പരിശുദ്ധ അമ്മയുടെ അമലോത്ഭവത്തിന് ബൈബിളില്‍ അടിസ്ഥാനമുണ്ടോ?

മാതാവിന്റെ ഉദരത്തിൽ നിനക്കു രൂപം നൽകുന്നതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുമ്പേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു. ജനതകൾക്കു പ്രവാചകനായി ഞാൻ നിന്നെ നിയോഗിച്ചു” (ജറെ.1:5).
ദൈവത്തിന്റെ പ്രവാചകരെ കർത്താവ് വിശുദ്ധീകരിക്കുന്നതാണ് ഈ വചനത്തിൽ കാണുന്നത്. കാരണം അവർ കർത്താവിന്റെ വചനം പ്രഘോഷിക്കാനുള്ളവരാണ്. എങ്കിൽ നിത്യവചനത്തിനു മാനുഷിക ജീവൻ നൽകി, ലോകത്തിനു പ്രദാനം ചെയ്യാൻ നിയോഗിക്കപ്പെട്ട മറിയത്തെ ദൈവം എങ്ങനെയെല്ലാം വിശുദ്ധീകരിക്കില്ല! എല്ലാ മനുഷ്യരും ഉത്ഭവപാപത്തോടെ ജനിക്കുമ്പോൾ മറിയം പരിശുദ്ധയായാണ് ജനിച്ചത്.

ബൈബിളിൽ മറിയത്തിന്റെ അമലോത്ഭവത്തിനു വാച്യമായ തെളിവില്ല; എങ്കിലും ഈ വിശ്വാസത്തിന്റെ യുക്തി ഭദ്രമായി അനുമാനിക്കാൻ മതിയായ സന്ദർഭമുണ്ടുതാനും. അത് ഉൽപത്തി 3:15 ആണ്. നന്മതിന്മകളുടെ വൃക്ഷത്തിന്റെ ഫലത്തിൽ നിന്നു ഭക്ഷിക്കരുത് എന്ന കല്പന ലംഘിച്ച ആദത്തെയും ഹവ്വയേയും ദൈവം ചോദ്യം ചെയ്തു. ദൈവം തനിക്കു കൂട്ടു നൽകിയ സ്ത്രീ തന്നെ ചതിച്ചുവെന്ന് ആദവും, പാമ്പ് തന്നെ പറ്റിച്ചുവെന്ന് ഹവ്വയും ബോധിപ്പിച്ചു.തുടർന്ന് ദൈവം സർപ്പത്തെ ശപിച്ചു.”നീയും സ്‌ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്‍പിക്കും.”(ഉല്‍പത്തി 3 : 15)

പിശാചിന്റെ ശത്രുവായിത്തീരുന്ന ഈ സ്ത്രീയാരാണ്? യേശു ആദിമാതാപിതാക്കളുടെ പരമ്പരയിലെ സന്തതിയാണെന്നതുകൊണ്ട് ആ സ്ത്രീ ഹവ്വയാകുമോ? ഹവ്വ പക്ഷേ, പിശാചിന് അധീനയായവളാണല്ലോ. അവൾക്കു പിശാചുമായുണ്ടാകുന്ന ശത്രുത എത്രയായാലും പൂർണ്ണമാകില്ല. ആ നിലയ്ക്ക് ആ സ്ത്രീ ഹവ്വയല്ല.
അപ്പോൾ പിന്നെ, യേശുവിന്റെ അമ്മയായ മറിയം തന്നെയാണ് ആ സ്ത്രീ. മറിയവും പിശാചും തമ്മിൽ ശത്രുത പൂർണ്ണമാകണമെങ്കിൽ, ഉത്ഭവത്തിന്റെ പ്രഥമനിമിഷം മുതലേ അവൾ പിശാചിൽ നിന്ന്, പാപത്തിൽ നിന്ന് സ്വതന്ത്രയായേ തീരൂ. അമലോത്ഭവയായേ തീരു. അങ്ങനെ ദൈവം മറിയത്തെ ഉത്ഭവനിമിഷം മുതലേ പരിശുദ്ധാത്മാവിനെക്കൊണ്ടു നിറച്ചു.

1854 ഡിസംബർ എട്ടിന് മാതാവിന്റെ അമലോത്ഭവം ഒമ്പതാം പിയൂസ് പാപ്പ വിശ്വാസസത്യമായി പ്രഖ്യാപിച്ചു. സഭ പണ്ടുമുതലേ വിശ്വസിച്ചുപോന്ന ഒരു വിശ്വാസത്തിന്റെ ഔദ്യോഗിക വിളംബരം മാത്രമായിരുന്നു മാർപാപ്പയുടെ പ്രഖ്യാപനം. പിന്നീട് മറിയം ‘ഞാൻ അമലോൽഭവ ആണെന്ന്’ ലൂർദിൽ പ്രഖ്യാപിച്ചുകൊണ്ട് ഈ വിശ്വാസ സത്യം സ്ഥിരീകരിച്ചു. മാതാവിന്റെ സ്വർഗ്ഗാരോപണം, ദൈവമാതൃത്വം തുടങ്ങിയ മറ്റു വിശ്വാസസത്യങ്ങൾ എല്ലാം ഈ വിശ്വാസസത്യത്തിൽ നിന്നാണ് പുറപ്പെടുന്നത്.

വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രസ്താവിക്കുന്നു;” രക്ഷകനായ ക്രിസ്തുവിന്റെ കൃപ മറിയത്തില്‍ മുന്‍കൂട്ടി പ്രവര്‍ത്തിച്ചു. ഉത്ഭവപാപത്തില്‍ നിന്നും എല്ലാവിധ പാപങ്ങളില്‍ നിന്നും അത് അവളെ സംരക്ഷിച്ചു. അവള്‍ ഒന്‍പതുമാസക്കാലം യേശു വസിക്കുന്ന വിശുദ്ധ സക്രാരിയും യേശുവിന് യോഗ്യമായ വാസസ്ഥാനവുമായി വര്‍ത്തിച്ചു.”


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles