ലോക കപ്പില്‍ നിന്നൊരു ജാപ്പനീസ് പാഠം
ജപ്പാന് ഫുട്ബോള്‍ ടീം പ്രീക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും ലോകം മുഴുവന്റെയും ഹൃദയം കവര്‍ന്നിട്ടാണ് യാത്രയായത്. കാരണം ഇതാണ്. പ്രീ ക്വാര്‍ട്ടറിലെ തോല്‍വിയുടെ നിരാശയില്‍ പോലും അവര്‍ ഡ്രെസ്സിംഗ് റൂം വൃത്തിയാക്കാന്‍ മറന്നില്ല. റഷ്യന്‍ അധികൃതര്‍ പുറത്തു വിട്ട ജപ്പാന് ടീമിന്റെ ഡ്രസിംഗ് റൂമിന്റെ ചിത്രം കണ്ടണ്ടവര് അമ്പരന്നു. ഒരു തരി പാഴ് വസ്തു പോലും അവശേഷിപ്പിക്കാതെ എല്ലാം വൃത്തിയാക്കിയിരിക്കുന്നു! കണ്ടാല്‍ പുത്തന്‍ പോലെ! മാത്രമല്ല, ഡ്രസിംഗ് റൂമില്‍ റഷ്യന്‍ ഭാഷയില്‍ ഒരു കുറിപ്പും: നന്ദി!
പല ടീമുകളെയും കണ്ടിട്ടുണ്ടെങ്കിലും ജപ്പാന്‍കാര്‍ തങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു കളഞ്ഞെന്ന് റഷ്യന്‍ അധികൃതര്‍ തുറന്നു പറഞ്ഞു. ലോകത്തിന് മുഴുവന്‍ അനുകരിക്കാന്‍ ഒരു നല്ല മാതൃകയാണ് ജപ്പാന് ടീം പ്രദര്‍ശിപ്പിച്ചത്. പ്രത്യേകിച്ച് നമ്മള് ഇന്ത്യക്കാര്‍ക്ക്. എന്തും എവിടെയും വലിച്ചെറിയുന്ന, മറ്റുള്ളവരെ കുറിച്ചും നമ്മുടെ പിന്നാലെ വരുന്നവരെ കുറിച്ചും യാതൊരു ശ്രദ്ധയും ഇല്ലാത്തവരാകുന്നു നമ്മള് പലപ്പോഴും. നമ്മള് ഉപയോഗിച്ച് പോയ ഇടങ്ങള്‍ വൃത്തികേടായി കിടന്നാലും അതിനെ കുറിച്ച് നാം ബോധവാന്മാരല്ല. രാഷ്ട്രീയ-മത – വിനോദ സമ്മേളനങ്ങള്‍ കഴിഞ്ഞ നമ്മുടെ മൈതാനങ്ങളുടെ കാര്യം ഒന്നോര്‍ത്തു നോക്കൂ. അത് വൃത്തിയാക്കാന്‍ വേറെ ആളെ വിളിക്കണം എന്നതാണ് സ്ഥിതി. പാര്‍ക്കുകളുടെയും പൊതു നിരത്തുകളുടെയും സ്ഥിതിയും വ്യത്യസ്ഥമല്ല.
വ്യക്തി ജീവിതത്തില്‍ അടുക്കും ചിട്ടയും വൃത്തിയുമുള്ളത് വലിയൊരു ഗുണമാണ്. വൃത്തിയും അടുക്കും ചിട്ടയും എല്ലാവരുടെയും മനസ്സിന് സന്തോഷം പകരുന്നു. ഇതൊന്ന് ശീലിച്ചു നോക്കൂ. തീര്‍ച്ചയായും നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ അത് സഹായിക്കും.