എല്ലാവരും ഒന്നായിരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്ന യേശു

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

ഉയിര്‍പ്പ് ആറാം ഞായര്‍ സുവിശേഷ സന്ദേശം

ആമുഖം

അന്ത്യഅത്താഴ വേളയില്‍ യേശു പിതാവിനോട് പ്രാര്‍ത്ഥിച്ചു കൊണ്ട് അപ്പസ്‌തോലന്മാര്‍ക്കായി സന്ദേശം നല്‍കുന്നു. യേശുവിന്റെ പ്രാര്‍ത്ഥന അപ്പസ്‌തോലന്മാര്‍ക്കു വേണ്ടി മാത്രമായിരുന്നില്ല, ഭാവിയിലെ ക്രിസ്തുശിഷ്യര്‍ക്കു വേണ്ടി കൂടിയായിരുന്നു. ഐക്യും പരസ്പര സ്‌നേഹവുമായിരുന്നു യേശുവിന്റെ പ്രധാന സന്ദേശം. പിതാവും പുത്രനും തമ്മില്‍ സ്‌നേഹത്തിലായിരിക്കുന്നതു പോലെ, നമ്മളും പരസ്പര സ്‌നേഹത്തില്‍ നിലനില്‍ക്കണം.

 

ബൈബിള്‍ വായന
യോഹ. 17. 20-26

“അവര്‍ക്ക് വേണ്ടി മാത്രമല്ല, അവരുടെ വചനം മൂലം എന്നില്‍ വിശ്വസിക്കുന്നവര്‍ക്കു വേണ്ടിക്കൂടിയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. അവരെല്ലാവരും ഒന്നായിരിക്കാന്‍ വേണ്ടി,പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതു പോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചു വെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്ക് തന്ന മഹത്വം അവര്‍ക്ക് ഞാന്‍ നല്‍കിയിരിക്കുന്നു. അവര്‍ പൂര്‍ണ്ണമായും ഒന്നാകേണ്ടതിന് ഞാന്‍ അവരിലും അവിടുന്ന് എന്നിലും ആയിരിക്കുന്നു. അങ്ങനെ അങ്ങ് എന്നെ അയച്ചുവെന്നും അങ്ങ് എന്നെ സ്‌നേഹിച്ചതുപോലെതന്നെ അവരെയും സ്‌നേഹിച്ചുവെന്നും ലോകം അറിയട്ടെ. പിതാവേ, ലോക സ്ഥാപനത്തിനുമുമ്പ്, എന്നോടുള്ള അവിടുത്തെ സ്‌നേഹത്താല്‍ അങ്ങ് എനിക്ക് മഹത്വം നല്‍കി. അങ്ങ് എനിക്ക് നല്‍കിയവരും അതു കാണാന്‍ ഞാന്‍ ആയിരിക്കുന്നിടത്ത് എന്നോടുകൂടെ അവരും ആയിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിഞ്ഞിട്ടില്ല. എന്നാല്‍ ,ഞാന്‍ അങ്ങയെ അറിഞ്ഞിരിക്കുന്നു. എന്നെ അവിടുന്നാണ് അയച്ചത് എന്ന് ഇവരും അറിഞ്ഞിരിക്കുന്നു. അങ്ങയുടെ നാമം അവരെ ഞാന്‍ അറിയിച്ചു. അവിടുന്ന് എനിക്ക് നല്‍കിയ സ്‌നേഹം അവരില്‍ ഉണ്ടാകേണ്ടതിനും ഞാന്‍ അവരില്‍ ആയിരിക്കേണ്ടതിനുമായി ഞാന്‍ ഇനിയും അത് അറിയിക്കും.”

16 ാം നൂറ്റാണ്ടില്‍ ഈ ബൈബിള്‍ ഭാഗം (17ാം അധ്യായം) അറിയപ്പെട്ടിരുന്നത് മഹാപുരോഹിതന്റെ പ്രാര്‍ത്ഥന എന്നായിരുന്നു. ആദിമസഭയില്‍ ഉണ്ടാകാന്‍ പോകുന്ന പരീക്ഷണങ്ങളും പ്രതിസന്ധികളും മുന്‍കൂട്ടി കണ്ട് വിശ്വാസം കാക്കുവാന്‍ വേണ്ടിയാണ് യേശു ആ പ്രാര്‍ത്ഥന നല്‍കുന്നത്. അതിനാല്‍ യേശു തന്റെ പ്രാര്‍ത്ഥനയിലൂടെ നല്‍കുന്ന സന്ദേശം വരാനിരിക്കുന്ന തലമുറിയ്ക്കു വേണ്ടി കൂടിയാണ്.

ക്രിസ്ത്യാനികളുടെ ഐക്യത്തിനു വേണ്ടിയാണ് യേശു പ്രാര്‍ത്ഥിച്ചത്. വിശ്വാസികളുടെ ഐക്യമില്ലായ്മ സഭയെ തകര്‍ക്കും. ഒരിക്കല്‍ ഫരിസേയര്‍ യേശുവിനെ കുറ്റപ്പെടുത്തിയത് അവിടുന്ന് ബേല്‍സബൂലിനെ കൊണ്ടാണ് പിശാചുക്കളെ പുറത്താക്കിയത് എന്നു പറഞ്ഞു കൊണ്ടാണ്. അതിന് മറുപടിയായി യേശു പറഞ്ഞ വചനം ഒരു പൊതു തത്വമായിരുന്നു: അന്തഛിദ്രമുള്ള ഏത് രാജ്യവും നശിച്ചു പോകും.(മത്തായി 12. 24).

ആദിമാതാക്കള്‍ക്കിടയില്‍ പിശാച് വിഭാഗീയത സൃഷ്ടിച്ചു. ദൈവവുമായുള്ള ബന്ധത്തിലും അവന്‍ വിള്ളലുണ്ടാക്കി. ഈ വിഭാഗീയത ക്രിസ്തുവിന്റെ രണ്ടാം വരവ് വരെ തുടരും.

യേശുുവിന്റെ ശിഷ്യന്മാര്‍ക്കിടയിലും അനൈക്യത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. സെബദീപുത്രന്‍മാര്‍ അമ്മയോടൊപ്പം തങ്ങള്‍ക്ക് യേശുവിന്റെ ഇടത്തും വലത്തും ഇരിക്കാനുള്ള വരം തരണമെന്ന് അപേക്ഷിക്കുന്നുണ്ട്. അതിന് മറുപടിയായി യേശു പറയുന്നത് വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസന്‍ ആയിരിക്കണം എന്നാണ്. എളിമയുടെ പാഠം ശിഷ്യന്മാരെ കാണിച്ചു കൊടുക്കാന്‍ വേണ്ടിയാണ് യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകയത്.

ആദിമ ക്രൈസ്്തവ സമൂഹത്തില്‍ വലിയ ഐക്യവും പൊതുവായ പങ്കുവയ്പും ഉണ്ടായിരുന്നു. ഒരു മനസ്സും ഒരു ഹൃദയവും ഉള്ളവരായിരുന്നു അവര്‍. എന്നാല്‍ ക്രമേണ സഭയിലേക്ക് അനൈക്യം കടന്നു വന്നു.

ഗ്രീക്കുകാരായ വിശ്വാസികള്‍ ഹെബ്രായര്‍ക്കെതിരെ പരാതി പറയുന്നത് നാം വായിക്കുന്നു. പരിച്ഛേദനത്തിന്റെ പേരില്‍ യഹൂദക്രൈസ്തവര്‍ തര്‍ക്കം നടത്തുന്നത് നാം നടപടി പുസ്തകത്തില്‍ വായിക്കുന്നു. വിഭാഗിയതയെ കുറിച്ച വി. പൗലോസ് എഴതുന്നുണ്ട്. ഞങ്ങല്‍ പൗലോസ്ിന്റെ ആളുകളാണ്. അപ്പോളോസിന്റെ ആളുകളാണ് കേപ്പായുടെ ആളുകളാണ് എന്നെല്ലാം പറയുന്നവരെ കുറിച്ചം പൗലോസ് പറയുന്നുണ്ട്.

ക്രിസ്ത്യാനികള്‍ ദിവ്യമായ സ്‌നേഹത്താല്‍ ഐക്യപ്പെട്ടിരിക്കുമ്പോള്‍ അവിടെ വലിയ ക്രൈസ്തവ സാക്ഷ്യങ്ങള്‍ ഉണ്ടാകുന്നു. അപ്പോള്‍ ക്രിസ്ത്യീയ സാഹോദര്യം ദൈവികമായി ഉത്ഭവിച്ചതാണെന്ന് മറ്റുള്ളവര്‍ അറിയും.

യേശു ഇവിടെ പിതാവിന്റെ മഹത്വത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

ദൈവത്തിന്റെ മഹത്വം എന്ന വാക്കിന് വിവിധ അര്‍ത്ഥങ്ങളുണ്ട്.
1. ദൈവത്തിന്റെ പൂര്‍ണമായ മഹത്വം സ്വര്‍ഗത്തില്‍ മാത്രമേ വെളിപ്പെടുകയുള്ളൂ. ദൈവമായ യേശു ആ മഹത്വത്തില്‍ പങ്കാളിയാകുന്നു.

2. ദൈവം സൃഷ്ടിച്ച ആകാശവും ഭൂമിയും ദൈവത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നു. 19 ാം സങ്കീര്‍ത്തനം ഇങ്ങനെ പാടുന്നുണ്ട്.

3. ദൈവത്തിന്റെ വിസ്മയകരമായ സൃഷ്ടി എന്ന നിലയില്‍ മനുഷ്യരും ദൈവത്തിന്റെ മഹത്ത്വത്തില്‍ പങ്കാളികളാകുന്നു.

4. നമ്മുടെ ഇടയില്‍ ദൈവത്തിന്റെ മഹത്വത്തിന്റെ വെളിപാടാണ് യേശു ക്രിസ്തു. വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു. നാം അവിടത്തെ മഹത്വം ദര്‍ശിച്ചു. കൃപയും സത്യവും നിറഞ്ഞ ദൈവത്തിന്റെ ഏകജാതന്റേതായ് മഹത്വം എന്ന് യോഹന്നാന്റെ സുവിശേഷം 1. 14 ല്‍ പറയുന്നു.

5. യേശുവിന്റെ അത്ഭുതങ്ങളില്‍ ദൈവമഹത്വം വെളിപ്പെടുന്നത് നാം കാണുന്നു.

6. സുവിശേഷം പ്രഘോഷിക്കാനും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനുമുള്ള തന്റെ മഹത്വപൂര്‍ണായ ശക്തി തന്റെ ശിഷ്യന്മാരുമായി യേശു പങ്കു വച്ചു.

ലോകസ്ഥാപനത്തിന് മുന്‍പ് പിതാവ് തന്നെ സ്‌നേഹിച്ചു എന്ന് യേശു പറയുന്നുണ്ട്. അതായത് ദൈവം ആകാശവും ഭൂമിയും സൃഷ്ടിക്കുന്നതിനു മുമ്പേയുള്ള അവസ്ഥയാണത്. യേശു പിതാവിനെ നീതിമാനായ പിതാവേ എന്നാണ് വിളിക്കുന്നത്. ഈ വാക്ക് സഖറിയായെയും എലിസബത്തിനെയും കുറിച്ച്് ഉപയോഗിക്കുന്നുണ്ട്. (ലൂക്ക 1. 6). മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിനെ കുറിച്ച് ഉപയോഗിക്കുന്നുണ്ട്.(മത്താ 1.19), ശിമയോനെ കുറിച്ചും (ലൂക്ക 2.25) അരിമത്തിയാക്കാരന്‍ ജോസഫിനെ കുറിച്ചും (ലൂക്ക. 23. 50) ഉപയോഗിക്കുന്നുണ്ട്.അവര്‍ ദൈവത്തിന്റെ നിയമം അനുസരിച്ചു ജീവിച്ചവരായത് കൊണ്ടാണ് നീതിമാന്‍മാര്‍ എന്നു വിളിക്കപ്പെടുന്നത്. എന്നാല്‍ പരിപൂര്‍ണമായ അര്‍ത്ഥത്തില്‍ നീതിമാന്‍ യേശുവാണ്. കാരണം അവിടുന്ന് ദൈവവും പാപരഹിതനുമാണ്. ശതാധിപന്‍ അങ്ങനെ പറയുന്നുണ്ട് (ലൂക്ക. 23. 47).

യേശു പിതാവിന്റെ അടുത്തു നിന്ന് വന്നതു കൊണ്ട് പിതാവിനെ യേശു അറിഞ്ഞിരുന്നു. പിതാവാണ് പുത്രനെ അയച്ചതെന്ന് ശിഷ്യന്മാര്‍ തിരിച്ചറിഞ്ഞു. അതിനാലാണ് പത്രോസ് ഏറ്റു പറയുന്നത്: നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ മിശിഹാ ആണ് എന്ന്.

യേശു പിതാവിനെ കുറിച്ച് ശിഷ്യന്മാര്‍ക്ക് വെളിപ്പെടുത്തി കൊടുത്തു. തന്റെ പീഡാനുഭവവും മരണവും ഉയിര്‍പ്പും വഴി യേശു ദൈവത്തെ അനുസരിച്ച് ലോകത്തെ യേശു രക്ഷിച്ചു. ഞാനിനിയും അറിയ്ിക്കും എന്നു പറയുന്നതിന് ഒരര്‍ത്ഥമുണ്ട്. അടുത്ത ദിവസം അവിടുന്ന് ആത്മബലി അര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. പിന്നീട് ശിഷ്യന്മാര്‍ പിതാവിനെ കുറിച്ച് കൂടുതല്‍ അറിയുന്നത് പരിശുദ്ധാത്മാവ് വഴിയാണ്.

സന്ദേശം

മനുഷ്യരെന്ന നിലയില്‍, നമുക്ക് വിഭാഗീയതയ്ക്കും സംഘര്‍ഷത്തിനുമുള്ള സ്വഭാവിക പ്രവണതയുണ്ട്. കാരണം ഈ ലോകത്ത് തിന്മയുടെ സാന്നിധ്യമുണ്ട്. ഇക്കാര്യത്തില്‍ സഭയും വ്യത്യസ്ഥമല്ല. എന്നാല്‍ ഈ അനൈക്യം ദൈവകൃപയാല്‍ നാം മറികടക്കണം. ക്രിസ്ത്യാനികളുടെ ഐക്യത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

ലോകത്തിന് മുമ്പില്‍ നല്ല സാക്ഷ്യം നല്‍കാന്‍ ക്രിസ്തീയ ഐക്യം നമുക്ക് അത്യാവശ്യമാണ്. അത് കണ്ട് വരുംതലമുറയും അവിശ്വാസികള്‍ പോലും സഭയിലേക്ക് ആകര്‍ഷിക്കപ്പെടും.

പിശാച് സഭയില്‍ ഉണ്ടാക്കാന്‍ പോകുന്ന അനൈക്യം യേശു മുന്‍കൂട്ടി കണ്ടു. യേശുവിന്റെ വചനങ്ങള്‍ നമുക്ക് ഓര്‍ക്കാം. നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉള്ളതായി സംശയിച്ചാല്‍ നിന്റെ കാഴ്ച അവിടെ വച്ചിട്ട് അവനുമായി രമ്യതയിലാവുക. (മത്താ. 4. 23 – 24).

നമുക്ക് അഹങ്കാരം വരുമ്പോള്‍ യേശുവിന്റെ വചനം ഓര്‍മിക്കുക. മനുഷ്യപുത്രന്‍ വന്നത് സേവിക്കപ്പെടുവാനല്ല, സേവിക്കുവാനാണ്.

നാം യേശുവിനെ സ്‌നേഹിക്കുന്നെങ്കിലും അവിടുത്തെ വചനം പാലിക്കും എന്ന് യേശു പറയുന്നു. അപ്പോള്‍ യേശുവും അവിടുത്തെ പിതാവും നമ്മില്‍ വസിക്കുകയും നാം ദൈവവുമായി ഒന്നാവുകയും ചെയ്യും. നമുക്ക് അവിടുത്തെ വചനം പാലിക്കുന്നവരാകാം.

പ്രാർത്ഥന

എല്ലാവരും ഒന്നായിരിക്കാൻ വേണ്ടി പ്രാർത്ഥിച്ച യേശുനാഥാ,

വിവിധ ക്രൈസ്തവ സഭകൾ തമ്മിലുള്ള ഭിന്നിപ്പുകൾ അവസാനിക്കുന്നതിനു വേണ്ടിയും എല്ലാവരും ഏക ഇടയന്റെ കീഴിലായിരിക്കുന്നതിന് വേണ്ടിയും ഞങ്ങൾ പ്രാർത്ഥിക്കുന്നു. കത്തോലിക്കാ സഭയ്ക്കുള്ളിൽ തന്നെയുള്ള ഭിന്നതകളും അഭിപ്രായവ്യത്യാസങ്ങളും തരണം ചെയ്തു യേശുവേ അങ്ങയുടെ സ്‌നേഹത്തിൽ എല്ലാവരും ഒന്നാകുവാൻ കനിയണമേ. ഞങ്ങളുടെ രൂപതയിലും ഇടവകയിലും കുടുംബങ്ങളിലും ഐക്യവും സ്‌നേഹവും സന്തോഷവും കളിയാടുവാൻ അനുഗ്രഹിക്കണമേ.

ആമ്മേൻ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles