വി. യൗസേപ്പിതാവ് ഈജിപ്തിലെ ജനങ്ങള്‍ക്കുവേണ്ടി തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചത് എന്തിനെന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 104/200

ഈജിപ്തിലെ ആദ്യരാത്രി ജോസഫും മറിയവും ഏറിയകൂറും പ്രാർത്ഥനയിലും ജാഗരണത്തിലും ദൈവസുതനെക്കുറിച്ചുള്ള ധ്യാനത്തിലും കൃതജ്ഞതാനിർഭരമായി ചെലവഴിച്ചു. വളരെ കുറച്ചു സമയം മാത്രം ഒന്നുമയങ്ങി. വെറും തറയിൽ തന്നെയാണ് അവർ കിടന്നുറങ്ങിയത്. അല്ലാതെ മറ്റൊരു മാർഗവും ഉണ്ടായിരുന്നില്ലല്ലോ. ജോസഫ് തന്റെ പുറങ്കുപ്പായം തറയിൽ വിരിച്ചു ഉണ്ണീശോയെ അതിൽ കിടത്തി. അവിടെ അവന്റെ മേലങ്കി തിരുക്കുമാരന് രാജതല്പത്തിന്റെ ഫലം ചെയ്തു.

പിറ്റേദിവസം പ്രഭാതത്തിൽ പതിവനുസരിച്ചുള്ള അവരുടെ പ്രാർത്ഥനയും നന്ദി പ്രകാശനങ്ങളും നടത്തിയശേഷം, മറിയത്തിന്റെയും ഈശോയുടെയും അനുവാദത്തോടെ ജോസഫ് ഭക്ഷണം അന്വേഷിച്ചു പുറത്തുപോയി. അതിന് ആവശ്യമായ ശക്തിയും കൃപയും പ്രഭാതപ്രാർത്ഥനയിൽ അവൻ സമാർജ്ജിച്ചിരുന്നു. അവൻ ആ ഗ്രാമവാസികളോട് ഭക്ഷണം യാചിച്ചു. അധികം കഷ്ടപ്പെടാതെ അവർക്കാവശ്യമായ ഭക്ഷണം ലഭിക്കുകയും ചെയ്തു. എന്തെന്നാൽ തിരുക്കുടുംബത്തോട് അലിവുണ്ടായിരുന്ന ചില നല്ല മനുഷ്യർ അവരുടെ ഇടയിൽ ഉണ്ടായിരുന്നു. വിജാതീയരായ മനുഷ്യരുടെ നടുവിൽ ജീവിക്കേണ്ട തന്റെ ദാസന് ഒരാശ്വാസം പകരുന്നതിന് ദൈവം ഒരുക്കിയ പദ്ധതിയായിരുന്നു അത്.

തന്റെ സ്വന്തക്കാരുടെ ഇടയിൽപോലും കാണാൻ കഴിയാതിരുന്ന വലിയ ദീനാനുകമ്പയും പരോപകാരപ്രവണതയും ഈജിപ്തുകാരിൽ ജോസഫിന് കണ്ടെത്താൻ കഴിഞ്ഞു. അവർക്കാവശ്യമായ ആഹാരപദാർത്ഥങ്ങൾ ലഭിച്ചപ്പോൾ ജോസഫ് വീട്ടിലേക്കു മടങ്ങി; സംഭവിച്ചതെല്ലാം മറിയത്തോടു വിവരിച്ചു പറയുകയും ചെയ്തു. അതുകേട്ടപ്പോൾ മറിയത്തിനു വലിയ ആശ്വാസം തോന്നി. അവർ അകമഴിഞ്ഞു ദൈവത്തിന്റെ കാരുണ്യത്തെ സ്തുതിച്ചു. അന്യദേശത്തു അവർക്കു സഹായം എത്തിച്ചുകൊടുത്ത കർത്താവിനെ അവർ നന്ദി പറഞ്ഞു പുകഴ്ത്തി!

ഈ സമയത്തു പല ചിന്തകളും ജോസഫിന്റെ മനസ്സിലൂടെ കടന്നുപോയി: ദൈവത്തെകുറിച്ചു യാതൊരു കാഴ്ചപ്പാടുമില്ലാത്ത, സത്യദൈവത്തെ അറിയുകയോ അവിടുത്തെ ആരാധിക്കുകയോ ചെയ്തിട്ടില്ലാത്ത മനുഷ്യരുടെ നാടുവിലാണല്ലോ താൻ തിരുക്കുമാരനെയും കന്യാമറിയത്തെയും കൊണ്ട് ജീവിക്കുന്നത് എന്ന ചിന്തയിൽ ധാരാളം കണ്ണീർകണങ്ങൾ അവന്റെ കവിളിലൂടെ ഒഴുകി വീണു. അവന്റെ ഹൃദയത്തിൽ നിന്ന് അവാച്യമായ നെടുവീർപ്പുകളുയർന്നു.

ദൈവികപ്രകാശമില്ലാത്ത ആ രാജ്യത്തിനുവേണ്ടി തീക്ഷ്ണമായി പ്രാർത്ഥിക്കുവാനുള്ള ഉത്തരവാദിത്ത്വം അവൻ ഏറ്റെടുക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. അവൻ മറിയത്തോടു ചേർന്ന് ആ ജനത്തിനുവേണ്ടി തീക്ഷ്ണമായി പ്രാർത്ഥിച്ചു. അവരുടെ ഏകമനസ്സായ പ്രാർത്ഥനകൾ സ്വർഗ്ഗത്തിലേക്കുയർന്നു; അവ കേൾക്കപ്പെടുമെന്ന് ഹൃദയത്തിൽ അവർ വിശ്വസിക്കുകയും ചെയ്തു. ജോസഫ് തന്റെ ഭാര്യയോടു പറഞ്ഞു: “മറിയം, ദൈവം ഈ മനുഷ്യരെ അകമഴിഞ്ഞ് അനുഗ്രഹിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അവർക്കിടയിൽ തിരുക്കുമാരന് എത്രനാൾ വസിക്കേണ്ടിവരുമെന്ന് ആർക്കറിയാം? ദൈവപുത്രന്റെ ആഗമനത്തിൽ തന്നെ അവരുടെ വിഗ്രഹം നിലംപതിച്ചെങ്കിൽ അവന്റെ സ്ഥിരമായ സാന്നിദ്ധ്യത്തിൽ എത്ര മഹത്തായ കാര്യങ്ങളായിരിക്കും സംഭവിക്കാനിരിക്കുന്നത്! അതാണ് എന്റെ പ്രത്യാശയുടെ അടിസ്ഥാനം; ഞാൻ എന്റെ മാദ്ധ്യസ്ഥം അവർക്കുവേണ്ടി ഇടതടവില്ലാതെ തുടരുകതന്നെ ചെയ്യും. ദൈവത്തോടുള്ള സ്നേഹത്തെപ്രതി ചെയ്യുന്ന ഓരോ നിസ്സാര കാര്യത്തിനുപോലും അവിടുന്ന് ഉദാരമായി പ്രതിഫലം നല്കുമ്പോൾ, അവിടുത്തേക്ക് അഭയം നൽകുന്ന ഒരു രാജ്യത്തിനുവേണ്ടി അവിടുന്ന് എത്രയധികമായി അനുഗ്രഹങ്ങൾ വർഷിക്കാതിരിക്കുകയില്ല! ഇവിടെ ധാരാളം നല്ല മനുഷ്യരുണ്ട്. നമ്മളെ സഹായിക്കാനുള്ള സന്മനസ്സുള്ളവരും ഉദാരമതികളുമായ ഒട്ടേറെ ആളുകൾ അവർക്കിടയിലുണ്ട്.നമ്മുടെ ദാരിദ്ര്യാവസ്ഥയിൽ അവർക്ക് നമ്മോട് അനുകമ്പയുണ്ട്.”

ജോസഫ് പറഞ്ഞത് മറിയം ശ്രദ്ധാപൂർവ്വം കേൾക്കുകയും വളരെ സന്തോഷത്തോടും വിവേകത്തോടും കൂടി മറുപടി പറയുകയും ചെയ്തു. ജോസഫിന്റെ ചിന്താഗതികളും വീക്ഷണവും ശരിയായ ദിശയിലാണെന്നു മറിയം പറഞ്ഞതു കേട്ടപ്പോൾ അവനു വലിയ സംതൃപ്തി തോന്നി. അത്യന്തം ആവേശത്തോടെ അവൻ പറഞ്ഞു: “മറിയം, നമ്മുടെ ജീവിതശൈലി കാണുകയും നിന്റെ വാക്കു കേൾക്കുകയും ചെയ്യുമ്പോൾ, അധികം താമസിയാതെ നമ്മുടെ അയൽക്കാർക്ക് നിന്നെ സ്നേഹിക്കാതിരിക്കാൻ പറ്റാതാകുന്ന സ്ഥിതി വരും. നിന്നെ പരിചയപ്പെടാനും നിന്റെ സുകൃതങ്ങളെ ആദരിക്കാനും അവർ നിന്റെ അടുത്തു വരുന്ന സമയം അത്ര വിദൂരത്തല്ല.”

“ഒരു കാര്യത്തിൽ എനിക്കൊട്ടുംതന്നെ സംശയമില്ല. അതായത് നിന്റെ അടുത്തു വരുന്ന കുറച്ചുപേരുടെയെങ്കിലും ആത്മാക്കളെ സത്യവെളിച്ചത്തിലേക്കു നയിക്കാനുള്ള അവസരം നിനക്ക് ലഭിക്കും. അങ്ങനെ വിശ്വാസം ലഭിക്കുന്നവർ അക്കാര്യം മറ്റുള്ളവരോടും ചെന്നു പറയുകയും അങ്ങനെ ദൈവം നമ്മുടെ അടുത്തേക്കയക്കുന്നവർക്ക് സത്യദൈവത്തെക്കുറിച്ചു അറിവു കൊടുക്കാൻ നമുക്കു സാധിക്കുകയും ചെയ്യും. എന്റെ പരിമിതികൾ കണക്കിലെടുക്കുമ്പോൾ എന്നെക്കൊണ്ടു തന്നെ ഇപ്രകാരമുള്ള നന്മകൾ ചെയ്യാനും നിർദേശങ്ങൾ കൊടുക്കാനും സാധിക്കുമെന്നു തോന്നുന്നില്ല. എങ്കിലും ഭാവിയിൽ എന്റെ അടുത്തു വരികയും എന്നോടു സംസാരിക്കുകയും ചെയ്യുന്നവർക്ക് സത്യദൈവത്തെക്കുറിച്ചുള്ള അറിവുകൊടുക്കാൻ ദൈവം ഇടയാക്കുമെന്ന് എനിക്കും പ്രതീക്ഷയുണ്ട്. കാരണം, ദൈവം എന്റെ വാക്കുകൾക്കു ശക്തി പകരുമെന്നും അവരുടെ ഹൃദയത്തിൽ തുളച്ചുകയറി പ്രവർത്തിക്കാൻ അത് ഇടയാക്കുമെന്നും ഞാൻ വിശ്വസിക്കുന്നു.”

ദൈവമാതാവ് ജോസഫിന് ഉറപ്പുകൊടുത്തു: ജോസഫ് ഏറ്റെടുക്കുന്ന ഏതൊരു ദൗത്യത്തിലും ദൈവസഹായം ഉണ്ടായിരിക്കുമെന്നും അത് അവനു വലിയ ആനന്ദം പ്രദാനം ചെയ്യുമെന്നും തറപ്പിച്ചു പറഞ്ഞു. കൂടാതെ ഈജിപ്തിൽ എത്തിച്ചേർന്ന ഉടനെ ജോസഫിനോട് അവർ കാണിച്ച സ്നേഹവും സഹതാപവും അവന്റെ മനസ്സിൽ അത്യന്തം ശക്തിപ്രാപിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു. ജോസഫിന്റെ ആശ്വാസവും ആനന്ദവും മുഖ്യമായും മനുഷ്യരുടെ മാനസാന്തരത്തിലും ദൈവസ്നേഹം വ്യാപകമായി പ്രചരിപ്പിക്കുന്നതിലുമാണ് കുടികൊണ്ടിരുന്നത്. അവരുടെ മനഃപരിവർത്തനത്തിനുവേണ്ടിയുള്ള ദാഹം ജോസഫിന്റെ മനസ്സിൽ വളരെ തീവ്രമായി ശക്തിപ്രാപിച്ചുകൊണ്ടിരുന്നു.

ജോസഫിന്റെ വിശാലമായ മനസ്സിന്റെ ഉൾക്കാഴ്ച്ചയുടെ അഗാധമായ ബാഹ്യപ്രകടനമായിരുന്നു അവന്റെ അഭിലാഷങ്ങൾ; എന്തെന്നാൽ, ദൈവം തന്റെ ഏകജാതനെ ലോകത്തിലേക്ക് അയക്കുവാൻ കാണിച്ച അപരിമേയമായ ഔദാര്യത്തിന്റെ ആഴം ഏറ്റവുമധികം അറിയുന്നവനാണ് ജോസഫ്! ദൈവം എന്താഗ്രഹിക്കുന്നുവോ അതുതന്നെയാണ് ജോസഫിന്റെയും ആഗ്രഹവും അഭിലാഷവും. പിതാവിന്റെ ഹിതവും പുത്രന്റെ ലക്ഷ്യവും പരിശുദ്ധാതമാവിന്റെ നിർദ്ദേശങ്ങളും ഇത്രയും അടുത്തറിയുന്നവൻ മനുഷ്യരിൽ മറ്റാരാണുള്ളത്.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles