ലോകത്തെ വിസ്മയിപ്പിച്ച ടെന്‍ കമാന്‍ഡ്‌മെന്റ്‌സ് എന്ന ചലച്ചിത്രം

അനുനിമിഷം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഗ്രാഫിക്‌സ് വിസ്മയങ്ങളുടെ കാലമാണിത്. സ്പീല്‍ബര്‍ഗിന്റെ ‘ജുറാസിക്ക് പാര്‍ക്ക്’ ആദ്യമായി കണ്ടപ്പോള്‍ അമ്പരന്ന നമുക്കു പുതിയ ഗ്രാഫിക്‌സുകളൊന്നും അത്ഭുതങ്ങളല്ലാതാവുന്നു. അത്ര സാധാരണമായിരിക്കുന്നു സിനിമയിലെ ഗ്രാഫിക്‌സ്, സ്‌പെഷല്‍ ഇഫക്ട്‌സ് ഉപയോഗം ഇന്ന്. എന്നിട്ടും ഗ്രാഫിക് സിന്റെ ഈ വാഴ്ചക്കാലത്തുപോലും, അരനൂറ്റാണ്ടു പഴകിയ ഒരു ചിത്രത്തിലെ സ്‌പെഷ്യല്‍ ഇഫക്ടസ് രംഗം കണ്ട് യുവതലമുറ ആവേശപൂര്‍വ്വം കൈയടിക്കുന്നു! 1956ല്‍ റിലീസ് ചെയ്ത ‘ദ ടെന്‍ കമാന്റ്‌മെന്റിസിലെ ചെങ്കടല്‍ പിളരുന്ന രംഗമാണ് കാലാതിവര്‍ത്തിയായ ആ വിസ്മയം. ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ ഓരോ സിനിമാസ്‌നേഹിയുടെയും അടങ്ങാത്ത ഗൃഹാതുരത്വമാകുന്നു അനുപമമായ ആ രംഗവും മഹത്തായ ആ ചലച്ചിത്രവും! കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സൊക്കെ വരുന്നതിന് എത്രയോ മുന്‍പ് ചിത്രീകരിച്ച രംഗം! മികച്ച സ്‌പെഷ്യല്‍ ഇഫക്ടസിന് ജോണ്‍ പി. ഫുള്‍ട്ടന്‍ ഓസ്‌കര്‍ അവാര്‍ഡ് നേടുകയും ചെയ്തു.

‘ബെന്‍ഹര്‍’ പോലെതന്നെ ലോകസിനിമയിലെ മറ്റൊരു നാഴികക്കല്ലാണ് സെസില്‍ ബി. ഡിമില്ലെ എന്ന മഹാനായ സംവിധായകന്റെ ‘ദ ടെന്‍ കമാന്റ്‌മെന്റസ്.’ ഈജിപ്തിന്റെ അടിമത്തത്തില്‍ നിന്ന് മോശയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ ജനം വിമോചനം പ്രാപിക്കു ന്ന കഥ ബൃഹത്തായ കാന്‍വാസില്‍ പറയുന്ന ചിത്രത്തില്‍ ചാള്‍ട്ടണ്‍ ഹെസ്റ്റന്‍ മോശയെ അനശ്വരമാക്കിയിരിക്കുന്നു. യുള്‍ ബ്രൈനര്‍ ഫറവോ റാംസെ രണ്ടാമനായി ജ്വലിച്ചു നില്‍ ക്കുന്നു. ജോണ്‍ ഡെറെക് ജോഷ്വയെയും ആന്‍ ബാക്സ്റ്റര്‍ നെഫ്രട്ടീരി രാജകുമാരിയെയും അവതരിപ്പിക്കുന്നു. ചാള്‍ട്ടണ്‍ ഹെസ്റ്റന്റെ മകന്‍ ഫ്രേസര്‍ ക്ലാര്‍ക്കാണ് മൂന്നുമാസം പ്രായമായ മോശയെ അവതരിപ്പിച്ചിരിക്കുന്നത്. ലോയല്‍ ഗ്രിഗ്‌സ് ഛായാഗ്രഹണവും എല്‍മര്‍ ബേണ്‍സ്റ്റിന്‍ സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം 3 മണിക്കൂര്‍ 40 മിനിറ്റാണ്.

നിശ്ശബ്ദ ചിത്രവും ആനിമേഷന്‍ ചിത്രവും

പത്തുകല്‍പനകളെ ആധാരമാക്കി ആദ്യമായി ചലച്ചിത്രമൊരുക്കിയത് സെസില്‍. ഡി.മില്ലെ തന്നെയാണ്. 1923 ല്‍ വെളിച്ചം കണ്ട നിശ്ശബ്ദ ചിത്രത്തില്‍ മോശയെ അവതരിപ്പിച്ചത് തിയഡോര്‍ റോബര്‍ട്‌സാണ്. ചിത്രത്തി ന്റെ ഒന്നാം പകുതിയില്‍ മാത്രമാണ് മോശയുടെ കഥ പറയുന്നത്. രണ്ടാം പകുതി ആധുനിക കാലഘട്ടത്തെ ചിത്രീകരിക്കുന്നു.

2006 ല്‍ ടെലിവിഷന്‍ ചിത്രമായി നിര്‍മ്മിച്ച റോബര്‍ട്ട് ഡോണ്‍ഹെമിന്റെ ‘ടെന്‍ കമാന്റ്‌മെന്റ്‌സി’ല്‍ ഡൂഗ്രേ സ്‌കോട്ട് മോശയെ അവതരിപ്പിക്കുന്നു. റോണ്‍ ഹച്ചിന്‍സന്റെ തിരക്കഥ.

‘ടെന്‍ കമാന്റ്‌മെന്റസ്’ ആനിമേഷന്‍ ചിത്രം 2007 റിലീസാണ്. പ്രശസ്ത നടന്‍ ബെന്‍ കിങ്ങ്‌സിലിയുടെ ശബ്ദം കഥപറച്ചിലിന് ഉപയോഗിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ജോണ്‍ സ്‌ട്രോനാക്ക്.

വിസ്മയത്തിന്റെ നിര്‍മിതി

1956 ഒക്‌ടോബര്‍ 5 നാണ് കേളികേട്ട ‘ടെന്‍ കമാന്റ്‌മെന്റ്‌സ്’ റിലീസായത്. പാരാമൗണ്ട് പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിച്ചത്. സെസില്‍ ബി.ഡിമില്ലെ അവസാനമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു, അത്. എഴുത്തുകാരുടെ ഒരു സംഘം തന്നെ വേണ്ടി വന്നു, ബൃഹത്തായ ഈ ചലച്ചിത്രസൃഷ്ടിക്ക് തിരക്കഥയൊരുക്കാന്‍. ‘പില്ലര്‍ ഓഫ് ഫയര്‍’ എന്ന നോവലിന്റെ രചയിതാവായ ജെ.എച്ച്. ഇന്‍ഗ്രഹാം, എ.ഈ.സൗതന്‍ (ഓണ്‍ ഈഗി ള്‍സ് വിംഗ്‌സ്’ എന്ന നോവലിന്റെ കര്‍ത്താവ്), ഡൊറോത്തി ക്ലാര്‍ക്ക് വില്‍സന്‍ (‘പ്രിന്‍സ് ഓഫ് ഈജിപ്തി’ന്റെ നോവലിസ്റ്റ്) എന്നിവരെക്കൂടാതെ ഏനിയഡ് മക്‌കെന്‍സി, ജെസ്സി ലാസ്‌കി ജൂനിയര്‍, ജാക്ക് ഗാരിസ്, ഫ്രെഡറിക് എം.ഫ്രാങ്ക് എന്നിവരും എഴുത്തുകാരുടെ സംഘത്തിലുണ്ടായിരുന്നു.

‘Writter in stone: Making Cecil B. Demille’s Epic, The Ten Commandments എന്ന പുസ്തകമെഴുതിയ കാതറിന്‍ ഒറിസണ്‍, ചിത്രത്തിന്റെ നിര്‍മ്മാണത്തിനു ഒരുക്കമായി ഡിമില്ലെയും സംഘവും നടത്തിയ ഗവേഷണങ്ങളുടെ ചരിത്രം പറയുന്നുണ്ട്. മോശയെപ്പറ്റി ബൈബിളില്‍ രേഖപ്പെടുത്താതിരുന്ന ചില വിശദാംശങ്ങള്‍ തേടി ഡിമില്ലെ ഖുറാനില്‍ തിരഞ്ഞുവെന്ന് ഒറിസണ്‍ പറയുന്നുണ്ട്. വളരെ പ്രത്യേകതയുള്ള ഒരു സംഭവവും ഒറിസണ്‍ വിവരിക്കുന്നുണ്ട്. മോശയ്ക്കു ധരിക്കുവാന്‍ വേണ്ടി കോസ്റ്റ്യും ഡിസൈനര്‍മാരില്‍ ഒരാളായ അര്‍നോള്‍ഡ് ഫ്രൈബര്‍ഗ് കറുപ്പും വെളുപ്പും വരകളുള്ള അങ്കി ഒരുക്കുമ്പോള്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെടണം എന്നതിനപ്പുറം പ്രത്യേകിച്ച് വേറെ ഉദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, പിന്നീട് ആ വര്‍ണ്ണങ്ങള്‍ ലേവീ ഗോത്രത്തിന്റെ ഔദ്യോഗിക നിറങ്ങളായിരുന്നുവെന്നു കണ്ടെത്തുകയുണ്ടായി. ആ അങ്കി ഡി മില്ലെ പിന്നീട് ഫ്രൈബര്‍ഗിസിനു സമ്മാനിച്ചു.

പുരസ്‌ക്കാരങ്ങളും ജനപ്രീതിയും

എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് ഹിറ്റുകളിലൊന്നാണ് ‘ദ ടെന്‍ കമന്റ്‌മെന്റസ്’. ചിത്രം 84 കോടി ഡോളറോളം ഇതുവരെ നേടിയിട്ടുണ്ട്. മികച്ച സ്‌പെഷ്യല്‍ ഇഫക്ട്‌സിന് ഓസ്‌കര്‍ അവാര്‍ഡു നേടിയ ചിത്രത്തിന് 6 നോമിനേഷനുകള്‍ കൂടി ലഭിച്ചു. മികച്ച ചിത്രം, കലാസംവിധാനം, ഛായാഗ്രഹണം, വസ്ത്രാലങ്കാരം, എഡിറ്റിംഗ്, സൗണ്ട് റെക്കോര്‍ഡിംഗ് എന്നീ വിഭാഗങ്ങളിലായിരുന്നു ഓസ്‌കര്‍ നോമിനേഷന്‍.

1999 ല്‍ അമേരിക്കയിലെ ലൈബ്രറി ഓഫ് കോണ്‍ഗ്രസ് ‘സാംസ്‌കാരികമായും ചരിത്രപരമായും സൗന്ദര്യശാസ്ത്രപരമായും പ്രധാനപ്പെട്ട ചിത്രങ്ങളുടെ ഗണത്തില്‍പ്പെടുത്തി ‘ടെന്‍ കമാന്റ്‌മെന്റസിനെ’ യുണൈറ്റഡ് സ്റ്റേറ്റസ് നാഷണല്‍ ഫിലിം രജിസ്ട്രിയില്‍ സൂക്ഷിക്കുവാനായി തിരഞ്ഞെടുത്തു. യു.എസില്‍, ഓശാന ഞായര്‍, പെസഹ, ഈസ്റ്റര്‍ ദിവസങ്ങളില്‍ ABCയില്‍ 1973 മുതല്‍ വര്‍ഷം തോറും തുടര്‍ച്ചയായി ‘ടെന്‍ കമാന്റ്‌മെന്റസ്’ സംപ്രേഷണം ചെയ്തുപോരുന്നു.

മോശയുടെ കഥ, ഇസ്രായേല്‍ ജനത്തിന്റെയും

‘ഹെബ്രായ ആണ്‍കുഞ്ഞുങ്ങളെ വധിക്കു ക’ എന്ന ഈജിപ്ഷ്യന്‍ നയത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ ശിശുവായ മോശയെ അമ്മ ഒരു പേടകത്തിലാക്കി നൈല്‍ നദിയില്‍ ഒഴുക്കി വിടുന്നതോടെ ആരംഭിക്കുന്ന കഥ ശക്തനും ധീരനുമായ ഈജിപ്ഷ്യന്‍ രാജകുമാരനായി മോശ വളരുന്നതിലൂടെ പുരോഗമിക്കുന്നു. ഫറവോയുടെ സഹോദരിയാണ് മോശ യെ നദിയില്‍ നിന്നെടുത്തു വളര്‍ത്തുന്നത്. ഫറവോ റാംസെ ഒന്നാമനു പ്രിയങ്കരനായി വളരുന്ന മോശ പക്ഷേ, വൈകാതെ താന്‍ ഒരു ഹെബ്രായ സ്ത്രീയുടെ പുത്രനാണെന്നു തിരിച്ചറിയുമ്പോള്‍ കൊട്ടാര മഹിമകളും രാജകുമാരന്റെ സുഖജീവിതവും ത്യജിക്കാന്‍ തയ്യാറാകുന്നു. തന്റെ ജനതയോട് താദാത്മ്യം പ്രാപിച്ചുകൊണ്ട് മോശ അവര്‍ക്കൊപ്പം അടിമവേലയ്ക്കു സന്നദ്ധനാകുന്നു. ഒരു ഹെബ്രായനെ ക്രൂരമായി മര്‍ദ്ദിച്ച ഈജിപ്തുകാരനെ മോശ വധിക്കുന്നു. ഇസ്രായേല്‍ക്കാര്‍ മോശയെ തങ്ങളുടെ വിമോചകനായി കാണുന്നു. ഫറവോയുടെ കൊട്ടാരത്തില്‍ വിചാരണ ചെയ്യപ്പെടുന്ന മോശ രാജാവിന്റെയും വളര്‍ത്തമ്മയുടെയും നെഫ്രട്ടീരി രാജകുമാരിയുടെ യും അനുനയ ശ്രമങ്ങളെ അതിജീവിച്ച് തന്റെ ദൗത്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. ശിക്ഷയായി മോശ മരുഭൂമികള്‍ക്കപ്പുറത്തേക്ക് നാടുകടത്തപ്പെടുന്നു.

മിദിയാനിലെത്തുന്ന മോശ ജെത്രോയുടെ പെണ്‍മക്കളിലൊരുവളെ വേള്‍ക്കുന്നു. റാംസെ ഒന്നാമന്‍ മോശയെ ഓര്‍ത്തു ഹൃദയം തകര്‍ ന്നു മരിക്കുന്നു. തുടര്‍ന്ന് റാംസെ രണ്ടാമന്‍ ഫറവോ ആവുകയും നെഫ്രട്ടീരിയെ വിവാഹം കഴിക്കുകയും ചെയ്യുന്നു.

എരിയുന്ന മുള്‍പ്പടര്‍പ്പില്‍ ദൈവദര്‍ശനം ലഭിക്കുന്ന മോശ തീജ്വാല പോലെ ഈജിപ് തിലേക്കു മടങ്ങിവരുന്നു. ഫറവോയുടെ മുന്നില്‍ ഇസ്രായേലിന്റെ മോചനത്തിനായി വാദിക്കുന്ന മോശ ദൃഢനിശ്ചയത്തിന്റെ ആള്‍രൂപമായി ജ്വലിക്കുന്നു. ഒന്‍പതു മഹാമാരികള്‍ ക്കുശേഷവും മനമിളകാതിരുന്ന ഫറവോയുടെ മനസ്സ് തന്റെ ഏകജാതന്റെ മരണത്തോടെ തകരുന്നു. അജയ്യമായ ശക്തിയോടാണ് താന്‍ ഏറ്റുമുട്ടുന്നതെന്നു മനസ്സിലാക്കുന്ന റാംസെ ഇസ്രായേല്‍ക്കാരെ വിട്ടയ്ക്കുന്നു.

മനുഷ്യനും മൃഗങ്ങളും പക്ഷികളുമെല്ലാം ചേര്‍ന്നുള്ള പുറപ്പാടിന്റെ ദൃശ്യം മനോഹരമാണ്. ഇസ്രായേല്‍ ജനം പാതിവഴിയിലെത്തിയപ്പോള്‍ മനംമാറിയ ഫറവോ സൈന്യത്തെ നയിച്ച് അവരെ പിന്‍തുടരുന്നു. ചെങ്കടല്‍ തീരത്തുവച്ച്, തങ്ങളെ പിന്‍തുടരുന്ന മഹാസേനയെക്കണ്ടു നിലവിളിച്ച ഇസ്രായേല്‍ ജനത്തിന്റെ മുന്നില്‍ വച്ച് മോശ ദണ്ഡുയര്‍ത്തുന്നു. ചെങ്കടല്‍ രണ്ടായി പിളരുന്ന ഉജ്വലമായ ദൃശ്യം ഇവിടെയാണ്.

(അനേക നാളുകള്‍ ഈ രംഗത്തിന്റെ ചിത്രീകരണ രഹസ്യം വെളിപ്പെടുത്താതിരുന്ന ഡിമില്ലെ പിന്നീടത് തുറന്നുപറഞ്ഞു. ഇരു വശത്തും സ്ഥാപിച്ച കൂറ്റന്‍ ടാങ്കുകളില്‍ നിന്നു വെള്ളച്ചാട്ടം പോലെ ചൊരിഞ്ഞ ജലപാതത്തിന്റെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയ ശേഷം പിന്നിലേക്ക് ചലിപ്പിച്ചുകൊണ്ടാണ് അത് സാധ്യമാക്കിയത്. ചിത്രസംയോജനത്തിന്റെ മികവും അതില്‍ പ്രധാനമാണ്.)

മഹാത്ഭുതം കണ്‍മുന്നില്‍ കണ്ട് സ്വന്തം സൈന്യവ്യൂഹം മുഴുവന്‍ നഷ്ടപ്പെട്ടു തനിയെ നില്‍ക്കുന്ന ഫറവോയുടെ ആത്മഗതം ഒരു പ്രഖ്യാപനം പോലെ മുഴങ്ങുന്നു: ”അവരുടെ ദൈവമാണ് ദൈവം!” യഹോവയില്‍ നിന്നു പത്തുകല്പനകള്‍ സ്വീകരിച്ചശേഷം തിരികെയെത്തുന്ന മോശയെ ജനത്തിന്റെ അനുസരണക്കേട് നിരാശപ്പെടു ത്തുന്നു. കോപാകുലനായി മോശ കല്‍ഫലകങ്ങള്‍ എറിഞ്ഞുടയ്ക്കുന്നു. താന്‍ കാനാന്‍ ദേശത്തെത്തുകയില്ലെന്നു മനസ്സിലാക്കുന്ന മോശ വാഗ്ദത്തഭൂമി അകലെ നിന്നുകാണുകയും ജോഷ്വായെ പുതിയ നായകനാക്കി അഭിഷേകം ചെയ്യുകയും ചെയ്യുന്നു.

കാലത്തിനു സൂക്ഷിക്കാന്‍ വേണ്ടി ദൈവം നല്‍കിയ കല്‍പനകള്‍ക്കു തികച്ചും യോഗ്യമായ ചിത്രാവതരണം പോലെ മഹത്തായ ഈ ക്ലാസ്സിക് ചിത്രം ചലച്ചിത്രചരിത്രത്തില്‍ നിലകൊള്ളുന്നു, അഗ്നിവിരലുകള്‍ ഫലകമെഴുതുന്ന കൊടുമുടി പോലെ.

~ അഭിലാഷ് ഫ്രേസര്‍ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles