പ്രത്യേകം പ്രത്യേകം ചെക്കുകൾ

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~

നാടകകൃത്ത്, സംവിധായകൻ, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, പത്രപ്രവർത്തകൻ എന്നീ വിവിധ നിലകളിൽ അറിയപ്പെടുന്ന അമേരിക്കൻ – ഹംഗേറിയൻ എഴുത്തുകാരനായിരുന്നു ഫെറൻസ് മോൾനർ (1878-1952). നാല്പതോളം നാടകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം ഹംഗറിയിലെ ബുഡാപെസ്റ്റിലാണു ജനിച്ചത്. സമ്പന്ന കുടുംബാംഗമായിരുന്ന മോൾനർ പതിനെട്ടാം വയസിൽ പത്രപ്രവർത്തകനായി. അതോടൊപ്പം വിദ്യാഭ്യാസം തുടരുകയും ചെയ്തു. ചെറുകഥകൾ എഴുതി സാഹിത്യരംഗത്തേക്കു കടന്ന മോൾനർ ഇരുപത്തിരണ്ടാം വയസിൽ ആദ്യത്തെ നോവൽ പ്രസിദ്ധീകരിച്ചു. പിന്നീട് നാടകങ്ങളും എഴുതിത്തുടങ്ങി.

മോൾനർ എഴുതിയ നാടകങ്ങളിൽ ഏറെ പ്രശസ്തമായ ഒന്നാണ് ‘ലിലിയം’. ഈ നാടകം ആദ്യം അത് വിജയിച്ചില്ലെങ്കിലും പിന്നീട് അന്താരാഷ്ട്രതലത്തിൽ പ്രസിദ്ധി നേടി. 1934-ൽ ഇത് സിനിമയായി പുറത്തുവന്നു. പിന്നീട് 1944-ൽ ‘കറൗസൽ’ എന്ന പേരിൽ ഒരു ബാഡ്വേ ഷോ ആയി ഇത് അവതരിപ്പിക്കപ്പെട്ടു. 1956-ൽ “കറൗസൽ” എന്ന പേരിലുള്ള സംഗീതചലച്ചിത്രവും പുറത്തുവന്നു. ‘ലിലിയം’ ഒന്നാംവട്ടം സിനിമയായി അധികം താമസിയാതെ മോൾനർ തന്റെ താമസം ന്യൂയോർക്കിലേക്കു മാറ്റി. 1952-ൽ അദ്ദേഹം മരിക്കുന്നതുവരെ പിന്നീട് സ്ഥിരതാമസം ന്യൂയോർക്കിലായിരുന്നു. മോൾനർ ന്യൂയോർക്കിൽ സ്ഥിരതാമസമാക്കിയിട്ടും ഇംഗ്ലീഷ് ഭാഷ കാര്യമായി പഠിച്ചില്ല എന്നതാണു രസകരം. ഹംഗറിയിൽ നിന്നുള്ള കൂട്ടുകാർ ധാരാളം ന്യൂയോർക്കിലുണ്ടായിരുന്നതുകൊണ്ട് അവരുമായി സമയം ചെലവഴിക്കുന്നതിലാണ് അദ്ദേഹം സന്തോഷം കണ്ടെത്തിയത്.

ഒരിക്കൽ ഹംഗറിയിൽ നിന്നുള്ളവരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മോൾനർ അവരോടു ചോദിച്ചു: “നിങ്ങൾ ആദ്യമായി പഠിച്ച ഇംഗ്ലീഷ് വാക്കുകളും ശൈലികളും ഏതൊക്കെയാണ്? അപ്പോൾ അവരിലൊരാൾ പറഞ്ഞു: “ഞാൻ ആദ്യം പഠിച്ചത് ഹലോ എന്ന വാക്കാണ്”. വേറൊരാൾ പറഞ്ഞു: “ഞാൻ പഠിച്ചത് ഗുഡ് ബൈ ആണ്”, മറ്റൊരാളുടെ ഉത്തരം ഇപ്രകാരമായിരുന്നു: “ഞാൻ ആദ്യം പഠിച്ചത് ഐ ലൗവ് യു എന്നു പറയാനാണ്”.

ഇങ്ങനെ ഓരോരുത്തരും തങ്ങൾ പഠിച്ച വാക്കുകളും ശൈലികളും അവതരിപ്പിച്ചപ്പോൾ അവരിലൊരാൾ മോൾനറോടു ചോദിച്ചു: “താങ്കൾ ആദ്യം പഠിച്ചത് എന്താണ്?” ഒരു പുഞ്ചിരിയോടെ അദ്ദേഹം മറുപടി പറഞ്ഞു: “സെപ്പററ്റ് ചെക്ക്സ്, പ്ലീസ്”. അമേരിക്കക്കാർ കമ്പനികൂടി പുറത്തു ഭക്ഷണം കഴിക്കുകയാണെങ്കിൽ ഒരോരുത്തരും സ്വന്തം ഭക്ഷണത്തിന്റെ ബില്ല് അടയ്ക്കുകയാണ് പതിവ്. തന്മൂലം വെയിറ്റർ ഓർഡർ എടുക്കുമ്പോൾ ഭക്ഷണം കഴിക്കാൻ ഇരിക്കുന്നവർ പറയും: “സെപ്പറേറ്റ് ചെക്ക്സ്, പ്ലീസ്”. അതായത്, വെവ്വേറെ ബില്ല് വേണമെന്ന് (റെസ്റ്റോറന്റിലും ബാറിലും മറ്റും കിട്ടുന്ന ബില്ലിന് ചെക്ക് എന്നാണ് അമേരിക്കക്കാർ പറയുന്നത്).

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതിനുശേഷം ഓരോരുത്തരും പ്രത്യേകം പ്രത്യേകം ബില്ല് വാങ്ങുന്നത് അഭംഗിയായി നമുക്ക് തോന്നാം. എന്നാൽ ഇത് അമേരിക്കൻ സംസ്കാരത്തിന്റെ ഒരു പ്രത്യേകതയാണെന്നു കരുതിയാൽ മതി. റെസ്റ്റോറന്റിലിരുന്ന് അമെരിക്കക്കാർ പ്രത്യേകം പ്രത്യേകം ബില്ല് വാങ്ങിയാലും തങ്ങളുടെ സമ്പത്തും സമയവും പങ്കുവയ്ക്കുന്ന കാര്യത്തിൽ അവർക്കു മടിയില്ലെന്നു സമ്മതിക്കണം. ലോകത്തിലെ ഏറ്റവും ധനികനായ അമേരിക്കക്കാരൻ ബിൽഗെയ്റ്റ്സ് തന്റെ വരുമാനത്തിൽ ഭൂരിഭാഗവും പൊതുനന്മയ്ക്കായി മാറ്റിവച്ചിരിക്കുകയാണ്. 2006 ജൂൺ ആരംഭത്തിൽ ഏകദേശം മൂവായിരംകോടി ഡോളറാണ് ഗെയ്റ്റ്സിന്റെയും അദ്ദേഹത്തിന്റെ ഭാര്യയായ മിലിൻഡയുടെയും പേരിലുള്ള ഫൗണ്ടഷനിൽ ആസ്തിയായി ഉണ്ടായിരുന്നത്. ഗെയ്സിനെപ്പോലെതന്നെ ശതകോടിക്കണക്കിന് ഡോളർ പൊതുനന്മയ്ക്കായി മാറ്റിവച്ചിരിക്കുന്നവരാണ് ധനനിക്ഷേപകനായ വാറൻ ബഫറ്റ്, ഇന്റൽ കോർപ്പ്റേഷന്റെ കോ-ഫൗണ്ടറായ ഗോൾഡൻ മൂർ എന്നിവർ. 

കോടീശ്വരന്മാർ മാത്രമല്ല, അമേരിക്കയിലെ സാധാരണക്കാരും തങ്ങളുടെ സമ്പത്ത് മറ്റുള്ളവർക്ക് പങ്കുവയ്ക്കുന്നതിൽ ഒട്ടും പിന്നിലല്ല എന്നതാണ് വാസ്തവം. 2005-ൽ 26028 കോടി ഡോളറാണ് അമേരിക്കക്കാർ വിവിധ കാര്യങ്ങൾക്കുവേണ്ടി ദാനമായി നൽകിയത്. ഈ തുകയുടെ 76.5 ശതമാനവും (19,900 കോടി ഡോളർ) വന്നത് വ്യക്തികളിൽനിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പണം പങ്കുവയ്ക്കുന്നതോടൊപ്പം തങ്ങളുടെ സമയവും മറ്റുള്ളവർക്കായി പങ്കുവയ്ക്കുന്നതിൽ അമേരിക്കകാർ മുൻപന്തിയിലാണ്, ഗവൺമെന്റിന്റെ കണക്കുകൾ അനുസരിച്ച്. ഏഴുകോടി ആളുകൾ 2005-ൽ സന്നദ്ധസേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ആ സേവനങ്ങൾക്കുള്ള തുക കണക്കാക്കിയാൽ അത് 28,000 കോടി ഡോളർ വരുമത്. നമ്മളൊക്കെ പുറത്തു ഭക്ഷണം കഴിക്കുവാൻ പോകുമ്പോൾ വെവ്വേറെ ബില്ലുകൾ വാങ്ങുകയില്ലായിരിക്കാം. എന്നാൽ, നമ്മുടെ പണവും സമയവും നമ്മേക്കാൾ താഴ്സന്നനിലയിലുള്ളവരുടെ നന്മയ്ക്കായി പങ്കുവയ്ക്കുന്ന കാര്യത്തിൽ നമുക്ക് കാര്യമായ ശ്രദ്ധയുണ്ടോ?

നമ്മുടെ സമ്പത്ത് പൊതുനന്മയ്ക്കായി പങ്കുവയ്ക്കുന്ന കാര്യത്തിൽ നാം ഏറെ പിന്നിലാണെന്നു പറയാതെവയ്യ. ചുരുക്കം ചില സംഘടനകളിൽ ഒതുങ്ങി നിൽക്കുന്നതല്ലേ നമ്മുടെ സന്നദ്ധ പ്രവർത്തനം? നമ്മുടെ അയൽപക്കത്തെ ഒരാളുടെ പുര നനഞ്ഞാലിക്കുവാൻ തുടങ്ങിയാൽ നാം അതു കെട്ടിക്കൊടുക്കുവാൻ മുന്നിട്ടിറങ്ങുമോ? നമ്മുടെ അയൽവാസിയുടെ വീട്ടിൽ ഭക്ഷണമില്ലെങ്കിൽ അവിടെയുള്ളവർക്ക് ഭക്ഷണം മുടങ്ങാതിരിക്കാൻ നാം ശ്രദ്ധിക്കുമോ? മറ്റുള്ളവരുടെ ഇല്ലായ്മ കണ്ടാലും അതു കണ്ടില്ലെന്നു നടിക്കുന്ന സ്വഭാവമല്ലേ നമ്മുടേത്? പണം ഉള്ളവരെ സൽക്കരിക്കുവാൻ നാം സന്നദ്ധരാണ്. എന്നാൽ പണമില്ലാത്തവരെ സൽക്കരിക്കുന്നതിലാണ് മഹിമ. അവർക്കു നന്മ ചെയ്യുമ്പോഴാണ് നമ്മുടെ മനുഷ്യത്വം പുറത്തുവരുന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles