മാമ്മോദീസാ: പ്രസാദവരത്തിൽ നാം പിറക്കുന്ന ദിവസം, പുതു ജന്മദിനം, പാപ്പാ!

നാം കർത്താവിൻറെ മാമ്മോദീസാ ആഘോഷിക്കുന്നു (മർക്കോസ് 1,7-11 കാണുക). ജോർദ്ദാൻ നദിയിൽ വച്ചാണ് ഇത് നടക്കുന്നത്, അതിനാൽത്തന്നെ, സ്നാപകൻ എന്നു വിളിക്കപ്പെടുന്ന യോഹന്നാൻ, ഒരു ശുദ്ധീകരണ കർമ്മം നടത്തുന്നു. പാപം വെടിയാനും മാനസാന്തരപ്പെടാനുമുള്ള പ്രതിബദ്ധത ആവിഷ്ക്കരിക്കുന്നതാണത്. ആളുകൾ എളിമയോടെയും ആത്മാർത്ഥതയോടെയും, ആരാധനക്രമം പറയുന്നതുപോലെ, “നഗ്നമായ ആത്മാവോടും നഗ്നപാദങ്ങളോടും കൂടി” സ്നാനപ്പെടാൻ പോകുന്നു, തൻറെ ശുശ്രൂഷയ്ക്ക് തുടക്കംകുറിച്ചുകൊണ്ട് യേശുവും അവിടേയ്ക്കു പോകുന്നു: അങ്ങനെ അവിടന്ന് താൻ പാപികളുടെ ചാരെ ആയിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവർക്കുവേണ്ടിയാണ്, പാപികളായ നമുക്കെല്ലാവർക്കും വേണ്ടിയാണ് വന്നതെന്നും കാണിക്കുന്നു.

ദൈവപുത്രനുള്ള സ്ഥിരീകരണം 

ആ ദിവസം തന്നെ ചില അസാധാരണ സംഭവങ്ങൾ അരങ്ങേറുന്നു. പ്രത്യക്ഷത്തിൽ മറ്റെല്ലാവർക്കും തുല്യനായ യേശുവിൽ തന്നെക്കാൾ “കൂടുതൽ ശക്തനായവനും” (മർക്കോസ് 1,7) “പരിശുദ്ധാത്മാവിനാൽ സ്നാനപ്പെടുത്തുന്ന”വനുമായവനെ (മർക്കോസ് 1,8) സ്നാപക യോഹന്നാൻ പരസ്യമായി തിരിച്ചറിഞ്ഞുകൊണ്ട് അസാധാരണമായ എന്തോ പറയുന്നു. പിന്നീട് സ്വർഗ്ഗം തുറക്കപ്പെടുന്നു, പരിശുദ്ധാരൂപി ഒരു പ്രാവിനെപ്പോലെ യേശുവിൻറെ മേൽ ഇറങ്ങിവരുന്നു (വാക്യം 10​​കാണുക) അപ്പോൾ സ്വർഗ്ഗത്തിൽ നിന്ന് പിതാവിൻറെ സ്വരം മുഴങ്ങുന്നു. പിതാവ് ഇങ്ങനെ പ്രഖ്യാപിക്കുന്നു: “നീ എൻറെ പ്രിയ പുത്രൻ: നിന്നിൽ ഞാൻ  പ്രസാദിച്ചിരിക്കുന്നു” (മർക്കോസ് 1,11 കാണുക).

നമ്മെ ദൈവമക്കളാക്കുന്ന മാമ്മോദീസാ 

ഇതെല്ലാം, ഒരു വശത്ത്, യേശു ദൈവപുത്രനാണെന്ന് നമുക്ക് വെളിപ്പെടുത്തിത്തരുകയും  മറുവശത്താകട്ടെ, നമ്മെ ദൈവമക്കളാക്കിത്തീർത്ത നമ്മുടെ സ്നാനത്തെക്കുറിച്ച് നമ്മോട് സംസാരിക്കുകയും ചെയ്യുന്നു, എന്തെന്നാൽ മാമ്മോദീസാ  നമ്മെ ദൈവത്തിൻറെ മക്കളാക്കുന്നു. ദൈവം നമ്മിലേക്ക് വരുകയും നമ്മുടെ ഹൃദയത്തെ ശുദ്ധീകരിക്കുകയും സുഖപ്പെടുത്തുകയും, നമ്മെ എന്നെന്നേക്കുമായി അവിടത്തെ മക്കളും, അവിടത്തെ ജനവും, കുടുംബവും, പറുദീസയുടെ അവകാശികളും ആക്കുകയും ചെയ്യുന്നതാണ് ജ്ഞാനസ്നാനം (കത്തോലിക്കാസഭയുടെ മതബോധനം, 1279 കാണുക). ദൈവം നമുക്ക് ഉറ്റവനായിത്തീരുകയും നമ്മിൽ നിന്ന് ഒരിക്കലും വേർപിരിയാതിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് മാമ്മോദീസാ ദിനം നാം ഓർമ്മിക്കേണ്ടതും ആ തീയതി അറിഞ്ഞിരിക്കേണ്ടതും പ്രധാന്യമർഹിക്കുന്നത്. ഞാൻ നിങ്ങളോട് എല്ലാവരോടും ചോദിക്കുന്നു – എല്ലാവരും അതിനെക്കുറിച്ച് ചിന്തിക്കുക -: “ഞാൻ എൻറെ മാമ്മോദീസാ തീയതി ഓർക്കുന്നുണ്ടോ?”. നീ അത് ഓർക്കുന്നില്ലെങ്കിൽ, നീ വീട്ടിൽ തിരിച്ചെത്തുമ്പോൾ അത് ചോദിച്ചറിയുകയും, ഒരിക്കലും മറക്കാതിരിക്കുകയും ചെയ്യുക, കാരണം ഇത് ഒരു പുതിയ ജന്മദിനമാണ്, എന്തെന്നാൽ നിൻറെ ജ്ഞാനസ്നാത്താൽ നീ പ്രസാദവര ജീവിതത്തിൽ ജനിച്ചിരിക്കുന്നു. മാമ്മോദീസായ്ക്ക് നമ്മൾ കർത്താവിന് നന്ദി പറയുകയാണ്. കൂടാതെ, നമ്മെ മാമ്മോദീസാതൊട്ടിയിലേക്കു കൊണ്ടുപോയ മാതാപിതാക്കൾക്കും, നമുക്ക് കൂദാശ നൽകിയ ആൾക്കും, തലതൊട്ടപ്പനും തലതൊട്ടമ്മയ്ക്കും നാം അവിടത്തെ സ്വീകരിച്ചത് ഏതു സമൂഹത്തിലാണോ ആ സമൂഹത്തിനും വേണ്ടി നമുക്ക് അവിടത്തോട് നന്ദി പറയാം. സ്വന്തം ജ്ഞാനസ്നാനം ആഘോഷിക്കുക: മാമ്മോദീസാ: ഇതൊരു പുതിയ ജന്മദിനമാണ്.

എന്നിലെ ദൈവസാന്നിദ്ധ്യം ഞാൻ തിരിച്ചറിയുന്നുണ്ടോ?

നമുക്ക് സ്വയം ചോദിക്കാം: മാമ്മോദീസാ വഴി ഞാൻ എൻറെ ഉള്ളിൽ സംവഹിക്കുന്ന മഹത്തായ ദാനത്തെക്കുറിച്ച് എനിക്ക് അവബോധമുണ്ടോ? എന്നെ തൻറെ പ്രിയ മകനായി, വത്സല മകളായി കാണുന്ന ദൈവത്തിൻറെ സാന്നിദ്ധ്യത്തിൻറെ വെളിച്ചം എൻറെ ജീവിതത്തിൽ ഞാൻ തിരിച്ചറിയുന്നുണ്ടോ? ഇപ്പോൾ, നമ്മുടെ സ്നാനത്തിൻറെ സ്മരണാർത്ഥം, നമ്മുടെ ഉള്ളിലെ ദൈവസാന്നിദ്ധ്യത്തെ നമുക്ക് സ്വാഗതം ചെയ്യാം. നമ്മെ സ്നേഹിക്കുകയും നമ്മോടൊപ്പം ആയിരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തിൻറെ കൃപയുടെ സ്മരണ നമ്മിൽ മുദ്രിതമാക്കുന്ന കുരിശടയാളം വരച്ചുകൊണ്ട് നമുക്ക് ഇത് ചെയ്യാൻ കഴിയും. കുരിശടയാളെ ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. നമുക്ക് അത് ഒരുമിച്ച് വരയ്ക്കാം: പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ. ജന്മദിനമായ ജ്ഞാനസ്നാനത്തിൻറെ തീയതി മറക്കരുത്. കർത്താവ് നമ്മിൽ ചെയ്യുന്ന അത്ഭുതങ്ങൾ ആഘോഷിക്കാനും സ്വാഗതം ചെയ്യാനും പരിശുദ്ധാത്മാവിൻറെ ശ്രീകോവിലായ മറിയം നമ്മെ സഹായിക്കട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles