അത്ഭുതം ചെയ്യാൻ എത്രത്തോളം വിശ്വാസം വേണം?

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

ഏലിയ, സ്ലീബാ, മൂശാക്കാലം അഞ്ചാം ഞായര്‍ സുവിശേഷ സന്ദേശം

പന്ത്രണ്ട് അപ്പോസ്തലന്മാര്‍ക്കും പിശാചുക്കളെ പുറത്താക്കാനുള്ള കഴിവ് യേശു നല്‍കിയെങ്കിലും അവരില്‍ ഒന്‍പത് പേര്‍ പിശാചുബാധിതനായ ഒരു കുട്ടിയെ മോചിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. യേശു മറ്റ് മൂന്നു പേരോടു കൂടി മടങ്ങി വന്നപ്പോള്‍ അവിടുന്ന് ആ കുട്ടിയെ സുഖപ്പെടുത്തി. തങ്ങള്‍ക്ക് എന്തു കൊണ്ടാണ് അത് ചെയ്യാന്‍ കഴിയാതിരുന്നതെന്ന് യേശു ചോദിച്ചപ്പോള്‍ അതിന് പ്രാര്‍ത്ഥനയും ഉപവാസവും ആവശ്യമാണെന്ന് യേശു പറഞ്ഞു. ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

 

ബൈബിള്‍ വായന
മത്തായി 17. 14 – 21

“അവന്‍ ജനക്കൂട്ടത്തിന്റെ അടുത്തേക്ക് വന്നപ്പോള്‍ ഒരാള്‍ കടന്നു വന്ന് അവന്റെ സന്നിധിയില്‍ പ്രണമിച്ചു കൊണ്ട് പറഞ്ഞു: കര്‍ത്താവേ, എന്റെ പുത്രനില്‍ കനിയണമേ. അവന്‍ അപസ്മാരം പിടിപെട്ട് വല്ലാതെ കഷ്ടപ്പെടുന്നു. പലപ്പോഴും അവന്‍ തീയിലും വെള്ളത്തിലും വീഴുന്നു. ഞാന്‍ അവനെ നിന്റെ ശിഷ്യന്മാരുടെ അടുത്തേക്ക് കൊണ്ടു വന്നു. അവനെ സുഖപ്പെടുത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. യേശു പ്രതിവചിച്ചു. വിശ്വാസമില്ലാത്തതും ദുഷിച്ചതുമായി തലമുറയേ, എത്ര നാള്‍ നിങ്ങളോടു കൂടി ഉണ്ടായിരിക്കും? എത്ര നാള്‍ ഞാന്‍ നിങ്ങളോട് ക്ഷമിച്ചിരിക്കും? അവനെ ഇവിടെ എന്റെ അടുത്ത് കൊണ്ടു വരിക. യേശു അവനെ ശാസിച്ചു. പിശാച് അവനെ വിട്ടു പോയി. തല്ക്ഷണം ബാലന്‍ സുഖം പ്രാപിച്ചു. അനന്തരം ശിഷ്യന്മാര്‍ തനിച്ച് യേശുവിനെ സമീപിച്ചു ചോദിച്ചു: എന്തു കൊണ്ടാണ് അതിനെ ബഹിഷ്‌കരിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെ പോയത്? യേശു പറഞ്ഞു: നിങ്ങളുടെ അല്പ വിശ്വാസം കൊണ്ടു തന്നെ. സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, നിങ്ങള്‍ക്ക് കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട് ഇവിടെ നിന്ന് മാറിപ്പോവുക എന്നു പറഞ്ഞാല്‍ അത് മാറിപ്പോകും. നിങ്ങള്‍ക്ക് ഇതൊന്നും അസാധ്യമായിരിക്കുകയില്ല.”

സുവിശേഷ വിചിന്തനം

യേശുവിന്റെ രൂപാന്തരീകരണത്തിന് ശേഷമാണ് ഈ സംഭവം നടക്കുന്നതായി സുവിശേഷകര്‍ വിവരിക്കുന്നത്. യേശുവും ബാലന്റെ പിതാവും തമ്മിലുള്ള സംഭാഷണത്തോടെയാണ് ഇത് ആരംഭിക്കുന്നത്. കുട്ടിയെ സുഖപ്പെടുത്താന്‍ അപ്പോസ്തലന്മാര്‍ക്ക് കഴിഞ്ഞില്ല എന്നാണ് ആ പിതാവിന്റെ പരാതി. നിരാശനായ ആ പിതാവ് യേശുവിന്റെ പക്കലേക്ക് ചെല്ലുന്നു. ഇനി അയാളുടെ ഏക ആശ്രയം യേശു മാത്രമാണ്.

അയാള്‍ യേശുവിന്റെ മുന്നില്‍ ചെന്ന് മുട്ടുകുത്തുകയാണ്. മുട്ടുകുത്തുക എന്നാല്‍ ഹെബ്രായ സമ്പ്രദായം അനുസരിച്ച് മുട്ടുകാല്‍ ശക്തിയുടെ പ്രതീകമാണ്. അപ്പോള്‍ മുട്ടുകുത്തുക എന്നാല്‍ സര്‍വശക്തന്റെ മുന്നില്‍ കീഴടങ്ങുക എന്നാണ് അർത്ഥം.

മത്തായിയുടെ സുവിശേഷത്തില്‍, മകന്റെ രോഗത്തെ കുറിച്ച് ചുരുങ്ങിയ വിവരങ്ങള്‍ മാത്രമാണ് ആ പിതാവ് നല്‍കുന്നത്. അവന്‍ വല്ലാതെ കഷ്ടപ്പെടുകയും തീയിലും വെള്ളത്തിലും വീഴുന്നു എന്നും അയാള്‍ പറയുന്നുണ്ട്. അപസ്മാരം ഉള്ളവര്‍ നിയന്ത്രണം വിട്ട് തീയിലോ വെള്ളത്തിലോ മറ്റ് അപകടകരമായ സ്ഥലത്തേക്കോ വീഴാറുണ്ട്. ആ ബാലന് ആത്മഹത്യാപ്രവണത ഉണ്ടായിരുന്നു എന്നും ചില പണ്ഡിതന്‍മാര്‍ പറയുന്നുണ്ട്. പിതാവ് വിവരിക്കുന്ന ലക്ഷണങ്ങളെല്ലാം അപസ്മാരത്തിന്റെ സാധാരണ ലക്ഷണങ്ങളാണ്. അന്നത്തെ കാലത്ത് ജനങ്ങളുടെ വിശ്വാസം അത് പിശാചുബാധയാണെന്ന് ആയിരുന്നു.

കുട്ടിയെ സുഖപ്പെടുത്താന്‍ അപ്പോസ്തലന്മാര്‍ക്ക് കഴിഞ്ഞില്ല. അത് ആള്‍ക്കൂട്ടത്തിന് മധ്യേ അവരെ അപമാനിതരാക്കി.യേശു അവര്‍ക്ക് അതിനു മുമ്പേ തന്നെ അശുദ്ധാത്മാക്കളെ പുറത്താക്കാന്‍ അധികാരം നല്‍കിയിരുന്നു. (മത്തായി. 10.1). അവര്‍ മുമ്പ് അത് വിജയകരമായി നിര്‍വഹിക്കുകയും അക്കാര്യം യേശുവിന്റെ പക്കല്‍ വന്ന് അറിയിക്കുകയും ചെയ്തു (ലൂക്ക. 10.17). ആ ധൈര്യത്തിലാണ് യേശുവിന്റെ അഭാവത്തില്‍ തന്റെ കുട്ടിയെ അപ്പോസ്തലന്മാരുടെ പക്കല്‍ കൊണ്ടുവരാന്‍ ആ പിതാവിനെ പ്രേരിപ്പിച്ചത്. എന്നാല്‍ അവര്‍ക്ക് അത് കഴിയാതെ വന്നപ്പോള്‍ ആ പിതാവ് യേശുവിന്റെ പക്കല്‍ വന്ന് സഹായം യാചിക്കുന്നു.

അല്പവിശ്വാസികളേ എന്നു വിളിച്ചാണ് യേശു അപ്പോസ്തലന്മാരെ ശകാരിക്കുന്നത്. അപ്പോസ്തല്ന്മാരോട് തര്‍ക്കിച്ചു നിന്നിരുന്ന നിയമപണ്ഡതര്‍ക്ക് യേശുവില്‍ തീരെ വിശ്വാസം ഉണ്ടായിരുന്നില്ല. അത്ഭുതങ്ങള്‍ സംഭവിക്കണമെങ്കില്‍ അവിടെ വിശ്വാസം അത്യാവശ്യമാണ്. ദൈവകൃപ നമ്മില്‍ നിന്ന് വിശ്വാസം ആവശ്യപ്പെടുന്നു. അതിനാലാണ് യേശു അവരെ ശകാരിക്കുന്നത്.

യേശുവിന്റെ ശാരീരിക സാന്നിധ്യം എന്നും ഉണ്ടാവുകയില്ല. ഇനി ദൗത്യം തുടരേണ്ട ഉത്തരവാദിത്വം ശിഷ്യന്മാരുടേതാണ്. അതിന് അവര്‍ വിശ്വാസത്തില്‍ നിലനിന്നേ തീരൂ. ആ പരാജയം അപ്പോസ്തലന്മാര്‍ക്ക് ഒരു പാഠമായിരുന്നു.

തുടര്‍ന്ന് കുട്ടിയെ തന്റെ പക്കലേക്ക് കൊണ്ടുവരാന്‍ യേശു ആവശ്യപ്പെടുന്നു. പിതാവിന്റെ വിശ്വാസം പരീക്ഷിക്കാനാണ് യേശു അങ്ങനെ പറയുന്നത്.

പല രോഗങ്ങളും പിശാചു ബാധയാലാണ് ഉണ്ടാകുന്നതെന്ന് യഹൂദര്‍ വിശ്വസിച്ചിരുന്നു. ആ കുട്ടിയുടെ രോഗം സങ്കീര്‍ണമായ ഒന്നായിരുന്നു. അതിന് അപസ്മാരത്തിന്റെയും പിശാചുബാധയുടെയും ലക്ഷണം ഉണ്ടായിരുന്നു. അതിനാലാണ് യേശു പിശാചിനെ ശകാരിച്ചു കൊണ്ട് സൗഖ്യം കൊടുക്കുന്നത്.

മത്തായിയേക്കാള്‍ വിശദമായി ഈ സംഭവം മര്‍ക്കോസ് വിവരിക്കുന്നുണ്ട്. യേശുവിന്റെ പക്കല്‍ കുട്ടിയെ കൊണ്ടു വന്നപ്പോള്‍ അവനെ കണ്ടയുടനെ ആത്മാവ് കുട്ടിയെ തള്ളിയിട്ടു. അവന്‍ നിലത്തു വീണ് ഉരുളുകയും അവന്റെ വായില്‍ നിന്ന് നുരയും പതയും പുറപ്പെടുകയും ചെയ്തു. കഴിയുമെങ്കില്‍ സുഖപ്പെടുത്തണമേ എന്നു പറഞ്ഞ പിതാവിന്റെ വിശ്വാസക്കുറവിനെ യേശു ചോദ്യം ചെയ്യുന്നു. അപ്പോള്‍ പിതാവ് പറയുന്നു: ഞാന്‍ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണേ! ആ വിശ്വാസമാണ് യേശുവിന് വേണ്ടിയിരുന്നത്. അതാണ് സൗഖ്യത്തിന്റെ താക്കോല്‍. യേശു കല്പിക്കുകയും പിശാച് കുട്ടിയെ വെറുതെ വിട്ട് പോകുകയും ചെയ്തു.

അതിന് ശേഷം സ്വകാര്യമായി യേശുവിനെ സമീപിച്ച് ശിഷ്യന്മാര്‍ ചോദിക്കുന്നു. തങ്ങള്‍ക്ക് എന്തു കൊണ്ടാണ് കുട്ടിയെ സൗഖ്യപ്പെടുത്താന്‍ കഴിയാതിരുന്നതെന്ന്.

അതിന് കാരണം അവരുടെ വിശ്വാസക്കുറവാണെന്ന് യേശു വ്യക്തമാക്കുന്നു. യേശു തങ്ങളെ കൂട്ടാതെ മൂന്നു ശിഷ്യന്മാരുമായി മലമുകളിലേക്ക് പോയതില്‍ അവര്‍ക്ക് നിരാശ തോന്നിയിരിക്കാം. അത് അവരുടെ വിശ്വാസത്തെ ബാധിച്ചിരിക്കാം.

കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട് ഇവിടെ നിന്ന് മാറി മറ്റൊരു സ്ഥലത്തേക്ക് പോവുക എന്നു പറഞ്ഞാല്‍ അത് മാറിപ്പോകും എന്ന് യേശു അവരോട് പറയുന്നു. യേശു രൂപാന്തരപ്പെട്ട താബോര്‍ മലയെ ചൂണ്ടിയാണ് അവിടുന്ന് അങ്ങനെ പറയുന്നത്. മല നീങ്ങിപ്പോവുക എന്നത് അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ട ഒന്നല്ല. അത് ഒരു ഭാഷാശൈലിയാണ്.

ദൈവത്തിന് എല്ലാം സാധ്യമാണ്. റോമാ സാമ്രാജ്യത്തിന്റെ കാലത്ത് സഭ പീഡനങ്ങള്‍ സഹിച്ചപ്പോള്‍ അതെങ്ങനെ ചെന്ന് അവസാനിക്കും എന്ന് ക്രിസ്തീയ സമൂഹത്തിന് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. വിശ്വസത്തോടും പ്രാര്‍ത്ഥനയോടും കൂടെ അവര്‍ സഭയോട് ഒട്ടിച്ചേര്‍ന്ന് നിന്നു. എന്നാല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയിലൂടെ ദൈവം ഇടപെട്ടു. മതപീഡനം അവസാനിച്ചു. റോമാ സാമ്രാജ്യം മുഴുവനും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു.

സന്ദേശം

സുവിശേഷത്തിലെ പിതാവിനെ പോലെ മക്കളുടെ ആത്മീയനന്മയ്ക്കു വേണ്ടി മാതാപിതാക്കള്‍ മാധ്യസ്ഥം വഹിച്ചു പ്രാര്‍ത്ഥിക്കണം. ഉപവാസത്തോടും വിശ്വാസത്തോടുമുള്ള പ്രാര്‍ത്ഥനയ്ക്കു യേശു ഉത്തരമരുളും.

മുട്ടുകുത്തിയാണ് ആ മനുഷ്യന്‍ യേശുവിന്റെ മുന്നില്‍ നിന്നത്. ദൈവത്തിന് പൂര്‍ണമായി അടിയറ വയ്ക്കുന്നതിന്റെ പ്രതീകമാണ് മുട്ടുകുത്തല്‍.

വിശ്വാസം ദൈവദാനമാണ്. നമുക്ക് മാതാപിതാക്കളിലൂടെയും സഭയിലൂടെയും ലഭിച്ച വിശ്വാസത്തെയോര്‍ത്ത് ദൈവത്തിന് നന്ദി അര്‍പ്പിക്കാം.

അപ്പസ്‌തോലന്മാര്‍ ആദ്യം പരാജയപ്പെട്ടെങ്കിലും അവര്‍ യേശുവിനെ വിട്ടു പോയില്ല. സ്വകാര്യമായി തങ്ങള്‍ക്കു പറ്റിയ വീഴ്ചയെ കുറിച്ച് അവര്‍ യേശുവിനോട് ആരായുന്നു. അതു പോലെ പരാജയങ്ങളില്‍ നിരാശരാകാതെ നമുക്കും ദൈവത്തില്‍ ആശ്രയിക്കാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles