നിങ്ങള്‍ മറ്റുള്ളവരുടെ നന്മ കാണാറുണ്ടോ? നല്ല വാക്കുകള്‍ പറയാറുണ്ടോ?

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~

നിര്‍ത്താത്ത സംസാരം. ഇരുന്നാല്‍ ഇരുപ്പുറയ്ക്കാത്ത രീതി. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്ന സ്വഭാവം. സെന്റ് മേരീസിലെ മൂന്നാം ക്ലാസിലുള്ള കുസൃതിക്കുടുക്കയായിരുന്നു മാര്‍ക്ക് എക്‌ലന്‍ഡ്.

സിസ്റ്റര്‍ ഹെലന്‍ ആയിരുന്നു മാര്‍ക്കിന്റെ ക്ലാസ് ടീച്ചര്‍. ചുറുചുറുക്കുള്ള മാര്‍ക്കിനെ അടക്കിയിരുത്തി പഠിപ്പിക്കുവാന്‍ സിസ്റ്റര്‍ നന്നേ ക്ലേശിച്ചു. എങ്കിലും സിസ്റ്ററിന് അവനോട് താത്പര്യമായിരുന്നു. കാരണം ബുദ്ധിയുള്ള കുട്ടിയായിരുന്നു മാര്‍ക്ക്. പഠനത്തിലും പാഠ്യേതര കാര്യങ്ങളിലും അവന്‍ മുമ്പനായിരുന്നു.

ഒരിക്കല്‍ മാര്‍ക് പതിവുപോലെ ക്ലാസില്‍ സംസാരിക്കുവാന്‍ തുടങ്ങി. അപ്പോള്‍ സിസ്റ്റര്‍ പറഞ്ഞു: ‘ഇനി ആരെങ്കിലും സംസാരിച്ചാല്‍ ഞാന്‍ ആ വിദ്യാര്‍ഥിയുടെ വായ് ടേപ്പുകൊണ്ട് അടച്ചുകെട്ടും.’

സിസ്റ്റര്‍ ഭീഷണി മുഴക്കിയിട്ട് പത്തു സെക്കന്‍ഡ് കഴിഞ്ഞില്ല, അതിനു മുന്‍പേ മാര്‍ക് സംസാരിക്കുവാന്‍ തുടങ്ങി. അപ്പോള്‍ മാര്‍ക്കിനെ ശിക്ഷിക്കാതെ സിസ്റ്ററിനു നിര്‍വാഹമുണ്ടായിരുന്നില്ല. സിസ്റ്റര്‍ വേഗം കുറെ ‘മാസ്‌കിംഗ് ടേപ്പ്’ എടുത്തു മാര്‍ക്കിന്റെ വായ് അടച്ചുകെട്ടി.

അല്പം കഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ മാര്‍ക്കിന്റെ മുഖത്തേക്കു നോക്കി. അവന്‍ കരയുമെന്നാണു സിസ്റ്റര്‍ കരുതിയത്. എന്നാല്‍, സിസ്റ്ററിന്റെ നേരെ നോക്കി പുഞ്ചരിക്കുവാന്‍ ശ്രമിച്ചുകൊണ്ട് അവന്‍ കണ്ണു കാണിക്കുകയാണു ചെയ്തത്!

സിസ്റ്റര്‍ പൊട്ടിച്ചിരിച്ചുപോയി. വേഗം ചെന്ന് മാര്‍ക്കിന്റെ വായ് അടച്ചുകെട്ടിയിരുന്ന ടേപ്പ് സിസ്റ്റര്‍ എടുത്തുമാറ്റി. അപ്പോള്‍ മാര്‍ക്ക് ഒരു പുഞ്ചിരിയോടെ പറഞ്ഞു: ‘എന്നെ ഒരു നല്ല പാഠം പഠിപ്പിച്ചതിനു സിസ്റ്ററിനു നന്ദി.’

മാര്‍ക് ഒന്‍പതാം ക്ലാസിലെത്തിയപ്പോള്‍ അവന്റെ മാത്‌സ് ടീച്ചര്‍ സിസ്റ്റര്‍ ഹെലനായിരുന്നു. അപ്പോഴേക്കും മാര്‍ക് നല്ല അച്ചടക്കമുള്ള മാതൃകാവിദ്യാര്‍ഥിയായി മാറിക്കഴിഞ്ഞിരുന്നു.

ഒരു ദിവസം കണക്കിലെ കടുകട്ടിയായ ഒരു ചോദ്യത്തിനുള്ള ഉത്തരം കണ്ടുപിടിക്കുവാന്‍ ശ്രമിക്കുന്ന സമയം. എത്ര ശ്രമിച്ചിട്ടും ആര്‍ക്കും ശരിയായ ഉത്തരം ലഭിക്കുന്നില്ല. എല്ലാവരും ടെന്‍ഷന്റെ മൂര്‍ധന്യാവസ്ഥയിലായിരുന്നു.

വിദ്യാര്‍ഥികളുടെ മനസിന്റെ പിരിമുറുക്കം അയയ്ക്കുവാന്‍വേണ്ടി സിസ്റ്റര്‍ പറഞ്ഞു: ‘നിങ്ങള്‍ ഒരു കടലാസെടുത്ത് അതില്‍ ക്ലാസിലുള്ള എല്ലാവരുടെയും പേരെഴുതുക. എന്നിട്ട് ഓരോരുത്തരുടെയും പേരിനോടൊപ്പം അവരെക്കുറിച്ചു തോന്നുന്ന ഏറ്റവും നല്ല കാര്യം കടലാസിലെഴുതുക.’

സിസ്റ്റര്‍ ആവശ്യപ്പെട്ടതുപോലെ, മാര്‍ക്കും അവന്റെ കൂട്ടുകാരും തങ്ങളുടെ സഹപാഠികളെക്കുറിച്ചുള്ള നല്ല കാര്യങ്ങള്‍ എഴുതി സിസ്റ്ററിനെ ഏല്‍പ്പിച്ചു. അന്നു ക്ലാസ് കഴിഞ്ഞു മടങ്ങുമ്പോള്‍ മാര്‍ക് സിസ്റ്ററിനോടു പറഞ്ഞു: ‘ഞങ്ങളെ പഠിപ്പിക്കുന്നതിനു പ്രത്യേകം നന്ദി.’

അടുത്ത ദിവസം സിസ്റ്റര്‍ ക്ലാസില്‍ വന്നതു ക്ലാസിലെ ഓരോ വിദ്യര്‍ഥിക്കും കൊടുക്കുവാനുള്ള കടലാസുകളുമായിട്ടാണ്. സിസ്റ്ററിന്റെ സ്വന്തം കൈപ്പടയിലെഴുതിയ ആ കടലാസുകളില്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ സഹപാഠികളെക്കുറിച്ചു നേരത്തെ എഴുതിയിരുന്ന നല്ല കാര്യങ്ങളായിരുന്നു പകര്‍ത്തിയെഴുതിയിരുന്നത്.

മാര്‍ക്കിനും സഹപാഠികള്‍ക്കും അവരെവരെക്കുറിച്ചെഴുതിയ കടലാസുകള്‍ ലഭിച്ചപ്പോള്‍ അവരുടെയെല്ലാം മുഖം സന്തോഷംകൊണ്ടു നിറഞ്ഞു. തങ്ങളുടെ സഹപാഠികള്‍ തങ്ങളെക്കുറിച്ചെഴുതിയ നല്ല കാര്യങ്ങള്‍ വായിച്ച് അവര്‍ പരസ്പരം നന്ദി പറഞ്ഞു.

വര്‍ഷങ്ങള്‍ പലതു പെട്ടെന്നു കടന്നുപോയി. അമേരിക്കയിലെ മിനസോട്ട സംസ്ഥാനത്തെ മോറിസ് എന്ന കൊച്ചുപട്ടണത്തിലെ സെന്റ് മേരീസ് സ്‌കൂളില്‍നിന്നു സിസ്റ്റര്‍ ഹെലന്‍ സ്ഥലംമാറിപ്പോയി. ഒരിക്കല്‍ അവധിക്കാലം ചെലവഴിക്കാനായി സിസ്റ്റര്‍ ഹെലന്‍ മോറിസിലേക്കു മടങ്ങിവരുമ്പോള്‍ അവിടെ സ്ഥിരതാമസമാക്കിയിരുന്ന സിസ്റ്ററിന്റെ മാതാപിതാക്കള്‍ പറഞ്ഞു: ‘മാര്‍ക് എക്‌ലന്‍ഡിന്റെ മാതാപിതാക്കള്‍ വിളിച്ചിരുന്നു.’

എന്താണു കാര്യം എന്നു സിസ്റ്റര്‍ ചോദിക്കേണ്ട താമസം, സിസ്റ്ററിന്റെ പിതാവ് പറഞ്ഞു: ‘വിയറ്റ്‌നാമില്‍വച്ച് മാര്‍ക് കൊല്ലപ്പെട്ടു. ശവശരീരം കൊണ്ടുവന്നിട്ടുണ്ട്. നാളെയാണു സംസ്‌കാരം.’ മാര്‍ക്കിന്റെ മരണവാര്‍ത്ത കേട്ടങ്ങള്‍ കുറെ സമയത്തേക്കു സിസ്റ്ററിനു സംസാരിക്കുവാന്‍ പോലും സാധിച്ചില്ല. ഷോക്കേറ്റതുപോലെയായിരുന്നു സിസ്റ്ററിനപ്പോള്‍.

പിറ്റേദിവസം മാര്‍ക്കിന്റെ സംസ്‌കാരത്തില്‍ സിസ്റ്റര്‍ ഹെലന്‍ സംബന്ധിച്ചു. സംസ്‌കാരം കഴിഞ്ഞു സിസ്റ്റര്‍, മാര്‍ക്കിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ചു. അപ്പോള്‍ മാര്‍ക്കിന്റെ പേഴ്‌സില്‍നിന്ന് ഒരു കടലാസ് എടുത്തു കാണിച്ചുകൊണ്ട് മാര്‍ക്കിന്റെ പിതാവ് സിസ്റ്ററിനോടു പറഞ്ഞു: ‘മാര്‍ക്ക് മരിക്കുമ്പോള്‍ അവന്റെ പേഴ്‌സില്‍ ഈ കടലാസും ഉണ്ടായിരുന്നു. ഇതാരുടെ കൈപ്പടയാണെന്നു സിസ്റ്ററിന് അറിയാമല്ലോ.’

സിസ്റ്റര്‍ ആ കടലാസ് എടുത്തു നോക്കി. അതു മാര്‍ക്കിന്റെ സഹപാഠികള്‍ മാര്‍ക്കിനെക്കുറിച്ച് എഴുതിയ നല്ല കാര്യങ്ങള്‍ സിസ്റ്റര്‍ പകര്‍ത്തിയെഴുതിക്കൊടുത്ത കടലാസായിരുന്നു.

മാര്‍ക്കിന്റെ പിതാവ് പറഞ്ഞു: ‘സിസ്റ്ററിനു പ്രത്യേകം നന്ദി. സിസ്റ്റര്‍ എഴുതിയ കടലാസ് മാര്‍ക്കിന്റെ ഒരു വലിയ നിധിയായിരുന്നു.’

അപ്പോള്‍ മാര്‍ക്കിന്റെ സഹപാഠികളായിരുന്നവരില്‍ ചിലര്‍ അവിടെ ഉണ്ടായിരുന്നു. അവരും തങ്ങളുടെ പേഴ്‌സുകളെടുത്തു സിസ്റ്ററിന്റെ കൈപ്പടയുള്ള കടലാസുകള്‍ സിസ്റ്ററെ കാണിച്ചു. അവരിലൊരാളായ വിക്കി പറഞ്ഞു: ‘ഞങ്ങളാരുംതന്നെ ഈ കടലാസ് നഷ്ടപ്പെടുത്തിയിട്ടില്ല.’

വിദ്യാര്‍ഥികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുവാന്‍ വേണ്ടി സിസ്റ്റര്‍ ഹെലന്‍ ചെയ്ത ഒരു എക്‌സര്‍സൈസ് അവരില്‍ ഇത്രയും വലിയ സ്വാധീനം പുലര്‍ത്തുമെന്നു സിസ്റ്റര്‍ ഒരിക്കലും കരുതിയിരുന്നില്ല. മാര്‍ക്കിനെന്നപോലെ അവരില്‍ ഏറെപ്പേര്‍ക്കും തങ്ങളുടെ സഹപാഠികളുടെ ആ പ്രശംസാവചനങ്ങള്‍ ഏറെ പ്രചോദനാത്മകമായിരുന്നു.

മറ്റുള്ളവര്‍ നമ്മെക്കുറിച്ചു നല്ല വാക്കുകള്‍ പറയുമ്പോള്‍ നമ്മുടെ ഹൃദയം സന്തോഷം കൊണ്ടു തുടിക്കാറില്ലേ? മറ്റുള്ളവരുടെ നല്ല വാക്കുകളും പ്രോത്സാഹനവുമല്ലേ പലപ്പോഴും പല പ്രതിസന്ധിഘട്ടങ്ങളിലും നമ്മെ രക്ഷപ്പെടുത്താറുള്ളത്?

നല്ല വാക്കുകളുടെയും പ്രോത്സാഹനത്തിന്റെയുമൊക്കെ ശക്തി നമുക്കറിയാം. എന്നാല്‍പ്പോലും നമ്മെക്കുറിച്ചു നല്ല വാക്കുകള്‍ കേള്‍ക്കാനല്ലാതെ മറ്റുള്ളവരെക്കുറിച്ചു നല്ല വാക്കുകള്‍ പറയുവാന്‍ നാം ശ്രമിക്കാറുണേ്ടാ?

നമുക്കെല്ലാവര്‍ക്കും ധാരാളം കുറ്റങ്ങളും കുറവുകളും കാണും. എന്നാല്‍, അതോടൊപ്പം ഒട്ടേറെ നന്മകളും നമ്മിലും മറ്റുള്ളവരിലും ഉണെ്ടന്നതില്‍ സംശയം വേണ്ട. എങ്കില്‍, കുറ്റങ്ങളെയും കുറവുകളെയും വിമര്‍ശിക്കുന്നതില്‍ നാം കാണിക്കുന്ന ശുഷ്‌കാന്തിയെങ്കിലും മറ്റുള്ളവരുടെ നന്മയെ ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നാം കാണിക്കേണേ്ട?

നമുക്കു മറ്റുള്ളവരുടെ നന്മ കാണാം; അതെക്കുറിച്ചു നല്ല വാക്കുകള്‍ പറയാം. അപ്പോള്‍ അവരുടെ ജീവിതത്തില്‍ നമ്മുടെ വാക്കുകള്‍ നല്ലൊരു ടോണിക്കായി പ്രവര്‍ത്തിക്കും. അങ്ങനെ അത് ഉപരിനന്മയ്ക്കു വഴിതെളിക്കും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles