക്കപ്പെട്ടു. കാരണം അവന്റെ ഹൃദയം എളിമ നിറഞ്ഞതായിരുന്നു.

മിശിഹാ നന്മചെയ്തുകൊണ്ടു കടന്നുപോയി. അവിടുന്നു ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതനായി അറിയപ്പെട്ടു. സമൂഹത്തിലെ ബലഹീനരെ അവിടുന്ന് തിരഞ്ഞെടുത്തു. വിധവകളോടും പാപികളോടും അവിടുന്ന് കരുണ കാട്ടി.

ബാല്യകാലം ആനന്ദത്തിന്റെ കാലമാണ്. ശിശുക്കളെ സ്‌നേഹിക്കാത്തവരും ശൈശവത്തെ ആദരിക്കാത്തവരും വിരളമാണ്. കുട്ടികളായ നമുക്ക് ഈ ബാല്യത്തെ ഓര്‍ത്ത് സന്തോഷിക്കാം. ബാല്യത്തിന്റെ ജീവിത വിശുദ്ധിയും നിഷ്‌കളങ്കതയും നഷ്ടപ്പെടാതെ സൂക്ഷിക്കാം.

കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ ദാനവും കുടുംബത്തിന്റെ സന്തോഷവുമാണ്. സന്തോഷപൂര്‍ണമായ ഒരു ബാല്യം എല്ലാവരുടെയും നന്മനിറഞ്ഞ ഓര്‍മ്മയാണ്. കുഞ്ഞിന്റെ നിഷ്‌കളങ്കതയും സ്‌നേഹവും മാതൃകയാക്കാന്‍ ഈശോയും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നസ്രത്തിലെ തിരുക്കുടുംബത്തില്‍ ഈശോ വളര്‍ന്നുവന്നതുപോലെ എല്ലാ കുഞ്ഞുങ്ങളും വളര്‍ന്നുവരണം എന്നത് പിതാവായ ദൈവത്തിന്റെ സ്വപ്‌നമാണ്.

കുഞ്ഞുങ്ങള്‍ സഭയുടെ സമ്പത്തും രാഷ്ട്രത്തിന്റെ മുതല്‍ക്കൂട്ടുമാണ്. കുട്ടികള്‍ ചെറുപ്പത്തിലേതന്നെ സഭയോടൊത്തു ചിന്തിക്കുവാനും ഈശോയില്‍ ജീവിക്കുവാനും പ്രാപ്തരാകേണ്ടിയിരിക്കുുന്നു.

ദൈവാശ്രയബോധമാണ് ഇന്നിന്റെ ഏറ്റവും വലിയ ആവശ്യകത. കുഞ്ഞുങ്ങള്‍ എല്ലാ കാര്യത്തിലും മുതിര്‍ന്നവരെ, അല്ലെങ്കില്‍ മാതാപിതാക്കളെ ആശ്രയിക്കുന്നു. അവരുടെ പിണക്കത്തിന് അധികം ആയുസ്സില്ല. അമ്മയുമായി കലഹിച്ചു കരയുന്ന കുട്ടി ആശ്വാസത്തിനായി ചെന്നെത്തുന്നത് അമ്മയുടെ മടിത്തട്ടില്‍ത്തന്നെയാണ്. വിനീതഹൃദയം ഉള്ളവരാണ് കുഞ്ഞുങ്ങള്‍. ആ ഹൃദയത്തിലാണ് ഈശോ വസിക്കുവാന്‍ ഏറെ ഇഷ്ടപ്പെടുന്നത്. ‘ശിശുക്കളെ എന്റെ അടുത്തുവരുവാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്. എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്. അവന്‍ അവരുടെമേല്‍ കൈകള്‍ വച്ചശേഷം അവിടെനിന്നു പോയി’ (മത്തായി 19:1315). ഈ വചനഭാഗം ശിശുക്കളുടെ നൈര്‍മ്മല്യവുമായി ബന്ധപ്പെടുത്തി നാം എങ്ങനെ ജീവിക്കണമെന്നുള്ള വലിയ സന്ദേശം നമുക്കു പറഞ്ഞുതരുന്നു. നമുക്ക് വിനീതരാകാം. ശാഠ്യം പിടിച്ചുകരയുന്ന കുഞ്ഞിനെപ്പോലെ, ദൈവകൃപയ്ക്കായി കേണപേക്ഷിക്കാം. ദൈവത്തില്‍ ആശ്രയിക്കാം. എല്ലാവരേയും സ്‌േനഹിക്കാം. അങ്ങനെ ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും വളര്‍ന്നുവരുവാന്‍ ഈശോനാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles