ശുദ്ധീകരണ സ്ഥലം നമ്മൾ അറിയേണ്ട പത്തു വസ്തുതകൾ.

കത്തോലിക്കാ സഭയുടെ യുവജന മതബോധന ഗ്രന്ഥം 159 നമ്പറിൽ എന്താണു ശുദ്ധീകരണസ്ഥലം എന്നു പറയുന്നുണ്ട്. പലപ്പോഴും ഒരു സ്ഥലമായി സങ്കല്‌പിക്കപ്പെടുന്ന ശുദ്ധീകരണസ്ഥലം യഥാർത്ഥത്തിൽ ഒരു അവസ്ഥയാണ്. ഒരു വ്യക്തി ദൈവകൃപാവരത്തിൽ മരിക്കുന്നു. എന്നാലും ദൈവത്തെ മുഖാമുഖം ദർശിക്കുന്നതിനു മുമ്പ് വിശുദ്ധികരണം ആവശ്യമാണ്. അങ്ങനെയെങ്കിൽ ആ വ്യക്തി, ശുദ്ധീകരണസ്ഥലത്താണ് ശുദ്ധീകരണാവസ്ഥയിലാണ്. ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള അതിശയിപ്പിക്കുന്ന പത്ത് വസ്തുതകളാണ് ചുവടെ ചേർക്കുന്നത്.

1. സഭാപിതാക്കന്മാർ ഇത് പഠിപ്പിക്കുന്നു.
മധ്യകാല കത്തോലിക്കാ സഭയുമായി ശുദ്ധീകരണസ്ഥലത്തെ (Purgatory) സാധാരണ ബന്ധിപ്പിക്കാറുണ്ട് . എന്നാൽ ആദിമ നൂറ്റാണ്ടു മുതൽ സഭ ഇതിൽ വിശ്വസിച്ചിരുന്നു. തീർച്ചയായും ശുദ്ധീകരണസ്ഥലം എന്ന വാക്ക് അവർ ഉപയോഗിച്ചട്ടില്ല. എന്നിരുന്നാലും നിരവധി സഭാപിതാക്കമാർ ശുദ്ധീകരണസ്ഥലത്തിൽ വിശ്വസിച്ചിരുന്നു.
വി. ആഗസ്തീനോസിന്റെ ദൈവ നഗരത്തിൽ (The City of God ) ഇപ്രകാരം വായിക്കുന്നു, “ മരണശേഷം താൽക്കാലിക ശിക്ഷക്ക് വിധേയരാകന്ന എല്ലാവരും അവസാനവിധി വരെ നിത്യ കാലത്തേക്ക് സഹിക്കേണ്ടി വരുകയില്ല.
ചിലർക്ക് നമ്മൾ നേരത്തെ പറഞ്ഞു പോലെ ഈ ലോകത്തിൽ കടം വീട്ടാൻ സാധിക്കാത്തവർ, വരാനിരിക്കുന്ന ലോകത്തിൽ അതു വീട്ടണം, അതുകൊണ്ട് വരാനിരിക്കുന്ന ലോകത്തിൽ അവർ നിത്യകാലത്തേക്ക് ശിക്ഷ അനുഭവിക്കണം എന്നർത്ഥമില്ല.” സഭാപിതാക്കന്മാരായ വി.ആബ്രോസ്, വി. ജറോം, വി. ബേസിൽ, മഹാനായ വി.ഗ്രിഗറി എന്നിവർ ശുദ്ധീകരണസ്ഥലത്തിൽ വിശ്വസിച്ചിരുന്നതായി അവരുടെ പഠനങ്ങളിൽ നിന്നു മനസ്സിലാക്കാൻ സാധിക്കും.

2. ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്ക് അവരുടെ വിധി അറിയാം
വിശ്വാസിയായ ഒരു വ്യക്തി മരിക്കുകയും മരണശേഷം ശുദ്ധീകരണസ്ഥലത്തിൽ താൻ തന്നെ സഹിക്കുന്നതായി മനസ്സിലാക്കുകയും ചെയ്യുന്നു എങ്കിൽ ആ വ്യക്തിക്ക് നരകവും ശുദ്ധീകരണസ്ഥലവും തമ്മിലുള്ള വിത്യാസം അറിയാൻ കഴിയുമോ? ആ വ്യക്തിക്ക് സ്വർഗ്ഗപ്രാപ്തി സാധിക്കമെന്ന് വിശ്വാസമുണ്ടാ? ഈ കാര്യത്തിൽ ഉത്തരം, അതേ എന്നു തന്നെയാണ്? കാത്തലിക് എൻസൈക്ലോപീഡിയായിൽ ഇപ്രകാരം കാണുന്നു. “ശുദ്ധീകരണസ്ഥലത്തായിരിക്കുന്ന ആത്മാക്കൾക്കറിയാം തങ്ങളുടെ സന്തോഷം കുറച്ചു കാലത്തേക്കു തടഞ്ഞുവച്ചിരിക്കയാണന്ന് അറിയാം. പുരാതനമായ ആരാധനക്രമങ്ങളും ഭൂഗർഭക്കല്ലറകളിലെ (catacombs) ശിലാലിഖിതങ്ങളും പറയുന്ന “സമാധാനത്തിലുള്ള ഉറക്കം” അത്യന്തികമായ രക്ഷയെക്കുറിച്ച് സംശയം ഉണ്ടായിരുന്നെങ്കിൽ അസാധ്യമാകുവായിരുന്നു.”

3. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾ നമുക്കുവേണ്ടി പ്രാർത്ഥിക്കാനുള്ള സാധ്യതയുണ്ട്.
ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കാൻ നമ്മളോടു സഭ പറയുന്നുണ്ട്. എന്നാൽ അവർക്കു നമുക്കു വേണ്ടി പ്രാർത്ഥിക്കാൻ കഴിയുമെന്ന് ചിലർ ചിന്തിക്കുന്നുണ്ട് . “നമ്മളെക്കാൾ അവർ ദൈവത്തോട് അടുത്തായതിനാൽ അവരുടെ മധ്യസ്ഥ പ്രാർത്ഥനകൾക്ക് വലിയ ശക്തിയുണ്ട് ” ഇങ്ങനെ ചിന്തിക്കുകയാണങ്കിൽ ഈ വാദഗതിക്ക് വേണ്ടത്ര യുക്തി നമുക്ക് കണ്ടെത്താൻ കഴിയും. വിശുദ്ധ റോബർട്ട് ബില്ലാർമിൻ ഈ വാദഗതിയോടു യോജിക്കുന്നുണ്ട്.

4. പുരാതനകാലം മുതൽ വിജാതീയർ ഇതു വിശ്വസിച്ചിരുന്നു.
പല സംസ്കാരങ്ങളിലെയും ജനങ്ങൾ ക്രൈസ്തവരായ നമ്മുടെ വിശ്വാസം പോലെ മരണാന്തര ജീവിതത്തിലും സ്വർഗ്ഗം, നരകം, ശുദ്ധീകരണ സ്ഥലം തുടങ്ങിയ അവസ്ഥകളിലും വിശ്വസിച്ചിരുന്നതായി കാത്തലിക് എൻസൈക്ലോപീഡിയയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് റോമൻ ഇതിഹാസ കാവ്യമായ അനേയിഡിൽ – ലത്തീൻ സഭാപിതാക്കൻമാർക്ക് പരിചിതമായിരുന്ന- “ദുഷ്ടതയാൽ കളങ്കിതമായ ആത്മാക്കൾ എൽസിയുമിന്റെ (Elysium) സന്തോഷം നിറഞ്ഞ തോട്ടത്തിൽ വരുന്നതിനു മുമ്പ് അഗ്നിശുദ്ധി വരുത്തിയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട് ”
ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള ക്രിസ്തീയ പ്രബോധനം ഒരിക്കലും വിജതീയ ചിന്തയല്ല. (എന്നാൽ പത്രോസിന്റെ രണ്ടാം ലേഖനം രണ്ടാം അധ്യായം നാലാം വാക്യത്തിൽ പത്രോസ് നരകത്തെ സൂചിപ്പിക്കാൻ അനേയിഡിൽ ഉപയോഗിച്ച ടർതാരുസ് (Tartarus)വാക്കു തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.)

5.ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾ മറ്റു വിശ്വാസികളൊടൊപ്പമുണ്ട്.
ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾ തനിയെ അല്ല സഹിക്കുന്നത് എന്ന കാര്യം നമ്മൾ മറക്കാൻ തുനിയുന്നു. – അല്ലെങ്കിൽ സഹിക്കുന്ന സഭ എന്ന പ്രയോഗം തന്നെ അർത്ഥ ശൂന്യമാകും. ശുദ്ധീകരണസ്ഥലത്തിലുള്ള ആത്മാക്കൾക്ക് നമ്മൾ ഭൂമിയിൽ ചെയ്യുന്നതുപോലെ, പരസ്പരം സമാശ്വസിപ്പിക്കാൻ സാധിക്കും എന്നതു യുക്തി സഹജമായി കാണപ്പെടുന്നു. പക്ഷേ, ഇതു നമുക്കു ഊഹിക്കാൻ മാത്രമേ കഴിയു.

6. ശുദ്ധീകരണസ്ഥലത്തായിരിക്കുന്നവർ ക്രിസ്തുവുമായി ഐക്യപ്പെട്ടിരിക്കുന്നു.
ശുദ്ധീകരണസ്ഥലം ആത്മീയ ജീവിതത്തിലുള്ള ചില ടൈം ഔട്ടുകളോ, ഭൂമിയിലുള്ള വിശ്വാസ ജീവിതത്തിന്റെയും സ്വർഗ്ഗത്തിൽ നാം സ്വന്തമാക്കുന്ന ആനന്ദകരമായ ഈശ്വര ദർശനത്തിനും മധ്യേയുള്ള ഒരു ഇടനാഴിയോ അല്ല.
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾ സത്യമായും പീഡിത സഭയുടെ ഭാഗമാണങ്കിൽ അവർ ക്രിസ്തുവിന്റെ മൗതീക ശരീരത്തിന്റെ ഭാഗമായി നിലനിൽക്കുകയും അതുവഴി ക്രിസ്തുവിനോടു ഐക്യപ്പെട്ടു നിലനിൽക്കുകയും ചെയ്യുന്നു.

7. സഹനങ്ങൾ സ്വമേധയാലുള്ളതാണ്.
ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് പ്രബന്ധം എഴുതിയ ജെനോവായിലെ വിശുദ്ധ കാതറിന്റെ അഭിപ്രായത്തിൽ : സ്വർഗ്ഗത്തിലെ തങ്ങളുടെ നിക്ഷേപത്തിൽ എന്തുണ്ടന്നു ആത്മാക്കൾ ഒരിക്കൽ കാണുമ്പോൾത്തന്നെ, ആത്മാക്കൾ തന്നെത്തനെ ശുദ്ധീകരണസ്ഥലത്തിലേക്ക് വീഴുന്നു. തീർച്ചയായും ശുദ്ധീകരണസ്ഥലം സ്വമേധയാ തിരഞ്ഞെടുക്കാൻ കഴിയുന്ന ( ഒരർത്ഥത്തിൽ അങ്ങോട്ടു പോകാതിരിക്കാൻ തിരഞ്ഞെടുപ്പു നടത്തുന്നു) ഒരു അവസ്ഥയല്ല. മറിച്ച് വി.അക്വീനാസ് പറയുന്നതുപോലെ ഇത് സ്വമേധയാ ആത്മാക്കൾ സമ്മതത്തോടെ കീഴടങ്ങുന്നതാണ്.

8. ശുദ്ധീകരണസ്ഥലത്തുള്ളവരെ ക്രിസ്തു സമാശ്വസിപ്പിക്കുന്നു.
പാരമ്പര്യമനുസരിച്ച് ശുദ്ധീകരണസ്ഥലത്തെ നരകത്തിന്റെ ഭാഗമായാണ് ദൈവശാസ്ത്രജ്ഞന്മാർ കരുതുന്നത്. ക്രിസ്തു പാതാളത്തിലേക്ക് ഇറങ്ങി എന്നു നാം പറയുമ്പോൾ നരകത്തിലുള്ളവരെ ക്രിസ്തു സന്ദർശിച്ചു എന്നാണന്നു തോമസ് അക്വീനാസ് സുമ്മാ തിയോളജിക്കായിൽ എഴുതിയിട്ടുണ്ട്. അക്വീനാസിന്റെ അഭിപ്രായത്തിൽ ക്രിസ്തു പാതാളത്തിൽ വന്നതുമൂലം നരകത്തിലെ ലിംബോ (limbo) അറയിലുണ്ടായിരുന്ന പരിശുദ്ധരായ പിതാക്കന്മാരെല്ലാം വിമോചിക്കപ്പെടുകയും, ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ ആശ്വസിപ്പിക്കുകയും ചെയ്തു.

9. ശുദ്ധീകരണസ്ഥലത്ത് സന്തോഷങ്ങും സഹനങ്ങളുമുണ്ട്
ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള പരമ്പരാഗത ചിന്ത, വേദനയും ശിക്ഷയുമായി ബന്ധപ്പെട്ടാണ്. എന്നാൽ ജെനോവായിലെ വിശുദ്ധ കാതറിൻ വലിയ സന്തോഷത്തിന്റെ അവസ്ഥയായി ഇതിനെ വിവരിക്കുന്നുണ്ട്..
“ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കുടെ സന്തോഷത്തെ താരതമ്യപ്പെടുത്താൽ പറുദീസായിലുള്ള വിശുദ്ധരുടെ സന്തോഷമല്ലാതെ മറ്റൊന്നു യോഗ്യമല്ലന്നു ഞാൻ വിശ്വസിക്കുന്നു. ദൈവം ഈ ആത്മാക്കളിലേക്ക് ഒഴുകന്നതനുസരിച്ച്, അവനു പ്രവേശിക്കാനുള്ള തടസ്സങ്ങൾ മാറുന്നതിനുസരിച്ച്, ഈ സന്തോഷം അനുദിനം വളരുന്നു. പാപത്തിന്റെ കറ ഒരു തടസ്സമാണ്, അഗ്നി ആ കറയെ ദഹിപ്പിക്കുന്നതനുസരിച്ച് ആത്മാവ് ദൈവീകമായ അന്തർപ്രവാഹത്തിന് തന്നെത്തന്നെ തുറക്കുന്നു”

10. ശുദ്ധീകരണസ്ഥലം വിശുദ്ധരെ സൃഷ്ടിക്കുന്നു.
ഈ നിഗമനം, വിപ്ലവകരമായി തോന്നുമെങ്കിലും ഇത് അനിവാര്യമായ ചിന്തയാണ്. അടിസ്ഥാപരമായ കത്തോലിക്കാ വിശ്വാസം സ്വർഗ്ഗത്തിലെത്തുന്ന, ശുദ്ധീകരണസ്ഥലത്തു വന്നു പെടുന്ന ആത്മാക്കളെപ്പറ്റി ലളിതമായി ഇങ്ങനെ പറയുന്നു: വിശുദ്ധിയുടെ ഉന്നതിയിൽ എത്തിയവർക്ക് സ്വർഗ്ഗത്തിൽ നേരിട്ട് പോകാൻ ശുദ്ധീകരിക്കുന്ന ശുദ്ധീകരണസ്ഥലത്തെ അഗ്നി ആവശ്യമില്ല. നമ്മൾ അവരെ വിശുദ്ധർ എന്നു വിളിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ വിശുദ്ധർ മാത്രമേ സ്വർഗ്ഗത്തിലെത്തുകയുള്ളു. ശുദ്ധീകരണസ്ഥലം ചെയ്യുന്നത് ഇതാണ്: അവിടെ എത്തിച്ചേരുന്ന എല്ലാവരെയും ശുദ്ധീകരണസ്ഥലം വിശുദ്ധരാക്കുന്നു. അതാണ് ശുദ്ധീകരണസ്ഥലത്തിന്റെ മനോഹാരിത.

ഫാ. ജയ്സൺ കുന്നേൽ mcbs


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles