പരിശുദ്ധ കന്യകാമറിയത്തിൻ്റെ വ്യാകുലങ്ങളോടുള്ള ഭക്തിയും അവ നൽകുന്ന വാഗ്ദാനങ്ങളും

1)  ശിമയോന്റെ പ്രവചനം (ലൂക്ക 2:25-35)

ജറുസലെമില്‍ ശിമയോന്‍ എന്നൊരുവന്‍ ജീവിച്ചിരുന്നു. അവന്‍ നീതിമാനും ദൈവഭക്തനും ഇസ്രായേലിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു. പരിശുദ്ധാത്മാവ് അവന്റെ മേല്‍ ഉണ്ടായിരുന്നു. കര്‍ത്താവിന്റെ അഭിഷിക്തനെ കാണുന്നതുവരെ മരിക്കുകയില്ല എന്ന് പരിശുദ്ധാത്മാവ് അവന് വെളിപ്പെടുത്തിയിരുന്നു.  പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ അവന്‍ ദേവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്ഠാനങ്ങള്‍ക്കായി ശിശുവായ യേശുവിനെ മാതാപിതാക്കന്‍മാര്‍ ദേവാലയത്തില്‍ കൊണ്ടുചെന്നു.  ശിമയോന്‍ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: കര്‍ത്താവേ, അവിടുത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയയ്ക്കണമേ! എന്തെന്നാല്‍, സകല ജനതകള്‍ക്കുംവേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു. അത് വിജാതീയര്‍ക്കു വെളിപാടിന്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും ആണ്. അവനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട് അവന്റെ പിതാവും മാതാവും അദ്ഭുതപ്പെട്ടു. ശിമയോന്‍ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേ കരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും.

2)  ഈജിപ്തിലേക്കുള്ള പലായനം (മത്തായി 2:13-15).

അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും.  അവന്‍ ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്തിലേക്കുപോയി; ഹേറോദേസിന്റെ മരണംവരെ അവിടെ വസിച്ചു. ഈജിപ്തില്‍നിന്നു ഞാന്‍ എന്റെ പുത്രനെ വിളിച്ചു എന്നു പ്രവാചകനിലൂടെ കര്‍ത്താവ് അരുളിച്ചെയ്തതു പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്‌

3)  ബാലനായ യേശുവിന്റെ മൂന്നുദിവസത്തെ തിരോധാനം (ലൂക്ക 2:41-50).

യേശുവിന്റെ മാതാപിതാക്കന്‍മാര്‍ ആണ്ടുതോറും പെസഹാത്തിരുനാളിന് ജറുസലെമില്‍ പോയിരുന്നു. അവനു പന്ത്രണ്ടു വയസ്‌സായപ്പോള്‍ പതിവനുസരിച്ച് അവര്‍ തിരുനാളിനു പോയി. തിരുനാള്‍ കഴിഞ്ഞ് അവര്‍ മടങ്ങിപ്പോന്നു. എന്നാല്‍ ബാലനായ യേശു ജറുസലെമില്‍ തങ്ങി; മാതാപിതാക്കന്മാര്‍ അത് അറിഞ്ഞില്ല. അവന്‍ യാത്രാസംഘത്തിന്റെ കൂടെ കാണും എന്നു വിചാരിച്ച് അവര്‍ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍ അന്വേഷിച്ചിട്ടു കാണായ്കയാല്‍, യേശുവിനെത്തിരക്കി അവര്‍ ജറുസലെമിലേക്കു തിരിച്ചുപോയി.  മൂന്നു ദിവസങ്ങള്‍ക്കുശേഷം അവര്‍ അവനെ ദേവാലയത്തില്‍ കണ്ടെത്തി. അവന്‍ ഉപാധ്യായന്‍മാരുടെ ഇടയിലിരുന്ന്, അവര്‍ പറയുന്നതു കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു.  കേട്ടവരെല്ലാം അവന്റെ ബുദ്ധിശക്തിയിലും മറുപടികളിലും അദ്ഭുതപ്പെട്ടു.  അവനെക്കണ്ടപ്പോള്‍ മാതാപിതാക്കള്‍ വിസ്മയിച്ചു. അവന്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ? അവന്‍ തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ ഗ്രഹിച്ചില്ല.

4)  കാൽവരിയിലേക്കുള്ള വഴിയിൽ, മേരി യേശുവിനെ കാണുന്നു (ലൂക്ക 23:27-31).

ഒരു വലിയ ജനക്കൂട്ടവും, കരയുകയും മുറവിളി കൂട്ടുകയുംചെയ്തിരുന്ന സ്ത്രീകളുടെ സമൂഹവും യേശുവിന്റെ പിന്നാലെ പോയിരുന്നു. അവരുടെ നേരേ തിരിഞ്ഞ് യേശു പറഞ്ഞു: ജറുസലെം പുത്രിമാരേ, എന്നെപ്രതി നിങ്ങള്‍ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിന്‍. എന്തെന്നാല്‍, വന്ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്നുപറയപ്പെടുന്ന ദിവസങ്ങള്‍ വരും. അന്ന് അവര്‍ പര്‍വതങ്ങളോടു ഞങ്ങളുടെമേല്‍ വീഴുക എന്നും കുന്നുകളോടു ഞങ്ങളെ മൂടിക്കളയുക എന്നും പറയാന്‍ തുടങ്ങും.  പച്ചത്തടിയോട് അവര്‍ ഇങ്ങനെയാണ്് ചെയ്യുന്നതെങ്കില്‍ ഉണങ്ങിയതിന് എന്തു സംഭവിക്കും?

5)  യേശുവിന്റെ ക്രൂശ്ശിതാവസ്ഥയും മരണവും (യോഹ.19:25-30).

പടയാളികള്‍ ഇപ്രകാരം ചെയ്തത്. യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു.  യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍ .  അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു. അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു. ഒരു പാത്രം നിറയെ വിനാഗിരി അവിടെയുണ്ടായിരുന്നു. അവര്‍ വിനാഗിരിയില്‍ കുതിര്‍ത്ത ഒരു നീര്‍പ്പഞ്ഞി ഹിസോപ്പുചെടിയുടെ തണ്ടില്‍ വച്ച് അവന്റെ ചുണ്ടോടടുപ്പിച്ചു. യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു.

6)  യേശുവിന്റെ ശരീരം കുരിശ്ശിൽ നിന്നും ഇറക്കുന്നു. (സങ്കീ.130; ലൂക്ക 23:30-54; യോഹ 19:31-37).

സങ്കീ. 130
കര്‍ത്താവേ, അഗാധത്തില്‍നിന്നു ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.2 കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! ചെവി ചായിച്ച് എന്റെ യാചനകളുടെസ്വരം ശ്രവിക്കണമേ!3 കര്‍ത്താവേ, അങ്ങു പാപങ്ങളുടെകണക്കുവച്ചാല്‍ ആര്‍ക്കുനിലനില്‍ക്കാനാവും?4 എന്നാല്‍, അങ്ങ് പാപം പൊറുക്കുന്നവനാണ്; അതുകൊണ്ടു ഞങ്ങള്‍ അങ്ങയുടെ മുന്‍പില്‍ ഭയഭക്തികളോടെ നില്‍ക്കുന്നു.5 ഞാന്‍ കാത്തിരിക്കുന്നു, എന്റെ ആത്മാവു കര്‍ത്താവിനെ കാത്തിരിക്കുന്നു. അവിടുത്തെ വാഗ്ദാനത്തില്‍ ഞാന്‍ പ്രത്യാശയര്‍പ്പിക്കുന്നു.6 പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്നകാവല്‍ക്കാരെക്കാള്‍ ആകാംക്ഷയോടെ ഞാന്‍ കര്‍ത്താവിനെ കാത്തിരിക്കുന്നു.7 പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്നകാവല്‍ക്കാരെക്കാള്‍ ആകാംക്ഷയോടെ ഇസ്രായേല്‍ കര്‍ത്താവിനെ കാത്തിരിക്കട്ടെ; എന്തെന്നാല്‍, കര്‍ത്താവു കാരുണ്യവാനാണ്; അവിടുന്ന് ഉദാരമായി രക്ഷ നല്‍കുന്നു.8 ഇസ്രായേലിനെ അവന്റെ അകൃത്യങ്ങളില്‍നിന്ന്അവിടുന്നു മോചിപ്പിക്കുന്നു.

ലൂക്ക 23:30-54
അന്ന് അവര്‍ പര്‍വതങ്ങളോടു ഞങ്ങളുടെമേല്‍ വീഴുക എന്നും കുന്നുകളോടു ഞങ്ങളെ മൂടിക്കളയുക എന്നും പറയാന്‍ തുടങ്ങും. പച്ചത്തടിയോട് അവര്‍ ഇങ്ങനെയാണ് ചെയ്യുന്നതെങ്കില്‍ ഉണങ്ങിയതിന് എന്തു സംഭവിക്കും?  കുറ്റവാളികളായ മറ്റു രണ്ടുപേരെക്കൂടെ അവനോടൊപ്പം വധിക്കാന്‍ അവര്‍ കൂട്ടിക്കൊണ്ടുപോയി. തലയോട് എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അവര്‍ വന്നു. അവിടെ അവര്‍ അവനെ കുരിശില്‍ തറച്ചു; ആ കുറ്റവാളികളെയും-ഒരുവനെ അവന്റെ വലത്തുവശത്തും അപരനെ ഇടത്തുവശത്തും-ക്രൂശിച്ചു.  യേശു പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. അവന്റെ വസ്ത്രങ്ങള്‍ ഭാഗിച്ചെടുക്കാന്‍ അവര്‍ കുറിയിട്ടു.  ജനം നോക്കിനിന്നു. പ്രമാണികളാകട്ടെ അവനെ പരിഹസിച്ചു പറഞ്ഞു: ഇവന്‍മറ്റുള്ളവരെ രക്ഷിച്ചു. ഇവന്‍ ദൈവത്തിന്റെ ക്രിസ്തു ആണെങ്കില്‍, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനാണെങ്കില്‍, തന്നെത്തന്നെ രക്ഷിക്കട്ടെ. പടയാളികള്‍ അടുത്തുവന്ന് വിനാഗിരികൊടുത്ത് അവനെ പരിഹസിച്ചു പറഞ്ഞു:  നീ യഹൂദരുടെ രാജാവാണെങ്കില്‍ നിന്നെത്തന്നെ രക്ഷിക്കുക.  ഇവന്‍ യഹൂദരുടെ രാജാവ് എന്ന ഒരു ലിഖിതം അവന്റെ തലക്കുമീതെ ഉണ്ടായിരുന്നു.  കുരിശില്‍ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളില്‍ ഒരുവന്‍ അവനെ ദുഷിച്ചു പറഞ്ഞു; നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക!  അപരന്‍ അവനെ ശകാരിച്ചു പറഞ്ഞു: നീ ദൈവത്തെ ഭയപ്പെടുന്നില്ലേ? നീയും അതേ ശിക്ഷാവിധിയില്‍ തന്നെയാണല്ലോ.  നമ്മുടെ ശിക്ഷാവിധിന്യായമാണ്. നമ്മുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം നമുക്കു ലഭിച്ചിരിക്കുന്നു. ഇവന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.  അവന്‍ തുടര്‍ന്നു: യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ!  യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും.
യേശുവിന്റെ മരണം
അപ്പോള്‍ ഏകദേശം ആറാംമണിക്കൂര്‍ ആയിരുന്നു. ഒന്‍പതാംമണിക്കൂര്‍വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു. സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിരശ്ശീല നടുവേ കീറി.  യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു.  ഈ സംഭവമെല്ലാം കണ്ടുനിന്നിരുന്ന ശതാധിപന്‍ ദൈവത്തെ സ്തുതിച്ചു പറഞ്ഞു: ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു. കാഴ്ച കാണാന്‍ കൂടിയിരുന്ന ജനക്കൂട്ടം ഇതെല്ലാം കണ്ട് മാറത്തടിച്ചുകൊണ്ടു തിരിച്ചുപോയി. അവന്റെ പരിചയക്കാരും ഗലീലിയില്‍നിന്ന് അവനെ അനുഗമിച്ചിരുന്ന സ്ത്രീകളും അകലെ ഇതെല്ലാം കണ്ടുകൊണ്ടു നിന്നിരുന്നു.
യേശുവിനെ സംസ്‌കരിക്കുന്നു
യഹൂദരുടെ ഒരു പട്ടണമായ അരിമത്തിയായില്‍നിന്നുള്ള ജോസഫ് എന്നൊരുവന്‍ അവിടെ ഉണ്ടായിരുന്നു. ആലോചനാസംഘത്തിലെ അംഗമായ അവന്‍ നല്ലവനും നീതിമാനുമായിരുന്നു. അവന്‍ അവരുടെ ആലോചനകളിലോ പ്രവൃത്തികളിലോ പങ്കുചേര്‍ന്നിരുന്നില്ല; ദൈവരാജ്യം പ്രതീക്ഷിച്ചിരിക്കുകയുമായിരുന്നു. അവന്‍ പീലാത്തോസിന്റെ അടുത്തെത്തി യേശുവിന്റെ ശരീരം ചോദിച്ചു. അവന്‍ അതു താഴെയിറക്കി ഒരു തുണിയില്‍പൊതിഞ്ഞ്, പാറയില്‍ വെട്ടിയുണ്ടാക്കിയതും ആരെയും അന്നുവരെ സംസ്‌കരിച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയില്‍ വച്ചു. അന്ന് ഒരുക്കത്തിന്റെ ദിവസമായിരുന്നു; സാബത്തിന്റെ ആരംഭവുമായിരുന്നു.

യോഹ 19:31-37
അത് സാബത്തിനുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു. ആ സാബത്ത് ഒരു വലിയ ദിവസമായിരുന്നു. സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കാന്‍വേണ്ടി അവരുടെ കാലുകള്‍ തകര്‍ക്കാനും അവരെ നീക്കംചെയ്യാനും യഹൂദര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു. അതിനാല്‍ പടയാളികള്‍ വന്ന് അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കാലുകള്‍ തകര്‍ത്തു. അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവന്‍ മരിച്ചുകഴിഞ്ഞു എന്നു കാണുകയാല്‍ അവന്റെ കാലുകള്‍ തകര്‍ത്തില്ല. എന്നാല്‍, പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്തവുംവെള്ളവും പുറപ്പെട്ടു. അതു കണ്ടയാള്‍തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യവുമാണ്. നിങ്ങളും വിശ്വസിക്കേണ്ടതിനു താന്‍ സത്യമാണു പറയുന്നതെന്ന് അവന്‍ അറിയുകയും ചെയ്യുന്നു. അവന്റെ അസ്ഥികളില്‍ ഒന്നുപോലും തകര്‍ക്കപ്പെടുകയില്ല എന്നതിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതു സംഭവിച്ചത്. മറ്റൊരു തിരുവെഴുത്തു പറയുന്നു: തങ്ങള്‍ കുത്തി മുറിവേല്‍പിച്ചവനെ അവര്‍ നോക്കിനില്‍ക്കും.

7)  യേശുവിന്റെ മൃതസംസ്കാരം (ഏശയ്യ 53:8; ലൂക്കാ 23:50-56; മർക്കോ 15:40-47).

ഏശയ്യാ 53 : 8
മര്‍ദനത്തിനും ശിക്ഷാവിധിക്കും അധീനനായി അവന്‍ എടുക്കപ്പെട്ടു. എന്റെ ജനത്തിന്റെ പാപംനിമിത്തമാണ് അവന്‍ പീഡനമേറ്റ് ജീവിക്കുന്നവരുടെ ഇടയില്‍നിന്നു വിച്‌ഛേദിക്കപ്പെട്ടതെന്ന് അവന്റെ തലമുറയില്‍ ആരു കരുതി?

ലൂക്കാ 23:50-56

യഹൂദരുടെ ഒരു പട്ടണമായ അരിമത്തിയായില്‍നിന്നുള്ള ജോസഫ് എന്നൊരുവന്‍ അവിടെ ഉണ്ടായിരുന്നു. ആലോച നാസംഘത്തിലെ അംഗമായ അവന്‍ നല്ലവനും നീതിമാനുമായിരുന്നു.51 അവന്‍ അവരുടെ ആലോചനകളിലോ പ്രവൃത്തികളിലോ പങ്കുചേര്‍ന്നിരുന്നില്ല; ദൈവരാജ്യം പ്രതീക്ഷിച്ചിരിക്കുകയുമായിരുന്നു.52 അവന്‍ പീലാത്തോസിന്റെ അടുത്തെത്തി യേശുവിന്റെ ശരീരം ചോദിച്ചു.53 അവന്‍ അതു താഴെയിറക്കി ഒരു തുണിയില്‍പൊതിഞ്ഞ്, പാറയില്‍ വെട്ടിയുണ്ടാക്കിയതും ആരെയും അന്നുവരെ സംസ്‌കരിച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയില്‍ വച്ചു.54 അന്ന് ഒരുക്കത്തിന്റെ ദിവസമായിരുന്നു; സാബത്തിന്റെ ആരംഭവുമായിരുന്നു.55 ഗലീലിയില്‍നിന്ന് യേശുവിനോടൊപ്പം വന്നിരുന്ന സ്ത്രീകള്‍ അവനോടൊപ്പംപോയി കല്ലറ കണ്ടു. അവന്റെ ശരീരം എങ്ങനെ സംസ് കരിച്ചു എന്നും കണ്ടു.56 അവര്‍ തിരിച്ചുചെന്ന് സുഗന്ധദ്രവ്യങ്ങളും ലേപനവസ്തുക്കളും തയ്യാറാക്കി. സാബത്തില്‍ അവര്‍ നിയമാനുസൃതം വിശ്രമിച്ചു.

മർക്കോ 15:40-47

അപരന്‍ അവനെ ശകാരിച്ചു പറഞ്ഞു: നീ ദൈവത്തെ ഭയപ്പെടുന്നില്ലേ? നീയും അതേ ശിക്ഷാവിധിയില്‍ തന്നെയാണല്ലോ. നമ്മുടെ ശിക്ഷാവിധിന്യായമാണ്. നമ്മുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം നമുക്കു ലഭിച്ചിരിക്കുന്നു. ഇവന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അവന്‍ തുടര്‍ന്നു: യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ! യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും.
യേശുവിന്റെ മരണം
അപ്പോള്‍ ഏകദേശം ആറാംമണിക്കൂര്‍ ആയിരുന്നു. ഒന്‍പതാംമണിക്കൂര്‍വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു. സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിരശ്ശീല നടുവേ കീറി. യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു.  ഈ സംഭവമെല്ലാം കണ്ടുനിന്നിരുന്ന ശതാധിപന്‍ ദൈവത്തെ സ്തുതിച്ചു പറഞ്ഞു: ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു

വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി The Glories of Mary (മറിയത്തിന്റെ മഹത്വം ) എന്ന തന്റെ ഗ്രന്ഥത്തില്‍ മറിയത്തിന്റെ ഏഴു വ്യാകുലങ്ങള്‍ക്കായി സ്വയം അര്‍പ്പിക്കുന്നവര്‍ക്കു ഈശോ നല്‍കുന്ന നാല് വാഗ്ദാനങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നു.

1) ദിവ്യമാതാവിന്റെ വ്യാകുങ്ങളെ ബഹുമാനിക്കുകയും അവളില്‍ അഭയം തേടുകയും ചെയ്യുന്നവര്‍ , മരണത്തിനുമുമ്പ്, അവരുടെ എല്ലാ പാപങ്ങളുടെയും മേല്‍ യഥാര്‍ത്ഥ അനുതാപം നേടാന്‍ യോഗ്യരാകും.
2) ‘അവരുടെ കഷ്ടതകളില്‍, പ്രത്യേകിച്ച് മരണസമയത്ത് അവന്‍ അവരെ സംരക്ഷിക്കും.”
3) ‘യേശു തന്റെ പീഡാനുഭവത്തിന്റെ ഓര്‍മ്മ അവരുടെ മേല്‍ പതിപ്പിക്കുകയും സ്വര്‍ഗത്തില്‍ അതിനുള്ള പ്രതിഫലം അവര്‍ക്കു നല്‍കുകയും ചെയ്യും.”
4) ‘തന്റെ ഭക്തരായ ദാസന്മാരെ മറിയയുടെ കയ്യില്‍ ഭരമേല്പിക്കുകയും; അതുവഴി മറിയത്തിന്റെ ഇഷ്ടപ്രകാരം അവള്‍ ആഗ്രഹിക്കുന്ന എല്ലാ കൃപകളും അവര്‍ക്കുവേണ്ടി നേടികൊടുക്കുകയും ചെയ്യും.”

പരിശുദ്ധ മറിയം നല്‍കുന്ന 7 കൃപകള്‍

സ്വീഡനിലെ വിശുദ്ധ ബ്രിഡ്ജിറ്റാ വഴി തന്റെ വ്യാകുലങ്ങളെ ബഹുമാനിക്കുന്നവര്‍ക്കു പരിശുദ്ധ കന്യകാമറിയം ഏഴു കൃപകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിനായി മറിയത്തിന്റെ ഓരോ വ്യകുലങ്ങളെയും മനസ്സില്‍ ധ്യാനിച്ച് ഓരോ നന്മ നിറഞ്ഞ മറിയമേ എന്ന ജപം കാഴ്ചവയ്ക്കണം.
1) എന്റെ വ്യാകുലങ്ങളെ ബഹുമാനിക്കുന്ന കുടുംബങ്ങളില്‍ ഞാന്‍ സമാധാനം വര്‍ഷിക്കും.
2) ദൈവിക രഹസ്യങ്ങളെക്കുറിച്ച് അവര്‍ക്ക് ബോധോദയം ലഭിക്കും.
3) അവരുടെ വേദനകളില്‍ ഞാന്‍ അവരെ ആശ്വസിപ്പിക്കും, അവരുടെ ജോലികളില്‍ ഞാന്‍ അവരോടൊപ്പം അനുഗമിക്കും.
4) ആരാധനായ്ക്കു യോഗ്യനായ എന്റെ ദിവ്യപുത്രന്റെ ഹിതത്തെയോ അവരുടെ ആത്മാക്കളുടെ വിശുദ്ധീകരണത്തെയോ എതിര്‍ക്കാത്തോളം അവര്‍ ആവശ്യപ്പെടുന്നതെന്തും ഞാന്‍ അവര്‍ക്ക് സമ്മാനിക്കും.
5) നരകശത്രുവുമായുള്ള അവരുടെ ആത്മീയ പോരാട്ടങ്ങളില്‍ ഞാന്‍ അവരെ സംരക്ഷിക്കുകയും , അവരുടെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഞാന്‍ അവരെ കാത്തു പാലിക്കുകയും ചെയ്യും .
6) അവരുടെ മരണസമയത്ത് ഞാന്‍ അവരെ പ്രകടമായി സഹായിക്കുകയും – അവര്‍ അമ്മയുടെ മുഖം കാണാന്‍ ഇടയാക്കുകയും ചെയ്യും.
7) എന്റെ കണ്ണീരിന്റെയും വ്യാകുലങ്ങളുടെയും ഭക്തി പ്രചരിപ്പിക്കുന്നവരെ ഈ ലോകജീവിതത്തില്‍ നിന്നു നിത്യ സന്തോഷത്തിലേക്കു നേരിട്ടു പ്രവേശിപ്പിക്കുന്നതിനുള്ള കൃപ എന്റെ ദിവ്യ സുതനില്‍ നിന്നു ഞാന്‍ നേടി കൊടുക്കും, അവരുടെ എല്ലാ പാപങ്ങളും ക്ഷമിക്കുകയും ഞാനും എന്റെ പുത്രനും അവര്‍ക്കു നിത്യ സമാശ്വാസവും ആനന്ദവും പ്രദാനം ചെയ്യുകയും ചെയ്യും.

~ ഫാ. ജയ്സൺ കുന്നേൽ mcbs ~

മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles