മംഗളവാര്‍ത്തയെ കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍

മരണത്തിന് ഒരു സ്ത്രീ സഹകരിച്ചതുപോലെ തന്നെ ജീവന് ഒരു സ്ത്രീ സഹകരിക്കണമെന്നും അങ്ങനെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട മാതാവിന്റെ സമ്മതം മനുഷ്യാവതാരത്തിനു മുന്നോടി ആകണം എന്നും കൃപകളുടെ പിതാവായ ദൈവം ആഗ്രഹിച്ചു. അത് ഈശോയുടെ അമ്മയിൽ സർവ്വാതിശയിയായവിധം അന്വർത്ഥമായി.
അവൾ എല്ലാറ്റിനെയും നവീകരിക്കുന്ന ജീവനെ തന്നെ ലോകത്തിനു സമൃദ്ധമായി നൽകി. ഇത്ര വലിയ ദൗത്യത്തിന് അനുരൂപമായ വരങ്ങൾ കൊണ്ട് അവൾ ദൈവത്താൽ സമ്പന്നയാക്കപ്പെട്ടു. അതുകൊണ്ട് പിതാക്കന്മാരുടെ ഇടയിൽ ദൈവമാതാവിനെ സമ്പൂർണവിശുദ്ധ, പരിശുദ്ധാത്മാവാൽ ഒരു പുതിയ ആകാശവും പുതിയ സൃഷ്ടിയുമായി രൂപം നൽകപ്പെട്ട് പാപത്തിന്റെ മാലിന്യങ്ങളിൽ നിന്നെല്ലാം വിമുക്ത ആയവൾ എന്നെല്ലാം അഭിസംബോധന ചെയ്യുന്ന പതിവ് പ്രബലമായതിൽ അത്ഭുതത്തിനവകാശമില്ല.
ഗർഭസ്ഥയായ ആദ്യനിമിഷം മുതൽ തികച്ചും പ്രത്യേകമായ വിശുദ്ധിയുടെ തേജസാൽ സമ്പന്നയായ ഈ നസ്റായ കന്യക ദൈവകല്പനയാൽ സന്ദേശം നൽകിയ മാലാഖയാൽ “കൃപ നിറഞ്ഞവളെ” എന്ന് അഭിവാദ്യം ചെയ്യപ്പെട്ടു. (ലൂക്ക 1: 28) സ്വർഗ്ഗീയ ദൂതനോട് അവൾ പ്രത്യുത്തരിച്ചു :”ഇതാ കർത്താവിന്റെ ദാസി!നിന്റെ വാക്കുപോലെ എനിക്കു സംഭവിക്കട്ടെ”(ലൂക്ക 1:38) ഇങ്ങനെ ആദത്തിന്റെ മകളായ മറിയം ദൈവവചനത്തിനു സമ്മതം നൽകി കൊണ്ട് ഈശോയുടെ അമ്മയായി തീർന്നു. അങ്ങനെ ദൈവത്തിന്റെ രക്ഷാകരമായ തിരുവിഷ്ടം മുഴുമനസ്സോടെയും പാപത്താൽ അല്പംപോലും തടയപ്പെടാതെയും ആശ്ലേഷിച്ചുകൊണ്ട് സ്വയം പുത്രന്റെ വ്യക്തിത്വത്തിനും പ്രവർത്തനത്തിനും വേണ്ടി മുഴുവനുമായി സമർപ്പിച്ചു.
അവനു വിധേയയായും അവനോടുകൂടെ സർവ്വശക്തനായ ദൈവത്തിന്റെ കൃപയാൽ രക്ഷയുടെ രഹസ്യത്തിന് ശുശ്രൂഷ ചെയ്തു.

അതുകൊണ്ട് മറിയത്തെ ദൈവത്താൽ നിഷ്ക്രിയയായി ഉപയോഗിക്കപ്പെട്ടവളായല്ല ;പ്രത്യുത, സ്വതന്ത്രമായ വിശ്വാസത്തോടും അനുസരണത്തോടും കൂടെ മനുഷ്യരക്ഷയ്ക്ക് സഹകരിച്ചവളായി സഭ കരുതുന്നു. വിശുദ്ധ ഇരണേവൂസ് പറയുന്നതുപോലെ” അവൾ അനുസരണം വഴി തനിക്കും മനുഷ്യവംശം മുഴുവനും രക്ഷയ്ക്ക് കാരണമായി ഭവിച്ചു.” അതുകൊണ്ട് അനേകം ആദ്യ കാലപിതാക്കന്മാർ അവരുടെ പ്രഭാഷണങ്ങളിൽ അവളെപ്പറ്റി സസന്തോഷം ഉറപ്പിച്ചുപറയുന്നു:” ഹവ്വായുടെ അനുസരണക്കേടിന്റെ കെട്ട് മറിയത്തിന്റെ അനുസരണം വഴി അഴിക്കപ്പെട്ടു; കന്യകയായ ഹവ്വ അവിശ്വാസം മൂലം ബന്ധിച്ചത് മറിയം എന്ന ഈ കന്യക വിശ്വാസം മൂലം അഴിച്ചു”. ഹവ്വായുമായി താരതമ്യം നിർണ്ണയിച്ചുകൊണ്ട് മറിയത്തെ “ജീവിക്കുന്നവരുടെ മാതാവ്” എന്ന് സംബോധന ചെയ്യുകയും “മരണം ഹവ്വ വഴി, ജീവൻ മറിയം വഴി” എന്ന് ഉറപ്പിച്ചു പറയുകയും ചെയ്യുന്നു. [രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ 56]


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles