ഒരുക്കം
ഒരു കുഞ്ഞിന്റെ പിറവിക്കു പിന്നിൽ ഒരമ്മയുടെ ഒമ്പതു മാസത്തെ നോവിന്റെ ഒരുക്കമുണ്ട്.
ജലപ്രളയത്തെ അതിജീവിക്കാൻ വേണ്ടതിലധികം ഒരുക്കം നടത്തണമെന്ന് നോഹയോടും, ഈ വസന്തകാലം മുതൽ അടുത്ത വസന്ത കാലം വരെ ഒരു കുഞ്ഞിനു വേണ്ടി ഒരുങ്ങണമെന്ന് അബ്രാഹത്തോടും,
വലിയ ക്ഷാമകാലത്തെ അതിജീവിക്കാൻ സഹനവഴികളിലൂടെ ഒരുങ്ങാൻ പൂർവ പിതാവായ ജോസഫിനോടും,
ജറീക്കോപട്ടണത്തിന്റെ കോട്ടമതിൽ തകർത്ത് ഇസ്രായേൽമക്കളെ രക്ഷിക്കാൻ ഏഴു പുരോഹിതരോടൊപ്പം ഏഴു ദിവസം കാഹളം മുഴക്കി പട്ടണം ചുറ്റിനടന്നൊരുങ്ങാൻ ജോഷ്വാ യോടും,
ചെയ്ത പാപത്തിനു പ്രായശ്ചിത്തമായി ചാക്കുടുത്ത് ചാരം പൂശിയൊരുങ്ങാൻ ദാവീദിനോടും ദൈവം കൽപിക്കുമ്പോൾ ഒരുക്കത്തിന്റെ പ്രാധാന്യം അത്രയും വലുതാണെന്ന് സ്വർഗ്ഗം ഓർമ്മിപ്പിക്കുന്നു.
പത്ത് കന്യകമാരുടെ ഉപമയിലെ വിവേകമതികളായ കന്യകമാരുടെ പ്രത്യേകതയും പുണൃവും അവരുടെ ഒരുക്കമായിരുന്നു.
വീടുപണിയുമ്പോൾ അത് പൂർത്തിയാക്കാനുള്ള വക ഉണ്ടോ എന്ന് ആദ്യം നിജപ്പെടുത്തണമെന്ന ക്രിസ്തു മൊഴികളിൽ നിഴലിക്കുന്നതും ഒരുക്കം തന്നെയാണ്.
ക്രിസ്തുവിന്റെ പ്രവൃത്തികൾക്കു പിന്നിലെല്ലാം നീണ്ടനാളത്തെ ഒരുക്കത്തിന്റെ ദിനരാത്രങ്ങളുണ്ട്.
മൂന്നുവർഷത്തെ പരസ്യജീവിതത്തിനു വേണ്ടി ക്രിസ്തു ഒരുങ്ങിയത് 30 വർഷമാണ്. ഈ അകന്ന ഒരുക്കത്തിനൊടുവിൽ ക്രിസ്തു 41 ദിനരാത്രങ്ങളുടെ മരുഭൂമി അനുഭവം സ്വന്തമാക്കി യതു പരസ്യജീവിതത്തിലേയ്ക്ക് കടക്കുന്നതിന്റെ അടുത്ത ഒരുക്കമായിരുന്നു.
ഒരുക്കമില്ലാത്ത ജീവിതം എണ്ണയില്ലാത്ത വിളക്കു പോലെയാണ്. ഒരല്പം ഗൗരവത്തോടെ ആന്തരികമായ ജീവിതവിശുദ്ധിയ്ക്കു വേണ്ടിയുള്ള
ഏറ്റവുംഅടുത്ത ഒരുക്കത്തിനായി ക്രിസ്തു നിന്നെ ക്ഷണിക്കുന്നു.
“അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ!ഒരുക്കമുള്ള ഹൃദയം നല്കി എന്നെ താങ്ങണമേ!”
(സങ്കീര്‍ത്തനങ്ങള്‍ 51 : 12)
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.
