ഒരു ധ്യാനം കൂടിയതു കൊണ്ട് എല്ലാമായോ?

എന്‍റെ കാലടികള്‍ അങ്ങയുടെ പാതയില്‍ ത്തന്നെ പതിഞ്ഞു;എന്‍റെ പാദങ്ങള്‍ വഴുതിയില്ല.
( സങ്കീര്‍ത്തനങ്ങള്‍ 16:5)

ക്രിസ്തിയ ജീവിതം ഒരു തീര്‍ത്ഥാടനം ആണ്. സ്വര്‍ഗ്ഗം ലക്ഷ്യമാക്കി ഉള്ള മനുഷ്യന്‍റെ തീര്‍ത്ഥാടനം പുണ്യ പ്രവര്‍ത്തികള്‍ ചെയ്യുക വഴിയും അനേകം പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നത് വഴിയും സ്വര്‍ഗീയ ജീവിതത്തിനായി ക്രിസ്ത്യാനി ഒരുങ്ങുന്നു. ഇന്നു അനേകം ധ്യാനങ്ങളും സദ്‌ ചിന്തകളും ഭൂമിയില്‍ പങ്കു വയ്ക്ക്പെടുന്നു. ധ്യാനങ്ങളില്‍ നിന്ന് പുതിയ ചിന്തകളുമായി മടങ്ങുന്ന പലരും പിന്നെ അടുത്ത ധ്യാനം വരെ കാത്തിരിക്കുന്നു. ക്രിസ്തിയ തീര്‍ത്ഥാടന കേന്ദ്ര ങ്ങളില്‍ തിരക്കാണ്. എന്നാല്‍ നമ്മളെല്ലാം എപ്പോഴും ക്രിസ്തുവിന്റെ കൂടെ നടക്കുവാന്‍ മറക്കുന്നു.

ഗുരുവും ശിഷ്യനും യാത്ര പോകുകയായിരുന്നു. ശിഷ്യന്‍ പറഞ്ഞു ഗുരോ എനിക്ക് ഒരു ആഗ്രഹം ഉണ്ട്. ഈ ഭൂമിയിലെ മനുഷ്യന്‍ പുണ്യമെന്നു കരുതുന്ന നദികളില്‍ മുങ്ങി എനിക്ക് വരണം. അങ്ങിനെ ഞാന്‍ വിശുദ്ധി പ്രാപിക്കട്ടെ. ഗുരു പറഞ്ഞു. ശിഷ്യാ നീ പോകുക. പോകുമ്പോള്‍ എനിക്ക് വേണ്ടി നീ ഒരു കാര്യം ചെയ്യണം. ശിഷ്യന്‍ പറഞ്ഞു ഞാന്‍ എന്തും ചെയ്യാം. കാരണം അങ്ങ് എന്നെ നന്മയിലേക്ക് നയിക്കുന്നു.

ഗുരു വഴിയരികില്‍ നിന്ന് ഒരു കല്ലെടുത്തു മണ്ണും ചെളിയും പുരണ്ട കല്ലായിരുന്നു അത്. ഒരു തോള്‍ സഞ്ചിയില്‍ ആ കല്ലിട്ട് ശിഷ്യന്റെ കൈയില്‍ കൊടുത്തിട്ട് പറഞ്ഞു. നീ മുങ്ങുന്ന എല്ലാ നദികളിലും ഈ കല്ലിനെ നീ മുക്കിയെടുക്കണം. ഈ കല്ല്‌ എന്‍റെ പ്രതീകം ആണ് എന്ന് കരുതി നീ വിശുദ്ധിയോടെ ആ കര്‍മ്മം ചെയ്യണം. ശിഷ്യന്‍ പറഞ്ഞു, ശരി ഗുരോ ഞാന്‍ ചെയ്യാം.

ശിഷ്യന്‍ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങി വന്നു. ഗുരു ചോദിച്ചു. എങ്ങിനെ ഉണ്ടായിരുന്നു മകനെ നിന്‍റെ യാത്ര. ശിഷ്യന്‍ പറഞ്ഞു. വലിയ അനുഭൂതി ആയിരുന്നു. ദൈവം എന്നെ സ്പര്‍ശിച്ചു. എനിക്ക് സന്തോഷം തോന്നുന്നു. ഗുരു പറഞ്ഞു. മകനെ ഞാന്‍ നിന്നെ ഏല്പിച്ച കാര്യം നീ ചെയ്തുവോ? ഉടനെ ശിഷ്യന്‍ പറഞ്ഞു. അങ്ങ് ഏല്പിച്ചത് ഞാന്‍ മറന്നില്ല. ഗുരു പറഞ്ഞു. എന്നിട്ട് നീ ആ കല്ലില്‍ എന്തെങ്കിലും മാറ്റം കാണുന്നുണ്ടോ? ശിഷ്യന്‍ പറഞ്ഞു. ഇല്ല ഗുരോ കല്ല്‌ അങ്ങിനെ തന്നെ ഇരിക്കുന്നു.

ഗുരു പറഞ്ഞു. നീ ആ കല്ല്‌ എനിക്ക് തരിക. ശിഷ്യന്‍ കല്ല്‌ ഗുരുവിനു നല്‍കി. ഗുരു ചോദിച്ചു. ഞാന്‍ ഈ കല്ല്‌ നിന്നെ ഏല്പിക്കുമ്പോള്‍ ഇതില്‍ ചെളി ഉണ്ടായിരുന്നു. കണ്ടിരുന്നോ? ശിഷ്യന്‍ പറഞ്ഞു. കുറെ ആദ്യ സ്നാനത്തില്‍ പോയി. പിന്നെ എല്ലാം രണ്ടാമത്തെ സ്നാനത്തില്‍ ഇല്ലാതായി. വേറെ മാറ്റമൊന്നും കല്ലിനു ഉണ്ടായില്ല. ഗുരു പറഞ്ഞു. ശരി അങ്ങിനെ ആകട്ടെ. അവര്‍ ഒരു അരുവിയുടെ കരയിലാണ് ഇരുന്നത്. ഗുരു അരുവിയില്‍ നിന്ന് മുത്ത്‌ പോലെ മനോഹരമായ ഒരു കല്ല്‌ എടുത്തു കൊണ്ട് വന്നു. ശിഷ്യനോട് ചോദിച്ചു. എങ്ങിനെ ഉണ്ട് ഈ കല്ല്‌? ശിഷ്യന്‍ പറഞ്ഞു . മനോഹരം.

ഗുരു പറഞ്ഞു. മകനെ നിന്‍റെ കൈയിലുള്ള ആ കല്ലും ഇങ്ങിനെ ആകണം. അതിനു ഒരു സ്നാനം പോര. ചിലപ്പോള്‍ ഒരു സ്നാനത്താല്‍ചെളി പോകും. എന്നാല്‍ കല്ല്‌ മനോഹരം ആകില്ല. അതിനു അത് നദിയില്‍ ആയിരിക്കണം. ജലം അതിലൂടെ ഒഴുകി അതിനു രൂപഭേദം വരുത്തും മനോഹരമാക്കും. നീ പോയ തീര്‍ത്ഥാടനം നല്ലതാണ്‌. എന്നാല്‍ നിന്‍റെ മനസു കൊണ്ട് നീ എന്നും തീര്‍ത്ഥാടനം നടത്തണം. ആ ചൈതന്യത്തില്‍ നീ വളരണം. ഒരു പക്ഷെ ആര്‍ക്കും നിന്‍റെ മാറ്റം മനസിലാകില്ല. എന്നാല്‍ കാലാന്തരത്തില്‍ നീ മനോഹരമായ ഒരു സൃഷ്ടി ആയി തീരും. സ്നാനം കഴിഞ്ഞു ഈ കല്ലിനെ ഈ വഴിയരികില്‍ നാം ഉപേക്ഷിച്ചാല്‍ അത് മണ്ണും പോടിയുമേറ്റ്‌ വീണ്ടും ഒരു പാഴ് വസ്തുവാകും. അതിനാല്‍ നമുക്ക് ഈ കല്ലിനെ നദിയില്‍ നിക്ഷേപിക്കാം. അത് മനോഹരം ആയി തീരട്ടെ.

നമ്മള്‍ ഈ കല്ലുകളെ പോലെയാണ്. ഒരു ധ്യാനത്തില്‍, ഒരു തീര്‍ത്ഥാടനത്തില്‍ നമ്മള്‍ അവസാനിപ്പിക്കരുത്. അദ്ധ്യാത്മിക യാത്ര തുടരണം. നിങ്ങളില്‍ വലിയ മാറ്റം വരും. അത് ഒരു ദിവസം കൊണ്ടല്ല. ദൈവം നിങ്ങളെ രൂപാന്തരപെടുതും. പ്രാര്‍ത്ഥനകളും, പുണ്യപ്രവര്‍ത്തികളും നമ്മെ കഴുകി വിശുദ്ധികരിച്ചു കൊണ്ടിരിക്കും.

~ ജോമി ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles